നിശ്ചയ ദാർഢ്യമാണ് വി.എസ്. അച്യുതാനന്ദന്റെ ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹത്തിനൊപ്പം പാർട്ടി കമ്മിറ്റികളിൽ ഇരുന്നിട്ടുള്ള ഞങ്ങളെ പോലുള്ളവർക്ക് അത് നേരിട്ടറിയാം. എത്ര വലിയ എതിർപ്പിനു മുന്നിലും പതറില്ല. തീരുമാനിച്ചാൽ അത് നടപ്പാകുന്നതുവരെ പൊരുതും.
ഈ കരുത്ത് താൻ കടന്നുവന്ന കനൽവഴികളിൽനിന്ന് ആർജിച്ചതാണ്. മഹാനായ കമ്യൂണിസ്റ്റ് നേതാവ് പി. കൃഷ്ണപിള്ളയാണ് വി.എസിലെ കമ്യൂണിസ്റ്റിലെ രൂപപ്പെടുത്തിയത്. ഏറ്റവും ദരിദ്രമായ ചുറ്റുപാടിൽ കഴിഞ്ഞിട്ടുള്ള കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് വി.എസ് പാർട്ടിയിലേക്ക് വരുന്നത്. തൊഴിലാളികളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ നടത്തിയ ഇടപെടൽ ചരിത്രപരമാണ്.
കുട്ടനാട്ടിലെ അക്കാലത്തെ കർഷകത്തൊഴിലാളികളുടെ ജീവിതാവസ്ഥ എന്നത് ഭൂസ്വാമിമാർ അവരെ എല്ലാ നിലയിലും ചൂഷണം ചെയ്യുന്ന നിലയായിരുന്നു. തൊഴിലാളിയുടെ ജീവനിൽ പോലും ജന്മിക്ക് അവകാശമുണ്ടെന്നതായിരുന്നു അവസ്ഥ. അത്തരത്തിലുള്ള മാടമ്പികളായിരുന്നു ഭൂവുടമകൾ. അവർക്കെതിരായ ചെറുത്തുനിൽപിന് നേതൃത്വം നൽകാൻ വി.എസ് കാണിച്ച ആർജവം എടുത്തുപറയേണ്ട ഒന്നാണ്.
വി.എസിന്റെ പ്രസംഗത്തിലെ നീട്ടലും കുറുക്കലും ഒരു വേറിട്ട അനുഭവമാണ്. കേൾക്കാൻ വലിയ ഇമ്പമുണ്ടാകില്ല. പക്ഷേ, പറയുന്ന വാക്കുകൾ കണിശമാണ്. നിലപാടുകൾ കൃത്യമാണ്. ഈ പ്രസംഗശൈലിയെക്കുറിച്ച് വി.എസിനോട് ചോദിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളികളെ പിടിച്ചിരുത്താനും അവർക്ക് മനസ്സിലാക്കാനും കഴിയുന്ന ശൈലി സ്വീകരിച്ചെന്നായിരുന്നു മറുപടി.
വായിക്കാനും പഠിക്കാനും സൗകര്യങ്ങളില്ലായിരുന്ന കർഷകത്തൊഴിലാളികളെ ആകർഷിക്കാനും പാർട്ടിയുടെ ആശയം അവരിലേക്കെത്തിക്കാനും പ്രത്യേകമായ ആ പ്രസംഗ ശൈലി കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞു.
അങ്ങനെ നോക്കുമ്പോൾ സഖാവിന്റെ പ്രസംഗ ശൈലി കേവലമൊരു കൗതുകത്തിനപ്പുറം ഒരു ധിഷണാശാലിയായ ഒരു നേതാവിന്റെ സാമർഥ്യമാണ്. തൊഴിലാളികൾക്കിടയിൽ താമസിച്ചും അവരുടെ ജീവിതം കണ്ടും അറിഞ്ഞും രാഷ്ട്രീയ പ്രവർത്തനം നടത്തിയ വി.എസിനെ പോലൊരാൾക്ക് മാത്രമേ അതിന് കഴിയൂ.
വി.എസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികളുടെ ചെറുത്തുനിൽപ് ഉയർന്നുവന്നപ്പോൾ ഭൂസ്വാമിമാരുടെ കുറുവടിപ്പട വന്നു. അതിനെ ശക്തമായി നേരിട്ട വി.എസിനെ എതിരാളികൾ കൊലക്കേസിൽ വരെ പ്രതിയാക്കി. അതിനുമുന്നിൽ മുട്ടുമടക്കിയില്ല.
തനിക്കും പ്രസ്ഥാനത്തിനുമെതിരെ വരുന്ന ഏത് ആക്രമണങ്ങളെയും നെഞ്ചുവിരിച്ച് നേരിടുകയെന്നതാണ് വി.എസ് എല്ലാകാലത്തും സ്വീകരിച്ച ശൈലി. ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന്റെ നായകത്വം വഹിച്ച ആദ്യകാലത്തും പിന്നീട് എം.എൽ.എ, പാർട്ടി സെക്രട്ടറി, എൽ.ഡി.എഫ് കൺവീനർ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിങ്ങനെയുള്ള പദവികൾ വഹിച്ചിരുന്ന കാലത്തുമെല്ലാം വി.എസ് അത് തുടർന്നു.
ഞങ്ങളെ പോലെയുള്ളവർക്ക് വി.എസ് ആവേശമായി മാറുന്നത് അതുകൊണ്ടാണ്. എതിരാളികളുടെ ഒരു കുതന്ത്രത്തിനു മുന്നിലും അദ്ദേഹം പിൻവാങ്ങിയിട്ടില്ല. സധൈര്യം നേരിടാൻ മുന്നിൽ നിന്നപ്പോൾ ജനങ്ങൾ വി.എസിനൊപ്പം നിന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന് മുന്നിലുണ്ട്. അദ്ദേഹം ഇടപെടാത്ത ജനകീയ വിഷയങ്ങളില്ല. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങൾക്കൊപ്പവും വി.എസ് നിലകൊണ്ടു.
പരിസ്ഥിതി, തൊഴിൽ, മനുഷ്യാവകാശ, സ്ത്രീപക്ഷ പോരാട്ടങ്ങളുടെ ഭൂമിയിലെല്ലാം പ്രായത്തിന്റെ അവശതകൾ പോലും മറന്ന് വി.എസ് കടന്നുചെന്നു. നെൽവയലുകൾ ഇല്ലാതാകുന്നതിന്റെ പ്രതിസന്ധി തിരിച്ചറിഞ്ഞ് വയൽ സംരക്ഷണത്തിന് ആദ്യം മുന്നിട്ടിറങ്ങിയത് വി.എസാണ്. അതിന്റെ പേരിൽ ‘വെട്ടിനിരത്തൽ വീരൻ’ എന്ന ആക്ഷേപം കേൾക്കേണ്ടി വന്നു. പക്ഷേ, അദ്ദേഹം പിന്മാറിയില്ല.
കേവലം സമരം മാത്രമായിരുന്നില്ല വി.എസിന്റെ വഴി. മുഖ്യമന്ത്രിയായപ്പോൾ നെൽവയൽ സംരക്ഷണത്തിന് ശക്തമായ നടപടികൾ അദ്ദേഹം സ്വീകരിച്ചു. കേരളത്തിൽ ഇന്ന് കാണുന്ന വയലുകൾ ബാക്കിയായതിൽ വി.എസിനോട് നാം കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പരിസ്ഥിതി സൗഹൃദനിലപാടും നമുക്കറിയാവുന്നതാണ്. അനധികൃത കൈയേറ്റങ്ങളോട് അദ്ദേഹം ഒരിക്കലും പൊരുത്തപ്പെട്ടില്ല.
പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തിലാണ് വി.എസ് ജനങ്ങളുടെ ആരാധ്യപുരുഷനായി മാറിയത്. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടാണ് അദ്ദേഹം കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ ആരാധന നേടിയെടുത്തത്. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനം വിലയിരുത്തിയാൽ നേതാക്കൾക്ക് പുതിയൊരു പ്രവർത്തന മാതൃക തന്നെ അദ്ദേഹം സൃഷ്ടിച്ചെന്ന് മനസ്സിലാക്കാം.
സമരങ്ങളുടെ നേതാവായ വി.എസ് ഭരണാധികാരിയായി തിളങ്ങില്ല എന്നാണ് പലരും കരുതിയിരുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ മികവാർന്ന പ്രകടനമാണ് നടത്തിയത്. ഇപ്പോൾ യാഥാർഥ്യമായ വിഴിഞ്ഞം തുറമുഖപദ്ധതിയുടെ സുപ്രധാന ചുവടുകൾ വി.എസ് സർക്കാറിന്റെ കാലത്താണ് നടന്നത്. കൊച്ചി മെട്രോ പോലുള്ള വൻകിട പദ്ധതികളും അദ്ദേഹത്തിന്റെ സർക്കാർ മുന്നോട്ടുകൊണ്ടുപോയി.
സർക്കാർ ഖജനാവിൽ നിന്ന് ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ കൊടുക്കുന്ന സംവിധാനം വന്നത് നായനാർ സർക്കാറിന്റെ കാലത്താണ്. അത് വി.എസിന്റെ കൈയൊപ്പ് പതിഞ്ഞ പദ്ധതിയാണ്. 1970 ലെ കർഷക- കർഷകത്തൊഴിലാളി സമരത്തിന്റെ പ്രഖ്യാപനം നടത്തിയ ആലപ്പുഴ സമ്മേളനത്തിന്റെ മുഖ്യശിൽപിയും അദ്ദേഹം തന്നെ.
നൂറാം വയസ്സ് തികക്കുന്ന വി.എസ് ഈ അടുത്തകാലം വരെയും പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അദ്ദേഹത്തിന് അതു സാധിച്ചതിന് പിന്നിലെ രഹസ്യം ചിട്ടയായ ജീവിതശൈലിയാണ്. ഭക്ഷണം, വ്യായാമം എല്ലാ കാര്യങ്ങളിലും വി.എസിന് തന്റേതായ ചിട്ടകളുണ്ട്.
എത്ര നല്ല ഭക്ഷണമൊരുക്കി, ആരുതന്നെ വിളിച്ചാലും അദ്ദേഹത്തെ കിട്ടില്ല. എത്ര തിരക്കുപിടിച്ച യാത്രാപരിപാടികൾക്കിടയിലും അദ്ദേഹം വ്യായാമം മുടക്കിയിട്ടില്ല. പാർട്ടി കാര്യങ്ങളിലെന്ന പോലെ വ്യക്തിപരമായ വിഷയങ്ങളിലും വി.എസ് നിലപാടിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല.
വി.എസിനെ വേറിട്ടുനിർത്തുന്നതും അതുതന്നെ. മറ്റുപാർട്ടികളിൽ നിന്ന് വ്യത്യസ്തമാണ് കമ്യൂണിസ്റ്റ് പാർട്ടി. സാധാരണ പ്രവർത്തകൻ മുതൽ നേതാവ് വരെ വിമർശനത്തിനതീതരല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ വി.എസിന്റെ ജീവിതവും പോരാട്ടവും അഭേദ്യമാണ്.
തയാറാക്കിയത്: എ.കെ. ഹാരിസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.