എല്ലാ ഭാരതീയരുടെയും മനസ്സിൽ വിങ്ങലായി ഇന്നും രാജീവ് ഗാന്ധി നിറഞ്ഞുനിൽക്കുന്നു. 21ാം നൂറ്റാണ്ടിലെ മഹത്തായ ഇന്ത്യയെ സ്വപ്നംകണ്ട്, അതിനായി രാജ്യത്തെ ഒരുക്കാൻ കഠിനാധ്വാനംചെയ്ത പ്രധാനമന്ത്രി. തീവ്രവാദികളുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണ് മരിച്ച അമ്മയുടെ ചിതയുടെ അഗ്നി കെടുംമുമ്പ് രാജ്യഭരണത്തിെൻറ ഭാരം ഏൽക്കേണ്ടിവന്ന ചെറുപ്പക്കാരൻ.
ലോകത്തിെൻറ നെറുകയിൽ രാജ്യത്തെ എത്തിക്കുകയായിരുന്നു അദ്ദേഹത്തിെൻറ ലക്ഷ്യം. അതിനായി അടിസ്ഥാനസൗകര്യ വികസനവും വിദ്യാഭ്യാസരംഗത്തെ മാറ്റവുമാകണം ആദ്യമായി ചെയ്യേണ്ടതെന്ന് അദ്ദേഹം തീരുമാനിച്ചു. വികസനത്തിന് പുതിയ പരിപ്രേക്ഷ്യമായിരുന്നു അദ്ദേഹം മുന്നോട്ടുെവച്ചത്. ഒരു എസ്.ടി.ഡിപോലും വിളിക്കാൻ കഴിയാതെ ഫോണെടുത്ത് കറക്കിക്കൊണ്ടിരുന്ന ഒരു കാലത്തുനിന്ന് സി ഡോട്ട് എക്സ്ചേഞ്ചുകൾ സ്ഥാപിച്ച് രാജ്യത്ത് ടെലികമ്യൂണിക്കേഷൻ വിപ്ലവമുണ്ടാക്കിയത് രാജീവ് ഗാന്ധിയാണ്.
മോട്ടോർ ബൈക്കുകളും കാറുകളും ഇന്ത്യയിൽ കൂടുതലുണ്ടാക്കി അത് സാധാരണക്കാർക്കും മധ്യവർഗത്തിനും അനുഭവവേദ്യമാക്കിയത് അദ്ദേഹമാണ്. ലോകത്ത് കമ്പ്യൂട്ടർ യുഗം ആരംഭിച്ചത് മനസ്സിലാക്കി രാജ്യത്തെ അതിന് സജ്ജമാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്നത്.
കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിനും കമ്പ്യൂട്ടർ വത്കരണത്തിനും വേണ്ടി നടത്തിയ ശ്രമങ്ങൾ വിമർശന വിധേയമായെങ്കിലും അദ്ദേഹം പിന്നോട്ടുപോയില്ല. നവലിബറൽ സാമ്പത്തിക നയത്തിലേക്ക് പോയില്ലെങ്കിലും സാമ്പത്തിക രംഗത്ത് നല്ല പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് അദ്ദേഹം കരുതി. സമ്പദ് വ്യവസ്ഥയിലും ബാങ്കിങ്, കയറ്റിറക്കുമതി രംഗങ്ങളിലും വലിയ മാറ്റങ്ങൾ അക്കാലത്തുണ്ടായി.
വർഷങ്ങൾക്കുശേഷം പുതിയ വിദ്യാഭ്യാസനയത്തിന് രൂപംകൊടുത്തത് അദ്ദേഹമാണ്. അതിനുവേണ്ടി നടത്തിയ തയാറെടുപ്പുയോഗങ്ങളിൽ സജീവമായി പങ്കെടുത്ത് പുതിയ വിദ്യാഭ്യാസ നയത്തിെൻറ ഗൗരവം അദ്ദേഹം എല്ലാവരെയും ബോധ്യപ്പെടുത്തി. രാജ്യത്ത് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളും ഉണ്ടാക്കാൻ അദ്ദേഹം കഠിനമായി പരിശ്രമിച്ചു.
വിദേശത്ത് വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ധ ഇന്ത്യക്കാരെ രാജ്യത്തേക്ക് കൊണ്ടുവന്ന് നാടിെൻറ വികസനപ്രക്രിയയിൽ സുപ്രധാന പങ്കാളികളാക്കി. പ്രാദേശിക സർക്കാറുകളെക്കുറിച്ച് വലിയ സങ്കൽപങ്ങൾ വെച്ചുപുലർത്തിയ അദ്ദേഹം വിപുലമായ ആശയങ്ങളാണ് അതിനായി കൈമാറിയത്.
രാജ്യാന്തരങ്ങളിലും പ്രശസ്തനായിരുന്നു രാജീവ് ഗാന്ധി. ലോകനേതാക്കളുമായി സൗഹൃദം സ്ഥാപിക്കുകയും രാജ്യത്തിെൻറ വ്യാപാര– വാണിജ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. അതേസമയം, ഫലസ്തീൻ വിഷയത്തിലുൾപ്പെടെ ഇന്ത്യയുടെ പരമ്പരാഗത നിലപാടുകളിൽ ഉറച്ചുനിൽക്കുകയും അമേരിക്കൻ സാമ്രാജ്യത്വവുമായി സന്ധിചെയ്യാതെ നിലപാടുകളെടുക്കുകയും ചെയ്തു. ചേരിചേര പ്രസ്ഥാനത്തിന് ശക്തിപകർന്ന അദ്ദേഹം പണ്ഡിറ്റ്ജിയെ പോലെ അതിെൻറ നായകസ്ഥാനത്തെത്തി.
ശ്രീലങ്കയിൽ നടത്തിയ ഇടപെടലുകൾ സംബന്ധിച്ച് പലരും അദ്ദേഹത്തെ വിമർശിച്ചെങ്കിലും അമേരിക്കയുടെയും ഇസ്രായേലിെൻറയും താവളമാകാതെ തന്ത്രപ്രധാനമായ ശ്രീലങ്കയെ നമ്മോടു ചേർത്തുനിർത്തി രാജ്യസുരക്ഷ ഉറപ്പുവരുത്താനാണ് അദ്ദേഹം ശ്രമിച്ചത്. ആ ഇടപെടലുകൾക്ക് അദ്ദേഹത്തിന് ജീവൻതന്നെ നൽകേണ്ടിവന്നു.
രാജീവ് ഗാന്ധി ഒരു പ്രതീക്ഷയും സ്വപ്നവുമായിരുന്നു. പുതിയ തലമുറക്ക് കുതിച്ചുയരാൻ, നാടിന് അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാക്കാൻ, പാവപ്പെട്ടവെൻറ ജീവിതനിലവാരമുയർത്താൻ, പുതിയ സാങ്കേതിക വിദ്യയോട് പുറംതിരിഞ്ഞുനിൽക്കാതെ അതിനെ സ്വായത്തമാക്കി വിസ്മയങ്ങൾ ഉണ്ടാക്കാൻ എല്ലാം അദ്ദേഹം പ്രേരകശക്തിയായി. രാജ്യത്ത് പ്രതീക്ഷകളുടെയും പുതിയ സ്വപ്നങ്ങളുടെയും വിത്തുകൾ വിതച്ച രാജീവ് ഗാന്ധിക്ക് വിങ്ങുന്ന മനസ്സോടെ ആദരവുകൾ അർപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.