ചരിത്രത്തിൽ ഇടംപിടിച്ച വൈക്കം സത്യഗ്രഹത്തിന് ഒരു കർട്ടൻ റൈസറുണ്ട്. അത് നടക്കുന്നത് വൈക്കത്തുനിന്ന് 12 കിലോമീറ്റർ മാറി പൂത്തോട്ടയിലാണ്. നായകൻ ടി.കെ. മാധവൻതന്നെ. 1924 മാർച്ച് 17ന് പുലയ സമുദായത്തിലെ കണ്ണൻ തേവനെയും കൂട്ടി മാധവൻ ഉൾപ്പെടെ അവർണ യുവാക്കളുടെ സംഘം പൂത്തോട്ട ക്ഷേത്രത്തിൽ കടന്ന് നാലമ്പലം വരെയെത്തി.
ക്ഷേത്രം ജീവനക്കാർ അവരെ തടയുകയും ജനം തടിച്ചുകൂടുകയും ചെയ്തു. ‘കൊടുംപാതകം’ ചെയ്ത മാധവനെ ഭേദ്യംചെയ്യാനും ചിലർ ശ്രമിച്ചു. അയിത്തത്തെ ചോദ്യംചെയ്യാൻ തീരുമാനിച്ചിറങ്ങിപ്പുറപ്പെട്ട ആ ധീരമനസ്സിനുണ്ടോ വല്ല കുലുക്കവും?
ക്ഷേത്രപരിസരത്ത് കടന്ന് അശുദ്ധമാക്കിയെന്നാരോപിച്ച് മാധവനും കണ്ണൻ തേവനും ഉൾപ്പെടെയുള്ള സംഘത്തിനെതിരെ പൂജാരിയും കഴകക്കാരും ചേർന്ന് സർക്കാറിൽ ഹരജി നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൂത്തോട്ട ക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ദേവസ്വം സൂപ്രണ്ടും കത്തുനൽകി.
തിരുവിതാംകൂർ പീനൽ കോഡിലെ വകുപ്പുകൾപ്രകാരം അവർക്കെതിരെ കുറ്റം ചുമത്തി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിച്ചു. 1924 മാർച്ച് 20ന് മാധവനെയും കണ്ണൻ തേവനെയും കോട്ടയം കോടതി വിചാരണ ചെയ്തു. വിചാരണ നീളുന്നത് ചൂണ്ടിക്കാട്ടി കേസ് സെഷൻ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മാധവൻ ഹൈകോടതിയെ സമീപിച്ചു.
എട്ടു സാക്ഷികളെ വിസ്തരിക്കുകയും കുറ്റം ചുമത്തുകയും ചെയ്തു. പക്ഷേ, അതിനു പിന്നാലെ വൈക്കം സത്യഗ്രഹം ആരംഭിച്ചതോടെ പൊതുജനവികാരം സത്യഗ്രഹികൾക്ക് അനുകൂലമായി, അതോടെ കേസ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.