നാ​ഴി​ക​ക്ക​ല്ലാകുന്ന വി​ധി

ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ തീരുമാനത്തെ റദ്ദാക്കി അതേ പദവിയിൽ പുനർനിയമനം നടത്തണമെന്ന സുപ്രീംകോടതി വിധി രാജ്യത്തെ പൊലീസ് പരിഷ്കരണ രംഗത്ത് സുപ്രധാനമായ മാറ്റങ്ങൾക്ക് നാന്ദികുറിക്കും. രാഷ്ട്രീയ നേതൃത്വത്തി​െൻറ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ഇകഴ്ത്തുകയും ചെയ്യുന്ന നൂറ്റാണ്ട് പിന്നിട്ട സമ്പ്രദായത്തിനാണ് പരമോന്നത നീതിപീഠം ഇൗ വിധിന്യായത്തിലൂടെ അന്ത്യംകുറിച്ചത്. രാഷ്ട്രീയമായി ഇൗ വിധി പിണറായി വിജയന് വലിയ തിരിച്ചടിയാണ് നൽകിയത് എന്നത് വസ്തുതയെങ്കിലും അതിനേക്കാൾ വിശാലമായ തലത്തിൽ ചർച്ചചെയ്യപ്പെടേണ്ടതാണ് ഇൗ വിധിന്യായം.

പൊലീസ് കാര്യം സംസ്ഥാന വിഷയമായതിനാൽ പൊലീസ് സേനയിലെ പരിഷ്കരണത്തെ സംബന്ധിച്ച നിയമങ്ങൾ നിർമിക്കേണ്ടത് സംസ്ഥാന സർക്കാറുകളാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ചലിക്കുന്ന പാവകളാണ് െപാലീസെന്നും ഭരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ പ്രിവിലേജാണ് ഇതെന്നും അതിൽ ആരും ഇടെപടേണ്ടതില്ലെന്നും മാറി മാറി അധികാരത്തിലെത്തുന്ന സംസ്ഥാന സർക്കാറുകളും വാദിക്കുന്നു.

1861ൽ ബ്രിട്ടീഷുകാർ രൂപംനൽകിയ ജനാധിപത്യവിരുദ്ധവും അപരിഷ്കൃതവുമായ പൊലീസ് നിയമങ്ങളുടെ പ്രേതങ്ങളാണ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നിലവിലുള്ളത്. പൊലീസിനെ ഇൗ രൂപത്തിൽതന്നെ നിലനിർത്തണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ആഗ്രഹിക്കുന്നു. 1977 നവംബർ 15നാണ് ദേശീയ പൊലീസ് കമീഷനെ കേന്ദ്ര സർക്കാർ  നിയമിക്കുന്നത്. പൊലീസ് അതിക്രമങ്ങളും ലോക്കപ്പ് പീഡനങ്ങളും നിരവധിയുണ്ടായി. ഡി.കെ. ബസു-വെസ്റ്റ് ബംഗാൾ സംസ്ഥാനം ഉൾപ്പെടെ നിരവധി കേസുകളിൽ സുപ്രീംകോടതിയുടെ ഉത്തരവുകൾ പൊലീസ് പരിഷ്കരണത്തെ സംബന്ധിച്ചുണ്ടായി. പൊലീസ് നവീകരണത്തിന് സമഗ്രമായ ശിപാർശകൾ ചെയ്തുകൊണ്ട് അരഡസൻ റിപ്പോർട്ടുകൾ കേന്ദ്ര സർക്കാറി​െൻറ മുന്നിലുണ്ട്. പക്ഷേ, ഒരുവിധ തുടർനടപടികളും ഉണ്ടായില്ല.

ഇൗ സാഹചര്യത്തിലാണ് ഉത്തർപ്രദേശ് പൊലീസ് മേധാവിയായിരുന്ന പ്രകാശ് സിങ് െഎ.പി.എസ് സുപ്രീംകോടതിയിൽ 1996ൽ പൊതുതാൽപര്യഹരജി സമർപ്പിച്ചത്. പൊലീസ് പരിഷ്കരണത്തിന് പല കാരണങ്ങൾ പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിന് വിരാമമിട്ട് സുപ്രധാന നിർദേശങ്ങൾ സുപ്രീംകോടതി ഇൗ കേസിൽ പുറപ്പെടുവിച്ചു. ഇൗ കേസി​െൻറ വിധിയിലൂടെ പ്രകാശ്സിങ് എന്ന മുൻ ഡി.ജി.പി രാജ്യത്തെ പൊലീസ് പരിഷ്കരണത്തി​െൻറ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടപ്പോൾ കേരളത്തിലെ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ഒരു പതിറ്റാണ്ടിനുശേഷം ആ വിധി രാജ്യത്ത് നടപ്പാക്കാനുള്ള നടപടിക്ക് സുപ്രീംകോടതിയുടെ മറ്റൊരു വിധി സമ്പാദിച്ച് തുടക്കമിട്ടിരിക്കുന്നു.

ചീഫ് ജസ്റ്റിസ് വൈ.കെ. സബർവാൾ അധ്യക്ഷനായ സി.കെ. താക്കർ, പി.കെ. ബാലസുബ്രഹ്മണ്യൻ എന്നിവർ ചേർന്ന െബഞ്ചി​െൻറ പ്രകാശ് സിങ് കേസിലെ വിധിയിലെ നിർദേശങ്ങൾ ടി.പി. സെൻകുമാറി​െൻറ കേസിലെ 56 പേജുള്ള വിധിന്യായത്തിൽ സുപ്രീംകോടതി ആവർത്തിക്കുന്നുണ്ട്.
അധികാരം ഉപയോഗിച്ച് പൊലീസിനെ നിയന്ത്രിക്കുന്നതിനെ സംബന്ധിച്ച് ബ്യൂറോ ഒാഫ് പൊലീസ് റിസർച് ഡെവലപ്മ​െൻറ് പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തെക്കുറിച്ച് വിധിയിൽ സുപ്രീംകോടതി പരാമർശിക്കുന്നുണ്ട്. ഭരണപരവും രാഷ്ട്രീയവുമായ അമിത നിയന്ത്രണം നിയമവാഴ്ചയെ അട്ടിമറിക്കുന്നതിനും ജനാധിപത്യത്തെ തകർക്കുന്നതിനും കാരണമാകുന്നു. നിയമവാഴ്ചയോട് മാത്രമായിരിക്കണം പൊലീസി​െൻറ പ്രതിബദ്ധത എന്ന് സുപ്രീംകോടതി വിധിന്യായത്തിൽ അടിവരയിട്ട് പറയുന്നു.

ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരം, പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ് സുപ്രീംകോടതി. നിലവിൽ നിയമം ഇല്ലാത്ത സാഹചര്യത്തിൽ 142ാം അനുച്ഛേദപ്രകാരം രാജ്യത്താകമാനം ബാധകമാകുന്ന ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ടെന്ന് വൈശാഖ-രാജസ്ഥാൻ സംസ്ഥാനം എന്ന കേസിലെ സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ച്  വിധിയിൽ വ്യക്തമാക്കുന്നു.

പ്രകാശ് സിങ് കേസിലെ വിധിയിൽ, രാഷ്ട്രീയ സ്വാധീനം ഉൾപ്പെടെയുള്ള ബാഹ്യ ഇടപെടലുകളിൽനിന്ന് പൊലീസിനെ മുക്തമാക്കാൻ ‘സ്റ്റേറ്റ് സെക്യൂരിറ്റി കമീഷനെ’ നിയമിക്കാൻ സുപ്രീംകോടതി നിർദേശിക്കുന്നുണ്ട്. പക്ഷേ, 2011ൽ കേരള നിയമസഭയിൽ എൽ.ഡി.എഫ് സർക്കാറി​െൻറ കാലത്തുതന്നെ പാസാക്കിയ പൊലീസ് നിയമത്തിൽ സെക്യൂരിറ്റി കമീഷന് ഇൗ സ്വാതന്ത്ര്യം നിഷേധിച്ചു. സുപ്രീംകോടതി വിധിയിൽ വെള്ളം ചേർത്ത് രാഷ്ട്രീയ, ഭരണ ഇടപെടലിന് വിധേയമാക്കി മാറ്റി.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകാല ചരിത്രം, സർവിസ് എന്നിവ പരിശോധിച്ച് നിർദേശിക്കുന്ന മൂന്നുപേരിൽ ഒരാളെയായിരിക്കും സംസ്ഥാന സർക്കാർ ഡി.ജി.പിയായി നിയമിക്കുക. നിയമിതനായതിനുശേഷം രണ്ടു വർഷത്തെ ഒൗദ്യോഗിക കാലാവധി ഉറപ്പുവരുത്തണം. സർവിസ് ചട്ടങ്ങൾ അനുസരിച്ച് നടപടി ഉണ്ടായാലോ കോടതി ശിക്ഷിച്ചാലോ മാത്രമേ സംസ്ഥാന സെക്യൂരിറ്റി കമീഷനുമായി ആലോചിച്ച് ഡി.ജി.പിയെ മാറ്റാൻ പാടുള്ളൂ എന്ന വ്യക്തമായ മാർഗനിർദേശമാണ് പ്രകാശ് സിങ് കേസിൽ സുപ്രീംകോടതി നൽകിയത്. എന്നാൽ, കേരള പൊലീസ് നിയമത്തിൽ ഇത് ലംഘിക്കപ്പെട്ടു. തികച്ചും ദുർബലമായ പൊലീസ് നിയമത്തിലെ വ്യവസ്ഥകൾപോലും സെൻകുമാറിനെതിരെ നടപടി സ്വീകരിക്കുേമ്പാൾ സർക്കാർ പാലിച്ചില്ല.

സംസ്ഥാന പൊലീസ് മേധാവിയുടെ നിയമനത്തിനോ നീക്കം ചെയ്യലിനോ ഒരുവിധ അധികാരവും സ്റ്റേറ്റ് സെക്യൂരിറ്റി കമീഷന് കേരള നിയമസഭ നൽകിയില്ല. പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി വിധിയുടെ അന്തഃസത്ത ചോർത്തിക്കളഞ്ഞാണ് പൊലീസ് നിയമം കേരള നിയമസഭ പാസാക്കിയത്. പൊലീസിന് മുകളിൽ രാഷ്ട്രീയവും ഭരണപരവുമായ അമിത നിയന്ത്രണം നിലനിർത്തുകയാണ് ഇതിലൂടെ സർക്കാർ ചെയ്തത്.

സംസ്ഥാന പൊലീസ് മേധാവി എന്ന നിലയിൽ ടി.പി. സെൻകുമാർ എന്ന ഉദ്യോഗസ്ഥ​െൻറ പ്രവർത്തനം പൊതുജനങ്ങൾക്ക് പൂർണമായും അതൃപ്തി ഉളവാക്കുന്നതാണെന്ന് സംസ്ഥാന സർക്കാറിന് ബോധ്യപ്പെട്ടത് രണ്ടു സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒന്ന്: 2016 ഏപ്രിൽ 13ലെ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം. രണ്ട്: 2016 ഏപ്രിൽ 28ലെ ജിഷ കൊലപാതകം. ഇൗ സംഭവങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുകയും അധികാരമേറ്റ പിണറായി വിജയൻ സർക്കാർ 2016 മേയ് 26ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സെൻകുമാറിനെ മാറ്റി ഉത്തരവിട്ടു. ഇൗ ഉത്തരവിനെ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിൽ സെൻകുമാർ ചോദ്യംചെയ്തുവെങ്കിലും സർക്കാർ നടപടി ശരിവെച്ചു. ഉത്തരവിനെ സെൻകുമാർ ഹൈകോടതി ഡിവിഷൻ െബഞ്ചിന് മുമ്പാകെ ചോദ്യംചെയ്തുവെങ്കിലും അവിടെയും ഉത്തരവ് എതിരായി.

2016 മേയ് 26ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ രണ്ടു കുറിപ്പുകൾ പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്നു. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചും ജിഷ കൊലപാതകത്തെക്കുറിച്ചും. ഇൗ രണ്ടു കുറിപ്പുകളുടെയും അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി 2016 മേയ് 27ലെ തീരുമാനമെടുക്കുന്നത്. അതി​െൻറ തുടർച്ചയായി സെൻകുമാറിനെ മാറ്റാൻ ജൂൺ ഒന്നിലെ മന്ത്രിസഭ അംഗീകാരവും നൽകി. ഇൗ തീരുമാനത്തിൽ ഒരുവിധ രാഷ്ട്രീയ പരിഗണനയും ഉണ്ടായിരുന്നില്ലെന്ന ഹൈകോടതി വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, പി. സോമരാജൻ എന്നിവർ ചേർന്ന ഡിവിഷൻ െബഞ്ചാണ്.

സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിക്കുേമ്പാൾ അതിനുള്ള കാരണം ആ ഉത്തരവിൽതന്നെ ഉണ്ടാകണം. പിന്നീട് ഇൗ ഉത്തരവ് കോടതിയിൽ ചോദ്യംചെയ്യപ്പെടുേമ്പാൾ അന്ന് പറയാതിരുന്ന കാരണങ്ങൾ ചേർന്ന് സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിക്കുന്നത് നിയമപരമായി ശരിയല്ല എന്ന് സർക്കാർ നടപടിയെ വിമർശിച്ച് സുപ്രീംകോടതി വിധിയിൽ പറയുന്നുണ്ട്. പൊലീസിനെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്ന ഭരണകക്ഷിയുടെ നടപടി തടയുന്ന വിധിയാണിതെന്ന കാരണത്താൽ ജുഡീഷ്യറിയുടെ ആക്ടിവിസത്തെ സ്വാഗതം ചെയ്യുേമ്പാഴും സുപ്രീംകോടതി വിധിയിലെ നിയമപരമായ ന്യൂനതയെ പരാമർശിക്കാതിരിക്കുന്നത് ഉചിതമല്ല.

പ്രകാശ് സിങ് കേസിലെ വിധിയെ തുടർന്നാണ് കേരള പൊലീസ് നിയമം 2011ൽ നിയമസഭ പാസാക്കുന്നത്. പൊലീസ് നിയമത്തിലെ ഒരു വ്യവസ്ഥയും ഇൗ കേസിൽ സുപ്രീംകോടതി റദ്ദാക്കിയിട്ടില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരു നിയമം ഉണ്ടായാൽ പിന്നീട് മുൻ കോടതിവിധിയുടെ അടിസ്ഥാനത്തിൽതന്നെ സർക്കാർ നടപടിയെ റദ്ദാക്കുന്നത് ശരിയോ? നിയമനിർമാണം നടത്താനുള്ള നിയമനിർമാണസഭയുടെ അധികാരം ഭരണഘടനാപരമാണ്. ഇൗ നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധിക്കാനുള്ള അധികാരം കോടതിക്കുണ്ട് എന്നതിലും സംശയമില്ല.

എന്നാൽ, നിയമം നിലനിൽക്കേതന്നെ അതിലെ വ്യവസ്ഥകൾ റദ്ദാക്കാതെ അതിന് മുമ്പുള്ള വിധി ഉദ്ധരിച്ച്  സർക്കാർ നടപടി റദ്ദാക്കുന്നത് ഉചിതമാണോ എന്ന ചോദ്യവും ഉന്നയിക്കാം. ഇത് ജനങ്ങൾ ആഗ്രഹിച്ച വിധിയാണ്. ജുഡീഷ്യറിയുടെ ചില വീഴ്ചകൾപോലും സാമൂഹികനന്മയുടെ വിശാലമായ അർഥതലത്തിൽ പരിശോധിക്കുേമ്പാൾ മാപ്പർഹിക്കുന്നതുതന്നെയാണ്.

Tags:    
News Summary - tp senkumar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.