ഏക സിവില്‍ കോഡ് വാദവും എതിര്‍പ്പിന്‍െറ മുനകളും

ദേശീയ രാഷ്ട്രീയത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ബി.ജെ.പി കരുത്താര്‍ജിച്ചതോടെ തൊണ്ണൂറു വര്‍ഷമായി ആര്‍.എസ്.എസ് നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഏകീകൃത സിവില്‍ കോഡ് എന്ന സ്വപ്നം പൂവണിയിക്കാന്‍ സമയമായെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ടാവണം. ഒക്ടോബര്‍ ആറിനു കേന്ദ്ര നിയമ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റസ് ബി.എസ്. ചൗഹാന്‍ പൊതുസിവില്‍ കോഡിനെക്കുറിച്ച് വിവിധ സംഘടനകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള വിശാലലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നിലെന്ന് കരുതാനാവില്ല. ലോ കമീഷന്‍ പുറത്തുവിട്ട 16 ചോദ്യാവലികളിലൂടെ കണ്ണോടിച്ചാല്‍ മുന്‍കൂട്ടി തയാറാക്കിയ അജണ്ട നടപ്പാക്കാനുള്ള തന്ത്രത്തിന്‍െറ ഭാഗമാണിതെന്ന് സാമാന്യബുദ്ധി കൊണ്ട് വായിച്ചെടുക്കാം.

ഈ ഉദ്യമത്തിന്‍െറ ആത്യന്തിക ലക്ഷ്യം, ‘ദുര്‍ബലവിഭാഗങ്ങള്‍ നേരിടുന്ന വിവേചനം അഭിമുഖീകരിക്കലും  വൈവിധ്യമാര്‍ന്ന സാംസ്കാരിക ആചാരങ്ങള്‍ സമന്വയിപ്പിക്കലുമാ’ണെന്നു ആമുഖമായി പറയുന്നുണ്ട്. നിര്‍ദിഷ്ട പൊതു കോഡില്‍ ഏതെല്ലാം വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം, മുത്തലാഖും ബഹുഭാര്യത്വവും  നിരോധിക്കേണ്ടതുണ്ടോ, വ്യക്തിനിയമങ്ങളുടെ ക്രോഡീകരണം ലിംഗസമത്വം ഉറപ്പാക്കുമോ, ഏക സിവില്‍ കോഡ് മതസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് എന്തുകൊണ്ടാണ് കരുതുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ മുന്നോട്ടുവെച്ചത്് ജനാധിപത്യപരമായും സുതാര്യമായുമാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്ന പ്രതീതി സൃഷ്ടിക്കാനാണ്. ഒരുഭാഗത്ത് ഇത്തരം നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍  മറുഭാഗത്ത് തങ്ങളുടെ സങ്കല്‍പത്തിലുള്ള പൊതു സിവില്‍ കോഡിനു ആര്‍.എസ്.എസ് ‘മനീഷികള്‍’ രൂപം നല്‍കുന്നുണ്ടാവണം.
 

ഏക സിവില്‍ കോഡിനെ കുറിച്ച പുതിയ സംവാദത്തിനു വഴിതുറന്ന ലോ കമീഷന്‍െറ ചുവടുവെപ്പുകള്‍പോലും ദൂരുഹമാണ്. 18ാം ലോ കമീഷന്‍ പൊതു സിവില്‍ കോഡ് വിഷയത്തില്‍ 2008ല്‍ രണ്ടു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍, യു.പി.എ സര്‍ക്കാര്‍ അതിന്മേല്‍ അടയിരിക്കുകയായിരുന്നുവെന്നുമാണ് മാധ്യമങ്ങളിലൂടെ ആദ്യം പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍, ആ റിപ്പോര്‍ട്ടുകള്‍ എഴുതിയത് താനായിരുന്നുവെന്നും അതില്‍ പൊതു സിവില്‍ കോഡിനെ കുറിച്ച് പരാമര്‍ശിച്ചിട്ടേ ഇല്ളെന്നും കമീഷനില്‍ ഫുള്‍ടൈം അംഗമായിരുന്ന, പ്രശസ്ത നിയമപണ്ഡിതന്‍ ഡോ. താഹിര്‍ മഹ്മൂദ് വിശദീകരിക്കുകയുണ്ടായി (‘ദി ഹിന്ദു; ജൂലൈ 12, 2016).

ഇന്നേവരെ മുസ്ലിം വ്യക്തിനിയമ പരിഷ്കരണമോ ഏക സിവില്‍ കോഡോ ലോ കമീഷനിലേക്ക് റഫര്‍ ചെയ്യപ്പെട്ടിട്ടില്ല.  44ാം ഖണ്ഡികയില്‍ ‘രാജ്യത്തുടനീളം ഏകരൂപമായ സിവില്‍ നിയമം പ്രാപ്തമാക്കാന്‍ സ്റ്റേറ്റ് പരിശ്രമിക്കും’ എന്ന് പറയുന്നതിനര്‍ഥം വിവിധ വ്യക്തിനിയമങ്ങളെ തച്ചുടച്ചോ നിര്‍മാര്‍ജനം ചെയ്തോ പാര്‍ലമെന്‍റ് പൊതു സിവില്‍ കോഡിനായി നിയമനിര്‍മാണം നടത്തണമെന്നല്ളെന്നും താഹിര്‍ മഹ്മൂദ് ചൂണ്ടിക്കാട്ടുന്നു.  മോദിസര്‍ക്കാറിന്‍െറ ഇപ്പോഴത്തെ കരുനീക്കങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ ഹിന്ദുത്വ അജണ്ടയുണ്ട്. ഏകീകൃത ഹിന്ദു ദേശീയതയാണ് ആത്യന്തികലക്ഷ്യം. തങ്ങളുടെ സ്വപ്നത്തിലുള്ള ഹിന്ദുരാഷ്ട്രനിര്‍മിതിക്ക് ഇത് അനുപേക്ഷണീയമാണെന്ന് സംഘ്പരിവാര്‍  കണക്കുകൂട്ടുന്നു.  രവിശങ്കര്‍ പ്രസാദ് നേതൃത്വം കൊടുക്കുന്ന കേന്ദ്രനിയമമന്ത്രാലയം ദേശീയ നിയമ കമീഷനു അയച്ച കുറിപ്പില്‍, മുസ്ലിംകളുടെ ‘വേറിട്ടുനില്‍ക്കല്‍ മന$സ്ഥിതിയും യാഥാസ്ഥിതികത്വവും വ്യക്തിനിയമങ്ങളെ കുറിച്ചുള്ള തെറ്റായ ധാരണ’യുമാണ് ഏക  സിവില്‍ കോഡിന്‍െറ വഴിയില്‍ കടമ്പയായി നില്‍ക്കുന്നതെന്ന് എടുത്തുപറയുന്നുണ്ട്.

മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം

വ്യക്തിനിയമം തൊട്ടുള്ള ഏത് കളിയും മതസ്വാതന്ത്ര്യത്തെയും തദ്വാരാ മതേതരക്രമത്തെയും അപായപ്പെടുത്തുമെന്നു അറിയാത്തവരല്ല്ള ജസ്റ്റിസ് ചൗഹാന്‍ അടക്കമുള്ള ലോ കമീഷന്‍ അംഗങ്ങള്‍.  മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടാണെന്നും അതിനു പോറലേല്‍പിക്കാന്‍ അനുവദിക്കില്ളെന്നും സുപ്രീംകോടതി പലവുരു മുന്നറിയിപ്പ് നല്‍കിയതാണ്. എട്ട് മതവിഭാഗങ്ങള്‍ ജീവിക്കുന്ന നാടാണ് നമ്മുടേത്്. ജനനം മുതല്‍ മരണം വരെ ഓരോ മനുഷ്യന്‍െറയും ജീവിതനിമിഷങ്ങളെ നിയന്ത്രിക്കുന്നത് അവന്‍െറ വിശ്വാസവും നാട്ടാചാരങ്ങളും പൈതൃകങ്ങളുമാണ് . മതേതരത്വത്തിന്‍െറ അടിസ്ഥാന സ്വഭാവവിശേഷമാണ് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം.

ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്കാരികവുമായ സംരക്ഷണം നിരാകരിക്കപ്പെടുന്നിടത്താണ് ഭൂരിപക്ഷാധിപത്യം ഉടലെടുക്കുന്നത്. അവിടെനിന്ന് ഫാഷിസത്തിലേക്കുള്ള ദൂരം വളരെ കുറവാണ്.  1954ല്‍ ജസ്റ്റിസ് എം.സി ചഗ്ള നേതൃത്വം നല്‍കിയ ബോംബെ ഹൈകോടതി ബെഞ്ചിന്‍െറ മുമ്പാകെ ഹിന്ദു ദൈ്വഭാര്യത്വനിരോധ നിയമത്തിനെതിരായ കേസ് പരിഗണനക്ക് വന്നപ്പോള്‍  വ്യക്തിനിയമങ്ങളുടെ സാധുത കീറിമുറിച്ച് പരിശോധിക്കുകയുണ്ടായി. ഭരണഘടനയുടെ 13 (1) അനുച്ഛേദത്തില്‍ പറയുന്ന ‘നിലവിലെ നിയമം’ എന്ന ഗണത്തില്‍ വ്യക്തിനിയമങ്ങള്‍ ഉള്‍പ്പെടുമോ എന്നതായിരുന്നു കാതലായ ചോദ്യം. വ്യക്തിനിയമങ്ങളെ ഭരണഘടന അംഗീകരിക്കുന്നുണ്ടെന്നും അവ ബന്ധപ്പെട്ട സമുദായത്തിന്‍െറ വേദങ്ങളുമായും നാട്ടാചാരങ്ങളുമായും കെട്ടിപ്പിണഞ്ഞുകിടക്കുകയാണെന്നും കോടതി ഗഹനമായി സമര്‍ഥിച്ചു.

ഹൈന്ദവര്‍ക്ക് ബാധകമായ ഒരു നിയമം മുസ്ലിംകള്‍ക്ക് ബാധകമല്ലാതെ വരുന്നത് മതത്തിന്‍െറ പേരിലുള്ള വിവേചനമല്ളെന്നും തുല്യത ഉദ്ഘോഷിക്കുന്ന 14, 15 ഖണ്ഡികകള്‍ക്ക് വിരുദ്ധമല്ളെന്നും ‘അള്‍ട്രാസെക്കുലറായ’  എം.സി. ചഗ്ള തീര്‍പ്പുകല്‍പിച്ചത് സുപ്രീംകോടതിയില്‍ ഇന്നേവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അതുപോലെ, 1937ലെ മുസ്ലിം വ്യക്തിനിയമത്തിന്‍െറ കര്‍മവ്യാപ്തി വിവരിച്ചുകൊണ്ട് മുഹമ്മദ് യൂനുസ് അഭി സയ്യിദുന്നിസ കേസില്‍ ജസ്റ്റിസ് ഷാ നടത്തിയ നിരീക്ഷണം സുപ്രീംകോടതി രേഖയില്‍ മായാതെ കിടപ്പുണ്ട്. ‘അനന്തരാവകാശം, സ്ത്രീകളുടെ പ്രത്യേക സ്വത്ത് (അനന്തരമായി കിട്ടിയ വ്യക്തിഗത സ്വത്ത്, കരാര്‍ പ്രകാരമോ ദാനമായോ അതുമല്ളെങ്കില്‍ വ്യക്തിനിയമത്തിന്‍െറ ഏതെങ്കിലും വ്യവസ്ഥയനുസരിച്ചോ കിട്ടിയതടക്കം) വിവാഹം; ത്വലാഖ്, ലീആന്‍, ളിഹാര്‍, ഖുല്‍അ്, മുബാറഅത്ത് എന്നിവയടക്കമുള്ള വിവാഹമോചനം, ജീവനാംശം, രക്ഷാകര്‍തൃത്വം, സമ്മാനം, ട്രസ്റ്റ്, ട്രസ്റ്റ് സ്വത്ത്, വഖഫ് എന്നീ വിഷയങ്ങളില്‍ കക്ഷികള്‍ മുസ്ലിംകളാണെങ്കില്‍ മുസ്ലിം വ്യക്തിനിയമത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും തീര്‍പ്പ്’.
 
അതിരുകടന്ന വാചാടോപങ്ങള്‍

ഏകീകൃത സിവില്‍ കോഡിനു വേണ്ടി ശക്തമായി വാദിച്ച സര്‍ള മുദുഗല്‍ കേസിന്‍െറ വസ്തുതകളിലേക്ക് ഇറങ്ങിച്ചെന്നാല്‍ ജഡ്ജിമാര്‍ എത്ര ഉപരിപ്ളവമായാണ് കാര്യങ്ങളെ സമീപിക്കുന്നതെന്ന് വ്യക്തമാവും. ഒരു ഹിന്ദു യുവാവ് മുസ്ലിം സ്ത്രീയെ പ്രേമിച്ചതാണ് കേസിന്‍െറ തുടക്കം. ആദ്യഭാര്യ വിവാഹത്തിനു കടമ്പയായി നിന്നു. യുവാവ് ഇസ്ലാം മതം സ്വീകരിച്ച് പ്രണയസാഫല്യം നേടി. ആദ്യഭാര്യ വിട്ടുകൊടുത്തില്ല. അവര്‍ സുപ്രീംകോടതിവരെ എത്തി. ഹിന്ദു ആചാരപ്രകാരം നടത്തിയ ആദ്യവിവാഹം ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കുമെന്നും രണ്ടാം വിവാഹം നിയമവിരുദ്ധമാകയാല്‍ ബഹുഭാര്യത്വത്തിനു കേസെടുക്കണമെന്നും ജസ്റ്റിസ് കുല്‍ദീപ് സിങ്ങും ജ. ആര്‍.എം സഹായിയുമടങ്ങുന്ന ബെഞ്ച് വിധിച്ചു. എന്നാല്‍, രസാവഹമായ വശം, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ മതംമാറി കല്യാണം കഴിക്കാന്‍ അവസരം ഉണ്ടായതെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ ദിശയില്‍ നിയമനിര്‍മാണം നടത്തണമെന്നും കോടതി നിലവിളി കൂട്ടി.

പത്രങ്ങള്‍ക്ക് അത് ‘ലീഡ് സ്റ്റോറി’ ആയി.. വിധിന്യായത്തില്‍ ജ. കുല്‍ദീപ് സിങ് ഇത്രത്തോളം പറഞ്ഞു: ‘വിഭജനത്തിനു ശേഷവും ഇന്ത്യയില്‍ ജീവിക്കാന്‍ തീരുമാനിച്ചവര്‍ക്ക് ഒരുകാര്യം നന്നായി അറിയാം; ദ്വിരാഷ്ട്ര-ത്രിരാഷ്ട്ര സിദ്ധാന്തത്തില്‍ വിശ്വസിക്കാത്തവരാണ് ഇന്ത്യയിലെ നേതാക്കള്‍.’ മുസ്ലിം വ്യക്തിനിയമത്തിന്‍ കീഴില്‍ ജീവിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പാകിസ്താനിലേക്ക് പോകാമെന്ന് ചുരുക്കം. ജോണ്‍ വല്ലമറ്റം കേസില്‍ ജസ്റ്റീസ് ഖരെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചും പൊതു സിവില്‍ കോഡ് വിധിന്യായത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരുകയായിരുന്നു. അദ്ദേഹം വിലപിച്ചത് ഇങ്ങനെ: 44ാം ഖണ്ഡിക ഇതുവരെ പ്രയോഗവത്കരിക്കാന്‍ സാധിക്കാത്തത് ഖേദകരമാണ്. രാജ്യത്തിനു ഒരു പൊതു സിവില്‍ കോഡ് രൂപപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പുകള്‍ പാര്‍ലമെന്‍റ് ഇനിയും എടുക്കാനിരിക്കുന്നേയുള്ളൂ.

ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈരുധ്യങ്ങള്‍ ഇല്ലാതാക്കുന്നതോടെ പൊതു സിവില്‍ കോഡ് ദേശീയോദ്ഗ്രഥനത്തിന്‍െറ വഴിയില്‍ സഹായകമാവും’. പ്രമാദമായ ഷാബാനു ബീഗം കേസില്‍ ജസ്റ്റിസ് വൈ. ചന്ദ്രചൂഡിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച്, വിവാഹമുക്തക്ക് ക്രിമിനല്‍ നടപടിചട്ടം 125ാം വകുപ്പ് അനുസരിച്ച് ജീവനാംശത്തിനു അര്‍ഹതയുണ്ട് എന്ന് വിധിച്ചതിനപ്പുറം ഏക സിവില്‍ കോഡിനു വേണ്ടി ശക്തമായി വാദിച്ചതാണ് മുസ്ലിം നേതാക്കളെ പ്രകോപിപ്പിച്ചത്. ‘ഭരണഘടനയുടെ 44ാം ഖണ്ഡിക മൃതാക്ഷരങ്ങളായി നിലനില്‍ക്കുകയാണിന്നും.  പൊതു സിവില്‍ കോഡ്  രൂപവത്കരിക്കുന്നതിനു ഒൗദ്യോഗിക നീക്കങ്ങള്‍ ആരംഭിച്ചതിന്‍െറ ലക്ഷണമൊന്നും കാണാനില്ല. വിരുദ്ധങ്ങളായ പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയമങ്ങളോടുള്ള വിഭിന്നമായ കൂറ് ഇല്ലാതാക്കുന്നതോടെ പൊതു സിവില്‍ കോഡ് ദേശീയോദ്ഗ്രഥനത്തിനു സഹായകമാവും. പൊതു സിവില്‍ കോഡ് രൂപപ്പെടുത്താനുള്ള ബാധ്യത രാഷ്ട്രത്തിന്‍േറതാണ്.  നിയമനിര്‍മാണം വഴി അത് സാധ്യമാക്കാന്‍ രാഷ്ട്രത്തിനു അധികാരമുണ്ടുതാനും.

ഭരണഘടനക്ക് വല്ല അര്‍ഥവുമുണ്ടെങ്കില്‍ ഈ ദിശയില്‍ ചില തുടക്കങ്ങള്‍ ഉണ്ടായേ പറ്റൂ. പരിഷ്കര്‍ത്താവിന്‍െറ റോള്‍ കോടതികള്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.’ ഫെമിനിസ്റ്റായി ഡാനിയല്‍ ലത്തീഫി ചോദിച്ചതുപോലെ, നിയമം വ്യാഖ്യാനിക്കാനല്ലാതെ, പരിഷ്കര്‍ത്താവിന്‍െറ ഉത്തരീയമണിയാന്‍ കോടതിക്ക് ആരാണ് അധികാരം നല്‍കിയത്?
(തുടരും)

Tags:    
News Summary - uniform civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT