ബിരേൻ സിങ്,​ ഇബോബി സിങ്

മണിപ്പൂരിന്‍റെ വിധി ഡൽഹിയുടെ കൈയിൽ

വടക്കുകിഴക്കേ ഇന്ത്യയിൽ മ്യാന്മറുമായി അതിർത്തി പങ്കിടുന്ന ചെറിയ സംസ്ഥാനമായ​ മണിപ്പൂർ ശിശിരത്തണുപ്പിൽനിന്നു തെരഞ്ഞെടുപ്പ്​ ചൂടിലേക്ക്​ കടക്കുകയാണ്​. പ്രകടനങ്ങളും പൊതുയോഗങ്ങളും തെരഞ്ഞെടുപ്പ്​ കമീഷൻ വിലക്കിയെങ്കിലും ഇത്തവണയും ആവേശം​ കുറയാനിടയില്ല. ഫെബ്രുവരി 27, മാർച്ച്​ മൂന്ന്​ എന്നിങ്ങനെ രണ്ടു ഘട്ടമായാണ്​ വോട്ടെടുപ്പ്​.

ദീർഘകാലം കോൺഗ്രസ്​ ഭരണത്തിലായിരുന്നു മണിപ്പൂർ. 2002 മുതൽ 2017 വരെ ഒക്രം ഇബോബി സിങ്​ ആണ്​​ ഭരിച്ചത്. 2017ൽ 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരത്തിന്​ പുറത്തുനിൽക്കേണ്ടി വന്നു കോൺഗ്രസിന്​. ഭരണം പോയത്​ മൂന്നു സീറ്റിന്‍റെ കുറവിൽ. കാരണം ലളിതം. ഡൽഹിയിൽ അധികാരം വാഴുന്നവരാണ്​ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വാഴ്ത്തും വീഴ്ത്തും തീരുമാനിക്കുന്നത്​.

മുമ്പ്​ അധികാരത്തിന്‍റെ 'ഐശ്വര്യകാലത്ത്​' കോൺഗ്രസ്​ ചെയ്തുവന്ന ജോലി ഇപ്പോൾ ബി.ജെ.പി കുറേക്കൂടി ഭംഗിയായി ചെയ്യുന്നു. 21 സീറ്റുള്ള ബി.ജെ.പി ഭരണമുറപ്പിക്കുമെന്നു കണ്ടപ്പോൾ കോൺഗ്രസിൽനിന്നു എട്ടുപേരും മറുകണ്ടം ചാടി. നാലു സീറ്റു വീതം നേടിയിരുന്ന നാഗാ പീപ്​ൾസ്​ ഫ്രണ്ടിനെയും നാഷനൽ പീപ്​ൾസ്​ പാർട്ടി (എൻ.പി.പി) യെയും കൂടെ കൂട്ടി അംഗബലം 30 ആക്കി. മുൻ ലോക്സഭ സ്പീക്കർ പരേതനായ പി.എ. സങ്​മയുടെ മകൻ കോൺറാഡ്​ സങ്​മ നയിക്കുന്ന എൻ.പി.പി മേഘാലയയിൽ ബി.ജെ.പിയുടെ കൂട്ടുകക്ഷിയാണ്; കോൺറാഡ്​ മുഖ്യമന്ത്രിയും.

കൂറുമാറ്റം പ്രോത്സാഹിപ്പിച്ച്​ നില ഭദ്രമാക്കിയ ബി.ജെ.പി ഇത്തവണ സ്വന്തം നിലയിൽ മത്സരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു​. ബി.ജെ.പി മുഖ്യമന്ത്രി എൻ. ബിരേൻ സിങ്​ അടക്കം മത്സരത്തിന്​ കച്ചമുറുക്കിയ മന്ത്രിമാരും സീറ്റുമോഹികളും അധികവും മുൻകോൺഗ്രസുകാരാണ്​. തെരഞ്ഞെടുപ്പ്​ കണ്ട്​ ഇപ്പോഴും കോൺഗ്രസിൽനിന്നു ചാട്ടം തുടരുന്നുണ്ട്​. ഞായറാഴ്ചയും കോൺഗ്രസ്​ സംസ്ഥാന ഉപാധ്യക്ഷൻ ചാൽതോൻലീൻ ആമു ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ്​ നേതാവ്​ ഇബോബി സിങ്ങിന്‍റെ അനന്തരവനും ഇപ്പോൾ ബി.ജെ.പി പാളയത്തിലാണ്​.

നാഗാ ഗോത്രക്കാർക്കിടയിൽ സ്വാധീനമുള്ള എൻ.പി.എഫ്​ ഇത്തവണ അംഗബലം പത്താക്കി ഉയർത്താമെന്ന പ്രതീക്ഷയിലാണ്​. എൻ.പി.പിക്കുമുണ്ട്​ 15 സീറ്റുകളുടെ മോഹം. രണ്ടായാലും ഇരുകക്ഷികളും വോട്ടെണ്ണി ഫലം വന്ന ശേഷമാണ്​ തങ്ങൾ ഏതു പാർട്ടിയുടെ കൂടെ എന്നു തീരുമാനിക്കുക. അവരാകും മണിപ്പൂരിന്‍റെ ഭരണം നിയന്ത്രിക്കുക. പശ്ചിമബംഗാളും തൃണമൂലും ​അയൽപക്കത്തുണ്ടെങ്കിലും മണിപ്പൂരിൽ ഇത്തവണ മമത ബാനർജിക്ക്​ കണ്ണില്ല. മേഘാലയ മുൻമുഖ്യമന്ത്രി മുകുൾ സങ്​മ അടക്കമുള്ള പ്രമുഖ നേതാക്കൾ പലരും ടി.എം.സിയുടെ ഭാഗമായുണ്ടെങ്കിലും തെക്ക്​ ഗോവയിൽ ശ്രദ്ധയൂന്നാനാണ്​ ഇത്തവണ പാർട്ടിയുടെ പരിപാടി.

കോൺഗ്രസിനു നേതാവുണ്ട്​; ഫണ്ടില്ല

73കാരനായ ഒക്രം ഇബോബി സിങ്ങിനെ മുൻനിർത്തിയാണ്​ കോൺഗ്രസിന്‍റെ പോരാട്ടം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നേതൃനിരയിലേക്ക്​ ​യുവനേതാവിനെ മുന്നോട്ടുവെക്കാൻ സാധിക്കാത്തത്​ പോരായ്മയായി മുന്നിൽ നിൽക്കുന്നു​ണ്ടെങ്കിലും ഇബോബിയുടെ ജനകീയതയിലാണ്​ പ്രതീക്ഷ. എന്നാൽ, ​ തെരഞ്ഞെടുപ്പ്​ നടക്കുന്ന അഞ്ചിടങ്ങളിലും ആരെയും മുഖ്യമന്ത്രിയായി ഉയർത്തിക്കാണിക്കേണ്ട എന്നാണ്​ കോൺഗ്രസ്​ ഹൈകമാൻഡിന്‍റെ തീരുമാനം. വടക്കുകിഴക്ക്​ ​ബി​.ജെ.പിക്കും പ്രാദേശികകക്ഷികൾക്കും വിട്ടുകൊടുത്ത മട്ടിലാണ്​ കോൺഗ്രസ്​. മറ്റൊന്നുമല്ല കാരണം, ഫണ്ടിന്‍റെ അഭാവം തന്നെ. 2018ൽ രണ്ടു പതിറ്റാണ്ടുകാലം കൈയിലിരുന്ന നാഗാലാൻഡ്​ കൈവിട്ടതും വെറുതെയല്ല.

ഏറെക്കാലമായി കോൺഗ്രസ് ഭരണത്തിലായിരുന്നു മണിപ്പൂർ. ഇബോബി സിങ്​ 2002നും 2017നും ഇടയിൽ തുടർച്ചയായി മൂന്ന് തവണ സംസ്ഥാനം ഭരിച്ചു. അഞ്ച് വർഷം മുമ്പ് ഇബോബിയുടെ കീഴിൽ തന്നെയാണ്​ കോൺഗ്രസ് 28 സീറ്റുകൾവരെ നേടിയതും. അതുകൊണ്ട്​ തന്നെ ഇബോബി സിങ്ങിലൂടെ തിരിച്ചുവരാനുള്ള കഠിനപ്രയത്നത്തിലാണ്​ കോൺഗ്രസ്​. 60 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് നിലവിൽ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ഗാ പീ​പ്ൾ​സ് ഫ്ര​ണ്ടും (എ​ൻ.​പി.​എ​ഫ്), എൻ.പി.പിയും മിക്കയിടത്തും സ്ഥാനാർഥികളെ നിർത്തിക്കഴിഞ്ഞു.

''വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മത്സരിക്കുക ചെലവേറിയ കാര്യമാണ്​. ബി.ജെ.പിക്ക്​ നല്ല സാമ്പത്തിക​സ്രോതസ്സുണ്ട്​. അതിനാൽ പാർട്ടി ടിക്കറ്റിന്​ തിരക്കേറും. കോൺഗ്രസിന്​ കാശില്ല. നാഗാലാൻഡിൽ 2018ലെ തെരഞ്ഞെടുപ്പിൽ ഫണ്ടിന്‍റെ ദൗർലഭ്യം കാരണം 60 സീറ്റുകളിലും സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസിന്​ കഴിഞ്ഞിരുന്നില്ല''-പ്രമുഖ കോൺഗ്രസ്​ നേതാവ്​ 'മാധ്യമ'ത്തോടു പറഞ്ഞു.

ഭരണവിരുദ്ധ വികാരവും പണാധികാരം മറികടക്കും

ഇപ്പറഞ്ഞതിനർഥം തെരഞ്ഞെടുപ്പ്​ തീർത്തും ഏകപക്ഷീയമാവും എന്നല്ല. സം​സ്ഥാനത്ത്​​ ഭരണവിരുദ്ധ വോട്ടുകളിൽ ബി.ജെ.പി വിരുദ്ധർക്ക്​ ആവശ്യത്തിനു മുതൽക്കൂട്ടാനായെന്നു വരും. 1972 ജനുവരി 21ന്​ സംസ്ഥാനപദവി ലഭിച്ച മണിപ്പൂർ ഇപ്പോഴും വികസനത്തിൽ ഏറെ പിറകിലാണ്​. കൂനിന്മേൽ കുരു കണക്കെ, വിവിധ വംശീയവിഭാഗങ്ങളിലായി അനേകം സായുധഗ്രൂപ്പുകളുടെ സജീവസാന്നിധ്യവുമുണ്ട്​. ഇക്കഴിഞ്ഞ നവംബറിലും ശക്തമായ തീവ്രവാദി ആക്രമണമുണ്ടായി. സീനിയർ സൈനിക ഉദ്യോഗസ്ഥൻ കേണൽ വിപ്ലബ്​ ത്രിപാഠിയും ഭാര്യയും ഒമ്പതു വയസ്സുള്ള കുഞ്ഞുമകനും കൊല്ലപ്പെട്ടു.

വടക്കുകിഴക്കൻ അതിർത്തിദേശങ്ങളിലെ നിത്യശാപമായ സായുധസേന പ്രത്യേകാധികാര നിയമം (AFSPA) സമാധാനം പകരുന്നതിലേറെ സ്വൈരജീവിതത്തെ പലപ്പോഴും അവതാളത്തിലാക്കുന്നുണ്ട്​. പൈശാചികനിയമം നടപ്പിലാക്കിയിട്ടും തീവ്രവാദി സംഘടനകൾ നാൾക്കുനാൾ ശക്തിപ്രാപിച്ചുവരുന്നതാണ്​ അനുഭവം. എന്നാൽ, ഇതൊന്നും ​തെരഞ്ഞെടുപ്പിൽ കാര്യമായി ഏശാനിടയില്ല. അവിടെ പണവും കേന്ദ്രഭരണവും കൈയിലിരിക്കുന്നവർക്കു തന്നെ മുൻതൂക്കം. ഡൽഹിയും മണിപ്പൂരും തമ്മിൽ ഒരു അന്തർധാര നിലവിലുണ്ട്​. ''ഡൽഹിക്കു തണുക്കുമ്പോൾ തുമ്മാനാണ്​ ഞങ്ങളുടെ സംസ്ഥാനത്തിന്‍റെ വിധി'' -സ്​റ്റേറ്റ്​ പവർ കോർപറേഷനിൽനിന്നു വിരമിച്ച ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്​ വെറും തമാശയല്ല. അതിനിടയിലും ടിക്കറ്റ്​ വിതരണം തുടങ്ങിക്കഴിയുമ്പോൾ വിമതശല്യം രൂക്ഷമാകുന്നത്​ എങ്ങനെ നേരിടും എന്നതാണ്​ ബി.ജെ.പി​യെ അലട്ടുന്നത്​.

മാധ്യമപ്രവർത്തകനും വടക്കുകിഴക്കൻ രാഷ്ട്രീയവിദഗ്​ധനും ഗ്രന്ഥകാരനുമാണ് ലേഖകൻ

Tags:    
News Summary - The fate of Manipur is in the hands of Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.