നാഗലാൻഡിലെ മോൺ ജില്ലയിൽ ഖനിത്തൊഴിലാളികളെ ഇന്ത്യൻ സുരക്ഷസേന കൊലപ്പെടുത്തിയിരിക്കുന്നു. ഭീകരർക്കെതിരായ നീക്കത്തിനിടെ ആളുമാറി നടത്തിയ ആക്രമണത്തിലാണ് കൊലപാതകങ്ങൾ സംഭവിച്ചതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദൗർഭാഗ്യകരമായ സംഭവമെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ദുഃഖം രേഖപ്പെടുത്തിയ നാഗാലാൻഡ് മുഖ്യമന്ത്രി നിയമാനുസൃതമായ നീതി ലഭ്യമാക്കുമെന്ന് ഉറപ്പു നൽകിയിരിക്കുന്നു. നിയമവ്യവസ്ഥക്കപ്പുറത്തുള്ള മനുഷ്യത്വ രഹിതമായ അറുകൊലക്ക് ശേഷം മാപ്പുപറയുന്നത് കാണുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിെൻറ അവസ്ഥയെക്കുറിച്ച് എന്താണ് മനസ്സിലാക്കേണ്ടത് നമ്മൾ?
നാഗാലാൻഡിൽ 1958 മുതൽ നിലനിൽക്കുന്നത് സായുധസേന പ്രത്യേക അധികാര നിയമ (AFSPA)മാണ്, അതിൻ പ്രകാരം സംസ്ഥാനം അപകടകരമായ ഒരു പ്രശ്നബാധിത പ്രദേശമാണ്. ഈ വർഷം ജൂണിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ നിയമത്തിന് ഡിസംബർ 31 വരെ പ്രാബല്യം നീട്ടിനൽകിയിട്ടുമുണ്ട്. ഈ നിയമം നിലനിൽക്കെ ഇന്ത്യൻ സായുധസേനക്ക് സംസ്ഥാനത്തെ സംവിധാനങ്ങളെ മറികടന്ന് ക്രമസമാധാന വിഷയങ്ങളിൽ ഇടപെടാനാകും. വാറൻറില്ലാതെ എവിടെ കടന്നുകയറിയും പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും കേവലം സംശയത്തിെൻറ പേരിൽ ബലപ്രയോഗം നടത്താനും മുതൽ കൊല ചെയ്യാൻ വരെയുള്ള അമിതാധികാരമാണ് സായുധസേന പ്രത്യേക അധികാര നിയമത്തിെൻറ മറവിൽ സൈന്യം പ്രയോഗിച്ചുവരുന്നത്.
പതിറ്റാണ്ടുകളായി ഈ നിയമത്തിെൻറ മറവിൽ വടക്കുകിഴക്കൻ ഇന്ത്യയിലെമ്പാടും ഒരു ശിക്ഷഭീതിയുമില്ലാതെ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത് കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾ മാത്രമാണ്. ഈ അവസ്ഥയെക്കുറിച്ച് സുപ്രീംകോടതി ഉയർത്തിയ ആശങ്കകൾക്ക് നൽകിയ മറുപടിയിൽ സൈനിക നീതി സംവിധാനത്തിലേക്ക് സിവിൽ കോടതികൾ കടന്നുകയറരുതെന്നാണ് സൈന്യം വാദിച്ചത്. പീഡനങ്ങൾക്കും നിയമബാഹ്യ കൊലപാതകങ്ങൾക്കും ഇരയാവുന്നവർക്കും തിരോഭവിക്കപ്പെടുന്നവർക്കും നീതി തേടുന്നതു പോലും വലിയ വെല്ലുവിളിയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ നിരീക്ഷിക്കുന്നു. ഖേദപ്രകടനത്തിെൻറയും ഉറപ്പുനൽകലിെൻറയും നാടകങ്ങൾ രാഷ്ട്രീയക്കാരുടെ വാക്കുകളായും ട്വീറ്റുകളായും നിറഞ്ഞുകവിയുമ്പോഴും യാഥാർഥ്യമെന്താവുമെന്നറിയാൻ കാത്തിരിക്കുക തന്നെ വേണം.
നാഗാലാൻഡിലിപ്പോൾ ഹോൺബിൽ ഫെസ്റ്റിവൽ (വേഴാമ്പൽ മഹോത്സവം) നടന്നുവരുകയായിരുന്നു. സംസ്ഥാന രൂപവത്കരണ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ ഒന്നു മുതൽ 10 വരെ 21 വർഷമായി നടന്നുവരുന്ന ഉത്സവമാണിത്. നാഗാ സംഗീതം, സംസ്കാരം, ഭക്ഷണം, നൃത്തങ്ങൾ, ഭാഷ ഇവയെല്ലാമായി പുറംലോകത്തിനു പരിചയിക്കാൻ ഒരുക്കുന്ന പരിപാടി. 'ഞങ്ങളുടെ ആളുകൾ കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കെ ഞങ്ങൾക്കെങ്ങനെ നൃത്തം ചവിട്ടാനാകും' എന്നു ചോദിച്ച് കൊൻയാക്, ചാങ്, സങ്താം, ഖിയാംനിയുങാൻ,യിംചുങർ,ഫോം ഗോത്രങ്ങളുടെ ഐക്യവേദിയായ ഈസ്റ്റേൺ നാഗലാൻഡ് പീപ്ൾസ് ഓർഗനൈസേഷൻ (ENPO) ഉത്സവത്തിൽ നിന്ന് പിന്മാറിയിരിക്കുന്നു.ഇപ്പോൾ കൊല നടന്ന മോൺ ജില്ലയിലെ കൊൻയാക് കലാകാരന്മാരുടെ പ്രകടനമാണ് ഉത്സവത്തിെൻറ പ്രാരംഭകാലം തൊട്ട് ഏറ്റവുമധികം ആഘോഷിക്കപ്പെട്ടതും പകർത്തപ്പെട്ടിട്ടുള്ളതും. ഇക്കുറിയും അവരുടെ നൃത്തവും പാട്ടും പറച്ചിലുമെല്ലാം സദസ്യരെ ഹഠാദാകർഷിച്ചു. സൈന്യത്തിലെ ജനറൽ കമാൻഡിങ് ഓഫിസർ ലഫ്. ജനറൽ രവിൻ ഖോസ്ലയായിരുന്നു സദസ്സിലെ വിശിഷ്ടാതിഥി. പിറ്റേ ദിവസം സായുധസേന മോൺ ജില്ലയിലെ 13 ഖനിത്തൊഴിലാളികളെ കൊന്നുതള്ളിയിരിക്കുന്നു. സൈനിക നിയമത്തിനു കീഴിൽ ഒരു നാട്ടിലെ ജീവിതം എങ്ങനെയെന്ന് കാണിച്ചു തരുന്നില്ലേ ഈ സംഭവം.
ഈ കിരാതനിയമം നിലനിൽക്കുവോളം നടുക്കം രേഖപ്പെടുത്തലും അപലപിക്കലുമെല്ലാം തീർത്തും നിരർഥകമാണ്. 21ാം വകുപ്പു പ്രകാരം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ റദ്ദു ചെയ്യുകയാണ് ഈ പട്ടാള നിയമം. മുമ്പ് നടന്ന ഒരുപാട് നിയമവിരുദ്ധ കൊലപാതകങ്ങൾ പിന്നീട് മറവിയിലേക്ക് തള്ളപ്പെട്ടിട്ടുണ്ട്. ദാരുണമായ ഈ കൂട്ടക്കൊലയുടെയും വിധി മറ്റൊന്നാവണമെന്നില്ല. ഇതേക്കുറിച്ച് ഓർമിക്കുകയും പറയുകയും ചെയ്യുന്നവരെ ശല്യക്കാരായി വിവക്ഷിക്കപ്പെടുകയും ചെയ്യും. നൂറുകണക്കിന് വെടിയുണ്ടപ്പാടുകൾ നിറഞ്ഞ മൃതദേഹങ്ങളായാണ് ഞങ്ങളുടെ പൂർവികരിൽ പലരെയും മറവുചെയ്തിരിക്കുന്നത്. ടൂറിസം ബ്രോഷറുകളെ അലങ്കരിക്കുന്ന അതി മനോഹരമായ നാഗാ ഗ്രാമങ്ങളുണ്ടല്ലോ, അവക്കും പറയാനുണ്ട് നടുക്കുന്ന, ഭയാനകമായ പട്ടാളഭീകരതയുടെ ഒരുപാട് കഥകൾ.
വേഴാമ്പൽ മഹോത്സവത്തിെൻറ ഉദ്ഘാടന ചടങ്ങിൽ നാഗാലാൻഡ് ഗവർണർ പ്രഫ. ജഗ്ദിഷ് മുഖി പറഞ്ഞത് നാഗ യുവജനങ്ങൾ തങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളണമെന്നാണ്- ഈ കിരാത പട്ടാളനിയമം റദ്ദാക്കണം എന്ന ആവശ്യമാണ് നമ്മുടെ പാരമ്പര്യം. സൈന്യം പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത മുൻഗാമികളുടെ സാക്ഷ്യങ്ങൾ നാഗാ പാരമ്പര്യത്തിെൻറ അവിഭാജ്യ ഭാഗമാണ്. ഈ ഉത്സവവും അതിനു പിന്നാലെ നടന്ന കൂട്ടക്കൊലയും ബോധ്യപ്പെടുത്തുന്നത് നമ്മളെത്ര ഗോത്രനൃത്തം ചവിട്ടിയാലും സായുധവത്കരണം എന്ന ഹീന യാഥാർഥ്യത്തിൽ നിന്ന് മോചനമുണ്ടാവില്ലന്നാണ്. ബി.ജെ.പി അംഗമാണെന്നതു പോലും ഫലമില്ലാതാവുന്ന അവസ്ഥ. പുരോഗതിയുടെയും അധികാരത്തിെൻറയും അടയാളമായി വിശേഷിപ്പിക്കപ്പെടുന്ന ബി.ജെ.പി കൊടി പോലും സംരക്ഷണവും സുരക്ഷയും നൽകുന്നതിന് കഴിവില്ലാത്തതാണെന്ന് പൊടുന്നനെ വ്യക്തമായിരിക്കുന്നു.
കൊല്ലപ്പെട്ട 13 പേർ തിറുവിലെ കൽക്കരി ഖനികളിൽ കൂലിവേല ചെയ്യുന്നവരാണ്. അസമുമായി അതിർത്തി പങ്കിടുന്ന മോൺ ജില്ലയിലെ മലമടക്കുകൾ കൽക്കരി ഖനികളാൽ സമ്പുഷ്ടമാണ്. കരി ഖനനത്തിന് ഏറ്റവും പറ്റിയ ഈ മാസങ്ങളിൽ ആയിരക്കണക്കിന് നാഗരാണ് ജീവിതവൃത്തിതേടി ഇവിടെയെത്തുന്നത്. ഒരുപാട് പ്രതിസന്ധികളും ദുരിതങ്ങളും നിറഞ്ഞ ദേശമാണിത്. 2013ൽ ഒരു ദേശീയ സർവേ മോൺ ജില്ലയെ അടയാളപ്പെടുത്തിയത് നാഗാലാൻഡിൽ ഏറ്റവുമധികം ബാലവേലയും കുട്ടിക്കടത്തും നടക്കുന്ന പ്രദേശമായാണ്. കൊഹിമയിലെയും ദിമാപുരിലെയും വീടുകളിൽ സഹായികളായി ജോലി ചെയ്യുകയാണ് ഭൂരിഭാഗം കുഞ്ഞുങ്ങളും. കേരളത്തിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം കശുവണ്ടി ഫാക്ടറികളിലും ഭക്ഷണശാലകളിലും ജോലി തേടിപ്പോവുന്നു ഒരുപാട് കോൻയാക് ചെറുപ്പക്കാർ .
ഗവേഷണ പഠനം നടത്തവേ മോൺ ജില്ലയിലെ കൽക്കരി ഖനികൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. തണുപ്പുകാലത്തും അവിടെ തൊഴിലാളികൾ വിയർപ്പിലും പൊടിയിലും കുതിർന്നു നിൽക്കുന്നുണ്ടാവും. ഡിസംബർ അവിടെ വിദൂരങ്ങളിൽ ജോലിക്ക് പോയവർ നാട്ടിലേക്ക് മടങ്ങി വരുന്ന,ആഘോഷങ്ങളുടെ കാലമാണ്. കിട്ടുന്നത് വളരെ തുച്ഛമായ വരുമാനമാണെങ്കിലും ക്രിസ്മസിന് വീട്ടുകാർക്കും പ്രിയപ്പെട്ടവർക്കും കുപ്പായങ്ങളും സമ്മാനങ്ങളും വാങ്ങാനായി ഒരുക്കം കൂട്ടുമവർ.
ഈ ഡിസംബറിൽ ഈ അറുകൊലയുടെ പശ്ചാത്തലത്തിൽ നാഗാലാൻഡിലെ ജനങ്ങൾ നീതിക്കുവേണ്ടി പൊരുതുന്ന തങ്ങളുടെ പാരമ്പര്യം തിരിച്ചറിയണം. സായുധസേന പ്രത്യേക അധികാര നിയമം നാഗാലാൻഡിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും പൂർണമായി പിൻവലിക്കപ്പെടണം. നീതിക്കുവേണ്ടി നിലവിളിച്ചു മരിച്ചു പോയ മുൻഗാമികളുടെ ശബ്ദമായി നാം മാറണം. ഭീകരതക്കും പ്രത്യാശക്കുമിടയിൽ ഇരട്ടമനുഷ്യരായി ജീവിക്കുന്നതിന് അറുതിയും വരുത്തണം.നാഗാലാൻഡിൽ നിന്നുള്ള നരവംശശാസ്ത്രജ്ഞയായ ലേഖിക മെൽബൺ സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ സയൻസസിൽ സീനിയർ ലെക്ചററാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.