മനുനീതിയെന്ന സംഘ്​പരിവാർ ലക്ഷ്യത്തിലേക്ക്​

ദലിതർക്കുനേരെയുള്ള ആക്രമണങ്ങളിൽ ഭരണകൂടം എന്താണോ ചെയ്യുന്നത് അതൊക്കെയാണ് ഹാഥറസ്​ കേസിൽ നടക്കുന്നത്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മൃതദേഹം പൊലീസുതന്നെ കൊണ്ടുപോയി കത്തിക്കുന്നു. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിൽ സെർവിക്കൽ സ്‌പൈനിലെ പരിക്ക്​ പറയുന്നുണ്ടെങ്കിലും ഫോറൻസിക് റിപ്പോർട്ടിൽ ബലാത്സംഗ സൂചനയില്ല. (പിന്നീട് പുറത്തുവന്ന മെഡിക്കോ ലീഗൽ റിപ്പോർട്ടിൽ ക്രൂരമായ ബലാത്സംഗം നടന്നു എന്ന് ഉറപ്പിച്ചുപറഞ്ഞു). പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനക്ക്​ വിധേയമാക്കാൻ സർക്കാർ ഉത്തരവിടുന്നു. അഭിഭാഷകരോടോ മാധ്യമങ്ങളോടോ കുടുംബാംഗങ്ങളെ സംസാരിക്കാൻ അനുവദിക്കുന്നില്ല. .

യോഗി ആദിത്യനാഥ് ഭരണമേറ്റെടുത്തശേഷം ഉത്തർപ്രദേശിലെ ജാതി ആക്രമണങ്ങളിൽ വൻവർധനയുണ്ടായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദേശീയ മനുഷ്യാവകാശ കമീഷൻ പുറത്തുവിട്ട കണക്കുപ്രകാരം ദലിത്-ന്യൂനപക്ഷങ്ങൾക്കു നേരെ 'സവർണർ' നടത്തുന്ന ആക്രമണങ്ങളിൽ യു.പി മുന്നിലാണ്. ജനങ്ങളെ ജാതീയമായി വേർതിരിച്ച് ഭരിച്ച പഴയ നാട്ടുരാജാക്കന്മാരുടെ ഭരണമാണ് ഓർത്തെടുക്കാനാവുന്ന ഏക മാതൃക. ജനാധിപത്യം തുടർച്ചയായി കൂട്ടക്കുരുതിക്കിരയാവുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുന്നിൽ ഉത്തർപ്രദേശാണ് -രാജ്യത്താകെയുള്ളതി​െൻറ 14.7 ശതമാനം.

ജാതീയമായ ഉച്ചനീചത്വങ്ങൾക്ക്​ അനുസരിച്ചാവണം ജനങ്ങൾ ജീവിക്കേണ്ടതെന്ന് ഭരണകൂടം നിരന്തരം ജനങ്ങളെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അത് പഞ്ചായത്ത് മെംബർ മുതൽ പാർലമെൻറ്​ അംഗം വരെയുള്ള 'ജനപ്രതിനിധികൾ' ശിരസാവഹിക്കുന്നു. തൊട്ടുകൂടായ്മകൾ, തീണ്ടാപ്പാടുകൾ എല്ലാം കൃത്യമായി നടപ്പാക്കപ്പെടുന്നു. ഹാഥറസ്​ ദലിത്​ വിഭാഗക്കാർ കൂടുതലുള്ള മേഖലയാണ്. രാജ്‌വീർ ദിലർ എന്ന ദലിത് ബി.ജെ.പി നേതാവാണ് പാർലമെൻറിൽ ഹാഥറസിനെ പ്രതിനിധാനംചെയ്യുന്നത്​. അദ്ദേഹം അതിനുമുമ്പ് ജില്ല പഞ്ചായത്തംഗം, എം.എൽ.എ എന്നീ നിലകളിൽ ദീർഘകാലമായി ഭരണനേതൃത്വത്തിലുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയിട്ടുണ്ടെന്ന് ആദ്യം പൊലീസിനെ ന്യായീകരിച്ച ജനപ്രതിനിധിയായിരുന്നു അദ്ദേഹം.

ഉയർന്ന ജാതിയിൽപെട്ടവരുടെ വീടുകളിൽ തറയിലിരുന്ന് വോട്ട്​ അഭ്യർഥിക്കുന്ന ഇദ്ദേഹത്തി​െൻറ ചിത്രം കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞിരു​ന്നു. താഴ്ന്ന സമുദായത്തിൽപെട്ട ആളായതുകൊണ്ടു പാരമ്പര്യത്തെ താൻ നിഷേധിക്കില്ലെന്നാണ് ദീർഘവർഷം ജനപ്രതിനിധിയായ ഈ ബി.ജെ.പി നേതാവ് അന്ന് പറഞ്ഞത്. മാത്രമല്ല, ഉയർന്ന ജാതിക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വെള്ളം കുടിക്കാനുള്ള ഗ്ലാസ് പോലും എപ്പോഴും കൈയിൽ സൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അഞ്ച് തവണ എം.എൽ.എ.യും ഒരു തവണ എം.പി.യുമായ കിഷൻലാലി​െൻറ മകനാണ് രാജ്‌വീർ ദിലർ എന്നുകൂടി ഓർക്കണം. ജാത്യാധികാരത്തിനു മുന്നിൽ, സവർണ ഫാഷിസത്തിനു മുന്നിൽ മുട്ടിലിഴയുന്ന ജനനേതാക്കൾക്ക് എങ്ങനെ ജനങ്ങളെ അവരിൽനിന്ന് സുരക്ഷിതരാക്കാനാവും? ഭരണഘടനയെ കരിമ്പട്ടികയിൽപെടുത്തി മനുനീതി നടപ്പാക്കുന്ന ഒരു രാജ്യമാണ് സംഘ്​പരിവാറി​െൻറ ലക്ഷ്യം. അതിലേക്ക് അവർ വളരെ വേഗം നടന്നെത്തുകയാണെന്ന് ഉത്തർപ്രദേശിനെ സാക്ഷിനിർത്തി ആർക്കും പറയാനാവും.

തങ്ങളുടെ താൽക്കാലിക 'ലാഭ'ത്തിനപ്പുറം ഒന്നിനും മുതിരാത്ത വലതുപക്ഷ-കോർപറേറ്റ് നിയന്ത്രിത മാധ്യമയുക്തിയും ഇത്തരം അധികാരദുർവിനിയോഗങ്ങൾക്ക് ചൂട്ടുപിടിക്കുന്നുണ്ട്​. ഫാഷിസം ജനതയെ ഭയപ്പെടുത്തി ഭരിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം പോലും നാവിൽനിന്ന് വീഴരുതെന്ന വാശിയാണ് ഇവിടുത്തെ പല പ്രമുഖ രാഷ്​​ട്രീയപ്രസ്ഥാനങ്ങളെയും നയിക്കുന്നത്. ജനതയെ അലോസരപ്പെടുത്തുന്ന ഒന്നിനെയും അഭിമുഖീകരിക്കാൻ അവർ ഒരിക്കലും തയാറായിട്ടില്ല, സ്വന്തം അണികളെ അതിന് പ്രേരിപ്പിച്ചിട്ടില്ല. എന്നാൽ, ജനാധിപത്യസംവിധാനങ്ങളെ ഏതുമാർഗത്തിലൂടെയും അട്ടിമറിക്കാൻ അവർക്കൊരു മടിയുമില്ല. മാറ്റേണ്ടത്, ആ നയം തന്നെയാണ്. ഭഞ്ജിക്കേണ്ടത് ആ മൗനം തന്നെയാണ്. ഇല്ലെങ്കിൽ ഹാഷ്​ടാഗുകൾ മാറുമെങ്കിലും ഉന്നാവും ഹാഥറസും ആവർത്തിച്ചുകൊണ്ടേയിരിക്കും.

Tags:    
News Summary - Towards the Sangh Parivar goal of Manuneethi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.