പറയാനുള്ളത് മുൻവാതിലിലൂടെ പറയും എന്നതിനാലാണ് വാർത്തസമ്മേളനം. തുറന്നു പറച്ചിലാണ് എെൻറ രാഷ്ട്രീയം. പറയാനുള്ളത് സുധീരൻ നേരിട്ടു പറയുമെന്ന് കെ. കരുണാകരൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് കെ. മുരളീധരനെ കോൺഗ്രസിൽ മടക്കിക്കൊണ്ടുവരണമെന്ന് ലീഡർ ആവശ്യപ്പെട്ടത്. രണ്ടു ദിവസങ്ങളിലായി നടന്ന രാഷ്ട്രീയകാര്യ സമിതിക്കും കെ.പി.സി.സി നേതൃയോഗത്തിനും ശേഷം കെ.പി.സി.സി പ്രസിഡൻറ് അറിയിച്ചത് പരസ്യ പ്രസ്താവന പാടില്ലെന്നാണ്. പരസ്യപ്രസ്താവന വിലക്കൽ അല്ല, ഇപ്പോഴത്തെ പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലി. അനാവശ്യമായും അകാരണമായും കുറ്റപ്പെടുത്തുന്നതിനാലാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. തെറ്റുകണ്ടാൽ, വിമർശിച്ചാൽ മറുപടി പറയും. അത് പരസ്യപ്രസ്താവനയല്ല.
കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയത് അധാർമികമാണ്. ബി.ജെ.പിക്ക് എതിരെ ലോക്സഭയിൽ നടത്തുന്ന പോരാട്ടത്തിൽ ഒരു അംഗത്തിെൻറ കുറവ് വരുത്തുകയെന്ന ഹിമാലയൻ മണ്ടത്തരമാണ് അന്തിമ ഫലം. സാമാന്യ ബുദ്ധിയുള്ള ഒരു രാഷ്ട്രീയ പാർട്ടിയും ഇത്തരം പക്വതയില്ലാത്ത തീരുമാനമെടുക്കില്ല. ഒരേ സമയത്ത് യു.ഡി.എഫിനോടും ഇടതു മുന്നണിയോടും ബി.ജെ.പിയോടും വിലപേശിയ കേരള കോൺഗ്രസ് ബി.ജെ.പിക്ക് ഒപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്? ഇേപ്പാഴും സമദൂരമെന്നാണ് മാണി പറയുന്നത്. മാണി ചാഞ്ചാട്ടക്കാരനാണ്. അങ്ങനെയുള്ളയാളുമായി ഇടപെടുേമ്പാൾ നേതൃത്വത്തിന് പാളിച്ച സംഭവിക്കാൻ പാടില്ലായിരുന്നു.
ആർ.എസ്.പിക്ക് സീറ്റ് അഞ്ചുമിനിറ്റിലല്ല
ആർ.എസ്.പിക്ക് അഞ്ചു മിനിറ്റുകൊണ്ട് സീറ്റ് കൊടുത്തുവെന്ന് പറയുന്നത് ശരിയല്ല. ബന്ധപ്പെട്ട സമിതികളിൽ ചർച്ച നടത്തിയും കെ.പി.സി.സി അംഗീകാരത്തോടെയും ഉപാധിവെച്ചാണ് സീറ്റ് നൽകിയത്. ദേശീയ ആർ.എസ്.പി യു.പി.എയുടെ ഭാഗമല്ലെന്നതിനാൽ കേരള ആർ.എസ്.പി കോൺഗ്രസിനൊപ്പം നിൽക്കുമെന്ന ഉറപ്പ് മുൻകരുതലായിരുന്നു. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാൾ സോണിയ ഗാന്ധിയെ നേതാവായി അംഗീകരിക്കുമെന്നും ഉറപ്പ് നൽകി. അവർ ചാഞ്ചാട്ടക്കാരല്ല, പറയുന്ന നിലപാടിൽ ഉറച്ചുനിൽക്കും. എന്നാൽ, ഇപ്പോഴത്തെ സീറ്റ് ദാനം ചരിത്രത്തിൽ ഇല്ലാത്തവിധം പ്രതിഷേധം ഉയർത്തുന്നു.
കോൺഗ്രസിനെ ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി ശ്രമിക്കുേമ്പാൾ അതിനെ ദുർബലപ്പെടുത്താൻ സങ്കുചിത താൽപര്യം വെച്ച് പുലർത്തുന്നവരുടെ ഒളി അജണ്ടയാണ് രാജ്യസഭ സീറ്റ് ദാനത്തിൽ കണ്ടത്. ഗ്രൂപ് രാഷ്ട്രീയത്തിെൻറ തടവറയിലാണ് പാർട്ടി നേതൃത്വം. രണ്ടു ദിവസങ്ങളായി നടന്ന കെ.പി.സി.സി യോഗങ്ങളിൽ നേതൃത്വം ഒഴികെ മറ്റ് എല്ലാവരും തീരുമാനം തെറ്റാണെന്ന് പറഞ്ഞു. തെറ്റു സംഭവിച്ചാൽ തുറന്നു സമ്മതിക്കുന്നതായിരിക്കണം നേതൃത്വം. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയാണ് ചെയ്യേണ്ടത്. പരസ്യപ്രസ്താവന എന്നുമുണ്ട്. പരസ്യ പ്രസ്താവന പാടില്ലെന്ന് കെ.പി.സി.സി പ്രസിഡൻറായിരിക്കെ താനും പറഞ്ഞിട്ടുണ്ട്. സ്ഥാനത്തിരിക്കുേമ്പാൾ പറയേണ്ടിവരും. എന്നാൽ, ഇപ്പോൾ പരസ്യപ്രസ്താവന വിലക്കുന്നവരുടെ പശ്ചാത്തലം നോക്കണം. താൻ കെ.പി.സി. സി പ്രസിഡൻറായിരിക്കെ തനിക്ക് എതിരെ കെ.പി.സി.സി ഒാഫിസിൽ വാർത്തസമ്മേളനം നടത്തിയ വൈസ് പ്രസിഡൻറാണ് എം.എം. ഹസൻ. വ്യക്തിപരമായി അദ്ദേഹത്തോട് ശത്രുതയില്ല. അന്ന് അതിന് മറുപടിയും പറഞ്ഞില്ല. എ.കെ. ആൻറണി, വയലാർ രവി, ഉമ്മൻ ചാണ്ടി എന്നിവരാണ് കെ.എസ്.യു കാലം മുതൽ നേതാക്കൾ. അവരുടെ ഭാഗത്തുനിന്നും പോരായ്മയുണ്ടായാൽ പറയേണ്ടിവരും. യാഥാർഥ്യങ്ങളിൽനിന്നു അകലെ നിൽക്കുന്നവരും പ്രവർത്തകരുടെ വികാരം തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തുന്നവരുമാകരുത് നേതൃത്വം.
ഉമ്മൻ ചാണ്ടി എന്നോട് സഹകരിച്ചില്ല
കോൺഗ്രസിൽ തന്നെ ആരും കെട്ടി ഇറക്കിയതല്ല, എന്നാൽ, കെ.പി.സി.സി പ്രസിഡൻറായ തന്നോട് ഉമ്മൻ ചാണ്ടി സഹകരിച്ചില്ല. ഉമ്മൻ ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനം അട്ടിമറിക്കാനോ ഏതെങ്കിലും സ്ഥാനമാനങ്ങൾ പിടിച്ചെടുക്കാനോ അല്ല താൻ ശ്രമിച്ചത്. ഉമ്മൻ ചാണ്ടിയെ കാണാൻ ചെന്നപ്പോൾ നീരസത്തിെൻറ ഭാവമായിരുന്നു. ക്രൂരമായ നിസ്സഹകരണമാണുണ്ടായത്. ജനപക്ഷ യാത്രയും ജനരക്ഷ യാത്രയും പരാജയപ്പെടുത്താൻ ഗ്രൂപ് മാനേജർമാരുടെ ഭാഗത്തുനിന്നും ശ്രമിച്ചു. യാത്രകൾ ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടി എെൻറ പേരുപോലും പറഞ്ഞില്ല. സമരങ്ങൾ പൊളിച്ചു. വ്യക്തിപരമായി ആക്ഷേപിച്ചു. പലരും പിന്നിൽനിന്ന് കുത്തുകയായിരുന്നു. വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒരു തീരുമാനത്തെയും സ്വാധീനിച്ചിട്ടില്ല. 2017 മാർച്ച് അഞ്ചിന് കോഴിക്കോട് ഒരു ചടങ്ങിൽ പെങ്കടുത്ത് മടങ്ങുേമ്പാൾ കേബിളിൽ തട്ടി വീണു. വാരിയെല്ലിന് ക്ഷതമേറ്റു. 40 ദിവസം ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇത്രയും ദിവസം കെ.പി.സി.സിക്ക് പ്രസിഡൻറ് ഇല്ലാതിരിക്കരുതെന്ന കാരണം പറഞ്ഞാണ് രാജിവെച്ചത്.
ബൂത്ത് കമ്മിറ്റി പുനഃസംഘടന അട്ടിമറിച്ചതും ഗ്രൂപ് മാനേജർമാരാണ്. തൃശൂരിൽമാത്രമാണ് ബൂത്ത് കമ്മിറ്റികൾ പ്രവർത്തകരുെട താൽപര്യപ്രകാരം പുനഃസംഘടിപ്പിച്ചത്. ആ മാതൃകയിൽ പുനഃസംഘടന നടന്നാൽ ഗ്രൂപ് തകരുമെന്ന് മാനേജർമാർ കണക്കുകൂട്ടി. അവർ പുനഃസംഘടന അട്ടിമറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡ് കമ്മിറ്റി നിർദേശിക്കുന്നവർ മത്സരിക്കണമെന്നതായിരുന്നു തീരുമാനം. ഇതും ഗ്രൂപ്പുകൾ ചേർന്ന് അട്ടിമറിച്ചു. ഗ്രൂപ് നിർദേശിച്ചവർ ഒൗദ്യോഗിക സ്ഥാനാർഥികളായപ്പോൾ വാർഡ് കമ്മിറ്റി തീരുമാനിച്ചവർ റെബലായി. പരാജയം അവിടെ തുടങ്ങി. താഴെത്തട്ടിൽ അന്ന് ആരംഭിച്ച സ്പർധ ഇപ്പോഴും തുടരുകയാണ്. ചെങ്ങന്നൂർ ഉപതെരെഞ്ഞടുപ്പ് കണ്ണ് തുറക്കലാകണം.
സോളാർ മുതൽ തോട്ടഭൂമി വരെ
സോളാർ വിവാദവും ജിഷ കേസും ബാറും തോട്ട ഭൂമിയും അവസാന സമയത്ത് എടുത്ത തീരുമാനങ്ങളും നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളാണ്. ജനരക്ഷ യാത്രക്കിടെയാണ് സോളാർ കേസ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാൻ കെ.പി.സി.സി പ്രസിഡൻറ് എന്ന നിലയിൽ ശ്രമിച്ചു. അപ്പോൾ മാത്രമാണ് ഉമ്മൻ ചാണ്ടി ജാഥയുമായി സഹകരിച്ചത്. കരുണ എസ്റ്റേറ്റിനും ഹോപ് പ്ലാേൻറഷനും കരമടക്കാൻ അനുമതി നൽകിയത് മുൻകാല തീരുമാനങ്ങൾക്ക് വിരുദ്ധമായിരുന്നു. ഇൗ തോട്ടങ്ങളുടെ കരം ഇൗടാക്കിയാൽ ഹാരിസൺ അടക്കമുള്ള തോട്ടഭൂമി ഏറ്റെടുക്കലിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി സർക്കാറിന് കത്ത് നൽകിയിരുന്നു. അഡ്വ. സുശീല ഭട്ട് ഇൗ കേസുകളിൽ കാര്യമായി പ്രവർത്തിച്ചാണ് അനുകൂല വിധി നേടിയത്. സി.എ.ജി വിമർശിച്ച 418 ബാറുകൾ പൂട്ടണമെന്നാണ് താൻ ആവശ്യപ്പെട്ടത്. ഇതിന് ജനങ്ങൾക്കിടയിൽനിന്നും വലിയ സ്വീകര്യതയുണ്ടായി. അതിെൻറ ഫലം അരുവിക്കര ഉപതെരഞ്ഞെടുപ്പിലും കണ്ടു. ബാറുകൾ പൂട്ടുന്നതിെൻറ നേട്ടം സുധീരന് കിട്ടിയാലോ എന്ന അസൂയയെ തുടർന്നാണ് 730 ബാറുകളും അടച്ചത്. ഏത് മദ്യശാല പൂട്ടിയാലും സ്വാഗതം ചെയ്യും.
സ്ഥാനാർഥിനിർണയത്തിൽ പരസ്പരം കാലുവാരി. 11ഒാളം മണ്ഡലങ്ങളിൽ ഇങ്ങനെ പരാജയപ്പെട്ടു. സ്ഥാനാർഥി നിർണയത്തിലെ അപാകതമൂലം എേട്ടാളം സീറ്റുകളും പരാജയപ്പെട്ടു. കൊച്ചിയിൽ ഡൊമനിക് പ്രസേൻറഷന് പകരം ടോണി ചമ്മിണ്ണിയായിരുന്നുവെങ്കിൽ ജയിക്കുമായിരുന്നു. ഇത് ഒരു ഉദാഹരണം മാത്രം. കഴിഞ്ഞ ദിവസം കെ.പി.സി.സി യോഗത്തിൽ വേദനാജനകമായ അനുഭവമാണുണ്ടായത്. ജൂനിയറായ രണ്ടുപേർ ചേർന്നു പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇതൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ല. ഇപ്പോൾ കെ.പി.സി.സി യോഗം നടക്കുേമ്പാൾതന്നെ വിവരങ്ങൾ മാധ്യമങ്ങളിലുടെ പുറത്തു വരുന്നു.
വിഴിഞ്ഞം പദ്ധതിയിൽ തുടക്കം മുതൽ വിവാദമുണ്ട്. ഇതേ തുടർന്നാണ് കോൺഗ്രസ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുകുൾ വാസ്നിക് എന്നിവരും താനും ഉമ്മൻ ചാണ്ടിയും പെങ്കടുത്ത യോഗം ഡൽഹിയിൽ ചേർന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം എല്ലാവശവും ചർച്ച ചെയ്യാമെന്നും സംസ്ഥാനത്തിെൻറയും ജനത്തിെൻറയും താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും തീരുമാനിച്ചു. എന്നാൽ, ഇത് അട്ടിമറിച്ചാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയത്. അദാനിയുടെ താൽപര്യമാണ് സംരക്ഷിച്ചത്. അന്ന് എ.െഎ.സി.സി നേതൃത്വം വിളിച്ച് ചോദിച്ചു എന്താണ് സംഭവിക്കുന്നതെന്ന്. എന്ത് മറുപടി പറയാൻ?
ഗ്രൂപ്പുണ്ടാക്കിയാൽ ആളില്ലാതാകും
തനിക്ക് ഗ്രൂപ്പില്ല, ഗ്രൂപ്പുണ്ടാക്കിയാൽ രണ്ട് ഗ്രൂപ്പിലും ആളില്ലാതാകും. ഇപ്പോഴത്തെ ഗ്രൂപ്പുകൾ തട്ടിക്കൂട്ടുകളാണ്. ആശയപരമോ നയപരമോ അല്ല. വ്യക്തികൾക്ക് വേണ്ടിയാണ്. ഗ്രൂപ്പുകളിലും െഎക്യമില്ല. ഡി.സി.സികൾക്ക് ജംബോ കമ്മിറ്റികൾ രൂപവത്കരിച്ചത് താൻ അടക്കമുള്ള മൂന്നു പേരുടെ തീരുമാനമായിരുന്നു. കോൺഗ്രസിലെ പ്രശ്നങ്ങൾ സമയാസമയങ്ങളിൽ ഹൈകമാൻഡിനെ അറിയിച്ചിട്ടുണ്ട്. രാജ്യസഭ സീറ്റ് ദാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അറിയിച്ചിട്ടുണ്ട്.
കേരള കോൺഗ്രസിനെ മുന്നണിയിൽ കൊണ്ടുവരുന്നത് പാർട്ടിയെ തകർത്തു കൊണ്ടല്ല. വിലപേശിയായിരുന്നില്ല, അവർ മുന്നണിയിലേക്ക് വരാൻ. രണ്ട് ഗ്രൂപ് നേതാക്കൾ തീരുമാനിച്ചാൽ എല്ലാമാകുമെന്ന് ഹൈകമാൻഡ് തെറ്റിദ്ധരിച്ചിരിക്കാം. കോൺഗ്രസ് ഹൈകമാൻഡുമായുള്ള ചർച്ചയിൽ എന്തിനാണ് ഘടകകക്ഷി നേതാക്കൾ? തീരുമാനമെടുത്ത ശേഷം ഘടകകക്ഷികളുമായി ചർച്ച ചെയ്യുകയാണ് പതിവ്. രാജ്യസഭ സീറ്റ് വിട്ടുകൊടുക്കരുതെന്ന് എം.എം. ഹസനെയും ചെന്നിത്തലയേയും അറിയിച്ചിരുന്നു. തീരുമാനം ആത്മഹത്യപരമായിരിക്കുമെന്നും പറഞ്ഞിരുന്നു. ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡൻറിെൻറ ദുർഗതി ആർക്കും ഉണ്ടാകരുത്. ജാഥയുമായി പാതിവഴിയിൽ എത്തിയപ്പോഴാണ് കെ.പി.സി.സി പ്രസിഡൻറിനെ മാറ്റാൻ ഗ്രൂപ് നേതാക്കൾ ഡൽഹിയിൽ ചെന്നത്.
പണ്ടും ഗ്രൂപ്പുണ്ടായിരുന്നു. അത് ആരോഗ്യപരമായിരുന്നു. ഡി.സി.സിക്ക് താഴെ ഗ്രൂപ്പുണ്ടായിരുന്നില്ല. ഒറ്റത്തവണ എന്ന പ്രയോഗം 1982ൽ താൻ നിർേദശിച്ചതാണ്. അന്ന് യൂത്ത് കോൺഗ്രസ് പ്രസിഡൻറായിരുന്ന കെ.സി. ജോസഫിന് ഇരിക്കൂർ സീറ്റ് നൽകിയപ്പോൾ വലിയ എതിർപ്പാണ് അവിടെനിന്നും ഉയർന്നത്. ഒറ്റത്തവണത്തേക്ക് എന്നുപറഞ്ഞാണ് ശാന്തമാക്കിയത്. പ്രതിപക്ഷത്തിെൻറ പ്രവർത്തനം ജനങ്ങളുടെ വിശ്വാസം ആർജിക്കുന്ന തരത്തിലല്ല, സർക്കാറിന് എതിരെ ജനപക്ഷത്തുനിന്നും എതിർപ്പ് ഉയരുന്നില്ല. പൈതൃക സ്വത്തായ കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറിയിട്ട് എതിർപ്പുയർന്നില്ല. 5.5 ലക്ഷം ഹെക്ടർ തോട്ട ഭൂമി ഏറ്റെടുക്കേണ്ട ഹാരിസൺ കേസിൽ സർക്കാർ തോറ്റു െകാടുത്തു. രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടിൽ നടപടിയില്ല. മദ്യനയത്തിൽ നിലപാടില്ല. പ്രതിപക്ഷ ധർമം നിറവേറ്റിയിട്ടില്ല. താൻ പാർലമെൻററി രാഷ്ട്രീയം അവസാനിപ്പിച്ചതാണ്. രാജ്യസഭ സീറ്റിൽ താൽപര്യമുണ്ടായിരുന്നില്ല. 2009ൽ ലോക്സഭയിലേക്കും 2011ൽ നിയമസഭയിലേക്കും മത്സരിക്കാൻ സോണിയ ഗാന്ധിയടക്കം ആവശ്യപ്പെട്ടപ്പോൾ മാറിനിന്നതാണ്.
(കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ ബുധനാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.