ഗുജറാത്തിൽ മോദിക്കും അമിത് ഷാക്കും വേണ്ടി പ്രമാദമായ കേസുകളെല്ലാം നടത്തിക്കൊടുത്ത് ഇപ്പോൾ കേന്ദ്രത്തിെൻറ അഡീഷനൽ സോളിസിറ്റർ ജനറൽ പദവിയിലെത്തിയ അഡ്വ. തുഷാർ മേത്ത സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിെൻറ ഒന്നാം നമ്പർ കോടതിയിൽ മുത്തലാഖിനൊപ്പം നികാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കോഴിക്കോട്ടെ ഇത്തരമൊരു വിവാഹക്കഥയാണ് ഓർത്തുപോയത്. ചടങ്ങുകല്യാണമെന്ന് പഴമക്കാർ വിളിച്ചിരുന്ന നികാഹ് ഹലാലയുമായി ബന്ധപ്പെട്ട് കാലങ്ങളായി മലബാറിൽ നിരവധി വിവാഹകഥകൾ പ്രചാരത്തിലുണ്ട്. ഇവയിൽ പലതും കെട്ടുകഥകളുമായിരുന്നില്ല. ഇക്കഥകളിലെ കഥാപാത്രങ്ങളിൽ അപൂർവം ചിലർ ജീവിതസായാഹ്നങ്ങളിലെത്തി നിൽപുണ്ടെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. നാട്ടുമ്പുറത്തുനിന്നും കോഴിക്കോട്ടേക്ക് മലഞ്ചരക്കുമായി പോയ മലബാറിലെ ഒരു നാട്ടുമ്പുറത്തുകാരെൻറ കഥ അത്തരത്തിലൊന്നാണ്. വാഹന ഗതാഗതം വികാസം പ്രാപിക്കാത്ത അക്കാലത്ത് മലഞ്ചരക്ക് കോഴിക്കോെട്ടത്തിച്ച് വിൽപന നടത്തി അന്നവിടെ കഴിച്ചുകൂട്ടി പിറ്റേന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് ആളുകൾ മടങ്ങിപ്പോകുന്ന കാലത്താണ് ഈ വിവാഹം നടന്നത്.
പതിവുപോലെ അന്നത്തെ കച്ചവടം കഴിഞ്ഞശേഷം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനിരുന്ന യുവാവിനെ ചെറിയൊരു സഹായം വേണമെന്ന ആവശ്യവുമായി കോഴിക്കോട്ടെ പരിചയക്കാരിൽ ചിലർ സമീപിച്ചു. ഒരു ദിവസത്തേക്ക് മാത്രമുള്ള വിവാഹത്തിന് നികാഹിന് പുതിയാപ്പിളയായി ഇരുന്നുകൊടുക്കണം. കോഴിക്കോട്ട് അന്ന് രാത്രി മണവാട്ടിക്കൊപ്പം കഴിഞ്ഞ് പിറ്റേന്ന് രാവിലെ അവളെ മൊഴി ചൊല്ലി തിരിച്ച് നാട്ടിലേക്ക് പോകാം. മൂന്നു തലാഖ് ഒരുമിച്ച് ചൊല്ലിയ ഒരു ഭർത്താവിന് ആ യുവതിയെ തിരിച്ചെടുക്കാനാണ്. വിവാഹമെന്ന പേരിൽ അത്തരമൊരു ചടങ്ങിന് ഇരുന്നുകൊടുക്കാൻ അശേഷം താൽപര്യമില്ലാതിരുന്ന ആ ചെറുപ്പക്കാരൻ സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ അത് വേണോയെന്ന് ആവർത്തിച്ചുചോദിച്ചതാണ്. വേണമെന്നു തന്നെ അവർ നിർബന്ധം പിടിച്ചു. പറഞ്ഞൊഴിയാൻ കഴിയാതെ ഖാദിയുടെ കാർമികത്വത്തിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ നികാഹ് കഴിഞ്ഞ് നവവധുവിനൊപ്പം അന്ന് കോഴിക്കോട്ട് കഴിച്ചുകൂട്ടി. പിറ്റേന്ന് നവവരനെകൊണ്ട് മൊഴിചൊല്ലിച്ച് തിരിച്ചെടുക്കാൻ നോക്കിയപ്പോഴേക്കും കഥ ആൻറി ൈക്ലമാക്സിലെത്തി.
തലേന്ന് നടത്തിയ നികാഹ് കേവലം ചടങ്ങിലൊതുക്കേണ്ടെന്ന് തീരുമാനിച്ച പുതുമണവാളൻ മൊഴി ചൊല്ലിക്കൊടുക്കാതെ മണവാട്ടിയെയും കൊണ്ട് നാടുപിടിച്ചിരുന്നു. ഒറ്റയിരുപ്പിൽ മൂന്നും ചൊല്ലിയ മുൻ ഭർത്താവിനെ തെൻറ ജീവിതത്തിലേക്കിനി തിരിച്ച് കൊണ്ടുവരേണ്ടെന്ന് ദൃഢനിശ്ചയം ചെയ്ത ആ യുവതി ഒരു ദിവസത്തേക്ക് വിവാഹം ചെയ്ത യുവാവിെൻറ എന്നന്നേക്കുമുള്ള ജീവിത പങ്കാളിയായി മാറി. മൊഴിചൊല്ലി തരൂ എന്ന് പറഞ്ഞവരോട് താൻ നികാഹ് ചെയ്ത പെണ്ണിനെ ഒഴിവാക്കിത്തരാൻ മനസ്സില്ലെന്നും ജീവിതകാലം മുഴുവൻ അവളെ പോറ്റുമെന്നുമായിരുന്നു പുതിയാപ്പിളയുടെ മറുപടി. മുസ്ലിംകൾക്കിടയിൽ വിവാഹമോചനം വളരെ എളുപ്പമാണെന്ന് പറയുന്നവർ തുടർന്നുള്ള അവരുടെ പുനർവിവാഹവും സമുദായത്തിനകത്ത് ലളിതമായ പ്രക്രിയയാണെന്ന് പലപ്പോഴും കാണാതെ പോകുന്നിടത്താണ് വിഷയമുന്നയിക്കുന്നതിലെ വിവേചനം ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വൈധവ്യം പാപമോ ദുശ്ശകുനമോ ആയി കണ്ട് വൃന്ദാവനങ്ങളിലെ ഭജനാശ്രമങ്ങളിൽ ദൈവസ്തോത്രവും മന്ത്രോച്ചാരണങ്ങളുമായി ശിഷ്ടകാലം കഴിയാൻ വിധിക്കപ്പെട്ടവരല്ല മുസ്ലിം സ്ത്രീകൾ. വിവാഹം വേണമെന്ന് കുടുംബം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ഇവരുടെയൊക്കെ പുനർവിവാഹം നടക്കാറുണ്ട്. അതുപോലെ, ഭാര്യ മരിച്ചുപോയ പുരുഷെൻറ പുനർവിവാഹ കാര്യത്തിലും ഇത്തരം അന്ധവിശ്വാസങ്ങളൊട്ടും വിലങ്ങുതടിയായി നിൽക്കാത്തതും മുസ്ലിം സമുദായത്തിലാണ്. അകാലത്തിൽ മരിക്കുന്ന ജ്യേഷ്ഠസഹോദരങ്ങളുടെ ഭാര്യമാരായ വിധവകളെ അവരുടെ മക്കളോടൊപ്പം ഇരുകൈയും നീട്ടി സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന സ്നേഹ നിധികളായ അനിയന്മാരും മുസ്ലിം സമുദായത്തിലെ വിവാഹ രീതികളുടെ സവിശേഷതയാണ്. തലാഖിനെയും ബഹുഭാര്യത്വത്തെയും മാത്രം മുസ്ലിം വിവാഹ രീതികളിൽനിന്ന് അടർത്തിയെടുത്ത് വിമർശിക്കുന്നവർ മുസ്ലിം സമുദായത്തിൽ പുനർ വിവാഹം അതിലേറെ ലളിതവും വ്യാപകവുമാണെന്ന വസ്തുത മറച്ചുവെക്കുന്നത് അപരാധമാണ്.
രാജുവും സിബലും പഠിപ്പിച്ച മുത്തലാഖ്
ഗുണകാംക്ഷയിൽ മോദിയെ മുത്തലാഖ് പഠിപ്പിക്കാനിറങ്ങിയവരും വിരോധമുള്ള മോദിയെങ്കിലും മുത്തലാഖ് ഒന്ന് നിരോധിച്ചോട്ടെ എന്ന് കരുതുന്നവരും സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചാൽ സമുദായം അതംഗീകരിക്കണമെന്ന് പറയുന്നവരും ഇത്തരമൊരു കേസിെൻറ നാൾവഴിയോ അതിനുപിന്നിലെ അജണ്ടയോ തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് സത്യം. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയുമായ കപിൽ സിബലിനും ജംഇയ്യതുൽ ഉലമായേ ഹിന്ദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രനും മുത്തലാഖ് എന്ന മുഖംമൂടിക്ക് പിന്നിലെ സംഘ്പരിവാർ അജണ്ട കോടതി മുറിയിൽ കടിച്ചുകുടയാൻ കഴിഞ്ഞത്. ഈ കേസ് സുപ്രീംകോടതി തുടങ്ങിയതിെൻറ ഉദ്ദേശ്യശുദ്ധിക്ക് നേരെ പോലും ചോദ്യമുയർത്തി കപിൽ സിബൽ. മുസ്ലിംകളുമായി ഒരു ബന്ധവുമില്ലാത്ത ഹിന്ദു പിന്തുടർച്ചാവകാശ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അനിൽ ആർ ദവെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമെന്ന അതിവിശാലമായ ഒരു തലക്കെട്ടിട്ട് ഇത്തരമൊരു കേസ് സ്വമേധയാ തുടങ്ങിയതിൽ തന്നെ വിവേചനമില്ലേ എന്നായിരുന്നു സിബലിെൻറ കുറിക്കുകൊള്ളുന്ന ചോദ്യം. മുസ്ലിം വനിതകളും ഹരജിക്കാരായുണ്ടല്ലോ എന്ന് ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ പറഞ്ഞുനോക്കിയെങ്കിലും സുപ്രീംകോടതി ആദ്യം സ്വന്തം നിലക്കുണ്ടാക്കിയ ഒരു കേസിലേക്ക് അവർ പിന്നീട് വന്നുചേരുകയായിരുന്നുവെന്ന് സിബൽ തിരിച്ചടിച്ചു. തുടർന്ന് ജൈനമതക്കാരനായ അമിത് ഷായെയും മോദിയുടെ രാമക്ഷേത്ര അജണ്ടകെളയും ലക്ഷ്യമിട്ട് സിബൽ ഉതിർത്ത ചോദ്യങ്ങൾ പലതിനും അഡീഷനൽ സോളിസിറ്റർ ജനറലിനും അറ്റോണി ജനറലിനും മാത്രമല്ല, സുപ്രീംകോടതിക്ക് തന്നെയും മറുപടികളില്ലായിരുന്നു.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അടങ്ങുന്ന ജൈനമത വിശ്വാസികൾ പുണ്യപുരുഷന്മാരായി കരുതുന്ന നൂലിഴ ബന്ധമില്ലാത്ത ദിംഗബർ നഗ്നത മറക്കണമെന്ന ആവശ്യവുമായി നാളെ ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാൽ എന്തു നിലപാടെടുക്കുമെന്നതായിരുന്നു സിബലിെൻറ ഒരു ചോദ്യം. ബി.ജെ.പി സർക്കാർ അധികാരമേറ്റയുടൻ ഹരിയാന നിയമസഭയിൽ നഗ്നനായെത്തി ജൈനമത നേതാവ് സ്ത്രീകളടക്കമുള്ളവർക്ക് മുന്നിൽ പ്രഭാഷണം നടത്തിയത് സുപ്രീംകോടതി ജഡ്ജിമാരൊന്നും മറന്നുകാണില്ല. ശാസ്ത്രീയമായ തെളിവുകളില്ലാതെ രാമൻ ജനിച്ചത് അയോധ്യയിലാണെന്നത് ഹിന്ദുസമുദായത്തിെൻറ വിശ്വാസപരമായ കാര്യമാണെന്ന നിലയിൽ അംഗീകരിക്കുകയാണെങ്കിൽ മുത്തലാഖ് എന്നത് മുസ്ലിം സമുദായത്തിെൻറ വിശ്വാസകാര്യമായെടുക്കാത്തതെന്ത് എന്നായിരുന്നു മറ്റൊരു ചോദ്യം.
ഈ കേസ് ഉണ്ടാക്കിയവരെയും അതിനായി രാജ്യമൊട്ടുക്കും പ്രചണ്ഡമായ പ്രചാരണം നടത്തിയവരെയും പ്രതിരോധത്തിലാക്കിയ ഈ ചോദ്യങ്ങൾക്ക് സുപ്രീംകോടതിക്കും ഉത്തരമില്ലായിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് മേൽ വട്ടമിട്ട കഴുകന്മാരെ കൂടി കോടതിക്ക് മുന്നറിയിപ്പ് നൽകിയാണ് സിബൽ തെൻറ വാദമുഖത്തിന് അന്ത്യംകുറിച്ചത്. ഒന്നാം നമ്പർ കോടതിമുറിക്കകത്ത് അലയടിച്ച ഉത്തരമില്ലാത്ത ഇത്തരം ചോദ്യങ്ങളുടെ ശ്വാസംമുട്ടലിൽ നിന്നാണ് മോദി സർക്കാറിെൻറ വാദം ഉപസംഹരിക്കുന്ന മുത്തലാഖ് ഒരു ഹിന്ദു -മുസ്ലിം പ്രശ്നമല്ലെന്നും ഭൂരിപക്ഷ -ന്യൂനപക്ഷ പ്രശ്നമല്ലെന്നും സ്ഥലകാലബോധമില്ലാത്ത വാദം അറ്റോണി ജനറലിന് ഭരണഘടനാബെഞ്ച് മുമ്പാകെ വെക്കേണ്ടി വന്നത്.
ഈ കേസിന് പിന്നിലെ അജണ്ടയെ കുറിച്ച് മറ്റാരെക്കാളും സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ചിന് മതിയായ ബോധ്യമുണ്ടായിരുന്നുവെന്ന് ഒരാഴ്ച നീണ്ട വാദം കേൾക്കൽ തെളിയിച്ചു. മുസ്ലിംകളുടെ സ്വാതന്ത്ര്യദാഹം എന്ന തലക്കെട്ട് വിചാരണയുടെ ഒന്നാം നാളിൽ കേവലം മുത്തലാഖിലേക്ക് മാത്രം പരിമിതപ്പെടുത്തിയ ബെഞ്ച് തലാഖും, ബഹുഭാര്യത്വവും അനന്തരാവകാശവും പറഞ്ഞ് തങ്ങൾക്ക് മുന്നിലാരും വരേണ്ടെന്ന് തീർത്ത് പറഞ്ഞതോടെ സ്വമേധയാ എടുത്ത കേസിെൻറ അജണ്ടയാണ് തകർന്നുപോയത്. അപ്പോൾ നികാഹ് ഹലാലായോ എന്ന് വേദനയോടെ മോദി സർക്കാറിെൻറ അഭിഭാഷകൻ ചോദിച്ചപ്പോൾ മുത്തലാഖുമായി ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ അതും പരിഗണിക്കൂ എന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറയും ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാെൻറയും മറുപടി.
കോടതി കാണാതിരുന്ന മുത്തലാഖ് വിധികൾ
മുസ്ലിം സമുദായത്തിനുള്ളിലെ കർമശാസ്ത്രപരമായ വൈജാത്യങ്ങളെ അംഗീകരിക്കണമെന്നും മുത്തലാഖ് സാധുവാണെന്ന് വാദിക്കുന്ന ന്യൂനപക്ഷത്തിനുമേൽ ഭൂരിപക്ഷം അംഗങ്ങളുടെ നിലപാട് അടിച്ചേൽപിക്കരുതെന്നുമാണ് ബോർഡ് കൈക്കൊണ്ട നിലപാട്. ആ ന്യൂനപക്ഷത്തെകൂടി ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള സാവകാശമാണ് അവർക്കുവേണ്ടി സിബൽ സുപ്രീംകോടതിയിൽ ചോദിച്ചത്. മുത്തലാഖ് അനുവദിക്കണമെന്നല്ല മുസ്ലിം വ്യക്തിനിയമ ബോർഡിനുവേണ്ടി സിബലും ജംഇയ്യതുലിനുവേണ്ടി രാജുവും വാദിച്ചത്. മുസ്ലിംകളുടെ വിശ്വാസാനുഷ്ഠാനവുമായി ബന്ധപ്പെട്ട വിഷയമെന്ന നിലക്ക് തീരുമാനം ആ സമുദായത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നാണ് ഇരുവരും ബോധിപ്പിച്ചത്. അതുകൊണ്ടാണ്, മുത്തലാഖ് അനുവദിക്കരുതെന്ന വ്യവസ്ഥ നികാഹ്നാമയിൽ വെക്കണമെന്ന നിർദേശത്തെ പോസിറ്റിവായി എടുക്കാമെന്നും മുസ്ലിം വ്യക്തിനിയമ ബോർഡിനെകൊണ്ട് സമ്മതിപ്പിക്കാമെന്നും സിബലും രാജുവും പറഞ്ഞത്.
തങ്ങളെ വിവാഹം കഴിക്കുന്ന പുരുഷന്മാർ മുത്തലാഖ് ചെയ്യരുതെന്ന വ്യവസ്ഥ നികാഹ്നാമയിൽ വെക്കണമെന്ന് സ്ത്രീക്ക് താൽപര്യമുണ്ടെങ്കിൽ മുസ്ലിം വ്യക്തി നിയമ ബോർഡ് അതിനും തയാറാണെന്ന് ഇരുവരും വ്യക്തമാക്കിയതോടെ ഇനിയുമെന്തിന് ഒരു കോടതി ഇടപെടൽ എന്ന ചോദ്യം ബാക്കിയാകുകയാണ്. മുത്തലാഖ് അസാധുവാണെന്ന് ഭൂരിഭാഗം അംഗങ്ങളും വിശ്വസിക്കുന്ന വേദിയാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് എന്ന് സമുദായത്തിലെ പലർക്കുമറിയില്ലെങ്കിലും സിബലിനും രാജുവിനുമറിയാം. അതുകൊണ്ടാണല്ലോ തങ്ങളുടെ കക്ഷികളുടെ ഭാഗം സമുദായത്തിനുള്ളിലെ പണ്ഡിതരെക്കാളും നന്നായി കോടതിയിൽ അവർ അവതരിപ്പിച്ചത്.
മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പഠിച്ച സച്ചാർ കമ്മിറ്റിയുടെ മെംബർ സെക്രട്ടറി ഡോ. അബൂ സാലിഹ് ശരീഫിെൻറ നേതൃത്വത്തിൽ രാജ്യത്തെ മുസ്ലിംകൾക്കിടയിൽ ഏറ്റവുമൊടുവിൽ നടത്തിയ സർവേയുടെ ഫലം സുപ്രീംകോടതി കേസ് പരിഗണിക്കുന്ന വേളയിലാണ് പുറത്തുവന്നത്. ശാസ്ത്രീയമായി നടത്തിയ ഈ സർവേ പ്രകാരം മുസ്ലിംകൾക്കിടയിൽ ഒരു ശതമാനംപോലും തലാഖ് നടക്കുന്നില്ല. മുത്തലാഖ് ആകട്ടെ 0.03 ശതമാനം മാത്രമാണ് നടന്നതായി കണ്ടെത്തിയത്. മുസ്ലിം സമുദായത്തിൽ കേവലം 0.1 ശതമാനത്തിനിടയിൽപോലും നിലവിലില്ലാത്ത, രാജ്യത്തെ നിരവധി കോടതികൾ നേരത്തേതന്നെ അസാധുവാണെന്ന് തീർപ്പുകൽപിച്ച സമ്പ്രദായമാണ് മുത്തലാഖ് എന്നറിയുമ്പോഴാണ് പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് അടക്കമുള്ള അഞ്ച് ന്യായാധിപന്മാർ ഒരാഴ്ച സമയം കളഞ്ഞതെന്തിനായിരുന്നുവെന്ന് ഒരുവേള നാം ആലോചിച്ചുപോകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.