photo:The quint

ഇൗ സമരം കർഷകർക്കുവേണ്ടി മാത്രമല്ല

രാജ്യത്തിെൻറ ചരിത്രത്തിലാദ്യമായി കർഷകരുടെ അനിശ്ചിതകാല ദേശീയ പ്രക്ഷോഭത്തിനു രാഷ്​ട്രതലസ്​ഥാനം സാക്ഷ്യം വഹിക്കുകയാണ്. അനുദിനം ശക്തിപ്പെട്ടുവരുന്ന കർഷകരുടെ പ്രക്ഷോഭത്തിന്​ സമസ്​ത ജനവിഭാഗങ്ങളുടെ പിന്തുണയും സഹായസഹകരണങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. കർഷക മുന്നേറ്റം തടയാനും ഭിന്നിപ്പിക്കാനും സ്വാധീനിക്കാനുമുള്ള ഭരണകൂടത്തിെൻറ പരിശ്രമങ്ങളെല്ലാം ഓരോ ദിവസവും പരാജയപ്പെടുകയാണ്.

ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്​ട്രീയ പാർട്ടിയുടെയോ രാഷ്​ട്രീയമുന്നണിയുടെയോ രാഷ്​ട്രീയപാർട്ടിയുടെ ആഭിമുഖ്യത്തിലുള്ള കർഷകസംഘടനകളുടെയോ നിയന്ത്രണത്തിലല്ല ഈ പ്രക്ഷോഭം ആരംഭിച്ചതും മുന്നോട്ടുപോകുന്നതും. അതുകൊണ്ടുതന്നെ ഏതെങ്കിലും രാഷ്​ട്രീയപാർട്ടി നേതാക്കളെ സ്വാധീനിച്ചു ഈ പ്രക്ഷോഭത്തെ പിന്നോട്ടുവലിക്കാനോ നിർത്തിവെപ്പിക്കാനോ സാധ്യമല്ല. കൃഷി ഉപജീവനമാക്കിയ കോടിക്കണക്കിനാളുകളുടെ അതിജീവനം കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത്. ഇത് ആകസ്​മികമായി ഉണ്ടായതല്ല. ഇരുപതുവർഷം മുമ്പ് തുടക്കം കുറിച്ച കർഷകമുന്നേറ്റത്തിെൻറ അന്തിമപോരാട്ടമാണ് ഡൽഹിയിൽ കാണുന്നത്. ആഗോളീകരണത്തിെൻറയും ഉദാരീകരണത്തിെൻറയും ഭാഗമായി ഒപ്പിട്ട സ്വതന്ത്രവ്യാപാര കരാറുകൾ ഓരോന്നും കാർഷിക മേഖലയിലെ ഓരോ വിഭാഗത്തിെൻറയും നട്ടെല്ലൊടിക്കുന്നതായിരുന്നു. ഇതിനെതിരായി നഗരങ്ങളിലേക്ക് ഭക്ഷ്യവസ്​തുക്കളും പാലും പച്ചക്കറികളും ഉൾപ്പെടെ വിതരണം ചെയ്യാതെ ഗാവ് ബന്ദ് (ഗ്രാമബന്ദ്) പത്ത് ദിവസം നടത്തി. ദേശവ്യാപകമായി വ്യത്യസ്​ത പ്രതിഷേധങ്ങൾ നടത്തുകയും അതൊക്കെ ജനകീയ പിന്തുണ നേടുകയും ചെയ്തു.

ഇതിനിടയിൽ മധ്യപ്രദേശിലെ ബി.ജെ.പി ഗവൺമെൻറിെൻറ പൊലീസ്​ വെടിവെപ്പിൽ അഞ്ച് കർഷകർ രക്തസാക്ഷികളായി. രാഷ്​ട്രീയ കിസാൻ മഹാസംഘിെൻറ ദേശീയ കൺവീനർ ശിവകുമാർ കക്കാജി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതിനെ തുടർന്ന് ഇന്ത്യയിലെ ബി.ജെ.പി. സർക്കാറുകൾ ഉൾപ്പെടെ പതിനൊന്ന് സംസ്​ഥാന നിയമസഭകൾ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മേഖല സമഗ്രസാമ്പത്തിക പങ്കാളിത്തകരാർ (റീജനൽ കോംപ്രഹൻസിവ്​ ഇക്കണോമിക്​ പാർട്​ണർഷിപ്​-ആർ.സി.ഇ.പി) ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. കടുത്ത സമ്മർദങ്ങളെ തുടർന്നു കേന്ദ്രസർക്കാർ ആർ.സി.ഇ.പി കരാർ ഒപ്പിടാതെ പിന്തിരിഞ്ഞതിനാൽ ഇന്ത്യയിലെ പശുവളർത്തി ഉപജീവനം നടത്തുന്ന കർഷകരും മത്സ്യ​ത്തൊഴിലാളികളും ഉൾപ്പെടെ തൽക്കാലം രക്ഷപ്പെട്ടു. സമീപകാലത്ത് ഇന്ത്യയിൽ മൂക്കറ്റം കടത്തിൽ മുങ്ങി ആത്മാഭിമാനം നഷ്​ടപ്പെട്ട് ആത്്മഹത്യ ചെയ്തവരുടെ എണ്ണം 3,08,798 ആണ് (ൈക്രം റെ​േക്കാഡ് ബ്യൂറോയുടെ കണക്ക് പ്രകാരം).

ജനാധിപത്യരാജ്യത്ത് ഭക്ഷണസാധനങ്ങൾ ഉൽപാദിപ്പിക്കുന്ന കർഷകർക്ക് മുന്തിയ പരിഗണനയും ആദരവും ലഭിക്കേണ്ടതാണ്. പകരം സ്വയം ജീവനൊടുക്കേണ്ട ഗതികേടിലാണവർ ഇന്നുള്ളത്. ഇതു തന്നെയാണ് കർഷകപ്രക്ഷോഭത്തിെൻറ അടിസ്​ഥാന കാരണം. കണക്കുകൾ അമ്പരപ്പിക്കുന്നതായതിനെ തുടർന്ന് ആത്മഹത്യ ചെയ്തവരുടെ കണക്കുകൾ മേലിൽ രേഖപ്പെടുത്തേണ്ടതില്ലെന്നു ൈക്രം റെ​േക്കാഡ്സ്​ ബ്യൂറോക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദേശവും നൽകി. ഇനിമേൽ കർഷക ആത്മഹത്യ രേഖപ്പെടുത്തുകയില്ല. അതിനാൽ കണക്കും കിട്ടില്ല.

നമ്മുടെ ഭരണഘടനയനുസരിച്ച് കൃഷി സംസ്​ഥാനസർക്കാറുകളുടെ അധികാര പരിധിയിൽ വരുന്നതാണ്. അതിന് വിരുദ്ധമായി കർഷകരോ സംഘടനകളോ ആവശ്യപ്പെടാതെ കേന്ദ്രസർക്കാർ കർഷക നിയമങ്ങൾ കൊണ്ടുവന്നത് കോർപറേറ്റ് താൽപര്യം സംരക്ഷിക്കാനാണ്. 2020 ജൂൺ നാലിന് ഓർഡിനൻസ്​ പുറപ്പെടുവിക്കുന്നതിനു മുമ്പുതന്നെ പ്രക്ഷോഭരംഗത്തുള്ള കർഷകസംഘടനകളുമായി ചർച്ചകൾ നടത്തണമെന്ന മുഖ്യമായ ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചു. രാജ്യത്തിലെ കർഷകരുടെ വികാരങ്ങളും സ്വതന്ത്ര കർഷകപ്രസ്​ഥാനങ്ങളുടെ ശക്തിയും വിശ്വാസ്യതയും കരുത്തും നേരാംവണ്ണം മനസ്സിലാക്കാൻ കേന്ദ്രസർക്കാറിനു കഴിഞ്ഞില്ല.

കർഷകതാൽപര്യം ഒട്ടും മാനിക്കാതെ പാർലമെൻറിലെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് കേന്ദ്രസർക്കാർ നാല് നിയമങ്ങൾ പാസാക്കിയതാണ് ഇപ്പോഴത്തെ കടുത്ത പ്രകോപനത്തിന് കാരണമായത്.

1955 ലെ അവശ്യസാധന നിയമപ്രകാരം ജനങ്ങളുടെ നിത്യജീവിതത്തിനു വേണ്ട 23 ഇനം ഭക്ഷ്യവസ്​തുക്കൾ സംഭരിക്കുന്നതും പൂഴ്ത്തിവെക്കുന്നതും ക്രിമിനൽകുറ്റമാണ്​. ഇതനുസരിച്ച്​ പൂഴ്ത്തിവെച്ച വസ്​തുക്കൾ പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള ജില്ല കലക്ടർമാരുടെ അധികാരം പുതിയ നിയമത്തിൽ ഭേദഗതിയിലൂടെ ഇല്ലാതാക്കി. പുതിയ അവശ്യവസ്​തു ഭേദഗതിനിയമം അനുസരിച്ച്​ ഏതു കമ്പനിക്കും എത്ര ഉൽപന്നങ്ങൾ, എത്രകാലം വേണമെങ്കിലും സംഭരിച്ചുവെക്കാൻ കമ്പനികൾക്ക്​ അധികാരം നൽകുകവഴി പൂഴ്​ത്തിവെപ്പ്​ നിയമപരമായി. കമ്പനികൾക്ക് സൗകര്യം പോലെ തോന്നിയ വിലക്ക് തോന്നിയ സമയത്ത് വിൽക്കാൻ സൗകര്യം ലഭിക്കുന്നു.

വിലയുറപ്പിനും കാർഷികസേവനത്തിനുമുള്ള കർഷക ശാക്തീകരണ സംരക്ഷണ കരാർ പേരു കൊണ്ടുള്ള ഗിമ്മിക്സ്​ മാത്രമാണ്. കർഷകന് ലഭിക്കുന്ന മിനിമം താങ്ങുവിലപോലും ഇല്ലാതാകുന്നു. സ്വകാര്യ കുത്തകകൾക്ക് അവർക്കിഷ്​ടമുള്ള വിലയ്​ക്ക് സംഭരിക്കാൻ സാധിക്കുന്നു. കർഷകൻ ഉൽപാദനച്ചെലവിലും കുറഞ്ഞ വിലയ്​ക്ക് വിൽക്കേണ്ടിവരുന്ന മധ്യപ്രദേശ്, യു.പി, ബിഹാർ, അസം തുടങ്ങിയ സംസ്​ഥാനങ്ങളിലെ സ്​ഥിതി പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർക്കുണ്ടാവുമെന്ന് അവർ വിശ്വസിക്കുന്നു.

ഉൽപാദന, വ്യാപാര, വാണിജ്യവളർച്ചയും സൗകര്യമൊരുക്കലും സംബന്ധിച്ച പുതിയ നിയമം, കോൺട്രാക്ട് ഫാമിങ്​ േപ്രാത്സാഹിപ്പിക്കുന്നതിലൂടെ കമ്പനികളുടെ അടിമകളാക്കി കർഷകരെയും കർഷക കൂട്ടായ്മകളെയും കൊണ്ടുവരാനുള്ള ആസൂത്രിതനീക്കമാണ്​. കമ്പനികളുമായി ഒപ്പിടുന്ന കരാർ ലംഘിക്കപ്പെട്ടാൽ കർഷകന് കോടതിയിൽ പോകാനുള്ള മൗലികമായ അവകാശംപോലും ഇൗ നിയമം നിഷേധിക്കുന്നു. നിലവിൽ കർഷകർക്ക് ലഭിക്കുന്ന ഇളവുകൾ ഇല്ലാതാക്കുന്നതാണ് പുതിയ വൈദ്യുതിനിയമം. എല്ലാ സംസ്​ഥാനത്തും വൈദ്യുതി കമ്പനികളുണ്ടാക്കി അവർക്കിഷ്​ടമുള്ള രീതിയിൽ ഉൗർജം വിൽക്കാനും വാങ്ങാനുമുള്ള അവസരമൊരുക്കുമ്പോൾ കർഷകന് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതി ഇളവുകൾ ഇല്ലാതാകും.

മേൽപറഞ്ഞ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് രണ്ടാഴ്ചയായി നടക്കുന്ന പ്രക്ഷോഭം. പഞ്ചാബിലെ 32 സ്വതന്ത്ര കർഷകസംഘടനകൾ ആരംഭിച്ചതും ഹരിയാനയിലെ പതിനേഴ് സംഘടനകൾ ചേർന്ന് വിപുലീകരിച്ചതുമായ സംവിധാനമാണ് പ്രക്ഷോഭത്തിെൻറ തുടക്കക്കാർ. കഴിഞ്ഞ എത്രയോ വർഷങ്ങളായി രാജ്യത്തെ സ്വതന്ത്ര കർഷക സംഘടനകളെ ഏകോപിപ്പിച്ചു മുന്നേറുന്ന രാഷ്​ട്രീയ കിസാൻ മഹാസംഘും ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റിയും ചേർന്നാണ് സംയുക്ത കിസാൻ മോർച്ച രൂപവത്​കരിച്ചത്. രാജ്യ​െത്ത മുന്നൂറോളം കർഷക സംഘടനകൾ അടങ്ങിയ മോർച്ചയാണ് ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം നയിക്കുന്നത്. ദേശീയതലത്തിൽ അറിയപ്പെടുന്ന അഞ്ച് കർഷകനേതാക്കൾ ഉൾപ്പെട്ട കോർകമ്മിറ്റിയാണ് പ്രക്ഷോഭം നിയന്ത്രിക്കുന്നതും മുന്നോട്ട് കൊണ്ടു പോകുന്നതും. മുന്നണികളിലുള്ള രാഷ്​ട്രീയപാർട്ടികളും ബഹുജനസംഘടനകളും പ്രക്ഷോഭത്തിന് പിന്തുണയും സഹായസഹകരണങ്ങളും നൽകുന്നുണ്ട്. എന്നാൽ, ഒരു രാഷ്​ട്രീയ പാർട്ടിക്കും കോർകമ്മിറ്റിയെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഇതൊരു രാഷ്​ട്രീയപാർട്ടി പ്രക്ഷോഭമായി മാറാത്തത്.

മൂന്ന് കാർഷികബില്ലുകളും ചില്ലറ വ്യാപാരമേഖലയിലെ കുത്തകകളെയും കാർഷികവിഭവങ്ങളുടെ മൊത്ത വ്യാപാരത്തിൽ ഉൗന്നിയ കുത്തകകളെയും സഹായിക്കാൻ ഉണ്ടാക്കിയതാണ്. അതുകൊണ്ടാണ്​ റിലയൻസിെൻറയും അദാനിയുടെയും ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചത്. കഴിഞ്ഞ 65 ദിവസമായി പഞ്ചാബിൽ ജനങ്ങൾ റിലയൻസ്​ സ്​റ്റോറുകളും പെേട്രാൾ പമ്പുകളും ഉപരോധിക്കുകയാണ്. ലക്ഷക്കണക്കിന് പേർ റിലയൻസിെൻറ മൊബൈലായ ജിയോ ഉപേക്ഷിച്ചിരിക്കുന്നു. അദാനി ഗ്രൂപ്പിെൻറ ഫോർച്യൂൺ ഭക്ഷ്യ എണ്ണ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ ദേശസ്​നേഹികൾ ബഹിഷ്കരിക്കുകയാണ്. സർക്കാർ മൂന്നു നിയമങ്ങളും പിൻവലിക്കാൻ തയാറില്ലാത്തതിനാൽ ദക്ഷിണേന്ത്യയിൽ സമരം ശക്തിപ്പെടുന്നു. ഇതിെൻറ ഭാഗമായി ജില്ലാതലങ്ങളിൽ തുടർച്ചയായ സമരവും റിലയൻസിെൻറയും അദാനിയുടെയും ഉൽപന്നബഹിഷ്കരണവും സ്​ഥാപന ഉപരോധവും നടത്താൻ പ്രാദേശികസമിതികൾ രൂപവത്​കരിക്കാൻ തീരുമാനിച്ചിരിക്കുന്നു.

ചില്ലറ വ്യാപാരമേഖലയുടെ കുത്തക വത്​കരണം കർഷകനെയോ വ്യാപാരിയെയോ മാത്രമല്ല, സാധാരണക്കാരെയും ഗുരുതരമായി ബാധിക്കുമെന്നതിനാൽ എല്ലാ ജനവിഭാഗങ്ങളും ഈ ബഹിഷ്കരണ സമരത്തിൽ പങ്കുചേരണം. എൻ.ഡി.എ സർക്കാർ ഉണ്ടാക്കിയെടുക്കുന്ന സാമ്പത്തിക വ്യവസ്​ഥ റിലയൻസിനും അദാനിക്കും ലാഭമുണ്ടാക്കാതെ ഒരു പൗരനും ജീവിക്കാൻ കഴിയില്ല എന്ന തരത്തിലേക്ക് പരിണമിക്കുകയാണ്. അതിനാൽതന്നെ അപകടകരമായ ഈ സാഹചര്യത്തെ ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം.

(രാഷ്​ട്രീയ കിസാൻ മഹാസംഘ് ദക്ഷിണേന്ത്യ കൺവീനറാണ്​ ലേഖകൻ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.