സു​റ​യ്യ​ ത​യ്യ​ബ്​​ജി​യുടെ കുടുംബചിത്രം

അറച്ചവരെ കൊടി പിടിപ്പിച്ച തിരംഗയുടെ കഥ

പച്ച നിറവും വെളുപ്പും നൽച്ചുകപ്പുമിണങ്ങുമീ
മെച്ചമേറും വൈജയന്തി തന്നിൽ തിളങ്ങി
മാടപ്പുര മുതൽ മണിമേട വരേയ്ക്കേഴുമല്ലോ
വീടിന്‍റെയും പടിക്കലീ വൈജയന്തികൾ
(വള്ളത്തോൾ)

ചരിത്രം ചിലർക്കായി കാത്തുവെക്കുന്ന ചില മുഹൂർത്തങ്ങളുണ്ട്. വിധിവിപര്യയമെന്നും കാവ്യനീതിയെന്നുമൊക്കെ പലതായി ചൊല്ലിവിളിക്കുന്ന അനർഘ നിമിഷങ്ങൾ. അശോകചക്രാങ്കിത മൂവർണക്കൊടിക്കുമുണ്ട് അങ്ങനെ ചില അഭിമാനനിമിഷങ്ങൾ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ കൊടിയടയാളം യൂനിയൻ ജാക്ക് അഴിച്ചുവെച്ച അവസാന വൈസ്രോയിതന്നെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ എന്ന നിലയിൽ ദേശീയപതാകക്ക് നെഞ്ചുവിരിച്ച് സല്യൂട്ട് അടിച്ച ചരിത്രനിമിഷം അതിലൊന്നായിരുന്നു.

സ്വാതന്ത്ര്യത്തിന്‍റെ അനന്തവിഹായസ്സിലേക്ക് നമ്മുടെ തിരംഗ ആദ്യമായി ഉയർന്നുപറന്ന നിമിഷം രേഖപ്പെടുത്തുന്നുണ്ട് ട്രെവർ റോയ്ലെ 'ദ ലാസ്റ്റ് ഡേയ്സ് ഓഫ് ദ രാജ്' എന്ന ഗ്രന്ഥത്തിൽ. ചരിത്രമുഹൂർത്തത്തിലേക്ക് എല്ലാ കണക്കുകളും തെറ്റിച്ച് ജനം ഒഴുകിയെത്തിയപ്പോൾ വൈസ്രോയി ഹൗസിൽ നിന്നു ചടങ്ങ് നടക്കുന്ന ഇന്ത്യാ ഗേറ്റിനടുത്ത പ്രിൻസസ് പാർക്കിലേക്ക് ഇറങ്ങിയ മൗണ്ട് ബാറ്റന്‍റെ പ്രോട്ടോകോളുകളെല്ലാം വെറുതെയായി. ''ജനസഹസ്രങ്ങളുടെ ഇത്തരമൊരു ആവേശകരമായ കുത്തൊഴുക്ക് ഞാൻ ഇന്നോളം കണ്ടിട്ടില്ല''-ബി.ബി.സി ലേഖകൻ വിൻഫോഡ് വോഗൻ തോമസ് അതപ്പടി തന്‍റെ പ്രേക്ഷകർക്കായി വാക്കുകളിൽ പകർത്തി. ''ആഹ്ലാദചിത്തരായി ആനന്ദനൃത്തം ചവിട്ടി ആർത്തലച്ചുവരുകയാണവർ, ഇന്ത്യയുടെ പുതിയ പതാകയുടെ ആരോഹണച്ചടങ്ങിന്.

'' ജനത്തിരക്കുകാരണം മൗണ്ട് ബാറ്റന് വാഹനത്തിൽനിന്ന് ഇറങ്ങാനായില്ല. അതിൽതന്നെ എഴുന്നേറ്റുനിന്ന് ദേശീയപതാകക്ക് സല്യൂട്ട് അർപ്പിക്കുകയായിരുന്നു അദ്ദേഹം. ആ ചരിത്രസംഭവത്തിലെ മറ്റൊരു കൗതുകംകൂടി റോയ്ലെ പ്രത്യേകം കുറിച്ചു. ''ആ ദേശീയപതാക രൂപപ്പെടുത്തിയത് ഒരു മുസ്ലിമായ ബദ്റുദ്ദീൻ തയ്യബ്ജി ആയിരുന്നു. വെള്ളയിൽ ചർക്ക മുദ്രണംചെയ്ത ത്രിവർണ പതാക നേരത്തേ കോൺഗ്രസിനുവേണ്ടി മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്നു.

അതിൽ ചർക്ക ഒഴിവാക്കി ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ മാനിക്കുന്ന അശോകചക്രവർത്തിയുടെ സ്മരണികയായി അശോകചക്രം രേഖപ്പെടുത്താൻ അദ്ദേഹം ഗാന്ധിയെ സമ്മതിപ്പിക്കുകയായിരുന്നു. ആ രാവിൽ നെഹ്റുവിന്‍റെ കാറിൽ പാറിയ ഇന്ത്യയുടെ ആദ്യ ദേശീയപതാക തയ്യബ്ജിയുടെ ഭാര്യയുടെ സംഭാവനയായിരുന്നു (പേജ്: 172).

സുറയ്യ തുന്നിയ ത്രിവർണപതാക

ഇന്നു കാണുന്ന ദേശീയ പതാക രൂപപ്പെടുത്തിയത് ഐ.സി.എസുകാരനും പിന്നീട് അലീഗഢ് മുസ്ലിം സർവകലാശാല വൈസ് ചാൻസലറുമായിരുന്ന ബദറുദ്ദീൻ തയ്യബ്ജിയായിരുന്നു എന്ന ബ്രിട്ടീഷ് ചരിത്രകാരന്‍റെ വാക്കുകൾ ഖണ്ഡിക്കുന്ന ഹൈദരാബാദിലെ ചരിത്രകാരൻ ക്യാപ്റ്റൻ പാണ്ഡുരംഗ റെഡ്ഡി അതിന്‍റെ ബഹുമതി പതിച്ചുനൽകുന്നത് അദ്ദേഹത്തിന്‍റെ ഭാര്യ സുറയ്യക്കാണ്. 1919ൽ ഹൈദരാബാദിൽ ജനിച്ച സുറയ്യ കരവിരുതിൽ മികച്ച കലാകാരിയായിരുന്നു. പെയിന്‍റിങ്, പാചകം, തുന്നൽ, കുതിരസവാരി, നീന്തൽ എല്ലാം വഴങ്ങിയിരുന്ന സർവകലാവല്ലഭയായിരുന്നു മാതാവെന്ന് മകൾ ലൈല തയ്യബ്ജി അനുസ്മരിച്ചിട്ടുണ്ട്. കോൺസ്റ്റിറ്റ്യുവന്‍റ് അസംബ്ലിയിലെ ദേശീയപതാക സമിതിയിൽ അംഗമായിരുന്നു അവർ.

സ്വാതന്ത്ര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് സ്വന്തം അസ്തിത്വം വിളംബരപ്പെടുത്തുന്ന ഒരു ദേശീയചിഹ്നം വേണമെന്ന് രാഷ്ട്രശിൽപികൾക്കു നിർബന്ധം. ആ ഉത്തരവാദിത്തം ബദ്റുദ്ദീൻ തയ്യബ്ജിയെയാണ് ജവഹർലാൽ നെഹ്റു ഏൽപിച്ചത്. പലരും പല ഡിസൈനുകൾ അവതരിപ്പിച്ചെങ്കിലും അവയൊന്നും ബ്രിട്ടീഷ്, കൊളോണിയൽ സ്പർശത്തിൽനിന്നു മുക്തമായിരുന്നില്ല. ഒടുവിൽ നാലു സിംഹങ്ങളും അടിയിൽ അശോകചക്രവുമായി ദേശീയ ചിഹ്നത്തിനായി 28കാരി സുറയ്യ അവതരിപ്പിച്ച ഡിസൈൻ അംഗീകരിക്കുകയായിരുന്നു.

അതോടൊപ്പം ദേശീയപതാകയും ചർച്ചക്കു വന്നു. ഇരുപതുകളിൽ മഹാത്മാ ഗാന്ധിയുടെ അനുമതിയോടെ സ്വാതന്ത്ര്യസമരസേനാനി പിംഗള വെങ്കയ്യ ഒരു സ്വരാജ് പതാക അവതരിപ്പിച്ചിരുന്നു. അതു പിന്നീട് കോൺഗ്രസിന്‍റെ ചർക്കാങ്കിത ത്രിവർണ പതാകയായി മാറി. എന്നാൽ, സ്വാതന്ത്ര്യത്തിനുശേഷം ഒരു പാർട്ടിപതാക ദേശത്തിന്‍റെ ഔദ്യോഗികധ്വജമായി വരുന്നതു പന്തിയല്ലെന്നു കണ്ടു. അങ്ങനെ ദേശീയ ചിഹ്നത്തിലെ അശോകചക്രം ചർക്കക്കു പകരം വന്നു. ''അവർ അശോകചക്രം വെള്ളയുടെ മധ്യത്തിൽ കറുപ്പിൽ വരച്ചുകൊടുത്തു.

ഗാന്ധിക്ക് ആ നിറം ഇഷ്ടമായില്ല. അങ്ങനെയാണ് അത് നേവി ബ്ലൂ ആയി മാറിയത്.സുറയ്യ ഇന്ത്യയുടെ പുതിയ ദേശീയപതാക തുന്നിയെടുത്തത് പാതിരാവോടടുത്ത്. ആ രാത്രിതന്നെ അത് ജവഹർലാൽ നെഹ്റുവിന്‍റെ കാറിൽ പാറിപ്പറന്നു. ജൂലൈ 22ന് ദേശീയപതാക എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചു.

ദേശീയപതാകയും ദഹിക്കാതെ പോയവർ

അപ്പോഴും ആ പതാക ഉൾക്കൊള്ളാൻ വിമ്മിട്ടമുള്ളവരുണ്ടായിരുന്നു. അതിന്‍റെ കാരണം സംഘ്പരിവാറിന്‍റെ പ്രത്യയശാസ്ത്രഗ്രന്ഥമായ 'ദ ബഞ്ച് ഓഫ് തോട്ട്സി'ൽ ആർ.എസ്.എസ് താത്ത്വികാചാര്യൻ എം.എസ്. ഗോൾവാൾക്കർ വിശദീകരിച്ചത് ഇങ്ങനെ:''നമ്മുടെ നേതാക്കൾ നമ്മുടെ രാജ്യത്തിനായി ഒരു പുതിയ പതാക രൂപപ്പെടുത്തിയിരിക്കുന്നു. അവരെന്തിനാണ് അതു ചെയ്തത്? അഴകൊഴമ്പൻ അനുകരണത്വര തന്നെ. എങ്ങനെയാണ് ഈ കൊടിയുണ്ടായത്? ഫ്രഞ്ച് വിപ്ലവത്തിന്‍റെ കാലത്ത് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മൂന്ന് ആശയങ്ങളുമായി അവർ മൂന്നു വർണവരകളിൽ കൊടിയുണ്ടാക്കി. സമാന തത്ത്വങ്ങളിൽ ആകൃഷ്ടരായ അമേരിക്കക്കാരും ചില മാറ്റങ്ങളോടെ അത് ഏറ്റെടുത്തു.

നമ്മുടെ സ്വാതന്ത്ര്യസമരസേനാനികൾക്കും ഈ ത്രിവർണരേഖകളോട് എന്തോ ഒരു മതിഭ്രമം. അങ്ങനെ കോൺഗ്രസും അതേറ്റെടുത്തു. എന്നിട്ട് അതിനെ വിവിധ സമുദായങ്ങളുടെ ഐക്യം അടയാളപ്പെടുത്തുന്നതെന്ന് വ്യാഖ്യാനിച്ചു-കുങ്കുമം ഹിന്ദുക്കൾക്ക്, പച്ച മുസ്ലിംകൾക്ക്, വെളുപ്പ് മറ്റെല്ലാ സമുദായങ്ങൾക്കും. ഹിന്ദു ഇതര സമുദായങ്ങളിൽ മുസ്ലിമിന്‍റെ പേരു മാത്രം പ്രത്യേകമായി എടുത്തുപറഞ്ഞു. കാരണം ഈ നേതൃമന്യന്മാരിൽ മിക്കവർക്കും മുസ്ലിംകളാണ് മുഖ്യം. അവരെ പറയാതെ നമ്മുടെ ദേശീയത്വം സമ്പൂർണമാകുമെന്ന് അവർക്കു കരുതാൻ വയ്യ! ഇതിൽ ഒരു വർഗീയച്ചൂരു മണക്കുന്നു എന്നാരോ ചൂണ്ടിക്കാണിച്ചപ്പോൾ പുതിയ വിശദീകരണം വന്നു-കുങ്കുമം ത്യാഗത്തിന്, വെളുപ്പ് വിശുദ്ധിക്ക്, പച്ച സമാധാനത്തിന് എന്നിങ്ങനെ.

ഇതെല്ലാം ആ കാലത്ത് കോൺഗ്രസ് സമിതികളിൽ ആലോചിച്ചു തീരുമാനിച്ചതാണ്. ഇതു സംശുദ്ധവും ആരോഗ്യകരവുമായ ദേശീയ കാഴ്ചപ്പാടാണെന്ന് എങ്ങനെ പറയാൻ കഴിയും? ഇത് രാഷ്ട്രീയക്കാരുടെ ഒരു ഓട്ടയടപ്പാണ്. വല്ല ദേശീയ കാഴ്ചപ്പാടോ ദേശീയചരിത്ര പാരമ്പര്യ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതോ അല്ല ഇതൊന്നും. ഇന്നിപ്പോൾ ഈ കൊടി ചെറിയ മിനുക്കുപണികളോടെ നമ്മുടെ രാഷ്ട്രപതാകയായി മാറി.

നമ്മുടേത് മഹത്തായ പാരമ്പര്യമുള്ള പുരാതനരാജ്യമാണ്. എങ്കിൽപിന്നെ നമുക്ക് സ്വന്തമായി ഒരു കൊടിയായിക്കൂടേ? ആയിരക്കണക്കിനു കൊല്ലം പിന്നിട്ടിട്ടും നമുക്ക് ഒരു സ്വന്തം ദേശീയചിഹ്നമായില്ലേ? നിസ്സംശയം, നമുക്ക് അതൊക്കെ ഉണ്ടായിരുന്നു. പിന്നെയും എന്താണ് നമ്മുടെ മനസ്സുകൾ ഇങ്ങനെ ശൂന്യമായിപ്പോകുന്നത്?'' (Bunch of Thoughts, Pages 226-227). ഗോൾവാൾക്കർ ബദലായി നിർദേശിച്ചത് കാവി ഭഗവധ്വജമാണ്.

ഒടുവിൽ രാഷ്ട്രമൊന്നാകെ ഈ കാവിക്കൊടിക്കു മുന്നിൽ വണങ്ങുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 1947 ആഗസ്റ്റ് 14 ലക്കത്തിൽ ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ തീർത്തുപറഞ്ഞു: ''വിധിവശാൽ അധികാരമേറിയ ആളുകൾ നമ്മുടെ കൈകളിൽ മൂവർണക്കൊടി തന്നേക്കാം. എന്നാൽ, അത് ഹിന്ദുക്കൾക്ക് ഒരിക്കലും അംഗീകരിക്കാനോ മാനിക്കാനോ കഴിയില്ല. മൂന്ന് എന്ന വാക്കുതന്നെ ഒരു തിന്മയാണ്.

മൂന്നു വർണത്തിലുള്ള കൊടിയാവട്ടെ വളരെ മോശം മനോഗതിയാണുണ്ടാക്കുക. അത് രാജ്യത്തിനു ഹാനികരവുമാണ്.''സ്വാതന്ത്ര്യലബ്ധിയുടെ മുക്കാൽ നൂറ്റാണ്ടാഘോഷത്തിൽ പഴയ വിരോധങ്ങളെയെല്ലാം വിരോധാഭാസങ്ങളാക്കി, കൊടിപിടിക്കാൻ അറച്ചവരെ തിരംഗച്ചമയത്തിൽ വീടും നാടും നിറക്കാനേൽപിച്ച് പോരാ പോരാ നാളിൽ നാളിൽ മുഴക്കിക്കൊണ്ട് ത്രിവർണപതാക വെന്നിക്കൊടി പാറിക്കുകയാണ്.

Tags:    
News Summary - The story of Tiranga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.