ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്നാണ് ചൊല്ല്. സാമ്പത്തികസംവരണം വീണ്ടും ചർച്ചയാകുേമ്പാൾ പിന്നാക്കസമുദായങ്ങളുടെ അവകാശ സംരക്ഷണത്തിനായി കാലങ്ങളായി നിലകൊണ്ടു പോരുന്ന ഈഴവ സമുദായവും എസ്.എൻ.ഡി.പി യോഗവും ഈ പഴഞ്ചൊല്ല് ഓർക്കുക സ്വാഭാവികമാണ്.
എൽ.ഡി.എഫ് സർക്കാറാണ് ഇപ്പോൾ ഇതുമായി മുന്നോട്ടുപോകുന്നത്. അത് പ്രകടനപത്രികയിൽ പറഞ്ഞിരുന്നതാണെന്ന് അവർ ആവർത്തിക്കുന്നു. വോട്ടുബാങ്ക് മുന്നിൽകണ്ട് ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നടപടി ശരിയായില്ലെന്നും തെറ്റിയ പിഴവ് തിരുത്തണമെന്നുമുള്ള നിലപാട് സ്വീകരിക്കാൻ യോഗത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സാമ്പത്തികസംവരണവുമായി ബന്ധപ്പെട്ട യു.ഡി.എഫ് നിലപാടും വ്യത്യസ്തമല്ലെന്ന് തിരിച്ചറിയണം. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗ് കൂടി അധികാരത്തിലുള്ളപ്പോൾ തന്നെ ഇവിടെ സാമ്പത്തികസംവരണം നടപ്പിൽ വന്നിരുന്നു. അവരുടെ കാലത്തുതന്നെ ഉന്നത വിദ്യാഭ്യാസരംഗത്ത് മുന്നാക്കവിഭാഗങ്ങൾക്ക് അനർഹമായി സംവരണം ലഭിച്ചിരുന്നുവെന്ന കാര്യം വിസ്മരിക്കരുത്.
മുസ്ലിംലീഗിനും മുസ്ലിം എജുക്കേഷനൽ സൊസൈറ്റിക്കുമൊന്നും ഇക്കാര്യത്തിൽ ആത്മാർഥതയില്ലെന്ന് തുറന്ന് പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട്. മറിച്ചാണെങ്കിൽ അവർ അത് തെളിയിക്കെട്ട. സാമ്പത്തികസംവരണ നയത്തിന് അർഥശങ്കക്കിടയില്ലാതെ പിന്തുണ ആവർത്തിക്കുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിനോടൊപ്പം നിലനിന്നു തന്നെയാണ് മുസ്ലിംലീഗ് സാമ്പത്തിക സംവരണത്തിനെതിരെ ഘോരഘോരം സംസാരിക്കുന്നത്. തനി ഇരട്ടത്താപ്പാണ് ലീഗ് പിന്തുടരുന്നത്.
മൂന്നാം മുന്നണിയെക്കുറിച്ച് പലരും ആവേശത്തോടെ പറയുന്നു. മുസ്ലിം സമുദായത്തിനുള്ളിൽ പ്രവർത്തിക്കുന്ന ചിലരടക്കം അത്തരമൊരു ആശയം മുന്നോട്ടുവെക്കുന്നു. ആളില്ലാത്ത പാർട്ടികളെ ഉൾപ്പെടുത്തിയല്ല ആ നീക്കം നടത്തേണ്ടത്. മുസ്ലിംലീഗിനെ പോലെ ശക്തമായ ജനകീയാടിത്തറയുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ടുവരെട്ട. മൂന്നാം മുന്നണിയും മറ്റും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാൾ തീരുമാനിക്കേണ്ട വിഷയമല്ല.
അധികാര രാഷ്ട്രീയമോഹങ്ങൾ അവസാനിപ്പിക്കാനുള്ള ധൈര്യം കാണിക്കണം. പാർലമെൻററി വ്യാമോഹങ്ങൾക്ക് അവധി കൊടുത്തേ മതിയാകൂ. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള പ്രസ്ഥാനങ്ങൾ തന്നെ മുന്നോട്ടുവരണം. ലീഗ് എന്തുകൊണ്ടാണ് യു.ഡി.എഫ് വിട്ട് വെളിയിൽ വരാൻ ധൈര്യം കാണിക്കാത്തത്? അത്തരമൊരു ധീരമായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ എസ്.എൻ.ഡി.പി യോഗം കൂടെ ചേരുന്ന കാര്യം ആലോചിക്കാം. ഇവിടെ ഞാൻ ലീഗിനെ മാത്രം കുറ്റം പറയുന്നുവെന്ന് തോന്നരുത്. ധീവര സമുദായത്തിനിടയിൽ നിർണായകസ്വാധീനമുള്ള വി.ദിനകരനും മറ്റും പുലർത്തുന്ന നിലപാടും വ്യത്യസ്തമല്ല.
സംവരണസമുദായ മുന്നണി പുനരുജ്ജീവിപ്പിക്കുന്ന കാര്യം കഴിഞ്ഞ ദിവസം എം.ഇ.എസ് ജനറൽസെക്രട്ടറി ഡോ.ഫസൽ ഗഫൂർ പറയുന്നത് കേട്ടു. ചാനൽ ചർച്ചയിലും മറ്റും അദ്ദേഹം ഞങ്ങളെ കുറ്റപ്പെടുത്തുന്നതിൽ കുറവ് വരുത്താറില്ല. പുനരുജ്ജീവിപ്പിക്കും എന്ന് ഇപ്പോൾ പറയുന്നതിന് അർഥം അത് നിലവിൽ വേണ്ടുംവിധം പ്രവർത്തിക്കുന്നില്ല എന്നു തന്നെയാണല്ലോ? എന്ത് കൊണ്ടാണ് ഇത്രയും നാൾ അതേക്കുറിച്ച് ആലോചിക്കാതിരുന്നത്?
സാമ്പത്തികസംവരണം നടപ്പാക്കുന്നതിലൂടെ സാമൂഹിക അസമത്വം വർധിക്കും എന്നാണ് എസ്.എൻ.ഡി.പി യോഗം നിലപാട്. ഒരുതുണ്ട് ഭൂമി പോലുമില്ലാത്ത പാവപ്പെട്ടവന് സംവരണം നിഷേധിക്കപ്പെടുേമ്പാൾ കോടികളുടെ ആസ്തിയുള്ള ഭൂപ്രഭുക്കൾ സംവരണത്തിെൻറ ഗുണഭോക്താക്കളായി മാറുന്നത് വിരോധാഭാസമല്ലേ? മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് ആനുകൂല്യം കിട്ടുന്നതിന് ഞങ്ങൾ എതിരല്ല. എന്നാൽ, അത് ഞങ്ങളുടെ കൈയിൽ നിന്ന് പിടിച്ച് വാങ്ങിക്കൊണ്ടാകരുത്. അശാസ്ത്രീയമായ റൊട്ടേഷൻ സംവിധാനവും 20 െൻറ യൂനിറ്റ് സമ്പ്രദായവുമൊക്കെ പിന്നാക്കവിഭാഗങ്ങൾക്ക് ദോഷകരമാണെന്ന് വളരെ മുമ്പ് ബോധ്യപ്പെട്ട് അതിനെതിരായി പൊരുതാൻ ഞങ്ങൾ മുന്നിട്ടിറങ്ങിയിരുന്നു.
103ാം ഭരണഘടന ഭേദഗതിയുടെ ചുവട്പിടിച്ച് വിദ്യാഭ്യാസരംഗത്ത് മുന്നാക്ക സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് സാമൂഹികനീതിക്ക് എതിരും ഭരണഘടനവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി യോഗം കൗൺസിൽ പ്രമേയം പാസാക്കിയിരുന്നു. സംയുക്തപ്രക്ഷോഭത്തെ കുറിച്ചും മറ്റും മുസ്ലിംലീഗ് ഇപ്പോൾ മാത്രമാണ് സംസാരിക്കുന്നത്. എന്നാൽ, ഈഴവ സമുദായത്തിലെ കരുത്തരും ധീരരുമായ യുവാക്കൾ അംഗങ്ങളായുള്ള എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെൻറ് നേരത്തേ തന്നെ സാമ്പത്തിക സംവരണത്തിനെതിരെ സമരരംഗത്തുണ്ട്. മുൻകാലങ്ങളിൽ സംഘടിപ്പിക്കപ്പെട്ട പാർലമെൻറ്-സെക്രേട്ടറിയറ്റ് മാർച്ചുകളിലും ഹൈകോടതിക്കും പി.എസ്.സിക്കും മുന്നിലുള്ള സമരങ്ങളിലും എസ്.എൻ.ഡി.പി യോഗവും പോഷകസംഘടനകളും പൂർണമായും സഹകരിച്ച് പ്രവർത്തിച്ചത് മറന്നുപോകരുത്. അതേസമയം, മുസ്ലിംസമുദായത്തിൽനിന്ന് അത്തരത്തിലൊരു ഇടപെടൽ ഉണ്ടാകുന്നില്ലെന്നു പറയുന്നതിൽ ഖേദമുണ്ട്. ഒരിക്കൽപോലും എ ടീം രംഗത്ത് വരാറില്ല. കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കൾ മുൻനിരയിലേക്കു തന്നെ കടന്നുവരണം.
പലരും ഗുരുദേവ വചനങ്ങളിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായ വ്യാഖ്യാനം നൽകി മതേതരത്വത്തെ കുറിച്ച് ബോധപൂർവം തെറ്റിദ്ധാരണകൾ പരത്തുകയാണ്. ഗുരുവിെൻറ കാലത്ത് രൂപം നൽകിയ ഭരണഘടനയിലെ ഉദ്ദേശ്യലക്ഷ്യങ്ങൾ മുൻനിർത്തി തന്നെയാണ് യോഗത്തിെൻറ എല്ലാ പ്രവർത്തനങ്ങളും മുന്നോട്ടു പോകുന്നത്. ഗുരുദർശനങ്ങളുടെ അന്തസ്സത്ത ഉൾക്കൊള്ളാതെ അവ വളച്ചൊടിച്ച് മതേതര ലേബൽ ചാർത്തുന്നത് ഗൂഢലക്ഷ്യം മുൻ നിർത്തിയാണ്.
ഇത്രയും നാൾ എസ്.എൻ.ഡി.പി എല്ലാവരെയും വിശ്വസിച്ച് മുന്നോട്ടു പോയി. ഇനിയങ്ങോട്ട് സംവരണ വിഷയത്തിൽ സമുദായം സൂക്ഷിച്ച് കരുതലോടെ മാത്രമേ മുന്നോട്ടുനീങ്ങുകയുള്ളൂ. ഭാവിയിലെ നിയമപോരാട്ടവും മറ്റും ഒറ്റക്ക് മതിയെന്നാണ് തൽക്കാലം തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക സംവരണത്തിനെതിരെ ഏതറ്റം വരെ പോകാനും ഞങ്ങൾ ഒരുക്കമാണ്. അതിനായുള്ള പോരാട്ടത്തിൽ വിജയിക്കുകയാണെങ്കിൽ അതിെൻറ ഗുണഫലം ഈഴവർക്ക് മാത്രമല്ലല്ലോ.
ജനസംഖ്യാനുപാതികമായി ഈഴവർക്ക് അർഹമായ ആനുകൂല്യങ്ങൾ രാജഭരണകാലം മുതൽക്കേ തന്നെ നിഷേധിക്കപ്പെട്ടിരുന്നു. പരദേശി ബ്രാഹ്മണർക്ക് എതിരെയുള്ള മലയാളി മെമ്മോറിയൽ സമരത്തിൽ മൂന്നാമതായി ഒപ്പിട്ടയാളാണ് ഡോ.പൽപ്പു. ഒടുവിൽ ആനുകൂല്യം കിട്ടാൻ തുടങ്ങിയപ്പോൾ മുഴുവനും നായർ സമുദായത്തിനായി. മലയാളി മെമ്മോറിയലിന് ശേഷം ഈഴവ മെമ്മോറിയലും നിവർത്തന പ്രക്ഷോഭവുമൊക്കെയായി ഈഴവർ അവകാശ സംരക്ഷണത്തിനായി സമരരംഗത്ത് വീണ്ടും നിന്നെങ്കിലും അവരുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല.
ഉദ്യോഗത്തിൽ പ്രത്യേകിച്ച് ഉയർന്ന തസ്തികകളിൽ ബഹുഭൂരിപക്ഷവും സവർണർതന്നെ. ഞങ്ങൾക്ക് കിട്ടിയ ഉദ്യോഗങ്ങളിലധികവും പ്യൂൺ തസ്തികകളും ഒറ്റപ്പെട്ട ക്ലാർക്ക് ജോലിയുമാണ്.എന്നാൽ, പിൽക്കാലത്ത് സ്പെഷൽ റിക്രൂട്ട്മെൻറ് സംവിധാനം ഏർപ്പെടുത്തിയപ്പോൾ എന്തുകൊണ്ട് അതുവരെ കൂടെ നിന്ന ഈഴവ സമുദായങ്ങളെ കൂടി ചേർത്തു നിർത്തി അവർക്കു കൂടി അതിെൻറ ഗുണഫലം മേടിച്ച് തരാൻ ശ്രമിച്ചില്ല?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.