മൂന്ന് ദശലക്ഷം ജീവനുകൾ സമർപ്പിച്ച് ഒമ്പതു മാസം നീണ്ട സായുധ സ്വാതന്ത്ര്യപ്പോരാട്ടത്തിനൊടുവിലാണ് 1971ൽ ബംഗ്ലാദേശിന് സ്വാതന്ത്ര്യം സാധ്യമായത്. ബംഗബന്ധു ശൈഖ് മുജീബുറഹ്മാെൻറ ശക്തമായ നേതൃത്വത്തിൽ തുടക്കമിട്ട രാജ്യം ഇന്ന് വികസനരംഗത്ത് പുതിയ മാതൃകയായി മാറുകയാണ്.
യുദ്ധംകൊണ്ട് തകർന്നടിഞ്ഞ രാഷ്ട്രത്തെ എങ്ങനെ പുനർനിർമിച്ചെടുക്കണമെന്നത് സംബന്ധിച്ച് ബംഗബന്ധുവിന് കൃത്യമായ സ്വപ്നങ്ങളുണ്ടായിരുന്നു. പക്ഷേ, അവ സഫലമാക്കാൻ ചിലർ അനുവദിച്ചില്ല. ഇപ്പോൾ പുത്രി ശൈഖ് ഹസീന അദ്ദേഹത്തിെൻറ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു വരുന്നു.
50 വർഷത്തിനിടെ ബംഗ്ലാദേശ് ബഹുമുഖമായ വികസനങ്ങൾ കൈവരിച്ചിരിക്കുന്നു. ശാന്തമായ രാജ്യങ്ങളിലൊന്നായി ബംഗ്ലാദേശ് ഉയർന്നുവരുന്നു, മറ്റു രാജ്യങ്ങളും ഈ പാത പിന്തുടരാനും തുടങ്ങിയിരിക്കുന്നു.
1975ൽ ബംഗബന്ധുവിനെ കൊലപ്പെടുത്തിയ ദേശദ്രോഹികളുടെ വിചാരണ പൂർത്തിയായിരിക്കുന്നു-കഴിഞ്ഞ അര നൂറ്റാണ്ടിലെ ഏറ്റവും വലിയ നേട്ടവും അതുതന്നെ. യുദ്ധക്കുറ്റങ്ങളുടെ വിചാരണയാണ് അടുത്ത നേട്ടം. വികസനം എത്തിനോക്കാത്ത രാജ്യം എന്ന അവസ്ഥയിൽനിന്ന് വികസ്വര രാജ്യം എന്ന ഘട്ടത്തിലേക്ക് മാറിയതാണ് അടുത്ത നേട്ടം.
ശക്തമായ സമ്പദ്വ്യവസ്ഥയുള്ള രാഷ്ട്രമായും ഞങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. നിലവിലെ സാമ്പത്തിക വളർച്ച തുടരാൻ കഴിഞ്ഞാൽ 2035 ആകുേമ്പാഴേക്ക് ലോക സമ്പദ്വ്യവസ്ഥയിൽ 25ാം സ്ഥാനം സ്വന്തമാക്കാൻ രാജ്യത്തിന് സാധിക്കും. വളർച്ചയുടെയും ദാരിദ്ര്യനിർമാർജനത്തിെൻറയും കാര്യത്തിൽ നാഴികക്കല്ലുകൾ താണ്ടിയിരിക്കുന്നു.
സ്ത്രീകളുടെ സാമ്പത്തികശാക്തീകരണത്തിലും മാതൃകകൾ സൃഷ്ടിച്ചിരിക്കുന്നു. തൊണ്ണൂറുകളിൽ രാജ്യത്തെ 57 ശതമാനം ആളുകൾ ദാരിദ്ര്യരേഖക്ക് താഴെയായിരുന്നു. ഇന്നത് ദരിദ്രജനത 20.5 ശതമാനമായി കുറഞ്ഞു. 10 ശതമാനം പേരാണ് അതിദാരിദ്ര്യം അനുഭവിക്കുന്നത്.
വളർച്ച, പ്രതിശീർഷ വരുമാനം, കയറ്റുമതി വരുമാനം, വിദേശനാണയ ശേഖരം തുടങ്ങിയ വികസനതോതുകളിലെല്ലാം നേട്ടങ്ങളുണ്ട് രാജ്യത്തിന്. ബംഗ്ലാ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് സർവേയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം ജി.ഡി.പി 5.24 ശതമാനം വളർച്ച കൈവരിച്ചു. പ്രതിശീർഷ വരുമാനം 2064 ഡോളറായി ഉയർന്നു. വികസ്വരരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നുണ്ട് വിദേശത്തുനിന്നുള്ള പണമയപ്പ്. 2020ൽ 1988കോടി ഡോളറായിരുന്നു അങ്ങനെയെത്തിയ തുക. കഴിഞ്ഞ വർഷം ജനുവരിയിൽ എത്തിയ വിദേശസമ്പാദ്യത്തിെൻറ 20 ശതമാനം അധികമാണ് ഇക്കുറി എത്തിച്ചേർന്നത്.
പശ്ചാത്തല വികസനത്തിലും വലിയ വിപ്ലവംതന്നെയാണ് നടക്കുന്നത്. ബംഗബന്ധു പാലം, രാംപാൽ ഊർജനിലയം, മാതാബരി തുറമുഖം, ധാക്ക മെട്രോ റെയിൽ തുടങ്ങി നിരവധി പദ്ധതികൾ, പല പദ്ധതികളും പണിപ്പുരയിലും. മെട്രോയുടെയും എക്സ്പ്രസ് ഹൈവേയുടെയും പണി പൂർത്തിയാവുന്നതോടെ ധാക്ക നഗരത്തിലെ ഗതാഗതക്കുരുക്ക് ദിവസേന കവർന്നെടുക്കുന്ന പ്രവൃത്തി സമയം വീണ്ടെുക്കാനാവും.
ഐ.ടി രംഗത്തും ഡിജിറ്റൽ മേഖലയിലും ചുവടുറപ്പിച്ചു കഴിഞ്ഞു രാജ്യം. ഇ-ബാങ്കിങ്, ഇ-കോമേഴ്സ്, ഇ-വോട്ടിങ് എന്നിവയെല്ലാം സാർവത്രികമാവുന്നു. വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി പാഠപുസ്തകം നൽകാനും സ്റ്റൈപൻഡ് നൽകാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശസാത്കരിക്കാനും ദുർബലവിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായമൊരുക്കാനുമെല്ലാം പദ്ധതികളുണ്ട്.
ആരോഗ്യമേഖലയിലും എടുത്തുപറയേണ്ട നേട്ടങ്ങളുണ്ടായി. ഉൾനാടൻ പ്രദേശങ്ങളിലുൾപ്പെടെ നിലവാരമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ ഉയരുന്നു. മാതൃ-ശിശു മരണനിരക്ക് ഗണ്യമായി കുറഞ്ഞു. 1990ൽ 149 ആയിരുന്ന ശിശുമരണ നിരക്ക് ഇപ്പോൾ 53 ആണ്.
കഴിഞ്ഞ കുറച്ചുവർഷങ്ങൾകൊണ്ട് അരി ഉൽപാദനം അഞ്ച് ദശലക്ഷം മെട്രിക് ടൺ ആയി വർധിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടിക്രമങ്ങളുണ്ട്. ഐക്യരാഷ്ട്ര സഭയുടെ സമാധാന സംരക്ഷണ ദൗത്യങ്ങളിൽ രാജ്യത്തിെൻറ പങ്കാളിത്തം മികച്ചതാണ്. ഈ ദൗത്യത്തിൽ പങ്കുചേരുന്ന 120 ലേറെ രാജ്യങ്ങളിൽ ഏറ്റവും മുകളിലാണ് ബംഗ്ലാദേശ്. പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിലും ഭക്ഷണ സ്വയം പര്യാപ്തതയിലുമെല്ലാം അസൂയാവഹമായ അവസ്ഥയുണ്ട് രാജ്യത്തിന്.
പണപ്പെരുപ്പം നേരിടുന്നതിലും കടൽ തർക്കങ്ങൾ പരിഹരിക്കുന്നതിലും സ്വാതന്ത്ര്യപോരാളികളുടെ ആനുകൂല്യം നൽകുന്നതിലുമെല്ലാം ഈ നേട്ടമുണ്ട്. കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 50 ഏക്കർ വിസ്തൃതിയിൽ വടക്കൻനഗരമായ താകുർഗാവ് കേന്ദ്രീകരിച്ച് രാജ്യത്തെ ആദ്യഭക്ഷ്യസംസ്കരണ വ്യവസായനഗരത്തിനും തുടക്കമിടുകയാണ് സർക്കാർ.
ഈ നേട്ടങ്ങൾക്കും വിജയങ്ങൾക്കുമെല്ലാമിടയിലും ബംഗ്ലാദേശിെൻറ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്ന ചില വശങ്ങളുമുണ്ടെന്നത് മറച്ചു വെക്കാനാവില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് തുടരെത്തുടരെയുണ്ടാവുന്നു. സമീപകാല പഠനത്തിൽ വ്യക്തമായത് 40 ശതമാനം സ്ത്രീകൾ പ്രത്യക്ഷമായോ പരോക്ഷമായോ അവഹേളിക്കപ്പെടുന്നുണ്ടെന്നാണ്. വികലാംഗ സ്ത്രീകളിൽ 30 ശതമാനവും ശാരീരികാതിക്രമങ്ങളെ അതിജീവിച്ചവരാണ്. 2019ൽ 1413 സ്ത്രീകൾ ബലാത്സംഗത്തിനിരയായി.
ഈ വർഷം പകുതി പിന്നിട്ടപ്പോഴേക്കും 601സ്ത്രീകൾക്ക് നേരെ ബലാത്സംഗമുണ്ടായി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളോട് കർശന നിലപാട് സ്വീകരിക്കുന്നുണ്ട് സർക്കാർ. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. അഴിമതിയാണ് വളർച്ചക്ക് വിഘാതം തീർക്കുന്ന അടുത്ത പ്രശ്നം. വായ്പ തിരിച്ചടക്കാത്തവർ സമ്പദ്വ്യവസ്ഥയിൽ വലിയ സമ്മർദം സൃഷ്ടിക്കുന്നു. എന്നാലും വായ്പക്കുടിശ്ശികയിൽ ചെറിയ കുറവ് വന്നു തുടങ്ങിയിരിക്കുന്നു.
പുഴ കൈയേറ്റം, ഭൂമി തട്ടിയെടുക്കൽ എന്നിവയെല്ലാം വികസനത്തിന് തടസ്സങ്ങളാണ്. റോഡ് അപകടങ്ങൾ ജീവനും സ്വത്തിനും വലിയ നഷ്ടം വരുത്തിവെക്കുന്നു. ഒരു സർവേയിൽ വ്യക്തമായത് ഓരോ വർഷവും ജി.ഡി.പിയുടെ 1.5 ശതമാനം അതായത് 5000കോടി ടാക്കയോളം റോഡ് അപകടം മൂലം നഷ്ടം വരുന്നുവെന്നാണ്. 15 വർഷത്തിനിടെ 55,000 ജീവൻ പൊലിഞ്ഞു. മലിനീകരണമാണ് മറ്റൊരു ഭീഷണി. 2019 വരെ 74,000 ആളുകൾ മരണപ്പെട്ടിരിക്കുന്നു.
ഒരു വികസിത രാജ്യം കെട്ടിപ്പടുക്കാൻ ജനങ്ങൾക്ക് മികച്ച ജീവിതരീതി അത്യന്താപേക്ഷിതമാണ്. ബംഗ്ലാദേശ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സും യുനിസെഫും ചേർന്ന് നടത്തിയ പഠനം വെളിപ്പെടുത്തിയത് 2.34 കോടി ആളുകൾ ശുചികരമല്ലാത്ത കക്കൂസുകളാണ് ഉപയോഗിക്കുന്നതെന്നാണ്.1.5 ശതമാനം പേർ തുറസ്സായ സ്ഥലത്ത് വിസർജനം ചെയ്യുന്നവരും. വരും നാളുകളിൽ രാജ്യം കുറെയേറെ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട്.
അഴിമതിയെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുക, ജനസംഖ്യ നിരക്കിൽ നിയന്ത്രണം വരുത്തുക, തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരുക, കോവിഡ് സൃഷ്ടിച്ച സാമ്പത്തിക സമ്മർദത്തെ നേരിടുക, റോഹിങ്ക്യരെ തിരിച്ചയക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തുക, തീവ്രവാദവും വിഭാഗീയതയും നേരിടുക, സാധാരണക്കാർക്ക് താങ്ങാനാവുന്ന വിധത്തിൽ വിപണി വില ക്രമീകരിക്കുക, ജനാധിപത്യ ക്രമം തുടരുക,
റോഡ് അപകടങ്ങൾ തടയാൻ ഫലപ്രദമായ മാർഗങ്ങൾ തേടുക, മയക്കുമരുന്ന് വ്യാപനം തടയാൻ ഒന്നിക്കുക എന്നിവയാണ് അവയിൽ ചിലത്. വിമോചന യുദ്ധത്തിെൻറ ലക്ഷ്യങ്ങളും സ്വപ്നങ്ങളുമെല്ലാം ഒറ്റരാത്രികൊണ്ട് സാധ്യമാക്കിയെടുക്കാമെന്ന് മോഹിക്കുന്നതിൽ ഒരർഥവുമില്ല. എന്നാൽ, രാഷ്ട്രത്തോട് സ്നേഹം പുലർത്തി, വിമോചന പോരാട്ടത്തിെൻറ ചൈതന്യം ഉൾക്കൊണ്ട് സത്യസന്ധമായ ഭരണം നടത്താനായാൽ ഏറെ കാലതാമസമില്ലാതെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുക തന്നെ ചെയ്യും.
(ധാക്ക ബി.എ.എഫ് ഷഹീൻ കോളജിൽ അസി. പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.