ഏക സിവില്‍കോഡാണോ പ്രശ്നം?

രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഏക സിവില്‍കോഡിന്‍െറ അഭാവമാണെന്ന്് പലരും ധരിച്ചിരിക്കുന്നു. വിവാഹം, അനന്തരാവകാശം തുടങ്ങി വ്യക്തിനിഷ്ഠമായ ചില നിയമങ്ങളൊഴിച്ചാല്‍ രാജ്യത്ത് ഏക സിവില്‍കോഡ്തന്നെയാണുള്ളത്. ഇത് രാജ്യത്തിന്‍െറ നാനാഭാഗത്തും ഒരേ രീതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കണമെന്നാണ് മാര്‍ഗനിര്‍ദേശക തത്ത്വങ്ങളിലുള്ളത്. 44ാമത്തെ നമ്പറായി കൊടുത്ത നിര്‍ദേശത്തില്‍ യൂനിഫോം സിവില്‍കോഡ്  കൊണ്ടുവരാന്‍ വ്യക്തിനിയമങ്ങള്‍ മാറ്റണമെന്ന് പറയുന്നേ ഇല്ല. കാരണം വ്യക്തിനിയമങ്ങള്‍ മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ്. മതം ആചരിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം പൗരനുണ്ട്. ഇതിനെതിരായി ഒരു നിര്‍ദേശം ഭരണഘടനയില്‍ വരുന്ന പ്രശ്നമില്ല. യൂനിഫോം സിവില്‍കോഡിന് ഏക സിവില്‍കോഡ് എന്നര്‍ഥം നല്‍കുന്നതും ശരിയല്ല. ഏക രീതിയിലുള്ള സിവില്‍കോഡ് എന്നാണ് ശരി. യൂനിഫോം സിവില്‍കോഡിനുള്ള ഭരണഘടനയിലെ നിര്‍ദേശം കോടതിയോടല്ല; സ്റ്റേറ്റിനോടാണ്. സ്റ്റേറ്റ് നിയമങ്ങളുണ്ടാക്കുമ്പോള്‍ ഐക്യരൂപം വേണമെന്ന് നിര്‍ദേശിക്കുകയാണ്. അതോടൊപ്പം മൗലികാവകാശങ്ങളെ ഹനിക്കുകയും ചെയ്യരുത്. ഇക്കാരണങ്ങളാല്‍തന്നെ ഇന്ന് ഭരണകൂടങ്ങളും പാര്‍ട്ടിക്കാരും ഹിന്ദുത്വവാദികളും പറഞ്ഞുപേടിപ്പിക്കുന്ന, വിശ്വാസങ്ങള്‍ക്കപ്പുറത്തുള്ള  ഏക സിവില്‍കോഡിന് ഭരണഘടന പ്രകാരം നിലനില്‍പില്ല.

യൂനിഫോം സിവില്‍കോഡിന്‍െറ ലക്ഷ്യം തുല്യനീതി ഉറപ്പിക്കലാണ് എന്ന് മറ്റു നിര്‍ദേശകതത്ത്വങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാവും. വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനാണ് വ്യക്തിനിയമങ്ങള്‍. തുല്യനീതി സംരക്ഷിക്കപ്പെടുന്നില്ളെങ്കില്‍ വ്യക്തിനിയമങ്ങളില്‍ വേണ്ട മാറ്റം വരുത്താന്‍ കോടതികള്‍ക്ക് അവകാശവുമുണ്ട്. അങ്ങനെ വിവാഹമോചനം, ഭാര്യക്കുള്ള ജീവനാംശം, വിവാഹപ്രായം എന്നിവയിലെല്ലാം കാലാകാലങ്ങളില്‍ മാറ്റം വരുത്തിയിട്ടുമുണ്ട്. മുസ്ലിം മുക്ത രാമരാജ്യം സ്ഥാപിക്കാന്‍ ശട്ടംകെട്ടിയ  ഹിന്ദുത്വശക്തികള്‍ പൊതു സിവില്‍കോഡുമായി വരുന്നതിന്‍െറ തട്ടിപ്പ് മനസ്സിലാക്കാവുന്നതേയുള്ളൂ. അല്ളെങ്കില്‍ അവരുദ്ദേശിക്കുന്ന സിവില്‍കോഡിന്‍െറ കരട് രൂപമെങ്കിലും പുറത്തുവിടേണ്ടതായിരുന്നു. ഏകശില രീതിയിലുള്ള ഭരണഘടന ഇന്ത്യയില്‍ നടപ്പാക്കാനാവില്ല എന്ന് ബ്രിട്ടീഷുകാര്‍ വരെ മനസ്സിലാക്കിയതാണ്. വിവിധ മതക്കാര്‍ വസിക്കുന്ന എല്ലാ രാജ്യങ്ങളിലും ഏത് ഭരണകൂടവും വ്യക്തിനിയമങ്ങള്‍ അംഗീകരിക്കുന്നുണ്ട്.

ശരീഅത്ത് നിയമങ്ങള്‍ സ്ത്രീകളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും കൂടിയുള്ളതാണ്. ഈ രണ്ട് വിഭാഗവും പുരുഷനാല്‍ സംരക്ഷിക്കപ്പെടണം എന്നാണ് ശരീഅത്ത് അനുശാസനം. അതിന് ഒരു നിയമവും തടസ്സമായിക്കൂടാ. നിലവിലുള്ള വ്യക്തിനിയമങ്ങളില്‍ പലതും ശരീഅത്തിന്‍െറ അന്ത$സത്ത ഉള്‍ക്കൊള്ളുന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തിനിയമങ്ങള്‍ പരിഷ്കരിച്ച് അവയില്‍ ശരീഅത്ത് ശരിയായ രീതിയില്‍ പ്രതിഷ്ഠിക്കേണ്ടി വരുന്നു. അല്ളെങ്കില്‍ പുതിയ നിയമങ്ങളുണ്ടാക്കി ശരീഅത്തിന്‍െറ ലക്ഷ്യം സാധിക്കേണ്ടി വരും. വ്യക്തിനിയമം ശരീഅത്തല്ല; ശരീഅത്തിലുള്ള പലതിനെയും ശരിയല്ലാത്ത രീതിയില്‍ അതുള്‍ക്കൊള്ളുകയാണ്. ഇതിന് ശരീഅത്ത് ആക്ട് എന്ന പേര് ബ്രിട്ടീഷുകാര്‍ നല്‍കിയതാണ്.  അതിനെ അപ്പടി വിഴുങ്ങാതെ അവയിലെ പിഴവുകള്‍ ശരീഅത്തനുസരിച്ച്  ഭേദഗതി ചെയ്യാനാണ് മുസ്ലിംകള്‍ ശ്രമിക്കേണ്ടത്.

മുസ്ലിം പേഴ്സനല്‍ ലോയുടെ ചരിത്രം
മുസ്ലിംകള്‍ക്ക് വേണ്ടി ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പേഴ്സനല്‍ ലോ പരിശുദ്ധമാക്കപ്പെട്ടതാണെന്നും അത് ശരീഅത്താണെന്നുമൊക്കെ മുസ്ലിംകളും അല്ലാത്തവരും വാദിച്ചുപോരുന്നുണ്ട്. ബ്രിട്ടീഷുകാര്‍ ഇട്ടേച്ചുപോയ ശരീഅത്ത്് ആക്ടാണ് പേഴ്സനല്‍ ലോ. ഇതിന് അവലംബമാക്കിയത് ഹനഫി നിയമഗ്രന്ഥമായ ബുര്‍ഹാനുദ്ദീന്‍ മര്‍ഗിനാനിയുടെ ‘ഹിദായ’യും ഇമാം നവവിയുടെ ശാഫിഈ നിയമഗ്രന്ഥമായ ‘മിന്‍ഹാജുത്ത്വാലിബീനു’മാണ് എന്നും ആക്ട് അവകാശപ്പെടുന്നു. ആദ്യം സര്‍ ഹാമില്‍ട്ടണും പിന്നീട്  സര്‍ മുല്ലാ ദിന്‍ശാ ഫര്‍ദുന്‍ജിയും ‘ഹിദായ’ പരിഭാഷപ്പെടുത്തി.  വില്യം ജോണ്‍സ് തയാറാക്കിയ പേര്‍ഷ്യന്‍ പരിഭാഷയെ അടിസ്ഥാനമാക്കിയാണ് ഹാമില്‍ട്ടണ്‍ വിവര്‍ത്തനം നിര്‍വഹിച്ചത്. ഫ്രഞ്ച് പരിഭാഷയെ അടിസ്ഥാനമാക്കി ബ്രിട്ടീഷുകാരനായ ഹോവാള്‍ഡ് ‘മിന്‍ഹാജുത്ത്വാലിബീന്‍’ ഇംഗ്ളീഷിലാക്കി.

മുസ്ലിം നിയമങ്ങള്‍ ബ്രിട്ടീഷ് നിയമങ്ങളെപ്പോലെ പരിഷ്കൃതമല്ല എന്ന് സ്ഥാപിക്കാന്‍ ഹാമില്‍ട്ടണ്‍ വിവര്‍ത്തനത്തില്‍  വെട്ടലും തിരുത്തലും നടത്തി. ഇസ്ലാമിക നിയമം സംസ്കൃതിക്ക് എതിരാണെന്ന് വിവര്‍ത്തനത്തിന്‍െറ ആമുഖത്തില്‍തന്നെ പ്രസ്താവിച്ച ഹാമില്‍ട്ടണ്‍ വിവര്‍ത്തനം ഗൂഢലക്ഷ്യങ്ങളോടെയാണ് രചിച്ചതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇരുവരും മുസ്ലിംകളല്ളെന്ന് മാതമ്രല്ല, ബ്രിട്ടീഷ് ഭരണത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ കൂടിയായിരുന്നു. മിന്‍ഹാജിന്‍െറ വിവര്‍ത്തകരും ഭിന്നമല്ല. ഈ പരിഭാഷകളെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ നിയമങ്ങളെ ശരീഅത്ത് ആക്ട് എന്ന പേരില്‍ 1937 ഒക്ടോബര്‍ ഏഴിന് അംഗീകരിക്കുകയായിരുന്നു. പിന്നീട് ജഡ്ജിമാരുടെ വിധി പ്രസ്താവങ്ങളും വ്യക്തിനിയമത്തിന്‍െറ ഭാഗമായി. വിവാഹം, അനന്തരാവകാശം, വഖ്ഫ് തുടങ്ങി ഏതാനും കാര്യങ്ങളാണ് വ്യക്തിനിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. ഇതില്‍ വിവാഹപ്രായം, വിവാഹമോചനം, മോചനദ്രവ്യം തുടങ്ങി പല കാര്യങ്ങളിലും പല കാലത്തായി മാറ്റങ്ങളുണ്ടായി. മുസ്ലിം നിയമം അപരിഷ്കൃതമാണെന്ന് വരുത്താന്‍ പല നിര്‍ദേശങ്ങളും വ്യക്തിനിയമങ്ങളില്‍നിന്ന് മന$പൂര്‍വം മാറ്റിനിര്‍ത്തുകയും വ്യക്തിനിയമം പുരുഷകേന്ദ്രിതമാക്കുകയും ചെയ്തു. സ്ത്രീയുടെയും അഗതികളുടെയും കാര്യത്തിലുള്ള ശരീഅത്ത് നിര്‍ദേശങ്ങള്‍ പലതും വെട്ടിമാറ്റി. ഇത് വ്യക്തിനിയമത്തിലെ അപാകമായിതന്നെ കരുതേണ്ടിയിരിക്കുന്നു. ഇവിടെ ശരീഅത്ത് ലക്ഷ്യംവെക്കുന്ന തുല്യനീതിയില്‍ വെള്ളം ചേര്‍ത്തിരിക്കുന്നു. മുസ്ലിം വ്യക്തിനിയമ ബോര്‍ഡോ മുസ്ലിം നേതൃത്വങ്ങളോ ഇക്കാര്യം പറയാത്തതെന്താണ്?  

ഇസ്ലാമിക രാജ്യത്ത് ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ പഴുതുകള്‍ പരിഹരിക്കപ്പെടും. ഇസ്ലാമികമല്ലാത്ത ഭരണകൂടങ്ങള്‍ക്ക് പഴുതുകള്‍ ഇല്ലാതാക്കാന്‍ പ്രത്യേക നിയമങ്ങള്‍ ആവശ്യമാണ്. ഈ നിലയിലാണ് വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് ചെലവിന് കൊടുക്കാന്‍ പ്രത്യേക നിയമങ്ങള്‍ വേണ്ടിവന്നത്. വിവാഹമോചനം, അനന്തരാവകാശം എന്നീ കാര്യങ്ങളില്‍ മുസ്ലിംകള്‍തന്നെ വ്യക്തിനിയമങ്ങളെ ചൂഷണം ചെയ്യുകയും സ്ത്രീകള്‍ക്ക് തുല്യനീതി നല്‍കുന്ന ശരീഅത്ത് നിയമങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നു. പുതിയ സാഹചര്യങ്ങളില്‍ നീതി ലഭിക്കാന്‍ പുതിയ നിയമങ്ങള്‍തന്നെ വേണ്ടിവന്നേക്കും. സ്ത്രീകള്‍ സ്വന്തം ജോലി ചെയ്ത് കുടുംബം പോറ്റുന്നിടത്ത് അവര്‍ക്ക് പുരുഷനെ പോലെ സ്വത്തവകാശം നല്‍കിക്കൂടേ എന്ന് ചോദിക്കുന്നവരുണ്ട്. പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കണം എന്നതുകൊണ്ടാണ് അവന് സ്ത്രീയുടെ ഇരട്ടി സ്വത്ത് നല്‍കുന്നത്. സ്ത്രീക്ക് നീതി ലഭിക്കുന്നില്ളെങ്കില്‍ അവര്‍ക്ക് ആവശ്യമായ വിധം പിതാവിന്‍െറ സ്വത്ത് നല്‍കാന്‍ കോടതിക്ക് നടപടി സ്വീകരിച്ചു കൂടേ? ഇതൊക്കെ മതപണ്ഡിതന്മാര്‍ തീരുമാനിച്ചുകൊടുക്കേണ്ട കാര്യങ്ങളാണ്. അവരാണ്് ശരീഅത്ത് സമഗ്രമായി പഠിച്ചവര്‍. സ്ത്രീയുടെ സംരക്ഷണമാണ് ഇസ്ലാം പ്രഥമമായി കാണുന്നത്.

പെണ്‍കുട്ടികള്‍ മാത്രമുള്ള പിതാവിന്‍െറ സ്വത്ത് മുഴുവന്‍ പെണ്‍കുട്ടിക്ക് ലഭിക്കില്ല. അവളെ സംരക്ഷിക്കാനെന്ന പേരില്‍ ഒരു ഭാഗം പിതൃസഹോദരന്മാര്‍ക്ക് നല്‍കുന്നു. അവര്‍ സംരക്ഷിക്കുന്നില്ളെങ്കില്‍ ആ സ്വത്ത് തിരിച്ചുപിടിച്ച് പെണ്‍കുട്ടിക്ക് നല്‍കാന്‍ നിയമം കൊണ്ടുവന്നുകൂടേ? ഇസ്ലാമിലില്ലാത്ത സ്ത്രീധനം തടയാന്‍ വ്യക്തിനിയമത്തില്‍ ഭേദഗതികള്‍ വരുത്തിക്കൂടേ? പിതാവിരിക്കെ മരിക്കുന്ന മകന്‍െറ മക്കള്‍ക്ക് സ്വത്തില്ലാതെ വിഷമിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവരുടെ സ്വത്തില്‍നിന്ന് ഈ പാവങ്ങളുടെ ജീവിതത്തിനാവശ്യമായ സ്വത്ത് പിടിച്ചുകൊടുക്കാന്‍ നിയമം കൊണ്ടുവന്നു കൂടേ? ശരീഅത്ത് ഏറ്റവും വെറുക്കുന്ന വിവാഹമോചനം ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളും ശരീഅത്ത് നിര്‍ദേശിക്കുന്നുണ്ടല്ളോ? വ്യക്തിനിയമത്തില്‍നിന്ന് അതൊക്കെ അടര്‍ത്തിമാറ്റിയത് ശരീഅത്തിനെ അപമാനിക്കാന്‍ വേണ്ടിതന്നെയാണ്. മുസ്ലിം ഭരണമുള്ള രാജ്യത്ത് പൊതുഖജനാവും മറ്റു നിയമമാര്‍ഗങ്ങളും ഉള്ളതുകൊണ്ട് അവിടെ സ്ത്രീയെ സംരക്ഷിക്കുന്നത് എളുപ്പമാണ്. അറബ് ലോകത്തും തെക്ക്-കിഴക്കന്‍ മുസ്ലിം രാജ്യങ്ങളിലുമൊക്കെ സ്ത്രീക്ക് മാന്യത ലഭിക്കുന്നത് അവിടെ ശരീഅത്തിന്‍െറ തുല്യനീതി യഥാവിധി നടപ്പാക്കുന്നത് കൊണ്ടാണ്. ശരീഅത്തിന്‍െറ ലക്ഷ്യം സാധിച്ചെടുക്കാന്‍ വേണ്ടിവന്നാല്‍ പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരുകയാണ് വേണ്ടത്. വ്യക്തിനിയമത്തിന്‍െറ മറവില്‍ ശരീഅത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിച്ചു കൂടാ.

വ്യക്തിനിയമത്തിലെ അപാകങ്ങള്‍ പല പണ്ഡിതന്മാരും ചൂണ്ടിക്കാട്ടിയിരുന്നു. ഹനഫി പണ്ഡിതനും ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് നേതാവുമായ അസദ് മദനി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മൗലാന മൗദൂദി പറയുന്നതിങ്ങനെ: ‘‘മുഹമ്മദന്‍ ലോ എന്ന പേരില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ബാധകമാക്കിയ നിയമം വാക്കിലും ആശയത്തിലും ഇസ്ലാമിക നിയമത്തില്‍നിന്ന് വളരേ ഭിന്നമാണ്. തകിടം മറിക്കപ്പെട്ട ഈ നിയമത്തിലെ പഴുതുകള്‍ മുസ്ലിം സാമൂഹിക ജീവിതത്തെ വിപരീതമായി ബാധിച്ചിരിക്കുന്നു. മാറ്റിമറിക്കപ്പെട്ട ഈ നിയമങ്ങള്‍മൂലം കഷ്ടപ്പെടാത്ത ഒരു കുടുംബത്തെയെങ്കിലും കണ്ടത്തൊന്‍ പ്രയാസം. അതിനൊക്കെ പുറമേ ഈ നിയമങ്ങള്‍ മുസ്ലിംകളുടെ സല്‍പേരിന് വലിയ നാശം വരുത്തുകയും ചെയ്തിട്ടുണ്ട്’’ (മൗദൂദി-ഹുഖൂഖുസ്സൗജൈന്‍).
drhussaink@gmail.com

Tags:    
News Summary - uniform civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT