പൗരാവകാശത്തിെൻറയും മനുഷ്യാവകാശത്തിെൻറയും അനുഭവലോകം ട്രാൻസ്െജൻഡറിനു സമ്മാനിക്കുന്നതിലും രാജ്യത്തിനു മാതൃകയാവുകയാണ് കേരളം. ട്രാൻസ്െജൻഡർനയവും പ്രായോഗികപദ്ധതികളും സംസ്ഥാനം ആവിഷ്കരിച്ച് നടപ്പാക്കിവരുകയാണ്. നമുക്കിടയിൽ അദൃശ്യരായിരുന്ന ഒരു വിഭാഗം ഇപ്പോൾ പ്രത്യക്ഷരായിരിക്കുന്നു. പരിഹാസങ്ങളും ആക്രമണങ്ങളും ഭയന്ന് പൊതുസമൂഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെടാതിരുന്നവരും അപകർഷതകാരണം മറഞ്ഞിരുന്നവരും ഇന്ന് കേരളസമൂഹത്തിെൻറ മുഖ്യധാരയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. സർക്കാർ പദ്ധതികളുടെ ഭാഗമായി അവർക്ക് ആത്്മാഭിമാനബോധത്തോടെ സമൂഹത്തിൽ ജീവിക്കാമെന്ന സ്ഥിതി രൂപപ്പെടുകയാണ്.
സ്വത്വവൈവിധ്യങ്ങൾ സാമൂഹിക യാഥാർഥ്യമാണ്. ജാതി, മതം, ഭാഷ തുടങ്ങിയവപോലെതന്നെ ലിംഗപരമായ സ്വത്വവും സമൂഹത്തിൽ നിലനിൽക്കുന്നു. ഒരാളുടെ വ്യക്തിത്വരൂപവത്കരണത്തിലേക്കു നയിക്കുന്ന സാമൂഹികവും രാഷ്ട്രീയവും ജനിതകവും ലിംഗപരവും മറ്റുമായ നിരവധി സവിശേഷതകളെ സ്വത്വം എന്നുപറയാം. അതായത് ഒരു വ്യക്തിയിൽതന്നെ ജാതി, മതം, ഭാഷ, ദേശം, ലിംഗം തുടങ്ങിയവയെ ആധാരമാക്കി വിവിധ സ്വത്വങ്ങൾ ഉണ്ട്. അങ്ങനെയുള്ളപ്പോൾ സമൂഹത്തിൽ സ്വത്വവൈവിധ്യങ്ങൾ നിരവധിയുണ്ടാവുമല്ലോ. ഈ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതാണ് ബഹുസ്വരത. അതത് സ്വത്വം വെളിപ്പെടുത്തിത്തന്നെ ആത്യന്തികമായി മനുഷ്യനായി ജീവിക്കാൻ കഴിയണം. സ്വത്വവൈവിധ്യങ്ങൾ നിലനിർത്തി മനുഷ്യാവകാശങ്ങൾ അനുഭവിക്കാൻ കഴിയണമെന്നതാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയം. ഭരണഘടനതന്നെ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് സ്വത്വവൈവിധ്യങ്ങളിലൂന്നിയ ബഹുസ്വരതയും അതിലധിഷ്ഠിതമായ മാനവികതയും സംരക്ഷിക്കുകയെന്നത് ഇന്ത്യക്കാരുടെ പ്രഥമ കടമയായി മാറുന്നു.
ജീവനും ജീവിതത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്ന സാമൂഹികാവസ്ഥയിൽ വ്യക്തിയും സമൂഹവും സ്വത്വം മറച്ചുവെക്കാൻ നിർബന്ധിതരാവുന്നു. ഇന്ത്യൻ സമൂഹത്തിലെ ജാതിയുടെ കാര്യം നോക്കുക. അഭിമാന–അപമാനബോധങ്ങൾ എല്ലാ ജാതിയെയും ഒരുപോലെയല്ല ബാധിക്കുന്നത്. മേൽ–കീഴ്വിവേചനങ്ങൾ ജാതിയിലെന്നപോലെ മറ്റു സ്വത്വങ്ങളിലും നിലനിൽക്കുന്നുണ്ട്. ഭരണഘടനാപരമായി അത് പാടില്ലാത്തതാണ്.
സ്ഥിതിസമത്വവും സാമൂഹികനീതിയും ഉറപ്പുനൽകുന്ന ഭരണഘടന നിലവിലുള്ള ജനാധിപത്യസമൂഹത്തിൽ തുടരാൻ പാടില്ലാത്ത വിവിധ വിവേചനങ്ങളിൽ ഒന്നാണ് ലിംഗവിവേചനം. സ്ത്രീ–പുരുഷസമത്വത്തെക്കുറിച്ചും സ്ത്രീകൾ നേരിടുന്ന വിവേചനത്തെയും അടിമത്തത്തെയും കുറിച്ചുമുള്ള ചർച്ചകൾ സജീവമാണ്. യാഥാസ്ഥിതിക കീഴ്വഴക്കങ്ങളാണ് സ്ത്രീസമൂഹത്തിെൻറ രണ്ടാംതരം പൗരത്വം സ്ഥാപിക്കാനായി പൊതുസമൂഹം തുടർന്നുവരുന്നത്. ഭരണഘടനാമൂല്യങ്ങളുടെ മേന്മയെക്കുറിച്ച് ആവേശത്തോടെ വാചാലരാവുന്നവരിലും ഈ യാഥാസ്ഥിതികത്വം പ്രബലമാണ്. സ്ത്രീ–പുരുഷൻ എന്നീ രണ്ട് ലിംഗസ്വത്വങ്ങൾപോലെ പ്രധാനമാണ് ട്രാൻസ്െജൻഡർ. ലിംഗപരമായ സ്വത്വത്തിൽ ചകിതവും അപകർഷഭരിതവുമായ അവസ്ഥ അനുഭവിച്ച് ജീവിക്കുന്ന ഒരു വിഭാഗമാണിവർ. ആൺ–പെൺ എന്നീ രണ്ട് ലിംഗസ്വത്വങ്ങൾ മാത്രം അംഗീകരിച്ചുവരുന്ന സമൂഹത്തിനുമുന്നിൽ മറ്റൊരു ലിംഗസ്വത്വം നേരിടുന്ന പ്രതിസന്ധിക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
ഭിന്നലൈംഗികർ, ഭിന്നലിംഗക്കാർ, മൂന്നാംലിംഗക്കാർ തുടങ്ങിയ പേരുകളിൽ കേരളത്തിൽ വിശേഷിപ്പിക്കപ്പെടുന്ന ഒരു വിഭാഗമാണ് ട്രാൻസ്െജൻഡർ. യഥാർഥത്തിൽ ഈ പ്രയോഗങ്ങളൊന്നും തന്നെ ശരിയായ അർഥവിനിമയം സാധ്യമാക്കുന്നില്ല. ‘ഭിന്നം’ എന്ന പ്രയോഗത്തിന് വ്യത്യസ്തം എന്ന് അർഥമുണ്ട്. എന്തിൽനിന്ന് വ്യത്യസ്തമായ ലൈംഗികതയും ലിംഗത്വവുമാണ് ഭിന്നലിംഗക്കാർ എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്ന അവ്യക്തത ആ പ്രയോഗത്തിലുണ്ട്. നിലവിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നത് ആൺ–പെൺ ലിംഗത്വമാണ് എന്നതുകൊണ്ട് മറ്റുള്ളവ അതിനെ ആധാരമാക്കി നിർണയിക്കണമെന്നു പറയാനാവില്ല.
മൂന്നാംലിംഗക്കാർ എന്നതാവട്ടെ, ഭരണഘടനാവിരുദ്ധമായ പ്രയോഗമാണ്. അവിടെ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ആര് എന്ന ചോദ്യം പ്രസക്തമാകും. അറവാണി, ഹിജഡ തുടങ്ങിയ പ്രയോഗങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ട്. മലയാളത്തിൽ അടുത്തകാലത്തുമാത്രമാണ് ട്രാൻസ്െജൻഡർ മുഖ്യധാരാ ചർച്ചയുടെ ഭാഗമായത്.
ആൺ–പെൺ എന്നീ രണ്ടു ലിംഗത്വങ്ങൾ മാത്രം കണ്ടും കേട്ടും ശീലിച്ചുവന്ന കേരളീയർക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലാത്ത വിഭാഗമാണിത്. ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നു കരുതി യാഥാർഥ്യങ്ങൾ ഇല്ലാതെയാവുന്നില്ല. സാമൂഹികമായ വൈവിധ്യങ്ങൾ യാഥാർഥ്യമാണെന്ന് മനസ്സിലാക്കുന്ന അതേ യുക്തിതന്നെയാണ് ട്രാൻസ്െജൻഡർ യാഥാർഥ്യമാണെന്ന തിരിച്ചറിവിലേക്കും നയിക്കേണ്ടത്.
ലിംഗനിർണയം നടത്തുന്നതിൽ വ്യവസ്ഥാപിതമായ സമ്പ്രദായങ്ങളുണ്ട്. ഒരു കുഞ്ഞിെൻറ ബാഹ്യശരീരത്തിെൻറ സ്വഭാവമാണ് ലിംഗനിർണയത്തിന് ആധാരം. അതനുസരിച്ച് ആൺ അല്ലെങ്കിൽ പെണ്ണ് എന്ന് നിർണയിക്കുന്നു. ആണിെൻറയും പെണ്ണിെൻറയും ബാഹ്യശരീരസ്വഭാവമുള്ള കുഞ്ഞുങ്ങളെ സൗകര്യപൂർവം ഒഴിവാക്കിക്കൊണ്ടോ അവരെയും ആണ് അല്ലെങ്കിൽ പെണ്ണ് എന്ന് നിർണയിച്ചുകൊണ്ടോ ഇതരലിംഗസ്വത്വങ്ങളെ അവഗണിക്കുന്നതാണ് പിന്തുടർന്നുവരുന്ന രീതി. ഒരു കുഞ്ഞിെൻറ വളർച്ചയിലുണ്ടാകുന്ന ബാഹ്യശരീരമാറ്റങ്ങളോ ശാരീരിക അവയവങ്ങൾക്കപ്പുറം േക്രാമസോമുകൾ, ഹോർമോണുകൾ തുടങ്ങിയവയിൽ സംഭവിക്കുന്ന മാറ്റങ്ങളോ പരിഗണിച്ച് ജനിക്കുമ്പോൾ നിർണയിക്കുന്ന ലിംഗത്വത്തിൽ മാറ്റം വരുത്താൻ സമൂഹം തയാറാവുന്നില്ല. അതാണ് ട്രാൻസ്െജൻഡർ വിഭാഗം നേരിടുന്ന പ്രതിസന്ധി.
ആൺശരീരവും പെണ്ണിെൻറ മനസ്സുമുള്ളവരും പെൺശരീരവും ആണിെൻറ മനസ്സുമുള്ളവരാണ് ട്രാൻസ്െജൻഡർ എന്നറിയപ്പെടുന്നത്. പെരുമാറ്റരീതിയിലൂടെയും ശാരീരികചേഷ്ടകളിലൂടെയും തിരിച്ചറിയപ്പെടുന്നതോടെ അവർ വെല്ലുവിളി നേരിടാൻ തുടങ്ങുന്നു. കുടുംബം, സുഹൃത്തുക്കൾ, അധ്യാപകർ തുടങ്ങി നിരന്തരം ബന്ധപ്പെടുന്ന എല്ലാ ഇടങ്ങളിൽനിന്നും തിക്താനുഭവങ്ങൾ നേരിടേണ്ടിവരുന്നതോടെ അദൃശ്യരായി മാറാൻ അവർ നിർബന്ധിതരാവുന്നു. അദൃശ്യരാവുന്നു എന്നതിനർഥം അവർ നിലനിൽക്കുന്നില്ല എന്നല്ല. ക്രിമിനലുകളും സാമൂഹികവിരുദ്ധരുമായി മുദ്രകുത്തപ്പെടുകയും കപടസദാചാരത്തിെൻറ ലൈംഗികതൃഷ്ണ ശമിപ്പിക്കുന്ന വിഭാഗമായി മാറാൻ നിർബന്ധിതരാവുകയും ചെയ്യുന്നവരാണ് ട്രാൻസ്െജൻഡർ വിഭാഗം.
ഇന്ത്യൻപൗരരെന്ന നിലയിൽ ട്രാൻസ്െജൻഡർ മനുഷ്യാവകാശത്തിന് അർഹരാണെന്ന വിധി 2009ൽ ഡൽഹി ഹൈകോടതി പുറപ്പെടുവിച്ചതോടെയാണ് ട്രാൻസ്ജൻഡർ ഇന്ത്യൻസമൂഹത്തിൽ ചർച്ചയാവുന്നത്. സ്വവർഗലൈംഗികത അടക്കമുള്ള വ്യത്യസ്ത ലൈംഗികത ക്രിമിനൽ കുറ്റമാണെന്ന് സ്ഥാപിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഐ.പി.സി 377ാം വകുപ്പ് അന്ന് ഹൈേകാടതി റദ്ദാക്കി. 1861ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിൽവന്നതാണ് ഐ.പി.സി 377. എന്നാൽ 2013ൽ സുപ്രീംകോടതി, ഡൽഹി ഹൈകോടതിയുടെ വിധി റദ്ദാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഒരു വകുപ്പ് റദ്ദാക്കേണ്ടത് കോടതിയല്ല, ഇന്ത്യൻ പാർലമെൻറാണ് എന്ന് സുപ്രീംകോടതി പറഞ്ഞു. 2014 ഏപ്രിലിൽ ട്രാൻസ്െജൻഡറിെൻറ മനുഷ്യാവകാശങ്ങൾ ഉറപ്പാക്കണമെന്ന നിരീക്ഷണം സുപ്രീംകോടതി നടത്തി.
2017 ആഗസ്റ്റിൽ ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണവും സുപ്രീംകോടതി നടത്തി. സ്വകാര്യത മൗലികാവകാശമാണെന്ന് കോടതി പറഞ്ഞു. വ്യത്യസ്ത ലൈംഗിക താൽപര്യങ്ങൾ മൗലികാവകാശത്തിൽപെടുന്നതാണെന്നും അതുകൊണ്ട് വ്യത്യസ്ത ലിംഗസ്വത്വങ്ങളുടെ അവകാശങ്ങൾ ഭരണഘടനാപരമായി സംരക്ഷിക്കണമെന്നും കോടതി നിരീക്ഷിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 14, 15, 21 എന്നിവ ഉദ്ധരിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണം മുന്നോട്ടുെവച്ചത്. തുല്യത എന്നത് ഓരോ വ്യക്തിയുടെയും സ്വത്വത്തിെൻറ തുല്യത കൂടിയാണ് എന്നും വിവേചനങ്ങൾ അവസാനിപ്പിച്ച് തുല്യത ഉറപ്പാക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
2016ൽ ട്രാൻസ്െജൻഡർ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കുവിട്ട ബിൽ പാർലമെൻറിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഭരണഘടനപരമായ എല്ലാ അവകാശങ്ങളും അനുഭവിക്കാൻ ഇന്ത്യയിലെ എല്ലാ പൗരർക്കും ഒരുപോലെ സ്വാതന്ത്ര്യമുണ്ടാവണം.
സ്വാതന്ത്ര്യം ഭരണകൂടത്തിെൻറ ഔദാര്യമല്ലെന്ന തിരിച്ചറിവ് അവകാശബോധത്തിെൻറ ആദ്യപാഠം കൂടിയാണ്. അടിച്ചമർത്തപ്പെടുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് തിരിച്ചറിഞ്ഞ് മുന്നോട്ടുവരുന്ന സമൂഹങ്ങളാണ് വിമോചനത്തിെൻറ ആഹ്ലാദം അനുഭവിച്ചിട്ടുള്ളത്. ട്രാൻസ്െജൻഡർ സമൂഹത്തോടൊപ്പം പൊതുസമൂഹവും ഈ തിരിച്ചറിവ് ആർജിക്കേണ്ടതുണ്ട്. ഭരണഘടനപരമായ പൗരാവകാശം സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം പാർലമെൻറ് എന്ന ജനാധിപത്യസംവിധാനം നിർവഹിക്കുമെന്ന് പ്രതീക്ഷിക്കാം.
(സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടറാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.