ഒബാമ വിട ചൊല്ലുമ്പോള്‍ വേദനയുണ്ട്

ചരിത്രത്തില്‍ ബറാക് ഹുസൈന്‍ ഒബാമയുടെ ഇടം എന്തായിരിക്കും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം, 2008 നവംബര്‍ അഞ്ചിന് 52.3 ശതമാനം ജനങ്ങളുടെ പിന്തുണയോടെ അമേരിക്കയുടെ നാല്‍പത്തി നാലാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ ചരിത്രത്തിലേക്ക് അദ്ദേഹം ഓടിക്കയറിയിരുന്നു; 221 വര്‍ഷം വെള്ളക്കാര്‍ മാത്രം കുടിയേറിയ വെള്ളക്കൊട്ടാരത്തില്‍ എത്തുന്ന  പ്രഥമ ആഫ്രിക്കന്‍ വംശജന്‍ എന്ന പ്രത്യേകതയുമായി. രാഷ്ട്രീയവും വംശീയവുമായ എണ്ണമറ്റ അന്ധവിശ്വാസങ്ങളെ തകര്‍ത്താണ് ‘പ്രതീക്ഷയുടെ ചങ്കൂറ്റത്തില്‍’ അദ്ദേഹം അധികാരം പിടിച്ചെടുത്തത്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മാല്‍ക്കം എക്സുമൊക്കെ കറുത്തവര്‍ഗത്തിന് കാട്ടിക്കൊടുത്ത ശാക്തീകരണത്തിന്‍െറ പാതയിലൂടെയുള്ള പ്രയാണം ഇങ്ങനെയൊരു ‘പുതിയ സൂര്യോദയ’ത്തിന് നിദാനമാകുമെന്ന് സ്വപ്നേപി ആരും നിനച്ചുകാണില്ല. ജോര്‍ജ് ഡബ്ള്യു. ബുഷിന്‍െറ എട്ടു വര്‍ഷത്തെ റിപ്പബ്ളിക്കന്‍ ഭരണം സമ്മാനിച്ച യുദ്ധങ്ങള്‍ക്കും കെടുതികള്‍ക്കും പേക്കിനാക്കള്‍ക്കും അറുതിവരണമേ എന്ന് ലോകം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ആഫ്രോ-അമേരിക്കന്‍ പ്രതിനിധി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി 2007 ഫെബ്രുവരി 10ന് രംഗപ്രവേശനം ചെയ്യുന്നത്.

ഇലനോയിലെ സ്പ്രിങ്ഫീല്‍ഡില്‍ യു.എസ് പൗരന്മാരെ അഭിസംബോധന ചെയ്ത് അന്നദ്ദേഹം പറഞ്ഞതിങ്ങനെ: ‘‘യുദ്ധമുഖത്ത് നിങ്ങള്‍ വിശ്വസിക്കുന്നു സമാധാനം ഉണ്ടാക്കാമെന്ന്. നിരാശയെ നേരിടുമ്പോഴും നിങ്ങള്‍ വിശ്വസിക്കുന്നു പ്രതീക്ഷകള്‍ അങ്കുരിപ്പിക്കാമെന്ന്.’’ സെപ്റ്റംബര്‍ 11നുശേഷം ജോര്‍ജ് ബുഷ് -ടോണി ബ്ളെയര്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഏകധ്രുവ ലോകം വാരിവിതറിയ ക്രൂരതകള്‍ കണ്ട് ലോകം അന്ധാളിച്ചുനിന്ന ചരിത്രനാല്‍ക്കവലയിലാണ് മാറ്റം സാധ്യമാണ് എന്ന മുദ്രാവാക്യം മുഴക്കി ഒബാമ കടന്നുവരുന്നത്. 2008 നവംബര്‍ ആറിന്‍െറ രാവില്‍ തന്‍െറ വിജയം ആഘോഷിക്കാന്‍ ഷികാഗോവില്‍  തടിച്ചുകൂടിയ ലക്ഷങ്ങളെ സാക്ഷിനിര്‍ത്തി അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞതും ദുരന്തപൂരിതമായ ലോകപരിസരത്തിന്‍െറ കാളിമയെക്കുറിച്ചാണ്. ‘‘ഈ രാത്രി ആഘോഷത്തില്‍ മുഴുകുമ്പോഴും നാളെയുടെ പ്രതിസന്ധികളെ പറ്റി നാം ബോധവാന്മാരാണ്. രണ്ടു യുദ്ധങ്ങള്‍, അപകടത്തിലായ ഭൂമിയും പ്രകൃതിയും. ചരിത്രത്തിലെ രൂക്ഷമായ ധനപ്രതിസന്ധി. ഇത് നമ്മുടെ ജീവിതകാലത്തെകൂടി പ്രതിസന്ധിയാണ്’’.

അഫ്ഗാനിസ്താനിലും  ഇറാഖിലും ഭീകരവിരുദ്ധ യുദ്ധത്തിന്‍െറ പേരില്‍ തുറന്നിട്ട കാട്ടാളത്തം കണ്ട് ഞെട്ടിത്തരിച്ചുനില്‍ക്കുകയായിരുന്ന ലോകം കരുതി, ഉടന്‍ സമാധാനം പുലരുമെന്ന്. ഭീകരവാദത്തിന് അറുതിവരുത്താന്‍ ഒബാമക്ക് സാധിക്കുമെന്നും. ആ സ്വപ്നം സഫലീകരിച്ചില്ല. എന്നല്ല, ഇറാഖില്‍ അമേരിക്ക യുദ്ധം നിര്‍ത്തിയെങ്കിലും, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളും അവരെ നേരിടാനെന്ന പേരില്‍ മറ്റുള്ളവരും എണ്ണമറ്റ യുദ്ധമുഖങ്ങള്‍ തുറന്നു. സ്വയം കൃതാനര്‍ഥങ്ങളുടെ ശമ്പളം കൊടുത്തുതീര്‍ക്കുന്നതാണ് പിന്നീട് കണ്ടത്. ഇറാഖില്‍ മാത്രമല്ല, ഒബാമ ഭരിച്ച ‘സമാധാനകാലത്ത്’ അഞ്ച് അറബ് രാജ്യങ്ങളാണ് ത്രികോണ, അല്ളെങ്കില്‍ ചതുഷ്കോണ യുദ്ധങ്ങള്‍മൂലം കത്തിച്ചാമ്പലായത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന അത്യപൂര്‍വ തീവ്രവാദി സംഘത്തെ കുടത്തില്‍നിന്ന് പുറത്തേക്കുവിട്ട ആഗോളസാഹചര്യം ആരുടെ സൃഷ്ടിയാണെന്ന് അന്വേഷിച്ചുപോകേണ്ടതില്ല. വൈറ്റ് ഹൗസിന്‍െറ പിഴച്ച പശ്ചിമേഷ്യന്‍ നയം, അല്ളെങ്കില്‍ ഒബാമയുടെ ഉറച്ച തീരുമാനമെടുക്കാനുള്ള ശേഷിക്കുറവ് ഒരു യുദ്ധത്തിനുപകരം അനേകം യുദ്ധങ്ങളെ പെറ്റുകൂട്ടി.

മൂസിലിലും അലപ്പോയിലും കുരിശുയുദ്ധകാലഘട്ടത്തിലെ കൈരാതങ്ങളിലേക്ക് തിരിച്ചുപോയി. ധ്രുവക്കരടികള്‍ അര്‍മാനി കുപ്പായമിട്ട് ഇറങ്ങിവന്ന് അഭിനവ താര്‍ത്താരികളായി കൂട്ടമരണം വിതച്ചപ്പോള്‍ ഐലന്‍ കുര്‍ദി എന്ന പിഞ്ചുപൈതലിന് തുര്‍ക്കി കടലോരത്ത് ചെന്ന് ജീവാഹുതി നടത്തേണ്ടിവന്നു. ആധുനിക ലോകചരിത്രത്തിലെ ഏറ്റവും രൂക്ഷതരമായ അഭയാര്‍ഥി പ്രവാഹം ദേശാതിരുകള്‍ ഭേദിച്ച് പരന്നൊഴുകിയതോടെ, മനുഷ്യവിരുദ്ധ, കുടിയേറ്റവിരുദ്ധ പ്രത്യയശാസ്ത്രങ്ങളും കൂട്ടായ്മകളും പിറന്നുവീണു. തീവ്ര വലതുപക്ഷം എന്നത് പരിഷ്കൃതലോകത്തിന്‍െറ തുറന്നിട്ടമുഖമായി. പകര്‍ച്ചവ്യാധികള്‍പോലെ മനുഷ്യനിരാസ സങ്കല്‍പങ്ങളും ആശയസംഹിതകളും ഉതിര്‍ന്നുവീണു. ഇസ്ലാമോഫോബിയ നാട്ടുനടപ്പായി. ‘പോസ്റ്റ് ട്രൂത്ത് ’ അവ പ്രസാരണം ചെയ്യാനുള്ള ആയുധവാഹിനികളായി.

എന്നിട്ടും ജനുവരി 10ന് ഷികാഗോവില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ അവകാശപ്പെട്ടു; നമ്മള്‍ തുടങ്ങിയപ്പോഴുള്ള അമേരിക്കയെക്കാള്‍ മെച്ചപ്പെട്ടതും ശക്തിയാര്‍ജിച്ചതുമായ ഒരിടമാണ് ഇന്നത്തേതെന്ന്. നിരത്തിയ ന്യായീകരണം ഇതാണ്: ‘‘മഹാ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ചു. ഏറ്റവുമധികം ജോലികള്‍ സൃഷ്ടിച്ചു. ക്യൂബന്‍ ജനതയുമായി പുതിയ അധ്യായം തുറന്നു. ഒരു വെടിപോലും പൊട്ടിക്കാതെ ഇറാന്‍െറ ആണവപരീക്ഷണ പദ്ധതി പൂട്ടിപ്പിച്ചു.’’ കേള്‍ക്കുമ്പോള്‍ ഇമ്പമുള്ള അവകാശവാദങ്ങള്‍. പക്ഷേ ‘ഒബാമ കെയര്‍’ എന്ന അദ്ദേഹത്തിന്‍െറ കൈയൊപ്പ് പതിഞ്ഞ ജനക്ഷേമപദ്ധതിപോലും കടലാസില്‍ കിടക്കുകയാണെന്നാണ് ‘ന്യൂയോര്‍ക് ടൈംസ്’ പരിതപിക്കുന്നത്. 2012ലെ അവസ്ഥയില്‍നിന്ന് രാജ്യമോ ലോകമോ ഒരിഞ്ച് മെച്ചപ്പെട്ടില്ല എന്നല്ല കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നു. ആ വഷളത്തരമാണ് ബ്രെക്സിറ്റായും ട്രംപായും പുട്ടിന്‍ ആരാധനയായും അനാവൃതമാവുന്നത്.

എന്നിട്ടും ഒബായുടെ യാത്രാമൊഴി കേട്ട് യു.എസ് പൗരന്മാര്‍ മാത്രമല്ല, ഭൂഗോളത്തിന്‍െറ ഏതോ ദിക്കില്‍ കിടക്കുന്നവര്‍പോലും കണ്ണീര്‍ പൊഴിച്ചു. ഒരു നല്ല മനുഷ്യന്‍ ചരിത്രത്തിലേക്ക് തിരോഭവിക്കുകയാണല്ളോ എന്ന വേദന കിനിയുന്ന ഹൃദയവുമായി. നമ്മുടെ കാലഘട്ടം കണ്ട മികച്ച നേതാവ് തന്നെയായിരുന്നു ഒബാമ എന്നതില്‍ തര്‍ക്കമില്ല. ജോര്‍ജ് ബുഷിന്‍െറ പിന്‍ഗാമിയായി അമേരിക്ക ഭരിച്ചത്; അല്ളെങ്കില്‍ ഡോണള്‍ഡ് ട്രംപിന്‍െറ മുന്‍ഗാമിയായി കടന്നുപോയത് ഒബാമയുടെ പ്രഭാവത്തിനും പ്രസന്നതക്കും തിളക്കം കൂട്ടുന്നു. നമ്മുടെ കാലഘട്ടം കേട്ട ഏറ്റവും നല്ല പ്രസംഗങ്ങള്‍ ഒബാമയുടേതാണ്. ലളിതമായ ഭാഷ, മനോഹരമായ ശൈലി, വശ്യമായ ഭാവഹാവാദികള്‍! ഉള്ളിന്‍െറയുള്ളില്‍നിന്ന് പുറത്തുവരുന്ന ആ സ്വരങ്ങള്‍ കലുഷിതമായ കാലഘട്ടത്തിന് സാന്ത്വനലേപമായതില്‍ അദ്ഭുതമില്ല. സാമുവല്‍ ഹണ്ടിങ്ടന്‍െറ ‘നാഗരികതയുടെ സംഘട്ടന’ സിദ്ധാന്തത്തിന് പ്രയോഗം കൊണ്ട് ടിപ്പണി എഴുതിയ ബുഷിന്‍െറ കാലഘട്ടത്തില്‍ നിന്നുള്ള വ്യക്തമായ വിടുതല്‍ ആഗ്രഹിച്ച ഒബാമ, സഹവര്‍ത്തിത്വത്തിന്‍െറയും ബഹുസ്വരതയുടെയും ആഗോളസംസ്കാരം പടുത്തുയര്‍ത്താന്‍ ആത്മാര്‍ഥ പരിശ്രമങ്ങള്‍ നടത്തി എന്നിടത്താണ് ആ വ്യക്തിത്വത്തിന്‍െറ മഹത്വം.

പശ്ചിമേഷ്യയെക്കുറിച്ച് വാചാലമാകാറുള്ള ഒബാമ, പരാജയപ്പെട്ടതും അവിടെതന്നെയാണ്. 2012ല്‍ തിരിച്ചുവന്നിട്ടും ഒബാമക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അദ്ദേഹം നിസ്സഹായനായിരുന്നു എന്നല്ല, ഫലസ്തീനും ഓസ്ലോ കരാറുമൊക്കെ വിസ്മൃതിയുടെ ചവറ്റുകൊട്ടയിലേക്ക് തട്ടി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദവും ബശ്ശാര്‍ അല്‍അസദിന്‍െറ ഏകാധിപത്യവുമൊക്കെ രംഗം കൈയടക്കി. പടിഞ്ഞാറെ കരയില്‍ സയണിസ്റ്റ് കുടിയേറ്റം നിര്‍ബാധം തുടര്‍ന്നു. മൂന്നു മതങ്ങളും പാവനമായി കരുതുന്ന ജറൂസലമിന്‍െറ മണ്ണ് ആരെയും സ്വന്തമാക്കാന്‍ അനുവദിക്കില്ളെന്ന് ഒബാമ പ്രസ്താവിച്ചിരുന്നു. ഒരുഘട്ടത്തില്‍, ഫലസ്തീനികള്‍ക്ക് വേണ്ടിയാണ് ഒബാമ വാദിച്ചതെന്ന് തോന്നിയപ്പോഴേക്കും യാസര്‍ അറഫാത്ത് ധരിക്കാറുള്ള ‘കഫിയ’ (തലപ്പാവ് ) ധരിപ്പിച്ച ഒബാമയുടെ ചിത്രങ്ങള്‍ ഇസ്രായേലി ചുമരുകളില്‍ സ്ഥാനം പിടിച്ചത് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ കൊണ്ടാടി.

ജീവിതനിയോഗം നിറവേറ്റി ഇന്ന് വൈറ്റ്ഹൗസില്‍നിന്ന് പടിയിറങ്ങുമ്പോള്‍ ബറാക് ഹുസൈന്‍ ഒബാമ ചരിത്രത്തിന്‍െറ ഭാഗമാവുകയാണ്. ചെയ്തതിനെക്കാള്‍ ബാക്കിയുള്ളത് ചെത്തുതീര്‍ക്കാത്ത ബാധ്യതകളാണ്. എന്നിട്ടും ആ മനുഷ്യനോട് ലോകത്തിന് അമര്‍ഷം തോന്നാത്തത്, അദ്ദേഹത്തിന്‍െറ ഇച്ഛാശക്തിയില്ലായ്മ അല്ല, അമേരിക്കയുടെ സങ്കീര്‍ണവും വംശീയവും മതപരവും സാമ്രാജ്യത്വപരവും മുതലാളിത്തപരവുമായ വ്യവസ്ഥകളാണ് പ്രസിഡന്‍റിന്‍െറ കൈകാലുകളെ വരിഞ്ഞുമുറുക്കി കെട്ടുന്ന ഭീതിദാവസ്ഥക്ക് കാരണം എന്ന യാഥാര്‍ഥ്യബോധമായിരിക്കാം.

Tags:    
News Summary - us president barak obama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.