ലോകത്ത് ഏറ്റവുമധികം പൈശാചികവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വിഭാഗങ്ങളിലൊന്നിെൻറ നേതാക്കൾ കഴിഞ്ഞ ദിവസം ഖത്തറിൽ കൂടിയിരുന്ന് ഒരു കരാറിൽ ഒപ്പുവെച്ചു. 18 വർഷം നീണ്ട യുദ്ധത്തിനുശേഷം യു.എസ്, നാറ്റോ സൈന്യങ്ങൾ അഫ്ഗാനിസ്താനിൽ നിന്നു പിൻവാങ്ങുന്നതിനുള്ള കരാറായിരുന്നു അത്. താലിബാനെക്കുറിച്ചുതന്നെയാണ് ഞാൻ പറഞ്ഞുവരുന്നത്. 2001 സെപ്റ്റംബർ 11െൻറ കുപ്രസിദ്ധമായ ഭീകരാക്രമണത്തിന് ഒരു മാസം പിന്നിടുംമുേമ്പ ഒക്ടോബർ ഏഴിന് ലോകത്തെ വൻശക്തിയുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നു അവർ. അന്നു മുതൽ ഇതുവരെയായി ഒരു ലക്ഷത്തിലേറെ നിരപരാധരായ അഫ്ഗാനികൾ കൊല്ലപ്പെട്ടു. മറ്റു പലയിടത്തും ദുരന്തവും നാശവും വിതച്ച െഎ.എസ് അടക്കമുള്ള ചില ഭീകരസംഘങ്ങൾ കൂടുതൽ തഴച്ചുവളർന്നു. മരണനിരക്ക് കൃത്യമായി ആർക്കും അറിയില്ലെന്നതാണ് വാസ്തവം. െഎക്യരാഷ്ട്രസഭ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം രേഖപ്പെടുത്തും മുമ്പുതന്നെ ഒരു എട്ടുവർഷം കഴിഞ്ഞുപോയിരുന്നു. 2009 മുതൽ 34,000 അഫ്ഗാനികൾ കൊല്ലപ്പെടുകയും 66,000 പേർക്ക് മുറിവേൽക്കുകയും ചെയ്തു എന്നാണ് യു.എന്നിെൻറ കണക്ക്.
യുദ്ധം ആരംഭിച്ച ആ രാവിൽ ഞാൻ കാബൂളിൽ താലിബാെൻറ തടവിലായിരുന്നു. താലിബാനുമായുള്ള ഇൗ സുപ്രധാന ഇടപാടിനായി ദോഹയിൽ പറന്നെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ ഒപ്പിടൽ ചടങ്ങിനു സാക്ഷിയാവാൻ എനിക്കും ക്ഷണമുണ്ടായിരുന്നു. അഫ്ഗാനിൽ സമാധാനം കൊണ്ടുവരാനുള്ള ഏതു മുൻകൈയും സ്വാഗതാർഹമാണ്, പക്ഷേ..എെൻറ അശുഭാപ്തിക്കു മാപ്പുതരിക. എന്നാൽ, അഫ്ഗാനികൾ സമാധാനത്തിൽ ജീവിച്ചുപോകണമെന്ന ആഗ്രഹത്തെക്കാൾ ഡോണൾഡ് ട്രംപ് ഭരണകൂടത്തിെൻറ ചേതോവികാരം ഇൗ തെരഞ്ഞെടുപ്പുവർഷത്തിൽ (ഒരു രണ്ടാം ഉൗഴം കൂടി വൈറ്റ്ഹൗസിൽ ഉണ്ടാക്കിയെടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ് അദ്ദേഹം) ഏറിയ കൂറും അവസരവാദപരമായിരിക്കുമെന്നാണ് ഞാൻ പേടിക്കുന്നത്. ഏതായാലും പ്രസിഡൻറ് ട്രംപിെൻറ ആഗ്രഹത്തിൽനിന്നാണ് ഇൗ സമാധാനകരാർ പിറക്കുന്നത്. ഇതുപോലെതന്നെ, സെപ്റ്റംബർ 11െൻറ ഭീകരസംഭവങ്ങൾക്കു ശേഷം വകതിരിവില്ലാതെ ചാട്ടചുഴറ്റിയ ട്രംപിെൻറ മുൻഗാമികളിലൊരാളായ ജോർജ് ഡബ്ല്യു.ബുഷിെൻറ മുൻശുണ്ഠി കാരണമാണ് അഫ്ഗാൻ യുദ്ധം തുടങ്ങിയത് എന്ന കാര്യത്തിലും സംശയമില്ല. അങ്ങനെ, ബുഷിെൻറയും അയാളുടെ കങ്കാണിയായി മാറിയ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിെൻറയും വഴിതെറ്റിയ പ്രതികാരചിന്ത, ആധുനികചരിത്രത്തിലെ ഏറ്റവും ഭീകരവും ദൈർഘ്യമേറിയതുമായ സംഘർഷങ്ങളിലേക്ക് അമേരിക്കയെയും ബ്രിട്ടനെയും വലിച്ചിഴച്ചു.
അശുഭാപ്തിക്കൊപ്പം ദോഹ ഷെറാട്ടൺ ഹോട്ടലിലെ ചടങ്ങിനെക്കുറിച്ചോർക്കുേമ്പാൾ ഏറെ സങ്കടവും ഉഗ്രകോപവുമൊക്കെ ഉള്ളിലുയരുന്നുണ്ട്. കാരണം ആ യുദ്ധം തീർത്തും അനാവശ്യമായിരുന്നു. താലിബാൻ ഒരിക്കലും അമേരിക്കയുമായി യുദ്ധം ആഗ്രഹിച്ചിട്ടില്ല. അവരുടെ വിദേശമന്ത്രി വകീൽ അഹ്മദ് മുതവക്കിൽതന്നെ കാബൂളിലെ എെൻറ തടവുകാലത്ത് എന്നോട് ഇതു പറഞ്ഞിട്ടുണ്ട്. 9/11നുമായി ബന്ധപ്പെട്ട വിചാരണക്കായി ഒരു മൂന്നാം കക്ഷിക്ക് അൽഖാഇദ നേതാവ് ഉസാമ ബിൻ ലാദിനെ കൈമാറാമെന്ന് താലിബാൻ വാക്കുകൊടുത്തിരുന്നു. ‘‘അദ്ദേഹം ഞങ്ങളുടെ അതിഥിയാണ്. എന്നാൽ, ഒരു മൂന്നാം കക്ഷിക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാനും വിചാരണക്ക് വിധേയമാക്കാനും കൈമാറാൻ ഞങ്ങൾ ഒരുക്കമായിരുന്നു. ഞങ്ങൾ അമേരിക്കയുമായി യുദ്ധത്തിനു പോകാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങളുടെ രാജ്യത്ത് വിദേശസൈന്യങ്ങളുടെ അധിനിവേശത്തിനു വഴങ്ങാൻ ഞങ്ങൾ തയാറില്ല’’-അദ്ദേഹം പറഞ്ഞു. ബിൻലാദിെൻറ ഉത്തരവാദിത്തത്തിന് താലിബാൻ തെളിവുചോദിച്ചു എന്നും ബുഷ് അത് നൽകാമെന്നു വാക്കുകൊടുത്തു എന്നും പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ, ബുഷ് അത് ചെയ്തില്ല.
വിദേശകാര്യ മന്ത്രിയുടെ ഇതേ അഭിപ്രായംതന്നെ മേഖലയിലേക്കുള്ള യാത്രകളിൽ താലിബാൻ ശൂറ കൗൺസിൽ അംഗങ്ങളുമായുള്ള അനൗപചാരിക കൂടിക്കാഴ്ചകളിൽ പലപ്പോഴും ആവർത്തിക്കപ്പെട്ടു. എല്ലായ്പൊഴും ഒരു കാര്യം അവർ തീർത്തുപറഞ്ഞു. യുദ്ധം ഒരിക്കലും താലിബാെൻറ സൃഷ്ടിയല്ല. അത് അവസാനിക്കണമെന്നു തന്നെയാണ് അവരുടെ ആഗ്രഹം. അതേസമയം, അവസാനത്തെ അധിനിവേശക്കാരനും നാടുവിടും വരെ പോരാട്ടം ഉപേക്ഷിക്കാൻ തങ്ങൾ തയാറല്ല.
താലിബാെൻറ ആത്മീയനേതാവ് പരേതനായ മുല്ലാ ഉമറിെൻറ സെക്രട്ടറി കൂടിയായി പ്രവർത്തിച്ചിട്ടുള്ള മുതവക്കിൽ ഇൗ സംഭാഷണം മാധ്യമപ്രവർത്തകരോട് പലവുരു ആവർത്തിച്ചിട്ടുണ്ട്. 9/11 ഭീകരാക്രമണത്തിനു മുമ്പുതന്നെ ബിൻലാദിനെ വിചാരണക്കായി വിട്ടുതരാമെന്ന് താലിബാൻ ഗവൺമെൻറ് അറിയിച്ചിരുെന്നങ്കിലും യു.എസ് അതിൽ താൽപര്യം പ്രകടിപ്പിച്ചില്ല.
താലിബാൻ തടവിൽനിന്നു മോചിതയായ ശേഷം മുതവക്കിലുമായുള്ള ഇൗ സംഭാഷണവിവരത്തിെൻറ വിശദാംശങ്ങൾ ഞാൻ അധികൃതർക്ക് കൈമാറാൻ ശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ല. യുദ്ധത്തിെൻറ പെരുമ്പറ അത്യുച്ചത്തിൽ മുഴങ്ങുന്നതിനിടെ ആരും അതു ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. പലരും എനിക്ക് സ്റ്റോക്ഹോം സിൻഡ്രോം ബാധിച്ചതാണെന്ന് കുറ്റപ്പെടുത്തി. തടവുപുള്ളിയായ എന്നെ ജയിലർമാർ ആവേശിച്ചതാണ് എന്ന മട്ടിൽ. എന്നാൽ, യാഥാർഥ്യം ബഹുദൂരം അകലെയായിരുന്നു. എന്തായാലും ഒരു കാര്യമുറപ്പാണ്. താലിബാൻ ഒരു യുദ്ധം ഒഴിവാക്കാൻ ഏറെ താണുകേണു നിന്നു.
ഇതൊക്കെ പോംപിയോക്ക് എത്രമാത്രം അറിയുമെന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്നാൽ, ദോഹയിലെ സംസാരത്തിൽ അൽഖാഇദയുമായുള്ള ബന്ധം മുറിക്കണമെന്നും െഎ.എസിനെതിരായ യുദ്ധം തുടർന്നു കൊണ്ടുപോകണമെന്നും പോംപിയോ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിരോധാഭാസമെന്നു പറയെട്ട, 2001ൽ യുദ്ധം തുടങ്ങിയപ്പോൾ ആദ്യമായി അൽഖാഇദയുടെ കൈകളിലേക്ക് ഒരാവശ്യവുമില്ലാതെ താലിബാനെ ഉന്തിത്തള്ളിക്കൊടുത്തത് അമേരിക്കയായിരുന്നു. അഫ്ഗാനിസ്താനിലെ അൽഖാഇദ പോരാളികളെക്കുറിച്ച് താലിബാന് ഏറെ അസംതൃപ്തിയുണ്ട് എന്ന് തടവുകാലത്ത് ഞാൻ വളരെ വേഗം മനസ്സിലാക്കിയെടുത്ത കാര്യമാണ്. ‘‘അതിഥികളായി എത്തിയ അവർ ഇപ്പോൾ ഞങ്ങളുടെ ഏമാൻമാരായിരിക്കുകയാണ്’’_ഒരു താലിബാൻ ഉദ്യോഗസ്ഥൻ എന്നോടു പറഞ്ഞു. താലിബാൻ ഗവൺമെൻറിനു കീഴിൽ െഎ.എസിന് അഫ്ഗാൻ മണ്ണിൽ കാലുറപ്പിക്കാനാവില്ല എന്നും ഉറപ്പായിരുന്നു. അങ്ങനെ ഇൗ രണ്ടു ഗ്രൂപ്പുകളെയും അകറ്റിനിർത്തുക എന്നത് അന്ന് ഏറെ അനായാസകരമായിരുന്നേനെ.
താലിബാൻ ഇതുവരെ അംഗീകരിക്കാത്ത നിലവിലെ അഫ്ഗാൻ ഭരണകൂടം ഷെറാട്ടൺ ചർച്ചയിൽ ഉണ്ടായിരുന്നില്ല എന്നൊരു കീറാമുട്ടി ബാക്കി കിടക്കുന്നുണ്ട്. ഏതായാലും അവരും സിവിൽ സൊെെസറ്റി നേതാക്കളും വനിതകളുമെല്ലാം അടങ്ങുന്ന സമാധാനചർച്ചകൾ മാർച്ച് 10ന് വേറെയും നടക്കുന്നുണ്ട്. അതിനിടെ, അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനി, അദ്ദേഹത്തിെൻറ പ്രതിയോഗി, അബ്ദുല്ല അബ്ദുല്ലക്കും അമേരിക്കൻ പിന്തുണ തുടർന്നും ലഭിക്കുമെന്ന ഉറപ്പ് കിട്ടിയിട്ടുണ്ട്. മുയലിനൊപ്പം ഒാടുകയും നായക്കൊപ്പം വേട്ടയാടുകയും ചെയ്യാനാവില്ലെന്ന് ട്രംപ് ഭരണകൂടം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അഫ്ഗാനികളെ പൊതുവിലും താലിബാെൻറ പ്രകൃതം വിശേഷിച്ചും വാഷിങ്ടൺ നന്നേക്കുറച്ചേ മനസ്സിലാക്കിയിട്ടുള്ളൂ എന്നാണ് പോംപിയോയുടെ ഭാഷയിൽനിന്നു മനസ്സിലാകുന്നത്. സ്വന്തം മൂല്യങ്ങളും ആശയങ്ങളും ഇതരരാഷ്ട്രങ്ങൾക്കു മേൽ അടിച്ചേൽപിക്കാനാവില്ലെന്ന കാര്യം പടിഞ്ഞാറ് മനസ്സിലാക്കണം. എങ്കിലോ, അപരരുടെ മൂല്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനെങ്കിലും അവർക്ക് ശ്രമിക്കാം.
താലിബാനെക്കുറിച്ചുള്ള നമ്മുടെ തത്ത്വശാസ്ത്രമെല്ലാം അപ്രസക്തമാണ്. എന്തായാലും നമ്മുടെ അധികാരം മുഴുവൻ ഉപയോഗിച്ച്-ബോംബും ബുള്ളറ്റും അല്ല-അഫ്ഗാനിസ്താനിൽ ജീവിക്കുന്ന മുഴുവനാളുകൾക്കും സമാധാനം കൊണ്ടുവരാൻ താലിബാൻ ഗ്രൂപ്പിനെ നാം സഹായിക്കണം. സോവിയറ്റ് അധിനിവേശമടക്കം കഴിഞ്ഞ നാലു ദശകക്കാലത്തെ വിദേശ ഇടപെടൽ സാധാരണ അഫ്ഗാൻ പൗരന്മാർക്ക് ദുരന്തപൂർണമായിരുന്നു. ചരിത്രം പടിഞ്ഞാറിനെ വല്ലതും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, അധിനിവേശത്തെ അഫ്ഗാൻ ജനത പൊറുപ്പിക്കില്ല എന്നതായിരിക്കണം അത്. ബുഷും െബ്ലയറും മിസൈലുകൾ ചൊരിയാൻ പോകുന്നതിനു മുമ്പ് അന്നാടിെൻറ ചരിത്രം വല്ലതും വായിച്ചിരുന്നെങ്കിൽ അനാവശ്യമായ അനേകം രക്തച്ചൊരിച്ചിൽ ഒഴിവാക്കാമായിരുന്നു.
താലിബാെൻറ ദോഹ പരിപാടിയിലേക്കുള്ള ക്ഷണം ഞാൻ സ്വീകരിച്ചിട്ടില്ല. പകരം, ഞാൻ അവരോട് പറഞ്ഞത്, അഫ്ഗാൻ തലസ്ഥാനത്ത് അന്തിമ സമാധാനസന്ധിക്ക് അരങ്ങൊരുങ്ങുേമ്പാൾ കാബൂളിൽ ഞാനുണ്ടാകും എന്നാണ്. അതൊരു നാൾ സംഭവിക്കുക തന്നെ ചെയ്യുമെന്ന് എനിക്കുറപ്പാണ്. അതു കാണാനിരിക്കുകയാണെന്നു തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.