'പാലത്തായി കേസിൽ രാഷ്ട്രീയമില്ല' എന്ന തലക്കെട്ടിൽ പി. ജയരാജനു ലേഖനമെഴുതേണ്ടിവന്നതു തന്നെയാണ് ആ കേസിെൻറ രാഷ്ട്രീയ മാനം. ലേഖകൻ ഉദ്ദേശിക്കുന്നതും നാട്ടുകാരുടെ ആവലാതിയും ഒന്നാണെന്നു മനസ്സിലാക്കാൻ വരികൾക്കിടയിൽ മനഃപൂർവം ഉപേക്ഷിച്ചുപോയ വാക്കുകൾ തിരഞ്ഞെടുത്ത് കൂട്ടിവായിച്ചാൽ മതി. പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായ കേസിൽ നടപടിയുണ്ടാവാൻ നാട്ടുകാർക്ക് ആക്ഷൻ കമ്മിറ്റി ഉണ്ടാക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് ലേഖകൻ വിശദീകരിക്കുന്നില്ല.
സ്വാഭാവികമായും സംഭവിക്കേണ്ട ഒരു നടപടിക്കായി ജനങ്ങൾക്ക് സമരത്തിനിറങ്ങേണ്ടിവന്നത് ഉത്തരേന്ത്യയിലെ സംഘ്പരിവാർ ഭരണത്തിലല്ല. ലക്ഷങ്ങൾ നൽകി 'കരുതൽ' പരസ്യംകൊണ്ട് അലക്കി വെളുപ്പിക്കുന്ന പിണറായി സർക്കാറിനെതിരെയാണ്. ജയരാജൻ തന്നെ പറയുന്നു, സി.പി.എം അടക്കമുള്ള പാർട്ടികൾ അടങ്ങിയ സമരസമിതി അവിടെ നിലനിൽക്കുന്നുവെന്ന വസ്തുത.
പാലത്തായി കേസിൽ നീതി നിഷേധിക്കപ്പെട്ട ബാലികയുടേത് ഒരു രാഷ്ട്രീയപ്രശ്നമാണെന്നും ആ പ്രശ്നം സി.പി.എം-സംഘ്പരിവാർ ഒത്തുകളിയുടേതാണെന്നും മനസ്സിലാക്കാൻ കേസിെൻറ നാൾവഴികളിലൂടെ ഒന്ന് സഞ്ചരിച്ചാൽ മാത്രം മതിയാകും. ഈ പീഡനം സംബന്ധിച്ച് തലശ്ശേരി ഡിവൈ.എസ്.പിക്ക് നൽകിയ ആദ്യ പരാതി ഇപ്പോഴും കേസിെൻറ രേഖകളുടെ ഭാഗമായി വന്നിട്ടില്ല. ആ പരാതി നൽകിയത് അതിജീവിതയായ പെൺകുട്ടിയുടെ ബന്ധുവാണ്. സംഭവം നടന്ന തീയതികളോ വിശദവിവരങ്ങളോ പരാതിയിൽ ഇല്ല.
എന്നാൽ, 2020 മാർച്ച് 17ന് പാനൂർ പൊലീസ് സംഘം രേഖപ്പെടുത്തിയ മൊഴിയാണ് നിലവിൽ പ്രഥമവിവര മൊഴി. ഡിവൈ.എസ്.പിക്ക് കൊടുത്ത പരാതി കേസിെൻറ ഭാഗമായില്ലെങ്കിലും കേസ് അട്ടിമറിക്കാനുള്ള ശ്രമം പരാതി ലഭിച്ചപ്പോൾതന്നെ ആരംഭിച്ചിരുന്നു എന്നാണ് പൊലീസിെൻറ പിന്നീടുള്ള നീക്കങ്ങളിൽനിന്ന് മനസ്സിലാകുന്നത്.
അതിജീവിത സംസാരിക്കുന്ന അതേ ഭാഷയിൽ വേണം മൊഴി രേഖപ്പെടുത്താനെന്നും മൊഴി ഓഡിയോ റെക്കോഡ് ചെയ്യണം എന്നുമുള്ള പോക്സോ നിയമത്തിലെ നിഷ്കർഷകൾ ലംഘിച്ചാണ് പ്രഥമവിവരമൊഴി രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ മൊഴിയിലെ വൈരുധ്യമെന്ന് പ്രതിയും പൊലീസും സഖാക്കളും പർവതീകരിക്കുന്ന സംഭവം നടന്ന തീയതിയിലും മറ്റുമുള്ള പൊരുത്തക്കേടുകൾ പൊലീസ് പ്രതിയെ സഹായിക്കാൻ മനഃപൂർവം സൃഷ്ടിച്ചെടുത്തതാണെന്നു വേണം അനുമാനിക്കാൻ.
പി. ജയരാജൻ ലേഖനത്തിൽ സൂചിപ്പിച്ച ഈ വൈരുധ്യം ഉണ്ടാക്കിയത് പിണറായി സർക്കാറിെൻറ പൊലീസാണ്. കേസ് രജിസ്റ്റർ ചെയ്ത് ഒരുമാസം കഴിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. പാനൂർ പൊലീസ് സ്റ്റേഷനിൽനിന്ന് നാലു കിലോമീറ്റർ മാറിയുള്ള പൊയിലൂരിലെ ബി.ജെ.പി നേതാവിെൻറ വീട്ടിലായിരുന്നു അറസ്റ്റ്.
ഇന്ത്യയിലെ നിയമപ്രകാരം കുറ്റവാളികളെ ഒളിപ്പിക്കുന്നതും സംരക്ഷിക്കുന്നതും കുറ്റകരമാണ് എന്നിരിക്കെ പ്രതിയെ ഒളിപ്പിച്ച ബി.ജെ.പി നേതാക്കളെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ അറസ്റ്റ് സ്ഥലംതന്നെ മാറ്റിയാണ് പൊലീസ് രേഖയുണ്ടാക്കിയത്. ബി.ജെ.പിക്കാർക്കുവേണ്ടി ഇത്ര 'കരുതലോടെ' നടത്തിയ അറസ്റ്റിനെയാണ് ജയരാജൻ 'ബി.ജെ.പിക്കാർ ഏർപ്പെടുത്തിയ സംരക്ഷണവലയം ഭേദിച്ചുള്ള അറസ്റ്റ്' എന്ന് വിശേഷിപ്പിച്ചത്.
91ാം ദിവസം ലഭിച്ച സ്വാഭാവിക ജാമ്യത്തെയാണ് ആർ.എസ്.എസ്-സി.പി.എം അന്തർധാരയെന്ന് ആരോപിക്കുന്നതെന്നും എല്ലാ പോക്സോ കേസുകളിലും ഇത്തരം ജാമ്യം ലഭിക്കാറുണ്ടെന്നും നിഷ്കളങ്കമായാണ് ജയരാജൻ പറഞ്ഞുവെച്ചത്. എന്നാൽ, പാലത്തായി കേസ് പോലെ സമാന കേസുകളിലെല്ലാം ഭൂരിഭാഗം പ്രതികളും റിമാൻഡിൽ കഴിഞ്ഞു തന്നെയാണ് വിചാരണ നേരിട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് 83ാം ദിവസം ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതും.
എന്നാൽ, 91ാം ദിവസം വിചാരണക്കോടതിയിൽ നിന്നുതന്നെ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയായ സാഹചര്യം വളരെ ആസൂത്രിതമായി ഉണ്ടാക്കിയത് പിണറായിയുടെ പൊലീസാണ്. തൊണ്ണൂറാം ദിവസം കുറ്റപത്രം കോടതിയിൽ കൊടുത്തുവെന്നു വരുത്തി പൊതുസമൂഹത്തിെൻറ കണ്ണിൽ പൊടിയിടാൻ നിസ്സാരവകുപ്പുകൾ ചേർത്ത് കുറ്റപത്രം നൽകിയതാണ് അതിലെ ആദ്യ നടപടി.
കൂടാതെ, വിചാരണക്കോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ച് പോക്സോ വകുപ്പുകളിൽ കുറ്റപത്രം സ്വീകരിക്കുന്നത് തടയാനും അതുവഴി പ്രതിക്ക് ജാമ്യം നിഷേധിക്കുന്ന സാഹചര്യം ഇല്ലാതാക്കാനും അതിജീവിതയുടെ മെഡിക്കൽ റിപ്പോർട്ടും സഹപാഠിയുടെ നിർണായക മൊഴിയും കുറ്റപത്രം സമർപ്പിച്ചപ്പോൾ അന്വേഷണസംഘം മനഃപൂർവം ഒഴിവാക്കി.
ഈ രേഖകൾ കുറ്റപത്രത്തോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ വിചാരണക്കോടതിക്ക് പോക്സോ കേസിൽ കുറ്റപത്രം സ്വീകരിക്കാനും ഇപ്പോൾ ലഭിച്ച സ്വാഭാവിക ജാമ്യം തടയാനും കഴിയുമായിരുന്നുവെന്നാണ് നിയമവിദഗ്ധർ പറയുന്നത്. സർക്കാറും പൊലീസുംകൂടി പ്രതിക്ക് തളികയിൽ സമ്മാനിച്ച ഈ ജാമ്യത്തെയാണ് സ്വാഭാവിക ജാമ്യം എന്ന് ജയരാജൻ ലളിതവത്കരിച്ചത്.
പ്രതിക്ക് ജാമ്യം നൽകിയ വിധിക്കെതിരെ അപ്പീൽ പോകുമെന്നു പറഞ്ഞ സർക്കാർ അപ്പീൽ ഫയൽ ചെയ്തില്ല എന്നു മാത്രമല്ല, ജാമ്യം നൽകിയ വിധിക്കെതിരെ സ്വന്തംനിലയിൽ അപ്പീൽ നൽകിയ കുട്ടിയുടെ മാതാവിെൻറ ഹരജിയിൽ വാദം കേൾെക്ക അതിജീവിതയെ അപമാനിക്കുന്ന പ്രസ്താവനകൾ രേഖാമൂലം സമർപ്പിക്കുകയാണ് ചെയ്തത്. 'പെൺകുട്ടി കളവുപറയുന്ന സ്വഭാവക്കാരിയാണ്' എന്ന് അന്വേഷണസംഘം രേഖാമൂലം പ്രസ്താവിച്ചത് കൗൺസലർമാരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണെന്നാണ് ജയരാജൻ പറയുന്നത്.
എന്നാൽ, ഹൈകോടതിയിൽ ഈ റിപ്പോർട്ട് സമർപ്പിച്ച അതേ ദിവസം അന്വേഷണ സംഘത്തിലെ വനിത ഐ.പി.എസ് ഓഫിസർ അതിജീവിതയുടെ മാതാവിനും ബന്ധുവിനും കൊടുത്ത കത്തിൽ പറയുന്നത് 'അതിജീവിത അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനത്തിൽനിന്നുള്ള ആഘാതത്തിലാകാം മൊഴിയിലെ ചില വൈരുധ്യങ്ങളെന്ന് കൗൺസലർമാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്' എന്നാണ്. ഇതേ റിപ്പോർട്ട് റഫർ ചെയ്താണ് അന്വേഷണസംഘം 'കുട്ടി കളവ് പറയുന്ന സ്വഭാവക്കാരിയാണ്' എന്ന് ഹൈകോടതിയിൽ പറഞ്ഞത്.
കേസുമായി ഒരു ബന്ധവുമില്ലാത്ത മൂന്നാം കക്ഷിയോട് അതിജീവിതയെ അപമാനിക്കുന്ന രീതിയിലും ഐഡൻറിറ്റി വെളിവാക്കാനുതകുന്ന വിവരങ്ങൾ പങ്കുവെച്ചും സംസാരിച്ച അന്വേഷണ സംഘത്തലവൻ ഐ.ജി ശ്രീജിത്തിനെ കേസന്വേഷണ ചുമതലയിൽനിന്നു മാറ്റണമെന്നും അന്വേഷണം അട്ടിമറിച്ച സി.ഐ ശ്രീജിത്ത് അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈയിൽ മാതാവ് മുഖ്യമന്ത്രിക്കും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ശൈലജക്കും ക്രൈംബ്രാഞ്ച് മേധാവിക്കും അയച്ച അപേക്ഷയിൽ ഈ നിമിഷംവരെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പി. ജയരാജൻ എത്ര വെളുപ്പിച്ചാലും വെളുക്കാത്ത കറയായി കേസിൽ ഈ വസ്തുതകൾ നിലനിൽക്കുകയാണ്. പെൺകുട്ടി സ്കൂളിൽ ഹാജറില്ലാതിരുന്ന ദിവസങ്ങളിൽ ഹാജറുള്ളതായി കാണിച്ച് പ്രതിയെ സഹായിക്കാൻ ഹാജർ പട്ടികയിൽ കൃത്രിമം കാണിച്ച സ്കൂൾ അധികൃതരെ ഈ നിമിഷംവരെ പ്രതിയാക്കിയിട്ടില്ല. ജയരാജൻ ലേഖനത്തിൽ 'ഈ സാഹചര്യമുപയോഗിച്ച് പ്രതിയായ ബി.ജെ.പി നേതാവിനെ സംരക്ഷിക്കാൻ അവരും (ബി.ജെ.പി) രംഗത്തുണ്ട്' എന്ന് പറഞ്ഞുവെച്ചത് ഈ സി.പി.എം-ആർ.എസ്.എസ് കൂട്ടുകച്ചവടം വഴി പ്രതി രക്ഷപ്പെടാൻ പോകുന്നു എന്നതിെൻറ സൂചനയും മുൻകൂർ ജാമ്യവുമാണ്.
91ാം ദിവസം കൊടുത്ത കുറ്റപത്രത്തിൽ പ്രതി കുട്ടികൾക്ക് കടുത്ത ശിക്ഷകൾ കൊടുക്കുമായിരുന്നുവെന്ന തരത്തിൽ കുട്ടികളുടെ മൊഴിയും പ്രതി സി.എ.എ അനുകൂല നിലപാടെടുത്തതുകൊണ്ട് പ്രതിയോട് പലർക്കും എതിർപ്പുണ്ടായിരുന്നു എന്ന ഹെഡ്മാസ്റ്ററുടെ മൊഴിയും രേഖപ്പെടുത്തി കോടതിയിൽ സമർപ്പിച്ചത് പ്രതിയോട് കുട്ടിക്കും മറ്റ് പലർക്കും എതിർപ്പുണ്ടായിരുന്നുവെന്ന് വരുത്താനും ഇരക്ക് നീതി നിഷേധിക്കാനുമല്ലാതെ മറ്റെന്തിനാണ്? കുട്ടി പറഞ്ഞത് ശരിവെക്കുന്ന മറ്റു മൊഴികളൊക്കെ പൂർണമായും കുറ്റപത്രത്തിൽ നിന്നൊഴിവാക്കി. അന്വേഷണം തെറ്റായ ദിശയിലാണെന്നു പറഞ്ഞ് ജില്ല ഗവൺമെൻറ് പ്ലീഡർ പോക്സോ കോടതിയിൽ രേഖാമൂലം പെറ്റിഷൻ കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിക്ക് അനുകൂലമായ ജയരാജെൻറ ലേഖനം.
പോക്േസാ നിയമം വന്നശേഷം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ ജയരാജൻ വിശദീകരിക്കുന്നുണ്ട്. സി.പി.എമ്മിന് പോക്സോ കേസുകൾ ഒരു അവസരവും വരുമാനമാർഗവുമായതിനാൽ ലേഖകന് എണ്ണം തെറ്റാനിടയില്ല. അതിൽനിന്ന് രണ്ടെണ്ണമെടുത്ത് ലീഗിനെതിരെ പ്രയോഗിക്കാനും ലേഖകൻ മറന്നിട്ടില്ല. മനുഷ്യത്വരഹിതവും നീചവുമായ ചെയ്തികൾക്ക് മാനസികമായ സഹായംപോലും ലീഗിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് ആ പ്രദേശങ്ങളിൽ അന്വേഷിച്ചാൽ ബോധ്യമാവും.
എന്നാൽ ഇതിൽ സി.പി.എമ്മുകാർ എത്രയെന്നു എണ്ണിയിട്ടില്ല. സി.പി.എമ്മുകാരില്ല എന്നാണ് ജയരാജെൻറ വാദമെങ്കിൽ ആളറിയുന്ന ഒരു പാർട്ടി കൗൺസിലറുടെ പോക്സോ കേസ് പഠിച്ചാൽ മതി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കൗൺസിലർ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, പ്രതി പരസ്യമായി പൊലീസിനു മുന്നിലൂടെ വിലസിയത് നാട്ടിലെ മന്ത്രിയുടെ സഹായത്താലാണെന്നത് നാട്ടിൽ പാട്ടാണ്.
അങ്ങനെ എത്രയോ ഇരകൾ നീതി കിട്ടാതെ കണ്ണീരു കുടിക്കുന്നതിെൻറയും പ്രതികൾ രക്ഷപ്പെട്ട് വിദേശത്തും സ്വദേശത്തും വിലസുന്നതിെൻറയും പിന്നിൽ ആരുടെ സഹായ ഹസ്തങ്ങളാണെന്ന് അതത് പ്രദേശങ്ങളിൽ അന്വേഷിച്ചാൽ മനസ്സിലാവും. ഇതിനിടയിലാണ് പാലത്തായിയിലെ ജനങ്ങൾ പോർമുഖം തുറക്കുന്നത്.
ഈ ഒത്തുകളികൾകൊണ്ടൊന്നും പ്രതിയെ നിയമത്തിനു മുന്നിൽനിന്നു രക്ഷിച്ചെടുക്കാനാവില്ല. നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിൽനിന്ന് ആരൊക്കെ പാതിവഴിയിൽ പിന്മാറിയാലും നിയമത്തിെൻറ ഏതറ്റംവരെ പോകേണ്ടിവന്നാലും ഇരക്ക് അർഹതപ്പെട്ട നീതി ലഭ്യമാക്കാൻ മുസ്ലിം ലീഗ് മുന്നിലുണ്ടാകും.
ആദ്യഘട്ടത്തിൽ മാത്രമല്ല, കേസിെൻറ എല്ലാ ഘട്ടത്തിലും ഇരക്ക് നീതി ലഭിക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് മുസ്ലിം ലീഗിനുള്ളത്. ഈ കേസിൽ ബി.ജെ.പിയെ സഹായിക്കാനായി സി.പി.എം നടത്തിയ നാടകങ്ങൾ ഓരോന്നായി ചുരുളഴിയുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.