സസ്യാഹാര ഇന്ത്യയെന്ന സത്യാനന്തര മിത്ത്

കേരള സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും കഴിഞ്ഞ മാസം നടന്ന പ്രധാന ചര്‍ച്ചകളിലൊന്ന് സ്കൂൾ യുവജനോത്സവ ഭക്ഷണ മെനു സംബന്ധിച്ചായിരുന്നു. മറ്റൊന്ന് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാർക്കുമെതിരായ ജാതിദ്രോഹങ്ങളെക്കുറിച്ചും.

ജാതി​​ദ്രോഹ വിഷയത്തിൽ തണുത്ത പ്രതികരണമാണ് കേരളീയ പൊതുസമൂഹം പുലര്‍ത്തിയതെങ്കിൽ യുവജനോത്സവ മെനു ചർച്ച സകലപേരും ഏറ്റുപിടിച്ചു. ഭക്ഷണം കഴിക്കൽ കേവലമൊരു ജീവശാസ്ത്രപരമായ കാര്യമല്ല. കിട്ടുന്നത് വയറ്റിലേക്ക് എത്തിക്കുക എന്നതല്ല ആഹാരം കഴിക്കലിന്‍റെ അർഥം.

കിട്ടുന്നത് കഴിക്കുക എന്നതിനപ്പുറം മനുഷ്യരുടെ രുചിഭേദങ്ങൾ പ്രതിഫലിക്കുന്ന തരത്തിൽ ഒരു തീന്മേശ ഉണ്ടാകുമ്പോഴാണ് ഒരു ജനാധിപത്യ സമൂഹത്തിലെ പൗരജനം എന്ന നിലയിലെ അസ്തിത്വത്തിലേക്ക് അവർ പരിവര്‍ത്തനം ചെയ്യപ്പെടുന്നത്.

ജാതി, മതം, വർണം, ലിംഗം, നാട്ടുരാജ്യ ദേശീയത തുടങ്ങിയ വിഘടിത സംവർഗങ്ങളില്‍ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് പ്രജകളെ ജാതിക്കോ മതത്തിനോ ദേശത്തിനോ ഭാഷക്കോ ലിംഗത്തിനോ നിറത്തിനോ വർണത്തിനോ യാതൊരു പ്രാധാന്യവും കൊടുക്കാതെ ഇന്ത്യന്‍ പൗരരെന്ന ഏറ്റവും മൂല്യമുള്ള ഒരു നിലയിലേക്ക് ഉയര്‍ത്തുകയാണ് ഇന്ത്യന്‍ ഭരണഘടന ചെയ്തത്.

ജാതിയോ മതമോ എന്തുതന്നെയാ ണെങ്കിലും ഏതൊരു ഇന്ത്യന്‍ പൗരജനത്തിനും അധികാരപ്പെട്ടതാണ് മൗലികാവകാശങ്ങള്‍. ജീവിക്കാനുള്ള അവകാശമെന്നത് കേവലം ചാകാതെ ജീവിക്കാനുള്ള ഭക്ഷണം കിട്ടുന്ന ഒരവസ്ഥയായിട്ടല്ല ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്.

അന്തസ്സോടെ, സ്വാഭിമാനത്തോടെ, ആര്‍ക്കു മുന്നിലും തലകുനിക്കാതെ, ഭരണഘടനാപരമായി ലഭ്യമായ എല്ലാ അവകാശങ്ങളും അവസരങ്ങളും എല്ലാവര്‍ക്കും തുല്യമായി ലഭിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ ജീവിക്കാന്‍ കഴിയൽ. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളുടെ ഇഷ്ടങ്ങള്‍, ആവശ്യങ്ങള്‍, താൽപര്യങ്ങള്‍കൂടി സാമൂഹിക തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തി, ജീവിക്കാനുള്ള അവകാശം അവര്‍ക്കുകൂടി ഉപാധിരഹിതമായി ലഭ്യമാക്കുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നത്.

ഈ വിശാലമായ പരിപ്രേക്ഷ്യത്തിലാണ് സ്കൂള്‍ യുവജനോത്സവ കാന്‍റീനില്‍ മാംസാഹാരം വിളമ്പണോ എന്ന ചോദ്യത്തിന് നമ്മള്‍ ഉത്തരം തേടേണ്ടത്.

പച്ചക്കറി തിന്നുന്നത് പച്ചപ്പാവങ്ങളോ?

കേന്ദ്ര ഗവൺ​മെന്‍റിന്റെ ദേശീയ കുടുംബാരോഗ്യ സർവേ (NFHS) 2015 അനുസരിച്ച് 78 ശതമാനം പേരായിരുന്നു ഇന്ത്യയിൽ മാംസാഹാരികള്‍. 2019-21ലെ സർവേയിൽ അത് 84 ശതമാനമായി. അതായത്, ഇന്ത്യയിലെ മഹാഭൂരിപക്ഷം ആളുകളും മാംസാഹാരികളാണ് എന്നു മാത്രമല്ല, അവരുടെ എണ്ണം കൂടിവരുകയുമാണ്.

സസ്യാഹാര ഇന്ത്യ എന്നതൊരു ‘സത്യാനന്തര മിഥ്യ’ (Post Truth Myth) മാത്രമാണ് എന്നത് സര്‍ക്കാര്‍ രേഖകള്‍തന്നെ സാക്ഷ്യംപറയുന്നു . ഈ സാഹചര്യത്തില്‍ കേരളത്തിലെ യുവജനോത്സവ കാന്‍റീനില്‍ മാംസാഹാരം വിളമ്പണോ എന്നൊരു ചോദ്യം തന്നെ അപ്രസക്തമാണ്.

സസ്യവിഭവങ്ങളും മാംസവിഭവങ്ങളും ഇടകലര്‍ന്ന ഒരു തീന്മേശ ഉണ്ടാക്കുകയാണ് ജനാധിപത്യം ചെയ്യേണ്ടത്. ആഹാരവും സാത്ത്വിക മനോനിലയും സൗമ്യസ്വഭാവവും തമ്മിലൊന്നും ഒരു ബന്ധവും ഇല്ലെന്നതിന് നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് തുടരുന്ന ജാതി വ്യവസ്ഥയും അതിന്‍റെ വിവരിക്കാനാവാത്തത്ര ക്രൂരമായ പ്രയോഗരീതികളും തെളിവാണ്.

മാംസാഹാരം വേണോ അതോ സസ്യാഹാരം തുടര്‍ന്നാല്‍ മതിയോ എന്ന ചര്‍ച്ച ആ വിഷയത്തിനകത്ത് ആന്തരികമായി ഉള്‍ച്ചേര്‍ന്ന ‘ജനാധിപത്യത്തിനകത്തെ സാമൂഹിക തെരഞ്ഞെടുപ്പ്’ എന്ന മൗലികമായ ആശയത്തെ പുറത്തുനിര്‍ത്തിക്കൊണ്ട് മാംസഭുക്കുകളായ രാക്ഷസരും സസ്യാഹാരികളായ സാത്ത്വിക ദേവന്മാരും തമ്മിലെ പ്രശ്നമാക്കി മാറ്റി.

ഈ ബോധപൂർവമായ ചുരുക്കലിന്റെ ഭാഗമായാണ് യുവജനോത്സവ കാന്റീന്‍ നടത്തിപ്പുകാരന്‍റെ ജാതിയോടുള്ള അസഹിഷ്ണുതയാണ് ഇപ്പോഴത്തെ ജനാധിപത്യ സംവാദങ്ങളുടെയൊക്കെ യഥാർഥ കാരണമെന്ന ഒരു പ്രതിവാദം ഉയര്‍ന്നുവന്നത്. കേരളത്തിലെ സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളിലെ കാന്‍റീനുകളില്‍നിന്ന് പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകളാണ് ഭക്ഷണം കഴിക്കുന്നത്.

എല്ലാ ആശുപത്രി കാന്‍റീനുകളും മാംസാഹാരവും സസ്യാഹാരവും കൊടുക്കുന്നുണ്ട്. അവിടെയൊക്കെ ഏതെങ്കിലും പ്രത്യേക ജാതിയിലോ മതത്തിലോപെട്ട ആളുകളൊന്നുമല്ലല്ലോ പാചകം ചെയ്യുന്നത്.

കേരളത്തിലെ ഹോട്ടലുകളിലെ പാചകം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ ഏറ്റെടുത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്ന യാഥാര്‍ഥ്യം നിലനിൽക്കെയാണ് യുവജനോത്സവ കാന്‍റീന്‍ ഏതെങ്കിലും ജാതിക്കാരുടെ കൈപ്പുണ്യത്തില്‍ പ്രവര്‍ത്തിച്ചാലേ ശരിയാകൂ എന്നു വാദിക്കുന്നത്.

ഒരു ജാതിക്കാര്‍ മാത്രം പഠിച്ചിരുന്ന, ദലിതുകൾക്ക് കാൽ ചവിട്ടാൻപോലും അനുമതി നിഷേധിക്കപ്പെട്ടിരുന്ന ക്ലാസ് മുറികളില്‍ ഇന്ന് എല്ലാ ജാതിക്കാരും മതക്കാരും ഇടകലര്‍ന്നിരുന്ന് പഠിക്കുന്നുണ്ട്. ചില ജാതിക്കാര്‍ക്കു മാത്രം ലഭ്യമായിരുന്ന പൊതുവഴികളും പൊതുസ്ഥാപനങ്ങളും ദേവാലയങ്ങളും ഇന്നെല്ലാവര്‍ക്കും ലഭ്യമാണ്. നവോത്ഥാനമെന്നത് യഥാർഥത്തില്‍ അവകാശങ്ങളുടെയും അവസരങ്ങളുടെയും പുനര്‍വിതരണമായിരുന്നു.

അവകാശങ്ങള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങളാണ് കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നത്. ബ്രാഹ്മണ പുരുഷാധികാരത്തിനു കീഴില്‍ കീഴാള ജനത മാത്രമല്ല ബുദ്ധിമുട്ട് അനുഭവിച്ചത്. ബ്രാഹ്മണ സ്ത്രീകൾ അടക്കമുള്ള സവർണരും അതിന്റെ ഇരകളായിരുന്നു.

അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് വരാൻ ആളുകള്‍ തയാറായത് ആദര്‍ശംകൊണ്ടു മാത്രമല്ല; അതൊരു അതിജീവന പോരാട്ടംകൂടിയായിരുന്നു. യുവജനോത്സവ കാന്‍റീനില്‍ മാംസാഹാരംകൂടി വിളമ്പണം എന്ന കാര്യത്തില്‍ ജാതിക്കും മതത്തിനും അതീതരായി മലയാളികള്‍ പ്രതികരിച്ചത് അതില്‍ അവര്‍ക്കുകൂടി അനുഭവിക്കേണ്ടിവരുന്ന ഒരു നീതികേട് ഉണ്ടെന്ന തിരിച്ചറിവിലാണ്.

എന്നാല്‍, കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവാദത്തോട് നിസ്സംഗത പുലര്‍ത്തിയത് ‘കേരളത്തില്‍ ജാതിയില്ലെന്ന’ പൊതുബോധത്തെ ആ സമരം പ്രശ്നവത്കരിക്കുന്നു എന്നതിനാലാണ്. ഒന്നുകില്‍ പ്രതികരിക്കുക അല്ലെങ്കില്‍ ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തലപൂഴ്ത്തി നില്‍ക്കുക -ഇതാണ് നവോത്ഥാന മലയാളി അധീശത്വബോധത്തിന്‍റെ രീതി.

മാംസാഹാരംകൂടി വിളമ്പണമെന്നു പറയുമ്പോള്‍ തന്നെ ജാതിവിവേചനങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ടും മലയാളിക്ക് പുരോഗമനവാദിയായി വേഷംകെട്ടാം എന്നതാണ് നമ്മുടെ നവോത്ഥാനത്തിന്‍റെ സൗകര്യം.

സസ്യാഹാരത്തിനൊപ്പം മാംസാഹാരം വിളമ്പിയാല്‍ അത് മതകലഹങ്ങള്‍ക്കുവരെ കാരണമാകും, ഒരാള്‍ക്ക് ഇഷ്ടപ്പെട്ട മാംസം മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടില്ല തുടങ്ങിയ വാദങ്ങള്‍ മുന്നോട്ടുവെക്കുന്നവരോടുകൂടി രണ്ടു വാക്ക് പറഞ്ഞുകൊണ്ട് ഈ എഴുത്ത് ചുരുക്കാം.

സസ്യാഹാരം കഴിക്കുന്ന ആളുകള്‍ക്ക് രുചിഭേദങ്ങള്‍ ഇല്ലെന്നാണോ നമ്മള്‍ കരുതേണ്ടത്. ഒരാള്‍ക്ക് വെണ്ടക്ക തോരനാണ് വേണ്ടതെങ്കില്‍ മറ്റൊരാള്‍ക്ക് വഴുതനങ്ങ തീയല്‍ ആയിരിക്കും വേണ്ടത്. ഒരാള്‍ക്ക് കോഴിക്കോടന്‍ രീതിയില്‍ അവിയല്‍ വേണമെന്ന് തോന്നുമ്പോള്‍ മറ്റൊരാള്‍ക്ക് തിരുവനന്തപുരം രീതിയായിരിക്കും പഥ്യം. സാമ്പാറില്‍ വഴുതനങ്ങ പാടില്ലെന്ന് ഒരു കൂട്ടര്‍.

നിര്‍ബന്ധമായും അത് വേണമെന്ന് മറ്റൊരു കൂട്ടര്‍. ഇങ്ങനെയൊക്കെയുള്ള രുചിഭേദങ്ങളും പിടിവാശികളും നിലനില്‍ക്കുന്ന കേരളത്തില്‍ ഇക്കഴിഞ്ഞ കാലങ്ങളിലെല്ലാം സസ്യാഹാര യുവജനോത്സവ കാന്‍റീന്‍ നടത്തിയെങ്കില്‍ മാംസാഹാരത്തിലെ രുചിഭേദങ്ങളോടും നമുക്ക് ശരാശരി സമീകൃത നിലപാട് പുലര്‍ത്താന്‍ കഴിയുന്നതാണ്.

യുവജനോത്സവ കാന്‍റീനുമായി ഉണ്ടായ ഭക്ഷണസംവാദം ജാതികള്‍ തമ്മിലെ മൂപ്പിളമ തര്‍ക്കമായല്ല, ജനാധിപത്യത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുള്ള സംവാദമായി വേണം കാണാൻ.

മേലാളമെന്ന് സ്വയം നിര്‍വചിക്കപ്പെടുന്ന ജാതികള്‍ക്കെതിരെ കീഴാള മനുഷ്യര്‍ നടത്തുന്ന പ്രതികാരങ്ങളാണ് ഇതൊക്കെയെന്ന് കരുതുന്നവര്‍ ‘അറുപത് കഴിഞ്ഞ സവര്‍ണ സ്ത്രീയെപ്പോലും പ്രാപിക്കാന്‍ മടിയില്ലാത്ത നിന്‍റെ മനസ്സിലാണ് ജാതിയുള്ളത്’ എന്നു പറയുന്ന ആര്യൻ സിനിമയിലെ മേൽജാതി നായക കഥാപാത്രത്തിന്‍റെ വര്‍ത്തമാനകാല പതിപ്പുകള്‍ മാത്രമാണ്.

Tags:    
News Summary - The myth of vegetarian India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.