‘‘റോസാപുഷ്പമില്ലാതെ മുൾച്ചെടിമാത്രം ബാക്കിയാകുമ്പോൾ അത് വലിച്ചെറിയുകയേ നിവൃത്തിയുള്ളൂ’’ -തകരുന്ന ദാമ്പത്യബന്ധം നിലനിർത്തുന്നത് നിരർഥകമാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഒരു സുപ്രീംകോടതി വിധിയിൽ കുറിച്ചിട്ട വാചകമാണിത്. വിവാഹമോചനം എന്ന കുടുംബവ്യവസ്ഥക്ക് വിവാഹത്തിെൻറ പഴക്കമുണ്ട്. ഇണയോടൊപ്പം ഒത്തുപോകാൻ സാധിക്കുന്നില്ലെങ്കിൽ ദാമ്പത്യക്കെട്ടുപാടിൽനിന്ന് ഇരുവരും സ്വതന്ത്രമാവുക എന്നത് അധുനാധുനികമായ ജീവിതകാഴ്ചപ്പാടാണ്. പാശ്ചാത്യ സംസ്കാരത്തിെൻറ ഏറ്റവും പുരോഗമനമുഖമായി പരിഷ്കൃതസമൂഹം എടുത്തുകാട്ടാറ് വിവാഹത്തിനും വിവാഹമോചനത്തിനുമുള്ള സ്ത്രീപുരുഷ അവകാശമാണ്. ഇസ്ലാമിൽ വിവാഹം ‘ബലിഷ്ഠമായ ഒരു കരാർ’ ആണ്. പാവനമായ ഈ സിവിൽ കരാറിൽനിന്ന് പിന്മാറേണ്ടിവരുന്ന സന്ദർഭങ്ങൾ ഏതൊക്കെയാണെന്ന് മതം പഠിപ്പിക്കുന്നുണ്ട്. അതിനു അനുയോജ്യമായ മാർഗമെന്താണെന്നും വിവരിക്കുന്നുണ്ട്. ആ അധ്യാപനങ്ങൾ ഉൾക്കൊണ്ട് ദാമ്പത്യജീവിതത്തെ ക്രമീകരിക്കാത്തവരെ വേട്ടയാടിപ്പിടിക്കാൻ സെക്കുലർ ഭരണകൂടങ്ങൾ ഇറങ്ങിപ്പുറപ്പെട്ടാലുള്ള അനർഥങ്ങളെക്കുറിച്ച് കൂട്ടായി ചിന്തിക്കാൻ സമയമായിരിക്കുന്നു. വ്യാഴാഴ്ച കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് അവതരിപ്പിച്ച മുസ്ലിം വനിത (വിവാഹ അവകാശ സംരക്ഷണ) ബില്ല് കാര്യമായ ഒരു ഭേദഗതിയും കൂടാതെ ലോക്സഭ പാസാക്കിയിരിക്കുന്നു. ഹിന്ദുകോഡ് ബിൽ പാസാക്കാൻ വർഷങ്ങൾ എടുത്ത ഒരു രാജ്യത്തിന് വന്ന മാറ്റം വിസ്മയാവഹം തന്നെ. ബില്ലിെൻറ ഉദ്ദേശ്യങ്ങളിൽ പറയുന്നത്, മൂന്ന് മൊഴിയും ഒന്നിച്ച് ചൊല്ലി മുസ്ലിം സ്ത്രീകളെ വിവാഹമോചനം നടത്തുന്ന ഏർപ്പാട് സുപ്രീംകോടതി കഴിഞ്ഞ ആഗസ്റ്റിൽ റദ്ദാക്കിയിട്ടും ആ സമ്പ്രദായം തടയുന്നതിൽ പരാജയപ്പെട്ട സ്ഥിതിക്ക് കോടതിയുടെ കൽപന നടപ്പാക്കുന്നതിന് ഭരണകൂടത്തിന് ഇടപെടേണ്ടിവന്നിരിക്കുന്നു എന്നാണ്. കോടതിവിധിക്ക് ശേഷവും യു.പി, ബിഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് നൂറോളം മുത്തലാഖ് കേസുകൾ ഉണ്ടായി എന്നാണ് ബി.ജെ.പി സർക്കാറിെൻറ ന്യായീകരണം. ഇത്തരമൊരു കണക്കിെൻറ ആധികാരികത ചോദ്യം ചെയ്യാനോ നിയമനിർമാണത്തിെൻറ പിന്നിലെ ഗൂഢോദ്ദേശ്യങ്ങൾ തുറന്നുകാട്ടാനോ സെക്കുലർ പാർട്ടികൾപോലും പരാജയപ്പെട്ടു എന്നതാണ് സത്യം
മുസ്ലിം സ്ത്രീകളുടെ സംരക്ഷണത്തിെൻറ പേരിലുള്ള പുതിയ നിയമനിർമാണം ആർ.എസ്.എസിെൻറ ചിരകാല അജണ്ടയുടെ സഫലീകരണമാണ്. മുസ്ലിംകളുടെ ആചാരാനുഷ്ഠാനങ്ങളെ നിന്ദിക്കാനും അടിസ്ഥാനരഹിതമായ വിദ്വേഷപ്രചാരണങ്ങൾക്ക് ന്യായീകരണം കണ്ടെത്താനും സുപ്രീംകോടതി വിധിയെ ഹിന്ദുത്വ സർക്കാർ ദുരുപയോഗം ചെയ്തതിെൻറ പരിണതിയാണ് പുതിയ നിയമം. സുപ്രീംകോടതിയുടെ മുത്തലാഖ് വിധിയിൽ ഇങ്ങനെയൊരു നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നല്ല, വ്യക്തിനിയമം ഭരണഘടനയുടെ 25ാം അനുച്ഛേദം പ്രദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിെൻറ അവിഭാജ്യഘടകമാണെന്നാണ് ഭൂരിപക്ഷവിധിയിൽ ഓർമപ്പെടുത്തുന്നത്. വിവാഹമോചന കാര്യത്തിൽ ഇസ്ലാം മുന്നോട്ടുവെക്കുന്ന രീതി അവലംബിക്കാനാണ് ജസ്റ്റിസ് കുര്യൻ ജോസഫ് പ്രത്യേകം ഓർമപ്പെടുത്തിയത്. ഈ വിഷയത്തിൽ അഞ്ചംഗ ഭരണഘടന ബെഞ്ചിെൻറ വിധി രാജ്യത്തിെൻറ മുന്നിലിരിക്കെ പുതുതായി ഒരു നിയമനിർമാണത്തിെൻറ ആവശ്യമില്ലെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട്. മൂന്ന് ത്വലാഖ് ഒന്നിച്ചുചൊല്ലുന്ന രീതി റദ്ദാക്കിയ സുപ്രീംകോടതി വിധി ഭരണഘടനയുടെ 141ാം അനുച്ഛേദപ്രകാരം രാജ്യത്തെ നിയമമായി മാറിയിരിക്കയാണ്. ഇനി ആര് മുത്തലാഖ് ചൊല്ലിയാലും വിവാഹം വേർപെടില്ല എന്നിരിക്കെ ഹിന്ദുത്വവാദികൾ ഒരുനിയമനിർമാണവുമായി വന്ന് മുസ്ലിം സ്ത്രീകളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല. കാരണം, സംഘ്പരിവാർ ശക്തികൾക്ക് ഒരിക്കലും ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാവാൻ സാധിക്കില്ല. അവർ വെള്ളം ചേർക്കാത്ത ന്യൂനപക്ഷവിരുദ്ധരാണ് എന്നതുതന്നെ കാരണം. ഹിന്ദുത്വ സർക്കാറുകൾ ഏറ്റവും കൂടുതൽ വേട്ടയാടുന്നതും പീഡിപ്പിക്കുന്നതും ജീവിതം നരകതുല്യമാക്കുന്നതും ഈ വിഭാഗത്തിേൻറതാണ്. ഗോരക്ഷയുടെ പേരിൽ ഇതിനകം ഇവർ കൊന്നുതള്ളിയ മുഴുവൻ ഹതഭാഗ്യരുടെയും ഭാര്യമാരും പെൺകുട്ടികളും സഹോദരന്മാരും ഇന്ന് അനാഥരാണ്. നരേന്ദ്ര മോദി സർക്കാറിെൻറ പുതിയ നിയമം മുസ്ലിം സ്ത്രീകളുടെ അന്തസ്സ് ഉയർത്തുമെന്നും ലിംഗസമത്വം ഉയർത്തിപ്പിടിക്കുമെന്നുമൊക്കെയുള്ള അവകാശവാദം ഹിന്ദുത്വ അജണ്ടക്ക് സ്വീകാര്യത നേടിയെടുക്കാനും ഇത്തരം വിഷയങ്ങളിൽ ഉറച്ചൊരു നിലപാടില്ലത്ത കോൺഗ്രസിനെപ്പോലുള്ള പാർട്ടികളെ വരുതിയിൽനിർത്താനുമുള്ള വാചാടോപങ്ങളിൽ കവിഞ്ഞൊന്നുമല്ല. ആ തന്ത്രം വിജയിച്ചപ്പോൾ രാഷ്ട്രീയം മറന്ന് കോൺഗ്രസ് മോദിസർക്കാറിനെ പിന്തുണച്ചു. ബാക്കിയെല്ലാം നാടകം മാത്രം. 1986ലെ മുസ്ലിം വനിത നിയമം മാസങ്ങളോളം പാർലമെൻറിനകത്തും പുറത്തും ചർച്ചചെയ്താണ് പാർലമെൻറ് അംഗീകരിച്ചത് എന്ന ചരിത്രവും കോൺഗ്രസ് മനഃപൂർവം മറന്നു.
നിലപാട് വ്യക്തമാകും മുമ്പ് നിയമനിർമാണം
പാർലമെൻറിനകത്തും പുറത്തും മോദിസർക്കാറും ബി.ജെ.പിയും നൽകിയ സർവവിധ ഉറപ്പും ലംഘിച്ചാണ് പുതിയ നിയമം രായ്ക്കുരാമാനം ചുട്ടെടുത്തിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമേ ബിൽ അംഗീകാരത്തിനു വിടുകയുള്ളൂവെന്ന നിലപാട് സ്വയം മറന്നു. യോഗി ആദിത്യനാഥ് നേതൃത്വം കൊടുക്കുന്ന യു.പി സർക്കാർ മാത്രമാണ് ബില്ലിന് ഒറ്റശ്വാസത്തിൽ അംഗീകാരം നൽകിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നിലപാട് എടുക്കാനിരിക്കുന്നേയുള്ളൂ. മുത്തലാഖ് അടക്കമുള്ള വിഷയങ്ങൾ പരമോന്നത നീതിപീഠത്തി െൻറ മുന്നിൽ വന്നപ്പോഴെല്ലാം സമുദായത്തിനകത്തുനിന്ന് ഈ ദിശയിൽ ക്രിയാത്മക നീക്കം ഉണ്ടാവട്ടെ എന്നാണ് ഉണർത്തിയത്. ബന്ധപ്പെട്ട കക്ഷികളുമായി ആലോചിച്ച് നിയമനിർമാണം നടത്തട്ടെയെന്നാണ് ജസ്റ്റിസ് ഖെഹാറും അബ്ദുൽ നസീറും മുത്തലാഖ് വിധിയിലും ഉണർത്തിയത്. എന്നാൽ, ഭൂരിപക്ഷവിധിയിൽ പുതിയ നിയമനിർമാണത്തെക്കുറിച്ച് പറയുന്നില്ല. മറിച്ച്, ഇസ്ലാം നിഷ്കർഷിക്കുന്ന വിവാഹമോചന രീതിയിലേക്ക് തിരിച്ചുപോകാനാണ് ആഹ്വാനം ചെയ്യുന്നത്. വിവാഹമോചനത്തിനു മുത്തലാഖ് രീതി ഒഴിവാക്കി ശരീഅത്ത് അനുശാസിക്കുന്ന നടപടിക്രമങ്ങൾ പ്രയോഗവത്കരിക്കാൻ തീരുമാനിച്ചതായി അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നതാണ്. മുസ്ലിം സമൂഹമാണ് ഈ വിഷയത്തിൽ മുൻകൈ എടുക്കേണ്ടതെന്നും നിലവിലെ രീതിമാറ്റാൻ അവരാണ് ആവശ്യമായ പരിഷ്കാരം കൊണ്ടുവരേണ്ടതെന്നും ഇക്കഴിഞ്ഞ മേയ് 20ന് ബി.ജെ.പി നേതാവായിരുന്ന, ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടതാണ്. പക്ഷേ, ന്യൂനപക്ഷങ്ങളുടെ അപേക്ഷയോ മതേതരചേരിയുടെ മുന്നറിയിപ്പോ ഒന്നും ചെവിക്കൊള്ളാതെ യോഗി ആദിത്യനാഥിെൻറയും വി.എച്ച്.പി അന്താരാഷ്ട്ര വർക്കിങ് പ്രസിഡൻറ് പ്രവീൺ തൊഗാഡിയയുടെയും ദുശ്ശാഠ്യമാണ് നിയമമായി പുറത്തുവന്നിരിക്കുന്നത്; ആർ.എസ്.എസിെൻറ കൃപാശിസ്സുകളോടെ.
മുത്തലാഖ് ജാമ്യമില്ലാത്ത, വാറൻറ് ആവശ്യമില്ലാത്ത (non cognizable) ക്രിമിനൽ കുറ്റമായി നിയമം പ്രഖ്യാപിക്കുന്നതോടെ വിവാഹമെന്ന സാമൂഹിക സ്ഥാപനത്തിലേക്ക് ഒരു കൊടുങ്കുറ്റവാളി കടന്നുവരുകയാണ്. മൂന്നുവർഷം വരെ തടവും പിഴയും ശിക്ഷ വിധിക്കാൻ കോടതിക്കു അധികാരം നൽകുന്ന ഈ നിയമത്തിെൻറ പ്രത്യാഘാതം ഗുരുതരമായിരിക്കും. തകർന്ന ദാമ്പത്യത്തിൽ പകയും വൈരവും നിലനിൽക്കുമ്പോൾ പുരുഷനെ ജയിലിലടക്കാൻ സ്ത്രീയുടെ ഭാഗത്തുനിന്നോ, അവളുടെ കുടുംബത്തിെൻറ ഭാഗത്തുനിന്നോ ഉണ്ടാവുന്ന ഏത് നീക്കവും സാമൂഹിക അലോസരപ്പാടുകളിലേക്കായിരിക്കും നയിക്കുക. വേറിട്ട് നിൽക്കുന്ന സമയത്ത് ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്താൽ ഇന്ത്യൻ ശിക്ഷ നിയമം 376ബി അനുസരിച്ച് ഭാര്യ പരാതിപ്പെട്ടാലേ കേസെടുക്കുകയുള്ളൂ. രണ്ടാം വിവാഹം ശിക്ഷാർഹമായി കാണുന്ന ഐ.പി.സി 494 അനുസരിച്ച് പൊലീസ് കേസെടുക്കണമെങ്കിൽ ആദ്യ ഭാര്യയോ ബന്ധുക്കളോ പൊലീസിൽ പരാതിപ്പെടണം. എന്നാൽ, മോദിയുടെ പുതിയ നിയമം അനുസരിച്ച് മുസ്ലിം ഭർത്താവിെൻറ കാര്യത്തിൽ അതിെൻറ ആവശ്യമില്ല. വാറൻറ് ഇല്ലാതെതന്നെ മുത്തലാഖിെൻറ പേരിൽ മുസ്ലിം പുരുഷനെ പിടിച്ചുകൊണ്ടുപോയി ജയിലിലിടാം. നമ്മുടെ നാടുകളിൽ അരങ്ങുവാഴുന്ന ബി.ജെ.പിക്കാർ എവിടെയെങ്കിലും ഏതെങ്കിലും മുസ്ലിം യുവാവോ വൃദ്ധനോ ത്വലാഖ് ചൊല്ലുന്നുണ്ടോ എന്ന് അന്വേഷിച്ചു നടക്കുന്ന കാലമാണ് വന്നെത്തിയിരിക്കുന്നത്. ഭീകരവാദത്തിെൻറയും ലവ് ജിഹാദിെൻറയും പേരിൽ എൻ.ഐ.എ ന്യൂനപക്ഷ സമൂഹത്തിൽപ്പെട്ട ചെറുപ്പക്കാരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ കെട്ടകാലത്ത് രാജ്യമാസകലം സംഭവിക്കാൻ പോകുന്നത് എന്താണെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
ആയിരം വർഷങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു നിയമവ്യവസ്ഥ എത്ര ലാഘവത്തോടെയാണ് അധികാരത്തിെൻറ ഹുങ്കിൽ അട്ടിമറിക്കപ്പെട്ടത്? ഇത് ഒരു മുന്നറിയിപ്പാണ്. ഏകീകൃത സിവിൽ കോഡ് അടക്കം ആർ.എസ്.എസിെൻറ അജണ്ട തങ്ങൾ നടപ്പാക്കുകതന്നെ ചെയ്യുമെന്ന് മോദി സർക്കാർ പരോക്ഷമായി പ്രഖ്യാപിച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.