അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നാഷണൽ ബ്രോഡ്കാസ്റ്റിങ് കമ്പനിയും വാൾ സ്ട്രീറ്റ് ജർണലും ചേര്‍ന്നു നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ബൈഡെൻറ വിജയം പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. 51 ശതമാനം സമ്മതിദായകർ പിന്തുണച്ചപ്പോൾ ട്രംപിനെ 47 ശതമാനം ആളുകളേ അനുകൂലിച്ചുള്ളൂ.
ഭരണത്തിലേറിയ ശേഷംഎന്തിലും ഏതിലും 'അമേരിക്ക മുമ്പേ' എന്നുപറഞ്ഞപ്പോൾ േഒ ലോകത്തിനു നേതൃത്വം നല്‍കുമെന്നായിരുന്നു കരുതപ്പെട്ടത്. എന്നാൽ, എല്ലാ സാർവദേശീയ സംരംഭങ്ങളിൽനിന്നും മാറിനില്‍ക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിച്ചത്. ഇറാനുമായുണ്ടായിരുന്ന ആണവ കരാറിൽനിന്നു അമേരിക്ക പിൻവാങ്ങി. സ്വന്തം സുരക്ഷിതത്വവും കച്ചവട താൽപര്യങ്ങളും സംരക്ഷിക്കുന്നതിൽ കണ്ണുവെച്ച ട്രംപ് സമൂഹത്തിെൻറ പൊതുതാൽപര്യങ്ങൾ അവഗണിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ ശാസ്ത്ര സാംസ്കാരികവേദിയായ യുനസ്കോ, ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടന, പാരിസ്ഥിതിക സംരക്ഷണ സംഘടന, ലോകാരോഗ്യ സംഘടന തുടങ്ങിയവയിൽ നിന്നെല്ലാം അവർ പിൻവാങ്ങി.
തെരഞ്ഞെടുപ്പു അടുത്തുവന്നപ്പോഴും ട്രംപിെൻറ പരുഷ സ്വരത്തിനോ, സ്വഭാവത്തിനോ ഒരുവിധ മാറ്റവും പ്രകടമായില്ല. ബൈഡനെ പ്രസിഡൻറ് പദവിക്ക് കൊള്ളാത്തവനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കോവിഡ് 19 െൻറ പ്രയാസങ്ങൾക്ക് അദ്ദേഹം പുറംതിരിഞ്ഞു നിന്നു. രണ്ട് ലക്ഷത്തിലേറെ മരിച്ചുവീണിട്ടും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകളോ ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശങ്ങളോ ട്രംപ് ചെവിക്കൊണ്ടില്ല. അത് തെരഞ്ഞെടുപ്പിനെയും ബാധിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക് അനുകൂലമാകുമായിരുന്ന നല്ലൊരു പങ്ക് വോട്ടർമാർ ലിസ്റ്റിലില്ലാതായി. അവസാനം ട്രംപിനെയും അടുത്ത സഹപ്രവര്‍ത്തകരെയും കോവിഡ് 19 ബാധിച്ചു. എന്നിട്ടും മാസ്ക് ധരിക്കാനോ രോഗ പ്രതിരോധ നിർദേശങ്ങൾ പാലിക്കാനോ അദ്ദേഹം തൽപരനായില്ല! കോവിഡ് 19 നെ ഗൗരവമായി കാണാതിരുന്നത് ജനങ്ങളിൽ ഭീതിയുളവാക്കാതിരിക്കാനാണെന്നാണ് 'വാഷിംഗ്ടൺ പോസ്റ്റി'നോട് അദ്ദേഹം മൊഴിഞ്ഞത്!
ജോ ബൈഡെൻറ വിജയത്തോടെ അമേരിക്ക വീണ്ടും പൊതുസമൂഹത്തിെൻറ നന്മ ലക്ഷ്യംവെച്ചു തിരിഞ്ഞുനടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാരീസ് കേന്ദ്രമായുള്ള ലോക കാലാവസ്ഥ സംരക്ഷണസമിതി 2015ൽ 195 രാഷ്ട്രങ്ങൾ ഒത്തുചേർന്നെടുത്ത തീരുമാനമായിരുന്നു. അന്തരീക്ഷ മലിനീകരണത്തിനെതിരെ യു.എസിൽ നിയമങ്ങൾ പാസ്സാക്കിയതിെൻറ അടിസ്ഥാനത്തിൽ അന്ന് പ്രസിഡൻറ് ബറാക് ഒബാമ ഉടൻ നിയന്ത്രണപരിപാടികളെ പിന്തുണച്ചു. എന്നാൽ, ഒബാമ ചെയ്തതെല്ലാം പൊളിച്ചെഴുതാൻ തുടങ്ങിയ ട്രംപിനു കാലാവസ്ഥ നിയന്ത്രണം ഒരു മിഥ്യാ സങ്കൽപമായിരുന്നു. ജോ ബൈഡൻ വീണ്ടും സംഘത്തിൽ അണിചേരുമെന്ന് പ്രതീക്ഷിക്കാം.
ഇറാനെതിരെ ഐക്യരാഷ്ട്രസഭയുടെ സ്ഥിരാംഗങ്ങളും ജർമനിയും ചേര്‍ന്നൊരുക്കിയ ആണവകരാർ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന സന്ദർഭത്തിലാണ് ട്രംപ് അതിൽനിന്നു പിൻവാങ്ങാൻ തീരുമാനിച്ചത്. അന്താരാഷ്ട്ര ആണവോർജ ഏജന്‍സിയുടെ നിരീക്ഷണത്തിൽ എല്ലാവിധ നിയന്ത്രണങ്ങളും ഇറാൻ പാലിച്ചിരുന്നു. അതുകൊണ്ടാണ് നിയന്ത്രണങ്ങളിൽ അയവു വരുത്താൻ ലോകരാഷ്ട്രങ്ങൾ തീരുമാനിച്ചത്. എന്നാൽ ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനായിരുന്നു അമേരിക്കയുടെ ശ്രമം! ഇത് പുതിയ പ്രതിസന്ധികൾ സൃഷ്ടിച്ചു. ഇസ്രായേലിനെ തൃപ്തിപ്പെടുത്തുന്നതിനായി അമേരിക്ക ഇറാെൻറ മിസൈൽപരീക്ഷണങ്ങളിൽ ഇടപെട്ടു. ഇതു പ്രശ്നം കൂടുതൽ വഷളാക്കി. ഇറാനെതിരായ നടപടികൾക്കായി ഐക്യരാഷ്ട്രസഭയിൽ സമ്മർദം ചെലുത്തിയെങ്കിലും അമേരിക്കക്ക് മാനനഷ്ടമാണുണ്ടായത്. ബൈഡൻ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
ഫെഡറൽ ഭരണകൂട വ്യവസ്ഥയിലുള്ള ജനവിശ്വാസം വീണ്ടെടുക്കുകയാണ് ബൈഡെൻറ പ്രഥമ ഉത്തരവാദിത്തം. ആരോഗ്യ മേഖലയിൽ വിദഗ്ധാഭിപ്രായങ്ങളെയെല്ലാം ട്രംപ് തൃണവൽഗണിച്ചു. അത്കൊണ്ട് രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്രത്തിെൻറ പ്രവര്‍ത്തനം അവതാളത്തിലായി. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെയാണ് പ്രതിരോധ കുത്തിവെപ്പ് വൈകിയതിന് ട്രംപ് കുറ്റപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു രണ്ടാമൂഴം ലഭിക്കാതിരിക്കാനുള്ള തന്ത്രമാണത്രേ ഇത്. വിജയിച്ചാൽ രോഗപ്രതിരോധ നിയന്ത്രണകേന്ദ്രത്തിെൻറ പ്രവര്‍ത്തനങ്ങൾ പുനഃരുജ്ജീവിപ്പിക്കുമെന്നു ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രംപിെൻറ ചങ്ങാത്തം ജനാധിപത്യ രാഷ്ട്രങ്ങളുമായിട്ടായിരുന്നില്ല. അദ്ദേഹത്തിെൻറ ഉച്ചകോടികളെല്ലാം ഏകാധിപതികളെയും സ്വേഛാധിപതികളെയും തൃപ്തിപ്പെടുത്തുന്നവയായിരുന്നു. ജനാധിപത്യരാഷ്ട്രങ്ങളിൽ അട്ടിമറി സാധ്യത തേടുകയായിരുന്നു അദ്ദേഹം. വെനസ്വേല, സിറിയ, ഇറാൻ, ഇറാഖ്, ലിബിയ തുടങ്ങിയ ഒട്ടനവധി രാഷ്ട്രങ്ങളുടെ മേൽ അമേരിക്ക ഉപരോധമേർപ്പെടുത്തി. ബുഷ് ഇറാഖിനെ കീഴടക്കി, ലക്ഷക്കണക്കിനു ഇറാഖികളെ കൊന്നൊടുക്കി. എന്നിട്ടും, ഇറാഖിൽ പട്ടാളത്തെ നിലനിർത്തിയതിന് പ്രതിഫലം ലഭിക്കേണ്ടതുണ്ടെന്നായിരുന്നു ട്രംപിെൻറ വാദം. ട്രംപിെൻറ ഇൗ ഭ്രാന്തൻനയങ്ങളിൽ നിന്നു തിരിഞ്ഞുനടക്കാൻ ജോ ബൈഡന് നന്നായി അധ്വാനിക്കേണ്ടി വരും. അതിന് അദ്ദേഹത്തിനാവുമോ, അദ്ദേഹം മിനക്കെടുമോ എന്നാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.