ഒടുവിൽ നമ്മളെല്ലാം മുഖപടം​ ധരിക്കേണ്ടിവന്നു

യു‌.എസിലെ ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷൻ പരമ്പരയാണ്​​ ‘ഗ്രേയ്​സ്​ അനാട്ടമി’. ഇതിൽ, ശരീരം മുഴുവൻ മറച്ച്​ കണ്ണുകൾ മാത്രം പുറത്തുകാണിക്കുന്ന ഡോക്ടർമാരും നഴ്സുമാരും കഥാപാത്രങ്ങളായി വരുന്ന നിരവധി രംഗങ്ങളുണ്ട്​. സംസാരിക്കുകയും ചിരിക്കുകയും തർക്കിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിലെല്ലാം അഭിനേതാക്കളുടെ കണ്ണുകളുടെ ക്ലോസപ്പ്​ ദൃശ്യങ്ങളിലൂടെയാണ്​ സംവിധായകൻ പ്രേക്ഷകരെ കൈയിലെടുക്കുന്നത്​. മുസ്​ലിം സ്ത്രീകളിൽ ചിലർ നിഖാബ്​ (മുഖപടം) ധരിക്കുന്നത്​​ ആശയവിനിമയത്തിന് തടസ്സമാണെന്ന ആരോപണം തെറ്റാ​ണെന്ന്​ തെളിയിക്കാൻ ഈ രംഗങ്ങൾ ധാരാളം മതി. 

കോവിഡ്​ വ്യാപനത്തിനെതിരെ പോരാടാൻ ഇപ്പോൾ ലോകമെങ്ങും മാസ്കുകൾ ഉപയോഗിക്കുന്നു. ഇത് നിഖാബ് ധരിക്കുന്ന മുസ്​ലിം സ്ത്രീകളോടുള്ള വിവേചനത്തെക്കുറിച്ച്​ പുനരാലോചിക്കാൻ ചിലർക്കെങ്കിലും പ്രേരണയാകുന്നുണ്ട്​. ഫ്രാൻസിൽ 2011ലും കാനഡയിലെ ക്യുബെക്കി​ൽ 2017 ഒക്ടോബറിലും പ്രാബല്യത്തിൽ വന്ന മുഖം മറയ്ക്കൽ നിരോധനം പുതിയ സാഹചര്യത്തിൽ എനിക്ക്​ ആശ്ചര്യകരമായി തോന്നി. 

എല്ലാവരും വ്യാപകമായി ഫേസ്​ മാസ്ക്​ ധരിക്കുന്നത്​ കനേഡിയക്കാരും അമേരിക്കക്കാരും യൂറോപ്പുകാരും ഇപ്പോൾ അംഗീകരിക്കുന്നുണ്ടല്ലോ. അതുപോലെ, ചിലർ നിഖാബ്​ ധരിക്കുന്നതിനെയും ഉൾക്കൊള്ളാൻ ഇവർക്ക്​ കഴിയുമോ?​ ചുരുക്കം ചില സ്ത്രീകൾ ഇത് ധരിക്കു​േമ്പാൾ അവരോട്​ വിവേചനത്തോടെ പെരുമാറുന്നത്​ പാശ്ചാത്യ നാടുകൾ അവസാനിപ്പിക്കുമോ?

മുഖരാഷ്​ട്രീയത്തി​​െൻറ ചരിത്രം
മുഖപടം യൂറോപ്പ്​ നിരാകരിക്കുന്നതി​ന്​​ നീണ്ട ചരിത്രമുണ്ട്. കനേഡിയൻ മുസ്‌ലിം സ്ത്രീകളെയും മുഖപടത്തെയും കുറിച്ചുള്ള പുസ്തക രചനക്ക്​ വേണ്ടി നടത്തിയ ഗവേഷണത്തിനിടെ ഇക്കാര്യം ഞാൻ മനസ്സിലാക്കിയിരുന്നു.  

സാംസ്കാരിക ഭീഷണിയുടെയും മുസ്‌ലിം സ്ത്രീകളെ നിശബ്ദമാക്കുന്നതി​​െൻറയും പ്രതീകമായാണ്​ ചിലർ നിഖാബിനെ കാണുന്നത്​. പാശ്ചാത്യ സാഹിത്യത്തിൽ മുഖപടത്തെ കുറിച്ചുള്ള ആദ്യ ചർച്ചകളിലൊന്ന് ഡോൺ ക്വിക്സോട്ട്​ എന്ന നോവലിലാണെന്ന്​ ‘മുസ്​ലിം സ്ത്രീയുടെ പാശ്ചാത്യ പ്രാതിനിധ്യം’ എന്ന പുസ്തകത്തിൽ മോജാ കാഫ് രേഖപ്പെടുത്തുന്നുണ്ട്​. മിഗ്വെൽ ഡി സെർവാൻറ്​സി​​െൻറ ഈ വിശ്വപ്രസിദ്ധ സ്പാനിഷ് നോവൽ 1605ലാണ്​ പ്രസിദ്ധീകരിച്ചത്​. 

ഒരു സത്രത്തിലൂടെ മുഖപടം ധരിച്ച്​ നടക്കുന്ന സ്ത്രീയെക്കുറിച്ച്, നോവലിലെ കഥാപാത്രങ്ങളിലൊന്നായ ഡൊറോത്തിയ  ചോദിക്കുന്നു: “ഈ സ്ത്രീ ക്രിസ്ത്യാനിയാണോ അതോ മൂർ ആണോ?” ഉത്തരം വന്നു: “അവളുടെ വസ്ത്രധാരണവും നിശബ്ദതയും കണ്ടിട്ട്​ അവൾ നമ്മൾ കരുതുന്ന പോലെ അല്ലെന്ന് തോന്നുന്നു.” ഡോൺ ക്വിക്സോട്ടിൽ നിന്നുള്ള ഈ രംഗം സൂചിപ്പിക്കുന്നത് പോലെ, അക്കാലത്തും യൂറോപ്യൻ സ്ത്രീകൾ ചിലപ്പോൾ അവരുടെ മുഖമോ തലമുടിയോ മൂടിയിരുന്നു. എന്നാൽ അവർ അങ്ങനെ ചെയ്യുന്നത്​ ഒരിക്കലും ആരും നിഷേധാർഥത്തിൽ കണ്ടിരുന്നില്ല.

‘ഗ്രേയ്​സ്​ അനാട്ടമി’യിൽ ഓപ്പറേഷൻ തിയറ്ററിൽനിന്നുള്ള രംഗം
 

വ്യക്തികൾക്കും മുതലാളിത്തത്തിനും കൺസ്യൂമറിസത്തിനും​ മുൻഗണന നൽകുന്ന പാശ്ചാത്യ ഉദാരവാദത്തി​​െൻറ ഉയർച്ച പുതിയ “മുഖരാഷ്ട്രീയത്തിലേക്ക്” നയിച്ചു. മാഞ്ചസ്​റ്റർ സർവകലാശാലയിൽ രാഷ്ട്രമീമാംസയിൽ പ്രഫസറായ ജെന്നി എഡ്കിൻസ്, മുഖത്തി​​െൻറ പുതിയ അർഥത്തെ കേന്ദ്രീകരിച്ചുള്ള രാഷ്​ട്രീയത്തെ വിശകലനം ചെയ്യുന്നുണ്ട്​. മുഖം ശരിയായി വായിക്കാൻ കഴിയുമെങ്കിൽ, വ്യക്തിയുടെ സ്വഭാവം പ്രദർശിപ്പിക്കുന്നത്​ കാണാനാകും എന്നാണ്​ അവർ അഭിപ്രായപ്പെട്ടത്​. എന്തെങ്കിലും മറയ്ക്കാനോ യഥാർഥ വിവരം മറ്റുള്ളവർ അറിയാതിരിക്കാനോ ആഗ്രഹിക്കുന്നവരാണ്​ മുഖം മറച്ചുവെക്കുന്നത് എന്ന മറുവശവും ഈ പുതിയ മുഖരാഷ്ട്രീയം ഉയർത്തിക്കൊണ്ടുവന്നു. 

അതേസമയം, ഭാവാഭിനയത്തിലൂടെ പ്രേക്ഷകരെ അഭിനേതാക്കൾ രസിപ്പിക്കുന്നത്​ പോലെ മുഖം കൈകാര്യം ചെയ്യുന്നത്​ പഠിച്ചെടുക്കേണ്ട ഒന്നാണെന്ന്​ നാം മനസ്സിലാക്കി. മുഖത്ത് മേക്കപ്പ് ഇടുന്നതിനെക്കുറിച്ചും നമ്മൾ പഠിക്കുന്നു, വിദ്യാഭ്യാസത്തിലൂടെയും വ്യക്തിപരമായ ചടുലതയിലൂടെയും നമ്മൾ ലോകത്തെ അഭിമുഖീകരിക്കുന്നു, ആളുകളെ കബളിപ്പിക്കുന്നതിനും മാതാപിതാക്കളോടും അധ്യാപകരോടും കള്ളം പറയുന്നതിനും ഭാവഭേദമില്ലാതെ മുഖം ഉപയോഗിക്കാൻ നമ്മൾ ശ്രമിക്കുന്നു, സാഹചര്യങ്ങൾക്ക്​ അനുചിതമായ വികാരം കാണിക്കാതിരിക്കാൻ മുഖത്തെ എങ്ങനെ ശീലിപ്പിക്കാ​െമന്നും നമ്മൾ പഠിച്ചെടുക്കുന്നു. അതേ, മുഖം പലപ്പോഴും നമ്മുടെ യഥാർഥ മുഖംമൂടിയാണ്.

നിഖാബ് വിരുദ്ധതയും വിദ്വേഷപ്രചരണവും
വിദ്വേഷപ്രസ്​താവനകളിലൂടെ നിരവധി നേതാക്കൾ തങ്ങളുടെ നിഖാബ് വിരുദ്ധ മനോഭാവം പ്രകടമാക്കിയിരുന്നു. കാനഡയിൽ നിഖാബ് നിരോധിക്കാൻ ശ്രമിച്ച്​ പരാജയപ്പെട്ട മുൻ പൗരത്വ, സാംസ്​കാരിക മന്ത്രി ജേസൺ കെന്നിയുടെ പ്രസ്​താവന ഇതിന്​ ഉദാഹരണമാണ്​. “പഴയ ഗോത്ര സാംസ്കാരമാണ്​ നിഖാബ്​. അവർ സ്ത്രീകളെ മനുഷ്യരെപ്പോലെയല്ല, സ്വത്തായിട്ടാണ് കണക്കാക്കുന്നത്” എന്നായിരുന്നു 2015ൽ അദ്ദേഹം പറഞ്ഞത്​. “സ്ത്രീവിരുദ്ധ സംസ്കാരത്തിൽ വേരൂന്നിയ വസ്ത്രമാണത്​. അവരവരുടെ വ്യക്തിത്വം മറച്ചുവെക്കുന്നത്​ കുറ്റകരമാണ്.” എന്നായിരുന്നു മുൻ പ്രധാനമന്ത്രി സ്​റ്റീഫൻ ഹാർപ്പർ അതേ വർഷം നടത്തിയ പ്രസ്​താവന.

കാനഡയിൽ വിദ്വേഷ പ്രചാരണം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഒൻററിയോയിലും ക്യുബെക്കിലുമാണ്​ ഏറ്റവും കൂടുതൽ. ഒൻററിയോയിൽ മുസ്​ലിംകൾക്കും കറുത്തവർക്കും ജൂതന്മാർക്കുമെതിരെയാണെങ്കിൽ, ക്യുബെക്കിൽ മുസ്‌ലിംകൾക്കെതിരായ വിദ്വേഷപ്രചരണമാണ്​ വർധിച്ചത്​. 

കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയായവരിൽ ഏറ്റവും കൂടുതൽ മുസ്​ലിംകളാണെന്നാണ്​ ടൊറ​േൻറാ സർവകലാശാലയിലെ ഗവേഷകയായ സിദ്​റ അഹ്മദ് വ്യക്​തമാക്കുന്നത്​. അതിൽ അധികവും സ്​ത്രീകളാണെന്നും കാനഡയിലെ വിദ്വേഷ കുറ്റകൃത്യങ്ങളുടെ കണക്കുകൾ വിശകലനം ചെയ്​ത്​ സിദ്​റ ചൂണ്ടിക്കാട്ടുന്നു. 2018ലെ ആംഗസ് റീഡ് വോട്ടെടുപ്പിൽ ഭൂരിപക്ഷം കാനഡ പൗരന്മാരും ജീവനക്കാർക്ക് നിഖാബ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. മുസ്‌ലിം സ്ത്രീകളെ അനാവരണം ചെയ്യാനുള്ള സമകാലിക ശ്രമങ്ങൾ കൊളോണിയൽ കാലഘട്ടത്തിലെ ബ്രിട്ടീഷ്, ഫ്രഞ്ച് ചെയ്​തികളെയാണ്​ പ്രതിധ്വനിപ്പിക്കുന്നത്​.

മെഡിക്കൽ മാസ്​കും നിഖാബും
അടുത്തിടെ ടൊറ​േൻറാ സ്​റ്റാർ സംഘടിപ്പിച്ച ചർച്ചയിൽ വിൻഡ്‌സർ സർവകലാശാലയിലെ നിയമ വിദ്യാർത്ഥി താഷാ സ്​റ്റാൻസ്‌ബറി, അധികൃതർ നിഖാബിനോട്​ കാണിക്കുന്ന വിവേചനത്തി​​െൻറ പൊള്ളത്തരം ഉദാഹരണസഹിതം വ്യക്​തമാക്കിയിരുന്നു. ‘‘മോൺട്രിയൽ ആശുപത്രിയിൽ ഇപ്പോൾ ശസ്ത്രക്രിയാ മാസ്‌ക് ധരിക്കൽ നിർബന്ധമാണ്​. ആളെ തിരിച്ചറിയാനോ സുരക്ഷാ ആവശ്യങ്ങൾക്കോ മാസ്ക് നീക്കംചെയ്യാൻ ആരും ആവശ്യപ്പെടുന്നില്ല. മാസ്​ക്​ ധരിച്ചുതന്നെ അവർ മെഡിക്കൽ സ്​റ്റാഫുകളുമായി സംവദിക്കുന്നു. എന്നാൽ, അതേ ആശുപത്രിയിലേക്ക് നിഖാബ് ധരിച്ച ഒരു സ്ത്രീ വന്നാൽ അത് നീക്കംചെയ്യാൻ നിയമപ്രകാരം നിർബന്ധിതയാകും’’ -താഷാ ചൂണ്ടിക്കാണിച്ചു.

യു.എസ് ഫിലോസഫി പ്രഫസർ മാർത്ത നസ്ബാം ന്യൂയോർക്ക് ടൈംസിലെഴുതിയ ലേഖനത്തിലും സുരക്ഷയുടെ പേരിലുള്ള മുഖപട നിരോധനത്തി​​െൻറ കാപട്യം തുറന്നുകാട്ടിയിരുന്നു. തണുപ്പ്​ കാലത്ത്​ മുഖവും ശരീരവും മൂടിപ്പുതച്ച്​ ആളുകൾ പുറത്തിറങ്ങുന്നത്​ സുരക്ഷാപ്രശ്​നമുണ്ടാക്കുന്നില്ലെങ്കിൽ നിഖാബ്​ എങ്ങിനെയാണ്​ അതിന്​ ഹേതുവാകുന്നതെന്നായിരുന്നു അവരുടെ ചോദ്യം. മുഖവും തലയും മറക്കുന്ന കമ്പിളി സ്കാർഫുകളെ പൗരന്മാർ തമ്മിലുള്ള ആശയവിനിമയത്തിന്​ തടസ്സമായി ലിബറൽ ജനാധിപത്യ രാജ്യങ്ങൾ കാണാത്തത് എന്തുകൊണ്ടാണെന്നും മാർത്ത ചോദിച്ചു.

ശസ്ത്രക്രിയാ വിദഗ്ധർ, ദന്തരോഗവിദഗ്ദ്ധർ, അമേരിക്കൻ ഫുട്ബാൾ കളിക്കാർ, സ്കീയർമാർ, സ്കേറ്റിങ്​ താരങ്ങൾ… തുടങ്ങി വിശ്വസ്തരായ നിരവധി പ്രഫഷനലുകൾ വർഷം മുഴുവനും മുഖം മൂടുന്നു. ഇതിനെയൊന്നും യൂറോപ്പ്​ ഭയക്കുകയോ തടയുകയോ ചെയ്യുന്നില്ല. അപ്പോൾ,  മുഖംമറക്കുന്നതല്ല, മുസ്​ലിം വേഷമായതാണ്​ ഭയത്തിനും അവിശ്വാസത്തിനും പ്രചോദനം എന്നതുവ്യക്​തമാണ്​. 

കൊറോണയെ തടയാൻ ധരിക്കുന്ന മുഖംമൂടിയും നിഖാബും തമ്മിൽ എന്താണ്​ വ്യത്യാസം?. രണ്ടും ഒരു നിർദിഷ്​ട ആവശ്യത്തിന്​, ഒരു നിർദിഷ്​ട സ്ഥലത്ത്, ഒരു നിശ്ചിത സമയത്തേക്ക് മാത്രം ധരിക്കുന്ന വസ്ത്രങ്ങളാണ്. ഇത് ആരും 24 മണിക്കൂറും ധരിക്കില്ല. ആവശ്യം അവസാനിച്ചാൽ രണ്ടും അഴിച്ചുവെക്കും. സ്രഷ്​ടാവി​​െൻറ ആഹ്വാനം ചിലരെ നിഖാബ് ധരിക്കാൻ പ്രേരിപ്പിക്കുന്നു; പകർച്ചവ്യാധി ഭീഷണി പലരെയും മാസ്​ക്​ ധരിക്കാൻ പ്രേരിപ്പിക്കുന്നു എന്നതുമാത്രമാണ്​ വ്യത്യാസം.

നാമെല്ലാവരും മാസ്ക് ധരിച്ചാൽ അതിനർഥം നമ്മളെല്ലാം അടിച്ചമർത്തലിന് വഴങ്ങി എന്നാണോ? നാം അതിന്​ വിധേയരാണോ? മാസ്​ക്കിട്ടാൽ നമുക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയില്ലേ? ക്യുബെക്കിൽ മാസ്​ക്​ ധരിച്ചവർക്ക്​ ഡേകെയറിൽ ജോലി നിഷേധിക്കപ്പെടുമോ? സർക്കാർ സേവനം നിരസിക്കുമോ? ബസ്​ യാത്ര അനുവദനീയമല്ലേ?
 

(ദി കോൺവർസേഷൻ ഡോട്​ കോമിൽ പ്രസിദ്ധീകരിച്ച ലേഖനത്തി​​െൻറ സ്വതന്ത്ര പരിഭാഷ.
ടൊറ​േൻറാ സർവകലാശാലയിൽ ഇസ്​ലാമിക്​ പൊളിറ്റിക്സ്​ ലക്ചററാണ്​ ലേഖിക)

Tags:    
News Summary - We are all niqabis now: Coronavirus masks reveal hypocrisy of face covering bans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.