1937ലാണ് കേരളത്തിലെ ആദ്യസർവകലാശാലയായി കേരള സർവകലാശാല സ്ഥാപിക്കപ്പെട്ടത്. അന്നുമുതൽ കഴിഞ്ഞ അധ്യയനവർഷം വരെ 83 വർഷങ്ങളിലായി 150 ൽപരം പ്രഫസർമാരെ സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ നേരിട്ട് നിയമിച്ചു. ഇതിൽ ഒന്നുപോലും സംവരണവിഭാഗങ്ങൾക്ക് ലഭിച്ചില്ല എന്നോർക്കുേമ്പാൾ ഈ വിഭാഗം നേരിടുന്ന അവഗണന മനസ്സിലാക്കാവുന്നതാണ്. പലപ്പോഴും അർഹതപ്പെട്ട സംവരണം അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഈ നഗ്നമായ അട്ടിമറിയുടെ അവസാന ഉദാഹരണമായിരുന്നു കേരള സർവകലാശാലയിൽ ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിൽ നടന്ന പ്രഫസർ നിയമനം. 2002ൽ സർവകലാശാല പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പ്രകാരം പ്രസ്തുത പ്രഫസർ തസ്തിക ഈഴവ സമുദായത്തിന് സംവരണം ചെയ്യപ്പെട്ടതായിരുന്നു. ഈ സംവരണത്തെ അന്ന് സർവകലാശാല അധ്യാപകനായിരുന്ന ഡോ. വി.പി. മഹാദേവൻ പിള്ള ഹൈകോടതിയിൽ േചാദ്യംചെയ്യുകയും [WP (C )10527 / 2004 (C )] തുടർന്ന് പ്രസ്തുത ഒഴിവിലെ സംവരണം ഹൈകോടതി സിംഗിൾ ബെഞ്ച് റദ്ദുചെയ്യുകയുമുണ്ടായി. സിംഗിൾ പോസ്റ്റുകൾക്ക് സംവരണമില്ലെന്ന ന്യായം പറഞ്ഞായിരുന്നു ഈ വിധി. പ്രസ്തുത വിധി നിലവിലുള്ള സംവരണ വ്യവസ്ഥക്ക് വിരുദ്ധമായതിനാൽ ന്യായമായും സർവകലാശാല ആ വിധിയെ ഡിവിഷൻ ബെഞ്ചിൽ ചോദ്യം ചെയ്യേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല. പകരം പ്രസ്തുത വിധി അംഗീകരിച്ചുകൊണ്ട് ആ ഒഴിവ് 'ഓപൺ' ആയി ധിറുതിപിടിച്ചു പുനഃപ്രസിദ്ധീകരിക്കുകയും ഡോ. മഹാദേവൻപിള്ളയെ ആ ഒഴിവിൽ പ്രഫസറായി നിയമിക്കുകയും ചെയ്തു.
ഈ വിധി മറയാക്കി റീഡർ, ലക്ചറർ തസ്തികകളിലേക്കും 'ഒറ്റത്തസ്തിക' മാനദണ്ഡം വ്യാപിപ്പിച്ച് സംവരണവിഭാഗങ്ങൾക്ക് നീക്കിവെച്ച ഒഴിവുകൾ പുനഃക്രമീകരിക്കുകയും അവ 'ഓപൺ' ആക്കി 2012ൽ കേരള സർവകലാശാല പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും ചെയ്തു. ഈ നോട്ടിഫിക്കേഷനിലെ സംവരണ അട്ടിമറി മനസ്സിലാക്കിയതിനെതുടർന്ന് അന്ന് അവിടെ സിൻഡിക്കേറ്റ് അംഗമായിരുന്ന ഇൗ ലേഖകൻ അപാകതകൾ ചൂണ്ടിക്കാട്ടി സർവകലാശാല വൈസ്ചാൻസലർക്കും സർക്കാറിനും കത്ത് നൽകി. തുടർന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം അവതരിപ്പിച്ച് തുടർനടപടികൾ കൈക്കൊണ്ടു. കേരള സർവകലാശാലയുടെ നീതിനിഷേധത്തിനെതിരെ പരസ്യമായി രംഗത്തുവന്നത് അന്ന് പരക്കെ ചർച്ചാവിഷയമായതാണ്. ഇതിനെത്തുടർന്ന് ഉമ്മൻചാണ്ടിയുടെ യു.ഡി.ഫ് സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും മേൽ വിവരിച്ച നോട്ടിഫിക്കേഷൻ പ്രകാരമുള്ള തുടർനടപടികൾ നിർത്തിെവക്കാൻ സർവകലാശാലയോട് ആവശ്യപ്പെടുകയും ചെയ്തു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബിെൻറ ശക്തമായ നിലപാടായിരുന്നു കാര്യങ്ങൾ വേഗത്തിലാക്കിയത് എന്നതും ഓർക്കുന്നു. തുടർന്ന് 2013 ഫെബ്രുവരിയിൽ കൂടിയ സിൻഡിക്കേറ്റ് യോഗം നിയമനങ്ങളിലെ സംവരണം ഫലപ്രദമായി നടത്താൻ സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി.
ഇതിനെ തുടർന്ന് സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായ നടപടികളുടെ ഭാഗമായി കേരളത്തിലെ വിവിധ സർവകലാശാലകളുടെ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസ് 2013 സെപ്റ്റംബറിൽ തന്നെ നിലവിൽ വരുകയും ചെയ്തു.
അതിെൻറ അടിസ്ഥാനത്തിലുള്ള നിയമഭേദഗതി 2014 ജൂലൈയിൽ നിലവിൽവന്നു. ഈ നിയമഭേദഗതി പ്രകാരം സർവകലാശാല അധ്യാപക തസ്തിക മൂന്ന് കാറ്റഗറി -പ്രഫസർ /റീഡർ /ലക്ചറർ -ആയി തരംതിരിച്ചുവേണം നടത്തേണ്ടതെന്നും, ആയതിലേക്കു ഒഴിവുകൾ ഒന്നിച്ചു കണക്കാക്കി തരംതിരിച്ച ശേഷം 1958ലെ കേരള സംസ്ഥാന സബോർഡിനേറ്റ് സർവിസ് റൂൾസ് അടിസ്ഥാനത്തിലുള്ള സംവരണമാനദണ്ഡങ്ങൾ പരിപാലിച്ചു കൊണ്ടുവേണം നിയമനങ്ങൾ നടത്തേണ്ടതെന്നും നിഷ്കർഷിച്ചു.
ഈ നിയമത്തിെൻറ അടിസ്ഥാനത്തിൽ അധ്യാപക നിയമനചട്ടങ്ങൾ കേരളത്തിലെ എല്ലാ സർവകലാശാലകളും പുതുക്കി നിശ്ചയിച്ചു. കേരള സർവകലാശാലയിൽ 27.10.2017ൽ പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം പുതിയ നിയമനചട്ടങ്ങൾക്ക് രൂപംകൊടുത്തു. പ്രസ്തുത സമ്പ്രദായപ്രകാരം എല്ലാ പഠനവകുപ്പുകളിലെയും മൊത്തം ഒഴിവുകൾ മൂന്നു വിഭാഗങ്ങളിലായി -പ്രഫസർ/ അസോസിയേറ്റ് പ്രഫസർ/ അസിസ്റ്റൻറ് പ്രഫസർ - തരംതിരിക്കും. ഒഴിവുകൾ കാലക്രമത്തിനനുസരണമായി വേണം കണക്കാക്കാൻ. ഒരേ വിഭാഗത്തിൽ ഒന്നിലധികം ഒഴിവുകൾ ഒരു ദിവസം വന്നാൽ പ്രസ്തുത ഒഴിവുകൾ ബന്ധപ്പെട്ട വകുപ്പുകളുടെ അക്ഷരമാല ക്രമത്തിൽ കണക്കാക്കണം. ഒഴിവുകൾ പ്രസിദ്ധീകരിക്കുമ്പോൾ അവയുടെ സ്വഭാവം വ്യക്തമാക്കണമെന്നും ചട്ടം നിഷ്കർഷിക്കുന്നു.
ഇതിൻപ്രകാരം കേരള സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ കണക്കാക്കി 2017 നവംബറിൽ തന്നെ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആകെ 105 അധ്യാപക ഒഴിവുകൾ. അവയിലുള്ള 30 പ്രഫസർ തസ്തികകളിൽ 17 എണ്ണം വിവിധ വകുപ്പുകളിലായി സംവരണവിഭാഗങ്ങൾക്ക് നീക്കി വെച്ചിട്ടുള്ളതും. പക്ഷേ പ്രസ്തുത ഒഴിവുകളിലേക്ക് നിയമനം നടത്താൻ 2020 ലാണ് സാധ്യമായത്.
ഇതിനെല്ലാമുപരി കേരള സർവകലാശാലയുടെ 83 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇവിടത്തെ വിവിധ പഠനവകുപ്പുകളിലായി സംവരണവിഭാഗത്തിൽപ്പെട്ട 17 പേർ നേരിട്ട് പ്രഫസർ പദവിയിൽ നിയമനം ലഭിച്ചെന്ന് അറിയുമ്പോഴുണ്ടാകുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ അനീതി പരിഹരിക്കുന്നതിലേക്കായി ശക്തമായ പിന്തുണ നൽകിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പാള്ളി നടേശെൻറ ഫലപ്രദമായ ഇടപെടലും 'മാധ്യമം', 'കേരള കൗമുദി' ഉൾപ്പടെ പത്രമാധ്യമങ്ങളുടെ നിലപാടുകളുമാണ് സംവരണ വ്യവസ്ഥ ഫലപ്രദമായ രീതിയിൽ നടപ്പിൽ വരുത്താൻ സഹായിച്ചത് എന്നതും സാന്ദർഭികമായി സ്മരിക്കുന്നു.
(കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതി
എക്സിക്യൂട്ടിവ് കൗൺസിൽ അംഗമായിരുന്നു
ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.