മുസ്ലിം ലീഗിന്‍റെ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എഫ് സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് മൂന്നു വനിതകളെ കൊണ്ടുവന്നിരിക്കുന്നു. ലീഗിലോ അതിന്‍റെ വിദ്യാര്‍ഥി, യുവജന സംഘടനകളിലോ ഇന്നോളം സംഭവിക്കാത്തതാണിത്. സ്വതന്ത്ര ഇന്ത്യയില്‍ വിജയിച്ച ന്യൂനപക്ഷ രാഷ്ട്രീയ പരീക്ഷണമായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് 75 വയസ്സ് പൂര്‍ത്തിയാക്കാന്‍ പോവുന്ന സമയം. കാലത്തിന്‍റെ ചുവരെഴുത്തു വായിക്കാന്‍ കഴിയാത്തവരും പഴഞ്ചന്മാരും പിന്തിരിപ്പന്മാരുമൊക്കെയെന്ന് സോകോള്‍ഡ് പുരോഗമനവാദികളില്‍ നിന്ന് എന്നും വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുന്ന പ്രസ്ഥാനമായ ലീഗിന്റെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളില്‍ പകുതിയിലധികവും വനിതകളാണ്. അതിന് കാരണം സംവരണമാണെന്ന് നിസ്സംശയം പറയാം. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്ക് മെമ്പര്‍ഷിപ് നല്‍കുന്നതിലും ലീഗ് ഉത്സാഹം കാട്ടിത്തുടങ്ങിയിട്ടുണ്ട്. ഫലമോ ലീഗ് അംഗങ്ങളിലും വനിതകള്‍ പ്രാമുഖ്യം നേടി.
ലീഗിന്‍റെയും പോഷക സംഘടനകളുടെയും ഭാരവാഹിത്വത്തിലും വനിതകളുണ്ടാവണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പോഷക സംഘടനകളിലൂടെ അത് പ്രാവര്‍ത്തികമാക്കി തുടങ്ങാന്‍ തീരുമാനിച്ചതുമാണ്. എന്നാല്‍ യൂത്ത് ലീഗ് കമ്മിറ്റികള്‍ പുനസ്സംഘടിപ്പിച്ചപ്പോള്‍ പതിവുപോലെ പുരുഷ ഭാരവാഹികളില്‍ ഒതുങ്ങി. 2018ല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ മൂന്ന് വനിതകളെ ഉള്‍പ്പെടുത്തിയ ചരിത്രപരമായ തീരുമാനത്തില്‍ നിന്ന് കൂടുതലൊന്നും മുന്നോട്ട്‌പോവാന്‍ കഴിയാതിരിക്കെയാണ് വിദ്യാർഥി വിഭാഗമായ മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷന്‍ എന്ന എം.എസ്.എഫ് മാതൃസംഘടനക്ക് മുമ്പേ ഗമിക്കുന്നത്.
2017 ഡിസംബറില്‍ ടി.പി. അഷ്റഫലി പ്രസിഡന്റായി എം.എസ്.എഫ് ദേശീയ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ ഫാത്തിമ തഹിലിയയെ വൈസ് പ്രസിഡന്റാക്കിയിരുന്നു. പക്ഷേ ലീഗിന്റെ മറ്റൊരു പോഷക സംഘടനയുടെയും ഭാരവാഹിത്വത്തില്‍ സ്ത്രീ പ്രാതിനിധ്യമുണ്ടായില്ല. തൊഴിലാളി വിഭാഗമായ എസ്.ടി.യുവിന്റെ ദേശീയ സഹഭാരവാഹികളില്‍ ഒരു വനിത വന്നത് മാത്രമായിരുന്നു ഇതിനൊരു അപവാദം. ഒരുവേള എം.എസ്.എഫ് പോലും സംസ്ഥാന, ജില്ല കമ്മിറ്റികളില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തിയില്ല. എങ്കിലും കാമ്പസുകള്‍ കേന്ദ്രീകരിച്ച് വിദ്യാർഥിനി വിഭാഗമായ ഹരിത നടത്തിയ പ്രവര്‍ത്തനങ്ങള്‍ എം.എസ്.എഫിന് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുകളില്‍ അടക്കം ഗുണം ചെയ്തു. കോളജ് യൂണിയനുകളെയും എം.എസ്.എഫിന്റെ കാമ്പസ് യൂനിറ്റുകളെയും നയിക്കാന്‍ പെൺകുട്ടികളെത്തി. വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് ഹരിത പ്രവര്‍ത്തകര്‍ കലാലയങ്ങളില്‍ നിറഞ്ഞു നിന്നു. എം.എസ്.എഫ് പൊതുനിരത്തുകളില്‍ നടത്തിയ സമരങ്ങളിലും സ്ത്രീശബ്ദങ്ങള്‍ ഉയര്‍ന്നുകേട്ടു.
ഇടക്ക് ഹരിതയിലുണ്ടായ വിവാദങ്ങള്‍ ആ കമ്മിറ്റിയെ പിരിച്ചുവിടുന്നതിലേക്കും തഹിലിയയെ എം.എസ്.എഫ് ദേശീയ നേതൃത്വത്തില്‍ നിന്ന് മാറ്റുന്നതിലേക്കും നയിച്ചു. ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. വനിതാ വൈസ് പ്രസിഡന്റ് എന്ന തീരുമാനം തുടര്‍ന്നുപോന്ന എം.എസ്.എഫ് ദേശീയ കമ്മിറ്റി തഹിലിയക്ക് പകരക്കാരിയായി നജ്വ ഹനീനയെ കൊണ്ടുവന്നു. ഭാരവാഹിത്വം ഇല്ലെങ്കിലും ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന നജ്മ തബ്ഷീറ ഉള്‍പ്പെടെയുള്ളവര്‍ ലീഗ് വേദികളിലെ നിറസാന്നിധ്യങ്ങളാണ്. ഭാരവാഹിത്വത്തില്‍ വനിതകളെന്ന ലീഗിലെ വിപ്ലവകരമായ തീരുമാനം ആദ്യമായി നടപ്പാക്കിയ എം.എസ്.എഫ് കുറച്ചുവൈകിയാണെങ്കിലും അത് വ്യാപകമാക്കുന്നതിലും മുന്നില്‍നിന്നു. ഒന്നര വര്‍ഷം എം.എസ്.എഫിന്റെ യൂനിറ്റ് കമ്മിറ്റികളിലൂടെയായിരുന്നു താഴെത്തട്ടിലെ തുടക്കം. അതിപ്പോൾ സംസ്ഥാന കമ്മിറ്റിയില്‍ എത്തി നില്‍ക്കുന്നു.
ഒരു വൈസ് പ്രസിഡന്റും രണ്ടു ജോയിന്റ് സെക്രട്ടറിമാരുമായി മൂന്ന് വനിതകള്‍. ഇത് മുമ്പേ തീരുമാനിച്ചതാണ്. ഹരിതയുടെ സംസ്ഥാന പ്രസിഡന്റായ പി.എച്ച്. ആയിഷ ബാനു എം.എസ്.എഫിന്റെ വൈസ് പ്രസിഡന്റായും ജനറല്‍ സെക്രട്ടറി റുമൈസ റഫീഖും മലപ്പുറം ജില്ല പ്രസിഡന്റ് കെ. തൊഹാനിയും ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വനിതാ ഭാരവാഹിത്വം നടപ്പാക്കാന്‍ മടിച്ച യൂത്ത് ലീഗും ഇനി വെറുതെയിരിക്കില്ല. യൂത്ത് ലീഗിന്റെ അടുത്ത സംസ്ഥാന നേതൃത്വത്തില്‍ വനിതകള്‍ വരും. കാലക്രമേണ ലീഗിനും ഇത് നടപ്പാക്കേണ്ടിവരും. നിയമസഭ വനിത സ്ഥാനാര്‍ഥികളുടെ ചരിത്രം ഖമറുന്നീസ അന്‍വറില്‍ത്തുടങ്ങി നൂര്‍ബിന റഷീദില്‍ അവസാനിക്കില്ലെന്നും ഉറപ്പാണ്. ലീഗിന്‍റെ നിയമസഭ സാമാജികരായും മന്ത്രിമാരായും സ്ത്രീകളുണ്ടാവും. വലിയൊരു മാറ്റത്തിനാണ് എം.എസ്.എഫ് തുടക്കമിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.