ഇസ്​ലാമിക ചിന്തയുടെ കരുത്തുറ്റ പ്രതിനിധാനം

അര നൂറ്റാണ്ടിലേറെ നീണ്ട ആത്മബന്ധമാണ് ടി.കെ. അബ്​ദുല്ല സാഹിബുമായുള്ളത്. ഇസ്​ലാമിക് പബ്ലിഷിങ്​ ഹൗസ് ഡയറക്​ടറായി ചുമതലയേൽക്കുമ്പോൾ അദ്ദേഹമായിരുന്നു ജമാഅത്തെ ഇസ്​ലാമി കേരള അമീർ. കോഴിക്കോട്​ വെള്ളിമാട് കുന്നിൽ ഒരേ സ്ഥലത്താണ് ഞങ്ങൾ താമസിച്ചിരുന്നത്. വിവിധ മേഖലകളിൽ മാർഗദർശനം നൽകിയ അനൗപചാരിക അധ്യാപകനാണ് അദ്ദേഹം. നീണ്ട മുപ്പത്തിയെട്ട് വർഷം അദ്ദേഹത്തോടൊന്നിച്ച് ജമാഅത്തെ ഇസ്​ലാമി സംസ്ഥാന കൂടിയാലോചന സമിതിയിൽ അംഗമായി. ദീർഘമായ ഈ കാലയളവിൽ നിരവധി വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ പല തവണ ശക്തമായി വിയോജിക്കേണ്ടി വന്നിട്ടുണ്ട്. അതൊന്നും അസാമാന്യമായ ആത്മബന്ധത്തിന് അൽപം പോലും പോറലേൽപിച്ചില്ല, അതിനെ അങ്ങേയറ്റം സുദൃഢവും സ്നേഹോഷ്മളവുമാക്കുകയാണുണ്ടായത്.

വർഷങ്ങളോളം ഒരുമിച്ച് ജീവിക്കുവാനും നൂറുകണക്കിന് പ്രഭാഷണ വേദികളിൽ പങ്കാളികളാകാനും സാധിച്ചത് ജീവിതത്തിലെ അതിസൗഭാഗ്യങ്ങളിലൊന്നാണ്​. തൽഫലമായുണ്ടായ ചിന്താപരമായ ഐക്യവും ആശയപരമായ ഏകീഭാവവും കാരണം അദ്ദേഹം നടത്തിക്കൊണ്ടിരുന്ന പ്രസംഗം ശബ്​ദ തടസ്സം കാരണമായി ഇടയ്ക്ക് നിർത്തേണ്ടിവന്നപ്പോൾ അത് പൂർത്തീകരിക്കാൻ എന്നോട് ആവശ്യപ്പെടാൻ അദ്ദേഹത്തിന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല. 1984ൽ ശാന്തപുരത്ത് നടന്ന ഇസ്​ലാമിയ കോളജ്​ സിൽവർ ജൂബിലി സമ്മേളനത്തിലെ സെമിനാറിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു അത്​. അദ്ദേഹം നിർത്തിയിടത്തുനിന്ന് ആരംഭിച്ച് അരമണിക്കൂറെടുത്ത് വിഷയം പൂർത്തീകരിച്ചു. ഇത് സാധ്യമാകും വിധം വീക്ഷണപരമായ ഏകീഭാവമുണ്ടാകാൻ ഞങ്ങൾക്കിടയിലെ നിരന്തര സമ്പർക്കവും സംസാരവും ചർച്ചകളും അവയിലൂടെയുള്ള ആശയവിനിമയവും സഹായകമായിരുന്നു.

ജമാഅത്തെ ഇസ്​ലാമി കേരള ഘടകം കെട്ടിപ്പടുത്ത ഹാജി വി.പി. മുഹമ്മദലിയുടെ കാലം തൊട്ട് കർമരംഗത്ത് നിറഞ്ഞുനിന്ന നേതാവാണ് ടി.കെ.അബ്​ദുല്ല സാഹിബ്. തുടർന്ന് ഏഴര പതിറ്റാണ്ട് പ്രസ്ഥാനത്തി​ന്‍റെ മുന്നോട്ടുള്ള പ്രയാണത്തിൽ അദ്ദഹം നിർണായക പങ്കുവഹിച്ചു. അതി​ന്‍റെ ഓരോ തുടിപ്പിലും മിടിപ്പിലും അദ്ദേഹത്തി​െൻറ ഹൃദയമിടിപ്പുകൾ അലിഞ്ഞുചേർന്നിട്ടുണ്ട്. ഉണർന്നിരിക്കുമ്പോഴെല്ലാം അദ്ദേഹം ചിന്തിച്ചുകൊണ്ടിരുന്നത് ഇസ്​ലാമിനെയും ഇസ്​ലാമിക പ്രസ്ഥാനത്തെയും സംബന്ധിച്ചായിരുന്നു. പ്രതിഭാധനനായ പണ്ഡിതൻ, പ്രത്യുൽപന്നമതിയായ പരിഷ്​കർത്താവ്, ക്രാന്തദർശിയായ വിദ്യാഭ്യാസ പ്രവർത്തകൻ, ഉജ്ജ്വല പ്രഭാഷകൻ, ഗവേഷണ തൽപരനായ എഴുത്തുകാരൻ, സൂക്ഷ്​മദൃക്കായ പത്രാധിപർ, ധിഷണാശാലിയായ നേതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ടി.കെ.അബ്​ദുല്ല സാഹിബ് ജമാഅത്തെ ഇസ്​ലാമി കേന്ദ്ര കൂടിയാലോചന സമിതിയംഗം, കേന്ദ്ര പ്രതിനിധി സഭാംഗം, കേരള അമീർ എന്നീ പദവികളെല്ലാം വഹിച്ചിട്ടുണ്ട്. രണ്ടുഘട്ടങ്ങളിലായി ഒമ്പതു വർഷം അദ്ദേഹം ജമാഅത്തെ ഇസ്​ലാമി കേരള ഘടകത്തിന് നേതൃത്വം നൽകി.

1950ൽ 21ാം വയസ്സിൽ 'പ്രബോധന'ത്തിൽ ചേർന്ന അദ്ദേഹം 1995 വരെ 45 കൊല്ലം അതേ സ്ഥാപനത്തിൽ സേവനമനുഷ്​ഠിച്ചു. 1964ൽ പ്രബോധനം വാരിക ആരംഭിച്ചതുമുതൽ 31 വർഷം ചീഫ് എഡിറ്ററായിരുന്നു. പിന്നീട് ബോധനം ത്രൈമാസികയുടെ ചീഫ് എഡിറ്ററായി. ജമാഅത്തെ ഇസ്​ലാമിയുടെ നയനിലപാടുകൾ രൂപവത്​കരിക്കുന്നതിൽ ആറു പതിറ്റാണ്ടിലേറെ കാലം അദ്ദഹം നേതൃപരമായ പങ്കുവഹിച്ചു. പ്രസ്ഥാനത്തി​െൻറ പല പ്രധാന കാൽവെപ്പുകളിലും അദ്ദേഹത്തി​െൻറ ചിന്തയും പഠനവും അനൽപമായ പങ്കുവഹിച്ചു. അത്യസാധാരണമായ സൂക്ഷ്മതയും ശ്രദ്ധയും കൂർമബുദ്ധിയും കൈമുതലായി ഉണ്ടായിരുന്നതിനാൽ തനിക്കും സംഘത്തിനും നേരിയ വ്യതിചലനം പോലും സംഭവിക്കാൻ സമ്മതിച്ചിരുന്നില്ല.

ചെറുപ്രായം മുതൽ 94ാംമത്തെ വയസ്സിൽ അന്ത്യശ്വാസം വലിക്കുന്നതുവരെ വായനയും പഠനവും അന്വേഷണവും ചിന്തയും അവിരാമം തുടർന്നു. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാം അറിയാൻ എന്നും അതിയായ താൽപര്യം കാണിച്ചു. സാമാന്യ അറിവോ പൊതു ധാരണയോ ഒരിക്കലും അദ്ദേഹത്തെ തൃപ്തിപ്പെടുത്തുമായിരുന്നില്ല. അതിസൂക്ഷ്മമായി അറിയുന്നതുവരെ അന്വേഷണം തുടരുമായിരുന്നു. പുതിയ തലമുറയിലെ ഏറെ സമർഥരായ വ്യക്തികളുമായി ഉറ്റ സമ്പർക്കം പുലർത്തിയും ആശയ വിനിമയം നടത്തിയും അവരുടെ വികാരവിചാരങ്ങളും വീക്ഷണങ്ങളും നന്നായി മനസ്സിലാക്കിയിരുന്നു.

Tags:    
News Summary - tk abdullah: A strong representation of Islamic thought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.