സ്വാശ്രയ കോളജുകളില്‍ ഞെട്ടിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍

നെഹ്റു കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥി ജിഷ്ണുവിന്‍െറ മരണത്തെതുടര്‍ന്ന് കേരളത്തിലെ വിവിധ സ്വാശ്രയ കോളജുകളില്‍ നടക്കുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ തുറന്നുപറയാന്‍ മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു. പാമ്പാടി നെഹ്റു കോളജില്‍ വിദ്യാര്‍ഥിനികളുടെ ബാഗുകള്‍ കോളജ് അധികൃതര്‍ പരിശോധിക്കുകയും അവരെ മുറിക്കുള്ളില്‍ അടച്ചിടുകയും മറ്റും ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം നടക്കുന്നുണ്ടെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. പ്രതിഷേധിക്കുന്നവരെ കായികമായി കൈകാര്യം ചെയ്യാന്‍ ഇടിമുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യവും ശരിയാണെന്ന് വിദ്യാര്‍ഥികളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, അതിനെക്കാളൊക്കെ  ഭീകരമാണ് പൊതുവില്‍ സ്വാശ്രയകോളജുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍.

കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ മാനേജ്മെന്‍റ് നടത്തിക്കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്കെതിരെ 2004 മുതല്‍ പരാതികളുടെ പ്രവാഹമുണ്ടായതാണ്. അവിടെ ഏറ്റവുമധികം പീഡനങ്ങള്‍ക്ക് ഇരകളായത് പെണ്‍കുട്ടികളാണ്. മുന്‍കൂര്‍ ഫീസ് കെട്ടിവെച്ചാണ് പഠിക്കുന്നതെന്നതിനാല്‍, കോളജ് ചെയര്‍മാന്‍ ടോം ടി ജോസഫിന്‍െറ പീഡനങ്ങള്‍ക്ക് വശംവദരാകാന്‍ പല പെണ്‍കുട്ടികളും നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളത്. ഇടക്കുവെച്ച് കോഴ്സ് നിര്‍ത്തിപ്പോകാനോ ഓടി രക്ഷപ്പെടാനോപോലും കഴിയാതെ കീഴടങ്ങിയ വിദ്യാര്‍ഥികളില്‍ മൂന്നു പേര്‍ അവിടെ ദുരൂഹ സാഹചര്യങ്ങളില്‍ മരിക്കുകയുണ്ടായി. 2007ലാണ് ഇലന്തിക്കരയിലെ ലിജ എന്ന പെണ്‍കുട്ടിയും പിതാവും ആത്മഹത്യ ചെയ്തത്. 2009 ജൂലൈ 18ന് വയനാട്ടിലെ ബിജിന എന്ന പെണ്‍കുട്ടിയും പിതാവും ആത്മഹത്യചെയ്തു.  19-10-2011ല്‍ രവിശങ്കര്‍ എന്ന ഒരാണ്‍കുട്ടി കാമ്പസിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കാണാതായവര്‍ക്കും പാതിവഴിയില്‍ ഒളിച്ചോടിയവര്‍ക്കും കണക്കില്ല.

കുട്ടികള്‍ ഒന്നിച്ചുകൂടുന്നതിന് കര്‍ശനമായ വിലക്കുകളുണ്ട് അവിടെ. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ച് നടന്നാല്‍ 500 രൂപ പിഴ ഒടുക്കണം.  പരീക്ഷ എഴുതാതെപോയാല്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കണമെങ്കില്‍ 50,000 രൂപ ഫൈന്‍ നല്‍കണം. കഴിഞ്ഞ രണ്ടരമാസമായി സ്വന്തം വീടുകള്‍ സന്ദര്‍ശിക്കാനുള്ള അനുമതിപോലും കോളജ് അധികൃതര്‍ നല്‍കുന്നില്ല. ക്രിസ്മസിനുപോലും വീടുകളില്‍ പോകാന്‍ ‘റസിഡന്‍ഷ്യല്‍ കോളജ്’ എന്ന വിശേഷണത്തോടെ പ്രവര്‍ത്തിക്കുന്ന ആ സ്ഥാപനം അനുവദിക്കാതെവന്നപ്പോഴാണ് 60 കുട്ടികള്‍ ചാടിപ്പോകാന്‍ തീരുമാനിച്ചത്. അങ്ങനെ വീടുകളില്‍ പോയവര്‍ തിരിച്ച് കോളജില്‍ പ്രവേശിക്കണമെങ്കില്‍ 3000 രൂപ കെട്ടിവെക്കണമെന്ന് അധികൃതര്‍ നിര്‍ബന്ധിച്ചപ്പോഴാണ് രക്ഷിതാക്കള്‍  രംഗത്തുവരുന്നത്.

‘റസിഡന്‍ഷ്യല്‍’ എന്ന പദവി എങ്ങനെയാണ് അവര്‍ നേടിയെടുത്തത്?  സര്‍വകലാശാല റസിഡന്‍ഷ്യല്‍ കോളജുകള്‍ക്ക് അനുമതി നല്‍കുന്നുണ്ടോ? അങ്ങനെ ഉണ്ടെങ്കില്‍ അതിനുള്ള നിബന്ധനകളെന്താണ്? തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും ആര്‍ക്കും ഒരു രൂപവുമില്ല.  എന്നാല്‍, മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജില്‍ റസിഡന്‍ഷ്യല്‍ എന്നതിന്‍െറ അര്‍ഥം വിദ്യാര്‍ഥികളുടെ തടവറയെന്നാണ്. ചെയര്‍മാന്‍ ടോം ടി ജോസഫിന്‍െറ അടുക്കള ജോലികള്‍ ചെയ്തുകൊടുക്കാന്‍ നിര്‍ബന്ധിതരാകുന്ന പെണ്‍കുട്ടികള്‍ അവരനുഭവിച്ച ദുരിതകഥകള്‍ പുറത്തുപറയുമ്പോള്‍ അത് കേട്ട് കേരളീയരാകെ തലതാഴ്ത്തി നില്‍ക്കുകയാണ്. അവിടെ നടന്ന, നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക  പീഡനങ്ങളെക്കുറിച്ച് വിവരിക്കുക ബുദ്ധിമുട്ടായതിനാല്‍ അതിലേക്ക് കടക്കുന്നില്ല.
ലേറ്റ് ഫീ, കൂട്ടം കൂടിയാല്‍ ഫൈന്‍, പരീക്ഷയില്‍ തോല്‍ക്കുന്ന പേപ്പറുകള്‍ക്ക് പതിനായിരം രൂപ വീതം പിഴ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വലിയപിഴ, രാത്രി മൊബൈല്‍ ഉപയോഗിച്ചാല്‍ വലിയ പിഴ, രാത്രി ഹോസ്റ്റലില്‍ ലൈറ്റിട്ടാല്‍ ഫൈന്‍, വസ്ത്രധാരണത്തില്‍ പിശക് കണ്ടാല്‍ പിഴ, എന്തിനേറെ ചിരിച്ചാല്‍പോലും ഫൈന്‍ നല്‍കണമെന്ന നിബന്ധനയുണ്ടത്രെ ചില കോളജുകളില്‍.

മറ്റക്കര ടോംസ് കോളജിലെ ദുരൂഹ മരണങ്ങളും ലൈംഗികപീഡനങ്ങളും അന്വേഷിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി 2012 മേയ് ഒമ്പതിന് ഉത്തരവിട്ടിരുന്നു.  അന്നത്തെ വനിതാ കമീഷന്‍ ചെയര്‍പേഴ്സന്‍ ജസ്റ്റിസ് ശ്രീദേവി ടോംസ് കോളജ് ഹോസ്റ്റലിലെ ജിഷ്ണി ഡേവിസ് എന്ന വിദ്യാര്‍ഥിനിയുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് 2012ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറിയിരുന്നു. അതേപോലെ ആ കോളജിലെ ക്രമക്കേടുകളും അതിക്രമങ്ങളും അന്വേഷിക്കാന്‍ അന്നത്തെ എ.ഡി.ജി.പി വിന്‍സന്‍റ് എം. പോള്‍ നിര്‍ദേശിച്ചതനുസരിച്ച് ക്രൈംബ്രാഞ്ച് സി.ഐ എ. രാജന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ആ കോളജില്‍ കാലാകാലങ്ങളില്‍ സംഭവിച്ച കുറ്റകൃത്യങ്ങളില്‍ മിക്കതും അക്കമിട്ട് പറഞ്ഞിരുന്നു. ആ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ക്രൈംബ്രാഞ്ച്  ഡി.ഐ.ജി ശ്രീജിത്ത് 2011- മേയ് 26ന് ടോം ടി ജോസഫിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഒന്നും സംഭവിച്ചില്ല. എന്നുമാത്രമല്ല ആ റിപ്പോര്‍ട്ടുകളെല്ലാം പൂഴ്ത്തിവെക്കപ്പെടുകയും ചെയ്തു. അതുകൊണ്ട്, പുതിയ സര്‍ക്കാര്‍ ആ കേസുകളിന്മേല്‍ പുനരന്വേഷണം നടത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു.

സ്വാശ്രയകോളജ് മാനേജ്മെന്‍റും സംസ്ഥാന സര്‍ക്കാറും തമ്മില്‍ വര്‍ഷാവര്‍ഷം ഉയര്‍ന്ന ഫീസ് ഈടാക്കാനുള്ള കരാറുകളില്‍ ഒപ്പുവെക്കുന്നതല്ലാതെ ആ കോളജുകളില്‍ എന്ത് നടക്കുന്നുവെന്ന് അന്വേഷിക്കാനോ പരാതികള്‍ ലഭിച്ചാല്‍പോലും അതിന്മേല്‍ നടപടി എടുക്കാനോ സര്‍ക്കാറുകള്‍ ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ എത്ര കൊടിയ ചൂഷണവും അപമാനവും നിയമവിരുദ്ധപ്രവര്‍ത്തനവും അരങ്ങേറിയാലും അതൊക്കെ അതത് കോളജുകളിലെ ചുമരുകള്‍ക്കുള്ളില്‍തന്നെ അവസാനിക്കുകയാണ് പതിവ്.

ഇന്‍േറണല്‍ അസസ്മെന്‍റാണ് മാനേജുമെന്‍റുകള്‍ക്ക് വിദ്യാര്‍ഥികളുടെമേല്‍ പിടിമുറുക്കാന്‍ അവസരം നല്‍കുന്ന മറ്റൊരു വാള്‍. ഇംഗിതങ്ങള്‍ക്ക് വഴങ്ങിയില്ളെങ്കില്‍ പരീക്ഷയില്‍ തോല്‍പിച്ചുകളയും എന്ന ഭീഷണിക്കുമുന്നില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളും കീഴടങ്ങുന്ന സങ്കടകരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ആയതിനാല്‍, അതില്‍ മാറ്റം വരുത്താന്‍ സര്‍വകലാശാല അടിയന്തരമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

പണത്തിന്‍െറ ഹുങ്കില്‍ സര്‍വകലാശാലയെയും സര്‍ക്കാറിനെയും വിലക്കെടുക്കാന്‍ കഴിയും എന്നതാണ് സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് ഇത്രയധികം അഹങ്കാരം ഉണ്ടാകാന്‍ കാരണം. സാമൂഹികദ്രോഹത്തിന്‍െറ വിളനിലങ്ങളായി ഒട്ടുമിക്ക സ്വാശ്രയകോളജുകളും മാറിത്തീരുന്നതിന്‍െറ അടിസ്ഥാനവും അതുതന്നെ. പണാധിപത്യ ശക്തികളെ നിയന്ത്രിക്കാനുള്ള കര്‍ശനമായ ഉപാധികള്‍ സ്വീകരിക്കുകയും സമഗ്രമായ നിയമനിര്‍മാണം നടത്തുകയും ചെയ്യാതെ നമ്മുടെ വിദ്യാര്‍ഥികളെയും വിദ്യാഭ്യാസത്തെയും രക്ഷിക്കാനാവില്ല. അതിനുള്ള സമയമാണിത്. അതോടൊപ്പം, സ്വാശ്രയ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കലാലയങ്ങളെയും പൂര്‍ണതോതില്‍ ജനാധിപത്യവത്കരിക്കുകയും വേണം. ആ ദിശയിലുള്ള ചര്‍ച്ചകള്‍ക്ക് ജിഷ്ണു എന്ന മികച്ച വിദ്യാര്‍ഥിയുടെ ജീവന്‍കൂടി വിലയായി നല്‍കേണ്ടിവന്നു എന്ന ദു$ഖം എക്കാലവും മായാതെ നില്‍ക്കും.

 

Tags:    
News Summary - violation of human rights in self finance college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT