ആധുനിക സമൂഹത്തിന്റെ ഭാഗമായ ആർക്കും രാഷ്ട്രീയത്തിൽനിന്ന് മുക്തരാകാൻ കഴിയില്ല. വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, പാർപ്പിടം, തൊഴിൽ, ചികിത്സ തുടങ്ങി ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ തീർപ്പുകേന്ദ്രമാണത്. ജീവജാലങ്ങളുടെ നിലനിൽപും രാഷ്ട്രീയ തീരുമാനങ്ങളിലധിഷ്ഠിതമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതരം ഭരണരീതികളാണ് നിലവിലുള്ളത്.
ഇന്ത്യയിൽ മഹത്തായ ഭരണഘടനക്കനുസൃതമായി ഭരണംനടത്തേണ്ട ജനാധിപത്യ ഭരണസംവിധാനമാണുള്ളത്. മതേതരത്വവും സ്വാതന്ത്ര്യവും സമത്വവും വിഭാവനം ചെയ്യുന്നതും ന്യൂനപക്ഷാവകാശങ്ങൾ ഉറപ്പുവരുത്തുന്നതുമായ ഭരണഘടനയെ കുറിച്ച് അഭ്യസ്തവിദ്യർ പോലും വേണ്ടരീതിയിൽ മനസ്സിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം. ചരിത്രബോധമില്ലാത്ത തലമുറയെ വർഗീയതയിലേക്ക് തള്ളിവിടാൻ എളുപ്പമാണ്. വർത്തമാന ഇന്ത്യയിൽ ഫാഷിസ്റ്റുകൾ നടപ്പാക്കുന്ന അജണ്ടകൾ പരിശോധിച്ചാൽ ഇത് ബോധ്യമാവും.
മാരിനേഴ്സ് കോമ്പസ് എന്നത് നാവികർക്ക് ദിശ കാണിച്ചുകൊടുക്കുന്ന ഉപകരണമാണ്. അതേവിധം യുവതക്ക് ചരിത്രാവബോധം നൽകാൻ സീതി സാഹിബിന്റെ നാമധേയത്തിൽ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനംചെയ്യുന്ന പാഠശാലകൾ യൂത്ത് ലീഗ് ദിനമായ ഇന്ന് (ജൂലൈ 30) ആരംഭിക്കുകയാണ്. ഭരണഘടനയും ബഹുസ്വരതയും ഫാഷിസത്തിന്റെ വിപത്തും മതനിരാസ സമൂഹത്തിനായി മാർക്സിസം നടത്തുന്ന കരുനീക്കങ്ങളും തീവ്രവാദ പ്രസ്ഥാനങ്ങൾ മാനവരാശിക്ക് വരുത്തിവെച്ച നാശങ്ങളുമെല്ലാം പാഠശാലക്കായി തയാറാക്കിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടും.
'പാഠം പഠിപ്പിച്ചിെല്ലങ്കിൽ പാടത്തേക്കില്ലെ'ന്ന അയ്യങ്കാളിയുടെ ഉജ്ജ്വല പ്രഖ്യാപനം തൊട്ട് ആധുനിക കേരളം നടന്നുനീങ്ങിയ വഴികൾ, പതിനാലു വയസ്സു വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമെന്ന ഭരണഘടന ശിൽപികളുടെ സ്വപ്നത്തിലേക്ക് നമ്മുടെ സംസ്ഥാനം നടന്നുകയറിയത്, മുന്നണി രാഷ്ട്രീയ സംവിധാനത്തിന്റെ ഗർഭഗേഹമായി കേരളം മാറിയത് എന്നിവയെല്ലാം സിലബസിന്റെ ഭാഗമാണ്. 125ാം വാർഷികത്തിന്റെ ഭാഗമായി മനോരമ പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ സാക്ഷരതപ്രസ്ഥാനം, ഗ്രന്ഥശാലപ്രസ്ഥാനം തുടങ്ങി കേരളത്തെ സ്വാധീനിച്ച പത്തു പ്രസ്ഥാനങ്ങളിലൊന്നായി മുസ്ലിം ലീഗിനെയും എണ്ണിയിരുന്നു. ലീഗിന്റെ മഹിതമായ പാരമ്പര്യവും നിയമനിർമാണ സഭകളിൽ നടത്തിയ ഉജ്ജ്വലമായ പോരാട്ടങ്ങളെ കുറിച്ചും പുതു തലമുറയിലേക്ക് പകരേണ്ടതും അനിവാര്യമാണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഭാഷകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ രൂപവത്കരണം നടന്നത്. ഭാഷകളോടുള്ള അവഗണന ലോകതലത്തിൽതന്നെ ഒട്ടേറെ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. പാകിസ്താൻ ഭരണകൂടം ബംഗാളി ഭാഷയോട് കാണിച്ച അവഗണനയെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപമാണ് ബംഗ്ലാദേശിന്റെ പിറവിക്കുപോലും കാരണമായത്. അറബി, ഉർദു, സംസ്കൃതം ഭാഷകൾക്ക് നായനാർ സർക്കാർ സ്കൂളുകളിൽ അയിത്തം കൽപിച്ച നാളുകളിൽ നടന്ന ഭാഷാസമരത്തെക്കുറിച്ചും സമരക്കാർ മുന്നോട്ടുവെച്ച മുഴുവൻ ഉപാധികളും സർക്കാറിന് അംഗീകരിക്കേണ്ടിവന്നതും ക്വാളിഫിക്കേഷൻ, ഡിക്ലറേഷൻ, അക്കമഡേഷൻ തുടങ്ങിയ കരിനിയമങ്ങൾ പിൻവലിച്ചതും മജീദ്, റഹ്മാൻ കുഞ്ഞിപ്പമാരുടെ രക്തസാക്ഷിത്വവും വായിക്കപ്പെടേണ്ടതുണ്ട്.
സർവകലാശാലകളുടെ പടിയിറങ്ങുന്നതോടെ വിദ്യാർഥിത്വം എന്നന്നേക്കുമായി അവസാനിച്ചുവെന്ന ചിന്തകളുമായി കഴിയുന്നവരുടെ മനസ്സിൽ നവീന ആശയങ്ങൾ ഉടലെടുക്കില്ല. അറിവിന്റെ കാര്യത്തിൽ എന്നും വിദ്യാർഥിയാവാനാണ് ശ്രമിക്കേണ്ടത്.
മഹാമാരിയെ തുടർന്നുണ്ടായ അടച്ചിരിപ്പുകാലം നമ്മുടെ വിദ്യാർഥിത്വത്തിൽ ഉലയൂതിയ ദിവസങ്ങളായിരുന്നു. സാങ്കേതിക വിദ്യകൾ സ്വായത്തമാക്കിയും വായന പരിപോഷിപ്പിച്ചും വിദ്യാർഥിത്വം നാം തിരിച്ചുപിടിക്കുകയായിരുന്നു. കാൽ ലക്ഷത്തോളം വിദ്യാർഥികളാണ് സീതി സാഹിബ് അക്കാദമിയ പാഠശാലയിൽ പഠിതാക്കളായിട്ടുള്ളത്. സിലബസ് അടിസ്ഥാനത്തിൽ ക്ലാസുകൾ നൽകാൻ മുന്നൂറിൽപരം ഫാക്കൽറ്റികളും മേൽനോട്ടത്തിനായി ജില്ല- മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളുടെ കീഴിൽ ഒബ്സർവർമാരും സജ്ജമാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.