ആർക്കും പെട്ടെന്ന് പിടികൊടുക്കാത്ത രാഷ്ട്രീയ മനസ്സ്. കുത്തക അവകാശപ്പെടാനില്ലാത്ത ചരിത്രം -അതാണ് വയനാടൻ ഗാഥ. കബനിയുടെ കുഞ്ഞോളങ്ങൾ തഴുകിയെത്തുന്ന കാറ്റിലും തണുക്കാത്ത പോരാട്ടമാണ് ഇക്കുറി ഇവിടെ. ആദിവാസികൾക്കും തോട്ടം തൊഴിലാളികൾക്കും മുന്നിലൂടെ കോടമഞ്ഞ് പെയ്യുന്ന പുലർകാലം മുതൽ വോട്ടുവണ്ടികൾ കടന്നു പോകുന്നു.
വാഗ്ദാനങ്ങൾ ചുരത്തിനു മുകളിൽ പെയ്യുേമ്പാഴും കാത്തിരിക്കുന്ന വികസനം ചുരം ഇറങ്ങിപ്പോവുന്നതാണ് മുൻകാല അനുഭവങ്ങൾ. എന്നാലും വയനാടിന് പരിഭവമൊന്നും ഇല്ല. ദേശീയ രാഷ്ട്രീയത്തിലെ 'വെള്ളിനക്ഷത്രമായ' രാഹുൽ ഗാന്ധി മത്സരിച്ചതും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് ലോക്സഭയിലേക്ക് അയച്ചതും, വയനാടിനെ ദേശീയതലത്തിൽ ഒരു സംഭവമാക്കിയിട്ടുണ്ട്.
കടൽ ഇല്ലെങ്കിലും രാഹുൽ വരുേമ്പാൾ തിരമാലകൾ കണക്കെ വയനാടൻ മലമടക്കുകളിൽ ജനം ഇരമ്പും. ആവേശത്തേരിൽ രാഹുൽ വരികയും പോവുകയും ചെയ്യുന്നു. മാവോവാദികൾ വല്ലപ്പോഴും മുഖം കാണിക്കുന്ന ഭൂപ്രദേശം. അതുകൊണ്ടു തന്നെ 122 ബൂത്തുകൾ പൊലീസ് കണക്കിൽ പ്രശ്നബാധിതമാണ്. തോക്കുചൂണ്ടി നിൽക്കണമെന്ന് ചുരുക്കം.
കേരളത്തിൽ ഗോത്രസമൂഹത്തിന് സംവരണം ചെയ്ത രണ്ടു മണ്ഡലങ്ങൾ വയനാടിനു മാത്രം സ്വന്തം. സുൽത്താൻ ബത്തേരിയും മാനന്തവാടിയും. കൽപറ്റ ജനറൽ.
മൂന്നു മണ്ഡലങ്ങളിലായി 6,07,068.വോട്ടർമാർ. കഴിഞ്ഞ തവണ കൽപറ്റയും മാനന്തവാടിയും സി.പി.എമ്മിനെ നിയമസഭയിൽ എത്തിച്ചപ്പോൾ സുൽത്താൻ ബത്തേരി യു.ഡി.എഫ് നിലനിർത്തി. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇരുമുന്നണികളും മൂന്നിൽ മൂന്നും ലക്ഷ്യമിടുന്നു. എൻ.ഡി.എയും മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ തവണ എൻ.ഡി.എ സ്ഥാനാർഥിയായി സുൽത്താൻ ബത്തേരിയിൽ നിന്ന് 27,920 വോട്ടുനേടി ഗോത്രസഭ അധ്യക്ഷ സി.കെ. ജാനു ഇത്തവണയും രംഗത്തുണ്ട്.
2016ൽ മൂന്നിൽ രണ്ടും നേടിയ സി.പി.എം, ലോക്സഭയിലേക്ക് രാഹുൽ ഗാന്ധി വന്നപ്പോൾ ഇടറി വീണു. മൂന്നു മണ്ഡലങ്ങളും വൻഭൂരിപക്ഷത്തോടെ യു.ഡി.എഫിനൊപ്പം നിന്നു. തദ്ദേശത്തിൽ ഇരുമുന്നണികളും ബലാബലം നിൽക്കുന്ന കാഴ്ച. മണ്ഡലാടിസ്ഥാനത്തിൽ നോക്കിയാൽ സുൽത്താൻ ബത്തേരിയും കൽപറ്റയും യു.ഡി.എഫിനാണ് മേൽക്കൈ. മാനന്തവാടിയിൽ ഇടതുമുന്നണി.
കൽപറ്റയിൽ സി.പി.എം സീറ്റ് എൽ.ജെ.ഡിക്ക് കൊടുത്തപ്പോൾ പാർട്ടി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാർ മത്സരിക്കാനെത്തി. 2016ൽ യു.ഡി.എഫ്. മുന്നണിയിലായിരുന്നു ശ്രേയാംസ്.
കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖിനെയാണ് കൽപറ്റ പിടിക്കാൻ യു.ഡി. എഫ് രംഗത്തിറക്കിയത്. അതുകൊണ്ടു തന്നെ കേരളം ഉറ്റുനോക്കുന്ന മത്സരമായി. ടി.എം. സുബീഷാണ് ബി.ജെ.പി സ്ഥാനാർഥി. പൊടിപാറുന്ന അങ്കത്തട്ടിൽ വയനാട് മെഡിക്കൽ കോളജ് മുതൽ ദേശീയപാത, റെയിൽപാത, ബദൽ റോഡുകൾ, കാർഷിക മേഖലയിലെ പ്രതിസന്ധി, ആദിവാസികളുടെ ദുരിത ജീവിതം, രൂക്ഷമായ വന്യമൃഗശല്യം ഇങ്ങനെ ചൂടുള്ള വിഷയങ്ങളുണ്ട്. ജില്ലയിലെ മൂന്നുമണ്ഡലങ്ങളിലും അവസാന റൗണ്ടിൽ രാഹുൽ തരംഗം ഉണ്ടാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാൽ രാഹുലിെൻറ 'ശൗര്യം' പണ്ടേപോലെ ഏശില്ലെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.
സുൽത്താൻ ബത്തേരിയിൽ ഹാട്രിക് വിജയം മുന്നിൽ കണ്ട് സിറ്റിങ് എം.എൽ.എ ഐ.സി. ബാലകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാർഥി. കെ.പി.സി.സി. സെക്രട്ടറി സ്ഥാനം രാജിവെച്ച് സി.പി.എമ്മിലെത്തിയ എം.എസ്. വിശ്വനാഥനാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
അതുകൊണ്ടു തന്നെ വീറും വാശിയും ഏറെ. കുടിയേറ്റ കർഷകരും ന്യൂനപക്ഷ സമൂഹങ്ങളും ഗോത്രജനതയും വിധിയെഴുതുന്ന മണ്ഡലമാണിത്. ആദിവാസി ഭൂസമര നേതാവ് സി.കെ. ജാനു താമര ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്.
എം.എസ്. വിശ്വനാഥനെ പുറത്തെത്തിച്ച് ചിഹ്നത്തിൽ മത്സരിപ്പിച്ച എൽ.ഡി.എഫ് അടവുനയം മണ്ഡലത്തിൽ ചർച്ചയാണ്. 'ഐ. സി'യും 'എം.എസും' ഏറ്റുമുട്ടുേമ്പാൾ കാണാനും കേൾക്കാനും കൗതുകമേറെ.
മാനന്തവാടിയിൽ സിറ്റിങ് എം.എൽ.എ സി.പി.എമ്മിെൻറ ഒ.ആർ. കേളുവിനെ നേരിടുന്നത് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.കെ. ജയലക്ഷ്മി. കഴിഞ്ഞ തവണയും ഇവർ തെന്നയായിരുന്നു അങ്കത്തട്ടിൽ. അന്ന് 1307 േവാട്ടിന് തോറ്റ ജയലക്ഷ്മി ഇക്കുറി വിജയം ഉറപ്പിച്ചാണ് പ്രചാരണം നടത്തുന്നത്.
വികസനം കൊണ്ടു വന്നതും വികസന മുരടിപ്പുമാണ് പ്രധാന പ്രചാരണായുധം. ഉൾപാർട്ടി പ്രശ്നങ്ങൾ പരിഹരിച്ചത് ജയലക്ഷ്മിക്ക് അനുകൂല ഘടകമാണ്. മുകുന്ദൻ പള്ളിയറയാണ് ബി.ജെ.പി സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.