വാക്കുകൾ കൂട്ടിവിളക്കാൻ വെങ്കയ്യ നായിഡുവിനുള്ള കഴിവ് ഒന്നുവേറെതന്നെ. പ്രാസമൊപ്പിച്ചു സംസാരിക്കാൻ ബഹുമിടുക്കൻ. നാവിൻ തുമ്പത്ത് വാക്കുകൾ വിളക്കി വെങ്കയ്യ കളിയും കാര്യവും ഒരുപോലെ പറയും. വാക്പ്രയോഗത്തിൽ മാത്രമല്ല ഇൗ വിരുത്. ബി.ജെ.പി രാഷ്ട്രീയത്തിെൻറ മുൻനിരയിൽ പിടിച്ചുനിൽക്കാനുള്ള അസാമാന്യമായ മെയ്വഴക്കവും മുപ്പവരപ്പ് വെങ്കയ്യ നായിഡു കാലാകാലങ്ങളിൽ കാണിച്ചുപോന്നിട്ടുണ്ട്. വടക്കന്മാർക്ക് മേധാവിത്വമുള്ള ബി.ജെ.പിയിൽ ആന്ധ്രയിൽ നിന്നൊരു നേതാവിന് വിരാജിക്കാൻ വേണ്ടിവരുന്ന പങ്കപ്പാട് ബി.ജെ.പിക്കാർക്കെങ്കിലും അറിയാം. ബി.ജെ.പി അധ്യക്ഷനായും കേന്ദ്രമന്ത്രിയായുമൊക്കെ വെങ്കയ്യ മാറിയത് നേതാക്കളുടെ അരുമയായി നിൽക്കാനുള്ള മിടുക്കിെൻറകൂടി ബലത്തിലാണ്.
വാജ്പേയിയും അദ്വാനിയും ബി.ജെ.പി അമരക്കാരായിരുന്ന കാലത്ത് രണ്ടുവള്ളത്തിലും കാലൂന്നിയായിരുന്നു വെങ്കയ്യയുടെ നിൽപ്. യഥാർഥ കൂറ് അദ്വാനിയോട്. അങ്ങനെയാണ് 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ പോകുന്നത് ലോഹപുരുഷനായ അദ്വാനിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞുവെച്ചത്. പക്ഷേ, വാജ്പേയിയുടെ മുഖം കറുത്തത് വെങ്കയ്യ പെെട്ടന്ന് തിരിച്ചറിഞ്ഞു. സാഷ്ടാംഗം വീണു. വാജ്പേയിയെ വികാസ്പുരുഷനും അദ്വാനിയെ ലോഹപുരുഷനുമാക്കിയ നിർവചനം വെങ്കയ്യ തന്നെ പുതുക്കി. ‘രാജ്യത്തിെൻറയും സർക്കാറിെൻറയും എൻ.ഡി.എയുടെയും മാത്രമല്ല, വെങ്കയ്യ നായിഡുവിെൻറയും അദ്വാനിയുടെയും നേതാവാണ് വാജ്പേയി’ എന്നായിരുന്നു മൊഴിമാറ്റത്തിെൻറ മെയ്വഴക്കം.
കാലം പിന്നെയും മുന്നോട്ടുപോയപ്പോൾ ഉരുക്കുമനുഷ്യനായ എൽ.കെ. അദ്വാനി, എന്തിനേറെ പറയുന്നു, ഇന്നത്തെ പരുവത്തിലായി. കാലത്തിെൻറ മാറ്റത്തിനൊത്ത് ചുരുണ്ടുപോയ അദ്വാനിയോട് അകലം പിടിച്ച് നരേന്ദ്ര മോദിയുടെ ചങ്ങാത്തക്കാരനാകാൻ വെങ്കയ്യക്ക് കഴിഞ്ഞു. ചുവരെഴുത്ത് വായിച്ച് ചാഞ്ഞുംചരിഞ്ഞും നീങ്ങിയതുകൊണ്ട് മോദിയുടെ മന്ത്രിസഭയിൽ മെച്ചപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തു. ഒടുവിൽ ഉപരാഷ്ട്രപതിയുടെ കുപ്പായം തുന്നിക്കാനും കഴിഞ്ഞു. മേൽത്തരം പല പട്ടുകുപ്പായങ്ങൾ സ്വപ്നത്തിൽ നെയ്ത അദ്വാനിക്കും മുരളിമനോഹർ ജോഷിക്കുമൊക്കെ ഇനിയങ്ങോട്ടും നിത്യസ്വപ്നാടനം തന്നെ, തലവിധി.
അതെന്തു തന്നെയായാലും രാഷ്ട്രപതിഭവനുപിന്നാലെ ഉപരാഷ്ട്രപതി ഭവനിലും കാവിക്കൊടിമരം നാട്ടുന്ന പ്രക്രിയയാണ് പൂർത്തിയാവുന്നത്. പ്രധാനമന്ത്രിസ്ഥാനവും കൂടി ചേർത്താൽ രാജ്യത്തിെൻറ മൂന്ന് പ്രധാന ഭരണഘടനപദവികളിലും ബി.ജെ.പിക്കാർ അഥവാ ആർ.എസ്.എസുകാരായി. ഉപരാഷ്ട്രപതി രാജ്യസഭയുടെ അധ്യക്ഷൻ കൂടിയാണ്. ലോക്സഭ സ്പീക്കർക്കു പുറമെ, രാജ്യസഭയുടെ അധ്യക്ഷസ്ഥാനത്തും മുതിർന്ന ബി.ജെ.പിക്കാരൻ വരുന്നു.
ഉപരാഷ്്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുന്നതിനു മുമ്പ്, കീഴ്വഴക്കമനുസരിച്ച് വെങ്കയ്യ നായിഡു കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുകയും ബി.ജെ.പി അംഗത്വം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഉപരാഷ്ട്രപതി കക്ഷിരാഷ്ട്രീയത്തിന് അതീതനും ഭിന്നചേരികളോട് നിഷ്പക്ഷ സമീപനം സ്വീകരിക്കുന്നവനും വിവിധ ജനവിഭാഗങ്ങളോട് തുല്യമായസമീപനം സ്വീകരിക്കുന്നവനുമാകണമെന്ന ഭരണഘടനാസങ്കൽപം മുൻനിർത്തിയായിരുന്നു ആ നടപടികൾ. ഉപരാഷ്ട്രപതിഭവനിലേക്കും രാജ്യസഭയുടെ അധ്യക്ഷസ്ഥാനത്തേക്കും കയറിച്ചെല്ലുന്ന വെങ്കയ്യ നായിഡുവിന് അതു സാധിക്കുമോ?
ബി.ജെ.പിയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുന്നതിെൻറ സങ്കടം അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തകരുമായി പങ്കുവെച്ചതിൽനിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്. പല പതിറ്റാണ്ടുകളായി ബി.െജ.പിയിൽ ഉണ്ടുറങ്ങി കഴിഞ്ഞ ഒരു നേതാവ് ആത്യന്തികമായി സംഘ്പരിവാർ മനസ്സുകാരനായിരിക്കും. രാഷ്ട്രപതിയിൽ നിന്ന് വ്യത്യസ്തനായി, പാർലമെൻറ് നടക്കുേമ്പാഴൊക്കെ രാജ്യസഭയെ നിയന്ത്രിക്കേണ്ട ചുമതല ഉപരാഷ്ട്രപതിക്കുണ്ട്. ആ കസേരയിൽ വെങ്കയ്യ നായിഡുവിനെ ഇരുത്തുന്നത് ബി.ജെ.പിയുടെ കാര്യപരിപാടികൾ സുഗമമാക്കാനാണ്. ആ ചുമതല നിർവഹിക്കുകയെന്ന ധർമമാണ് ഭരണഘടനാ സങ്കൽപങ്ങളേക്കാൾ അദ്ദേഹത്തിനുമുന്നിൽ പ്രധാനമായി വരുക.
ലോക്സഭയിലെ പോലെയല്ല, രാജ്യസഭയിൽ സർക്കാർ ന്യൂനപക്ഷമാണ്. അധ്യക്ഷെൻറ കസേരയിലിരിക്കുന്നവർക്ക് വേണമെങ്കിൽ സർക്കാറിന് അനുകൂലമായ നിലപാടുകൾ സുപ്രധാനഘട്ടങ്ങളിൽ എടുക്കാൻ സാധിക്കും. അതുതന്നെയാണ് വെങ്കയ്യ നായിഡു രാജ്യസഭാധ്യക്ഷനായി എത്തുേമ്പാൾ ഉണ്ടാകുന്ന മാറ്റവും. സർക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പല നിയമനിർമാണങ്ങൾക്കും ഉൗടുവഴി സർക്കാർ സ്വീകരിച്ചുപോരുന്നുമുണ്ട്. പല നിയമനിർമാണങ്ങളും പണബില്ലിെൻറ രൂപത്തിൽ പാർലമെൻറിൽ അവതരിപ്പിക്കുന്നത് ഉദാഹരണം. പല സംസ്ഥാനങ്ങളിലും ജയിക്കാൻ കഴിഞ്ഞതുവഴി അടുത്തവർഷമാകുേമ്പാൾ സർക്കാറിന് രാജ്യസഭയിൽ ഭൂരിപക്ഷം കിട്ടും. എന്നാൽ, അതിനുമുമ്പുതന്നെ നിയമനിർമാണങ്ങൾ മുന്നോട്ടുനീക്കണമെന്ന താൽപര്യം സർക്കാറിനുണ്ട്. തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനുമുള്ള സർക്കാറിെൻറ ചലനവേഗത്തെ പിന്നാക്കം വലിക്കുന്നത് പലപ്പോഴും രാജ്യസഭയാണ്. കോർപറേറ്റ് അജണ്ടകൾ പലതും കുടുങ്ങിപ്പോകുന്നതും രാജ്യസഭയിലെ സംഖ്യാശാസ്ത്രപ്രശ്നം കൊണ്ടാണ്. അവിടെ കാര്യങ്ങൾ നിയന്ത്രിക്കാൻ സാഹചര്യമൊരുങ്ങുന്നുവെന്നതാണ് വെങ്കയ്യ നായിഡു അധ്യക്ഷനാവുേമ്പാൾ സംഭവിക്കുന്നത്.
ഫലത്തിൽ സഭനടത്തിപ്പിലെ നിഷ്പക്ഷതയാണ് ഇനിയങ്ങോട്ടുള്ള നാളുകളിൽ വെല്ലുവിളി നേരിടുന്നത്. ഭരണപക്ഷത്തിെൻറയും പ്രതിപക്ഷത്തിെൻറയും വിശ്വാസം നേടാൻ, രാഷ്ട്രീയ പാർട്ടികൾക്കിടയിൽ മധ്യസ്ഥെൻറ റോൾ വഹിക്കാൻ, രാജ്യസഭാധ്യക്ഷെൻറ കസേരയിൽ ഇരിക്കുന്ന വെങ്കയ്യ നായിഡുവിന് എത്രത്തോളം കഴിയുമെന്നാണ് കണ്ടറിയേണ്ടത്. രാജ്യത്തിെൻറ ഭരണഘടന, ജനാധിപത്യ, മതനിരപേക്ഷ സങ്കൽപങ്ങൾക്ക് നിരക്കാത്ത അജണ്ടകൾ പലതും സർക്കാറിനുണ്ടെന്ന് പകൽപോലെ തെളിഞ്ഞുകഴിഞ്ഞ കാലം കൂടിയാണിത്. നിഗൂഢമായ ഒരു ഭയം നമ്മുടെ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്നു. ഭൂരിപക്ഷം എന്നത് ജനാധിപത്യപരമായ അഭിപ്രായത്തിെൻറ സത്യസന്ധമായ അളവുകോൽ അല്ല; ഭൂരിപക്ഷാധിപത്യമായി മാറിയിരിക്കുന്നു. ഇൗ ഭൂരിപക്ഷാധിപത്യത്തിെൻറ നാളുകളിലൂടെയാണ് സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികം കടന്നുപോകുന്നത് എന്നതാണ് വിരോധാഭാസം.
സർക്കാറിെൻറ അതിരുവിട്ട നീക്കങ്ങളെ ചെറുക്കാൻ കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ പലപ്പോഴും പ്രതിപക്ഷത്തിന് വേദി രാജ്യസഭയായിരുന്നുവെന്ന സ്ഥിതിയാണ്, വ്യക്തമായ രാഷ്ട്രീയമുള്ളയാൾ അധ്യക്ഷപദവിയിൽ എത്തുേമ്പാൾ മാറുന്നത്. തിരക്കിട്ട് കൊണ്ടുവരുന്ന നിയമനിർമാണങ്ങളുടെ ഫലപ്രദമായ സൂക്ഷ്മപരിശോധനക്ക് ലോക്സഭക്കൊപ്പം രാജ്യസഭക്കും ഇനിയങ്ങോട്ട് കഴിയാതെ പോകുമോ എന്ന ആശങ്കയാണ് ഉപരാഷ്ട്രപതിക്കസേരയിലെ ആൾമാറ്റത്തിനൊപ്പം ഉയരുന്നത്. യഥാർഥത്തിൽ വെങ്കയ്യ നിയന്ത്രിക്കുന്ന ‘ഉപരാഷ്ട്ര’മായി മാറുകയാണ് രാജ്യസഭ. അതുകൊണ്ടുതന്നെ, പാർലമെൻറിെൻറ അടുത്ത അഞ്ചുവർഷങ്ങൾ നിർണായകമായി മാറുകയാണ്. ഭരണഘടനപരമായ ചുമതല നിഷ്പക്ഷമായി നിർവഹിക്കപ്പെടുന്നതിനേക്കാൾ, രാഷ്ട്രീയപ്രേരിതമായി നിർണയിക്കപ്പെടുന്ന സ്ഥിതിയാണ് ഇനിയങ്ങോട്ട് രാജ്യസഭയിലും സംഭവിക്കാൻ പോകുന്നത്. ബി.ജെ.പിയിൽ നിന്ന് രാജിവെച്ചുവെന്നല്ലാതെ, വെങ്കയ്യ സംഘ്പരിവാർ അജണ്ടകളിൽ നിന്ന് മുക്തനാവുന്നില്ല. അതാണ് അദ്ദേഹത്തിെൻറ യോഗ്യത; പ്രതിപക്ഷത്തിെൻറ ഉൾപ്പേടിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.