സയണിസത്തിന്‍റെ ഹിന്ദുത്വ വിവർത്തനം

അധിനിവേശത്തെ ചെറുക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഫലസ്തീനികളുടെ വീടുകൾ ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്നത് ഒരു പതിവു കാഴ്ചയാണ്. ബുൾഡോസർ എത്താത്തിടങ്ങളിലെ വീടുകൾ മിസൈലിട്ടും തകർക്കും. മോദിയും യോഗിയും ശിവരാജ് സിങ്ങും നിരത്തുന്ന അതേ ന്യായമാണ് നഫതാലി ബെന്നറ്റും അതിനു മുമ്പുള്ള ബിന്യമിൻ നെതന്യാഹുവും പറയാറ്; അനധികൃത നിർമാണം! ഖാലിദിയ അറബ് അൽ അമാദയിൽ നിർമാണത്തിലിരുന്ന പള്ളി ബുൾഡോസർ ഉപയോഗിച്ച് തകർത്തത് കഴിഞ്ഞ ആഴ്ചയാണ്.

1995ലെ രണ്ടാം ഓസ്ലോ കരാറിന്റെ മറവിൽ നിയമവിരുദ്ധ വിഭജനമതിൽ പണിതുയർത്തി 'എ ബി സി' എന്ന് തിരിച്ച് അവിടെ വീടുകൾ തച്ചുതകർക്കുന്ന സമ്പ്രദായമാണ് ഹിന്ദുത്വർ ഇന്ത്യയിലാകെ പകർത്താൻ ശ്രമിക്കുന്നത്. ആക്രമികളെന്ന ഓമനപ്പേരിട്ടും, ടെററിസ്റ്റുകളെന്ന വ്യാജ വാർപ്പുരൂപം നൽകിയും ഒരു ജനതയെ ചാപ്പകുത്തിയാൽ എന്തു ഭരണകൂട ചെയ്തിയും ന്യായീകരിക്കപ്പെടുമെന്നത് ആധുനിക ദേശരാഷ്ട്ര നടപ്പുരീതിയായിട്ടുണ്ട്.

നാസി ജർമനിയിൽനിന്ന് ഡോ. കെ.ബി. ഹെഡ്ഗേവാറും ഡോ. ബി.എസ്. മുഞ്ചെയും സവർക്കറുമൊക്കെ ചേർന്ന് കോപ്പിയടിച്ചു കൊണ്ടുവന്നു രൂപപ്പെടുത്തിയ ഹിംസാത്മക ഫാഷിസ്റ്റ് ഹിന്ദുത്വം മോദി-യോഗി-ഭാഗവത് കാലത്തിലെത്തുമ്പോൾ ആശയവും ആവിഷ്കാരവും ഇസ്രായേലിൽ നിന്ന് കടംകൊള്ളാൻ തുടങ്ങി. അതിന്റെ ഉദാഹരണങ്ങളിലൊന്നു മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ നടപ്പാക്കുന്ന ബുൾഡോസർ രാജ്.

'ജിനോസൈഡ് വാച്ച്' നൽകുന്ന മുന്നറിയിപ്പനുസരിച്ച് വംശഹത്യാ പദ്ധതിയുടെ എട്ടാംഘട്ടത്തിലേക്ക് ഇന്ത്യയെ സംഘ്പരിവാർ കൊണ്ടെത്തിച്ചത് വലിയ ഗൃഹപാഠങ്ങളുടെ അടിസ്ഥാനത്തിലാണ്. ഏതേതു വഴികളിലൂടെയാണ് തെരുവിൽ പ്രതിഷേധിക്കുന്നവരെ പ്രകോപിപ്പിക്കേണ്ടതെന്നും സംഘാർഷാത്മക സാഹചര്യം സൃഷ്ടിക്കേണ്ടതെന്നും അതിനായി സർക്കാർ മെഷിനറികളും മടിത്തട്ടു മാധ്യമങ്ങളും രംഗപടമൊരുക്കേണ്ടതെന്നതും വലിയ ഗവേഷണ വിഷയങ്ങളാണ്. മർദകോപകരണമായ പൊലീസിനെ വിട്ടു പ്രതിഷേധക്കാരെ ആക്രമിക്കേണ്ടത് ഒടുവിലാണ്. എല്ലാം രാജ്യത്തുടനീളം മുറതെറ്റാതെ ഇപ്പോൾ നടക്കുന്നുണ്ട്. മുസ്ലിം ന്യൂനപക്ഷം സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന പ്രവാചകനെ പരസ്യമായി നിന്ദിച്ച് നൂപുർ ശർമയെപ്പോലുള്ളവർ നടത്തുന്ന പരാമർശങ്ങൾപോലും അതിന്റെ ഭാഗമാണ്. മുസ്ലിംകളെ പ്രകോപിപ്പിക്കാൻ പ്രവാചകനെയോ വിശുദ്ധ ഗ്രന്ഥത്തെയോ അവഹേളിക്കുകയാണ് എളുപ്പവഴിയെന്ന് സയണിസ്റ്റുകളും സാമ്രാജ്യത്വവും പണ്ടേ കണ്ടെത്തിയിട്ടുണ്ട്. അതേ രീതിയാണ് സംഘ്പരിവാറും പയറ്റുന്നത്. ഫാഷിസത്തിന്റെ ഈ ചതിക്കുഴിയിൽ വീഴണോ അതോ അവധാനതയോടെ സമീപിക്കണോ എന്നത് ഇന്ത്യൻ മുസ്ലിം നേതൃത്വമാണ്, (അങ്ങനെയൊന്നുണ്ടെങ്കിൽ) ആലോചിക്കേണ്ടത്.

ന്യൂനപക്ഷങ്ങൾ എക്കാലവും തങ്ങളുടെ വോട്ടു ബാങ്കായി തുടരണമെന്ന് വാശിപിടിക്കുന്ന, സംഘ്പരിവാർ വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന സെക്കുലർ എന്ന് നെറ്റിയിലൊട്ടിച്ച് നടക്കുന്ന പാർട്ടികൾ ഇപ്പോഴല്ലാതെ എപ്പോഴാണ് ഇന്ത്യൻ റിപ്പബ്ലിക്കിനെ രക്ഷിക്കാൻ, ന്യൂനപക്ഷ സമൂഹത്തിന്റെ വീടും ജീവനോപാധികളും സംരക്ഷിക്കാൻ മുന്നോട്ടുവരുക?

വിസമ്മതം എന്നത് ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. വിസമ്മതത്തിന്റെ ജനാധിപത്യ തെരുവു രൂപത്തെ ഇത്രമേൽ ഭയപ്പെടുന്ന ഫാഷിസത്തിന് ബുൾഡോസറുകൾകൊണ്ടല്ലാതെ ജനകീയ സമരങ്ങളെ എങ്ങനെ നേരിടാമെന്ന് ഭരണഘടന നിവർത്തിവെച്ച് ജുഡീഷ്യറിയെങ്കിലും വിശദീകരിച്ചു കൊടുക്കണമെന്ന അഭ്യർഥനയാണ് ഇന്ത്യൻ പൗരസമൂഹത്തിന് മുന്നോട്ടുവെക്കാനുള്ളത്. അത്തരമൊരു രാജ്യത്ത് മിണ്ടാതിരിക്കുന്നവരാണ് ഏറ്റവും വലിയ കുറ്റവാളികൾ. അനീതി രാജ്യത്തെ കലാപത്തിലേക്ക് നയിക്കുമെന്ന് വിവേകമതികളായ എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ, ബുദ്ധിജീവികൾ തെരുവിലിറങ്ങി വാ തുറന്നു പറയണം. അല്ലെങ്കിൽ ജനങ്ങൾ ഫാഷിസ്റ്റുകളോട് കണക്കു ചോദിക്കുന്ന ദിവസം തന്നെ അവരെയും ചോദ്യം ചെയ്യുമെന്നുറപ്പ്.

Tags:    
News Summary - The Hindutva translation of Zionism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.