''പ്രിയപ്പെട്ട പിതാവേ, - സമാധാനവും അചഞ്ചലവുമായ ഒരു ഹൃദയം നൽകി പരമ കാരുണികനായ അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുകയാണ്, എന്റെയും നിങ്ങളുടെയും ഈ നിസ്സഹായതയിൽ മുറുമുറുക്കുവാനോ മനചാഞ്ചല്യം കാണിക്കുവാനോ പാടില്ല. ഇവിടെയാണ് അല്ലാഹുവിന്റെ അഭീഷ്ടത്തിൽ സംതൃപ്തനായി ആത്മത്യാഗത്തിനുള്ള സന്ദർഭം എന്റെ ജീവഹാനികൊണ്ടാണെങ്കിൽ നിങ്ങളെ സന്താനനഷ്ടം കൊണ്ട് അല്ലാഹു പരീക്ഷിക്കുന്നത്, ഞാൻ അധൈര്യപ്പെടുന്നില്ല. എന്റെ മനക്കരുത്ത് വർധിക്കുന്നു, ഈ വാർത്ത നിങ്ങളെ അതിദാരുണമായി ദുഃഖിപ്പിക്കുമെന്ന് എനിക്കറിയാം, അല്ലാഹുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടപേക്ഷിക്കുന്നത് കഴിയുന്നതും മനസ്സിനെ നിയന്ത്രിച്ച് സമാധാനപ്പെടാൻ മാത്രമാണ്. നാം നിസ്സഹായരാണെന്നും അല്ലാഹുവിന്റെ സഹായം മാത്രമേയുള്ളൂ എന്നും ഓർമിക്കുക. ഞാൻ എന്നന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ ആറു മണിക്ക് മുമ്പായിരിക്കും എന്റെ എളിയ മരണം. ധൈര്യപ്പെടുക. സമയം അതിക്രമിച്ചിരിക്കുന്നതിനാൽ ഞാൻ നിർത്തുന്നു. ഇതാ മണി പന്ത്രണ്ടടിക്കാൻ പോകുന്നു. എന്റെ മരണദിനത്തിന്റെ ആരംഭനിമിഷം കാണിക്കുന്ന അടയാള ശബ്ദം സൂചിപ്പിക്കാൻ പോകുന്നു. അതെ, റമദാനിലെ ഏഴാം ദിവസമായ വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കും ആറു മണിക്കും മധ്യേ ഞാൻ മരിക്കുന്നു. വന്ദ്യനായ പിതാവ്, വാത്സല്യനിധിയായ ഉമ്മ, ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ എനിക്കൊരു ആശ്വാസവചനവും നിങ്ങളോട് പറയാനില്ല. ഞാൻ നിങ്ങളെ വിട്ടുപിരിയുന്നു. നമുക്ക് തമ്മിൽ മഹ്ഷറയിൽവെച്ച് വീണ്ടും കാണാം. ഞാൻ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടിയാണ് മരിച്ചതെന്ന് ദൃക്സാക്ഷികളിൽനിന്ന് അറിയുമ്പോൾ തീർച്ചയായും നിങ്ങൾ സന്തോഷിക്കാതിരിക്കില്ല. തീർച്ചയായും അഭിമാനിക്കുകതന്നെ ചെയ്യും. ഞാൻ നിർത്തട്ടെ,
അസ്സലാമു അലൈക്കും.
വാത്സല്യ മകൻ
മുഹമ്മദ് അബ്ദുൽ ഖാദർ
തിരുവനന്തപുരം ജില്ലയിലെ വക്കം എന്ന കടലോര ഗ്രാമത്തിൽ വാവാകുഞ്ഞു-ഉമ്മുസൽമാ ദമ്പതികളുടെ മകനായി പിറന്ന മുഹമ്മദ് അബ്ദുൽഖാദർ രക്തസാക്ഷിത്വത്തിന് അൽപം മുമ്പ് പിതാവിനെഴുതിയ എട്ടു പേജുള്ള കത്തിന്റെ അവസാന ഭാഗമാണിത്. അടിയുറച്ച ഏകദൈവ വിശ്വാസത്തിന്റെയും കറകളഞ്ഞ രാജ്യസ്നേഹത്തിന്റെയും ധീരതനിറഞ്ഞ ഒരു പടനായകന്റെയും സ്നേഹസമ്പന്നനായ ഒരു മകന്റെയും കോരിത്തരിപ്പിക്കുന്ന ശബ്ദം. പിൽക്കാലത്ത് ഐ.എൻ.എ ഹീറോ എന്നറിയപ്പെട്ട ഖാദർ വിദ്യാഭ്യാസ കാലത്തും ഹീറോതന്നെയായിരുന്നു, അതിമനോഹരമായി പാടി, കലാ കായികരംഗങ്ങളിൽ മിടുക്ക് തെളിയിച്ചു, സഹപാഠികളുടെ മനംകവർന്നു. മഹാത്മജിയുടെ കേരള സന്ദർശനവേളയിൽ ചിറയിൻകീഴിൽ ട്രെയിൻ നിർത്തിയപ്പോൾ ഖാദർ വമ്പിച്ച ജനക്കൂട്ടത്തിനിടയിൽകൂടി പട്ടാളസംഘത്തെ മറികടന്ന് ഗാന്ധിജിക്ക് ചുംബനം നൽകിയ സംഭവം ചരിത്രപ്രസിദ്ധമാണ്. അതോടെ തന്നെ ഇദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ നോട്ടപ്പുള്ളിയായി. അവർ നിരന്തരം ഖാദറിനെയും കുടുംബാംഗങ്ങളെയും വേട്ടയാടിക്കൊണ്ടിരുന്നു. തികച്ചും സങ്കീർണമായ ഈ സാഹചര്യത്തിൽ ഖാദറിനെ മലേഷ്യയിലേക്ക് അയക്കാൻ പിതാവ് തീരുമാനിച്ചു. അങ്ങനെ ഖാദറിന് 21 വയസ്സുള്ളപ്പോൾ മലേഷ്യയിൽ എത്തി. അവിടെ പൊതുമരാമത്ത് വകുപ്പിൽ ഓവർസിയറായി ജോലിയിൽ പ്രവേശിച്ചെങ്കിലും ഉറച്ചുനിന്നില്ല. സ്വാതന്ത്ര്യസമര ചിന്തയിൽ തിളച്ചുകൊണ്ടിരുന്ന ഖാദർ വേഗത്തിൽതന്നെ തന്റെ തട്ടകം കണ്ടെത്തി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പോരാടിക്കൊണ്ടിരുന്ന ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിൽ വളന്റിയറായി ചേർന്നു. ഐ.എൻ.എ ഭടന്മാർക്ക് പ്രത്യേക പരിശീലനം നൽകാൻ സ്ഥാപിച്ച സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം പൂർത്തിയാക്കി ആത്മഹത്യാ സ്ക്വാഡിന്റെ നേതാവുമായി മാറി. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ ബർലിനിൽ സ്ഥാപിച്ച ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ നിയന്ത്രണത്തിലൂള്ള റേഡിയോയിൽ 1942 ഫെബ്രുവരി 19ന് ബോസ് ചെയ്ത വികാരോജ്ജ്വലമായ പ്രസംഗം ഇന്ത്യൻ ജനതയെ ആകമാനം ഇളക്കിമറിച്ചു. 1942 സെപ്റ്റംബർ 18 രാത്രി 10 മണിക്കാണ് ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം സിംഗപ്പൂരിൽനിന്ന് അന്തർവാഹിനിയിൽ ഇന്ത്യയിലേക്ക് തിരിച്ചത്. ഒമ്പതു ദിവസത്തിന് ശേഷം കടലിനടിയിലെ ഭീകരമായ അനുഭവങ്ങളും കഠിനമായ ത്യാഗത്തിനും ശേഷം മലബാറിലെ താനൂർ കടൽതീരത്തെത്തിയ ഖാദറിനെയും സംഘത്തെയും ബ്രിട്ടീഷ് പട്ടാളം പിടികൂടി. അതിക്രൂരമായ മർദനത്തിൽ തികച്ചും അവശരായ അവരെ ചങ്ങലകൊണ്ട് കെട്ടിവലിച്ച് ട്രെയിനിൽ കയറ്റി മദ്രാസ് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. അവിടെ പട്ടാളക്കോടതി തൂക്കിക്കൊല്ലാൻ വിധിച്ചു. അങ്ങനെ 1943 സെപ്റ്റംബർ 10ന് തൂക്കിലേറ്റപ്പെട്ടു. തികഞ്ഞ ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ച് കൊലക്കയറിലേക്ക് നടന്ന ഖാദറിന്റെ ഒരേ ഒരു അന്ത്യാഭിലാഷം, തന്നെ ഒരു ഹിന്ദു സഹോദരനോടൊപ്പം തൂക്കിലേറ്റണമെന്ന് മാത്രമായിരുന്നു. അതിനനുസരിച്ച് ഖാദറിനെയും കൂട്ടുപ്രതിയായിരുന്ന അനന്തൻ നായരെയും ഒന്നിച്ചാണ് തൂക്കിലേറ്റിയത്. കേരളത്തിന്റെ പ്രിയപുത്രൻ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ നൽകിയിട്ട് ഇന്നേക്ക് 79 വർഷം പൂർത്തിയാവുന്നു. ചരിത്രത്തെ തേച്ചുമായ്ക്കാനും വളച്ചൊടിക്കാനും ശ്രമിക്കുന്ന സത്യത്തിന്റെ ശത്രുക്കളെ വക്കം ഖാദറിന്റെ ഓർമകൾ ഇപ്പോഴും ഭയപ്പെടുത്തുന്നുണ്ടാവും. ആ ആദർശത്തിൽ അടിയുറച്ചുനിൽക്കുമെന്നും അനേകർ ജീവൻ നൽകി നേടിത്തന്ന സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും മനസ്സിലുറപ്പിക്കേണ്ട ഒരു സന്ദർഭം കൂടിയാണ് ഈ ഓർമ ദിനം.
( കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ
ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.