വരേണ്യ മുഗളരുമായി സഹവാസമുണ്ടായിരുന്നുവെങ്കിലും വർണ/ജാതി സ്വത്വങ്ങൾക്ക് പുറത്തായിരുന്ന അവരെ ഉന്നതജാതി ഹിന്ദുക്കൾ മ്ലേച്ഛരായാണ് കണ്ടത്. പാലത്തുനിന്ന് ലഭിച്ച 13ാം നൂറ്റാണ്ടിലെ ഒരു ലിഖിതത്തിൽ ഒരു ഹിന്ദു വ്യാപാരി മുഹമ്മദ് ബിൻ തുഗ്ലകിനെ മാതൃകാ ഭരണാധികാരിയായി വിശേഷിപ്പിച്ചു കാണുന്നു.
എന്നാൽ, ആ കുറിമാനം അവസാനിക്കുന്നത് അദ്ദേഹത്തെ മ്ലേച്ഛൻ എന്നു വിളിച്ചുകൊണ്ടാണ്. സുൽത്താനെ അപകീർത്തിപ്പെടുത്തുന്ന അർഥത്തിൽ ഒരു വ്യാപാരിയും ഈ പ്രയോഗം നടത്താനിടയില്ല, അങ്ങനെ ചെയ്താൽ അയാളുടെ കഥകഴിഞ്ഞതുതന്നെ. സുൽത്താന് ജാതി സ്വത്വം ഇല്ലെന്നായിരിക്കാം ഇതുകൊണ്ട് ഉദ്ദേശിച്ചിരിക്കുക.
കൃത്യമായ ജാതിസ്വത്വം ഇല്ലാത്തവരെയും കീഴ്ജാതി ഹിന്ദുക്കളെയും അവർണരായാണ് ഗണിച്ചിരുന്നത്. തൊട്ടുകൂടാത്തവരും അയിത്തക്കാരുമായി കണക്കാക്കിയിരുന്ന ആളുകളും മ്ലേച്ഛരായിരുന്നു. 16ാം നൂറ്റാണ്ടിലെ ഗ്രന്ഥങ്ങളിലൊന്നായ സർവ ദർശന സംഗ്രഹത്തിൽ ശ്രമണർ-ബൗദ്ധർ, ജൈനർ, ചാർവാകർ, തുരുഷ്കർ (മധ്യേഷ്യയിൽനിന്നുള്ള തുർക്കികൾ) എന്നിവരെയെല്ലാം ജാതി പദവി ഇല്ലാത്ത നാസ്തികർ ആയാണ് വിവരിച്ചിരിക്കുന്നത്. തുരുഷ്കർ അഥവാ തുർക്കിയിൽ നിന്നുള്ള മുസ്ലിംകൾ വിശ്വസിച്ചിരുന്നത് അല്ലാഹുവിലായിരുന്നു.
17ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുറത്തു വന്ന ഒരു അസാധാരണരേഖ ഒരു വ്യാപാരിയെയും അദ്ദേഹം ജീവിച്ച കാലത്തെ സാമൂഹിക ജീവിതത്തിന്റെയും ചിന്തകളുടെയും ചിത്രം നൽകുന്നുണ്ട്. അക്ബർ ചക്രവർത്തിയുടെ കാലത്ത് ബ്രജ് ഭാഷാ ഹിന്ദിയിൽ അർധകഥനക് എന്ന തലക്കെട്ടിൽ ബനാർസിദാസ് എഴുതിയ ആത്മകഥാപരമായ സുദീർഘ കവിതയാണിത്. ബംഗാളിലെ നവാബായിരുന്ന ലോഥി ഖാന്റെ ദിവാൻ (മന്ത്രി) ആയിരുന്നു ബനാർസിദാസിന്റെ മുത്തച്ഛൻ.
വിവിധ നഗരങ്ങളിൽ വ്യാപക വാണിജ്യ ബന്ധങ്ങളുണ്ടായിരുന്ന ആഗ്രയിലെയും ബനാറസിലെയും ജൈന വ്യാപാര സമൂഹത്തിന്റെ മുഗൾകാല ജീവിതം സംബന്ധിച്ച ദർശനമാണ് ഇതിൽ കാണാൻ കഴിയുക. ജയ്പൂരിൽ മാത്രം അത്യധികം സജീവമായ 52 കമ്പോളങ്ങളുണ്ടായിരുന്നു.
സമ്പന്ന ജൈന വ്യാപാരികളിൽനിന്ന് പണം തട്ടാൻ ശ്രമിക്കുന്ന മുഗള ഉദ്യോഗസ്ഥർ സൃഷ്ടിച്ച പ്രശ്നങ്ങളെക്കുറിച്ച് അതിൽ പരാമർശിക്കുന്നുണ്ട്. അതുകൊണ്ടൊന്നും ഈ കച്ചവടക്കാരുടെ കണക്കറ്റ സമ്പത്തിന് ഒരു ഊനവും തട്ടിയിരുന്നില്ലയെന്നും. മതജീവിതം, തീർഥാടന കേന്ദ്രങ്ങൾ, ആചാരങ്ങൾ, വിഗ്രഹങ്ങൾ എന്നിവയെക്കുറിച്ചെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന രചനയിൽ അക്കാലത്തെ ഇസ്ലാമിനെയോ ഭക്തിപ്രസ്ഥാനത്തെക്കുറിച്ചോ പരാമർശമേതുമില്ല എന്നത് ആശ്ചര്യകരം തന്നെ.
ചുരുങ്ങിയ കാലം ബനാർസിദാസ് ശൈവ ഭക്തനായി ജീവിച്ചെങ്കിലും വളരെപ്പെട്ടെന്നുതന്നെ അദ്ദേഹം അടിയുറച്ച ജൈന വിശ്വാസത്തിലേക്ക് മടങ്ങി. ആ മതദർശനത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ചെയ്തിട്ടുണ്ടദ്ദേഹം. തന്റെ കാലത്ത് ബനാറസിൽ തുടക്കംകുറിക്കപ്പെട്ട ജനപ്രിയമായ ഒരു വിവാദ ജൈന പ്രസ്ഥാനത്തെക്കുറിച്ചും അദ്ദേഹം എഴുതിവെച്ചു.
കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലാത്ത ശിലാലിഖിതങ്ങളാണ് മറ്റൊരു നിർണായക ചരിത്ര സ്രോതസ്സ്. ചിലത് ചരിത്ര രേഖകളാണ്, പക്ഷേ വിശാലാർഥത്തിലെ സാമൂഹിക ജീവിതം അവയിൽ കാണാം. 14ാം നൂറ്റാണ്ടിൽ ഇടിമിന്നലേറ്റ് ഡൽഹിയിലെ കുതുബ് മിനാറിന് അറ്റകുറ്റപ്പണികൾ നടത്തേണ്ടതായി വന്നു.
പണിചെയ്യാൻ വന്നവർ മിനാരത്തിന്റെ പല ഭാഗങ്ങളിലായി ഹിന്ദി, (തെറ്റുകളോടുകൂടിയ) സംസ്കൃത ഭാഷകളിലായി നാഗരി ലിപിയിൽ ചില ലിഖിതങ്ങൾ കോറിയിട്ടിരുന്നു. അതിലെ തീയതികൾ രേഖപ്പെടുത്തിയിരിക്കുന്നത് ഹിജ്റാബ്ദത്തിലല്ല മറിച്ച് സംവത് വർഷത്തിലാണ് (വിക്രം സംവത്, ബിക്രം സംബാത് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹിന്ദു കലണ്ടർ.
ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ 56-57 വർഷം മുന്നിലുള്ള കലണ്ടർ ഇന്ത്യക്ക് പുറമെ നേപ്പാളിലും പ്രചാരത്തിലുണ്ട്) എന്നത് ശ്രദ്ധേയമാണ്. രക്ഷാധികാരിയായ സുൽത്താന്റെ നാമം അതിൽ ചേർത്തിട്ടുണ്ട്. തോമർ മുതൽ ചൗഹാൻ, രജപുത്രർ, ശകർ എന്നിങ്ങനെ രാജവംശത്തിന്റെ പിന്തുടർച്ച രേഖപ്പെടുത്തിപ്പോകുന്നതിൽ അവസാനമായി ചേർത്തിരിക്കുന്നത് ക്രിസ്തബ്ദത്തിൽ മധ്യേഷ്യയിൽനിന്നുവന്ന കുടിയേറ്റക്കാരെയാണ്.
എന്നാൽ, അവരുടെ പേരുകൾ പലതും മധ്യ കാലഘട്ടങ്ങളിലെ തുർക്കികളുടേതാണ്. ഈ ലിഖിതങ്ങൾ ഏറെയും കുറിച്ചിട്ടിരിക്കുന്നത് ബ്രാഹ്മണരായ എഴുത്തുകാരാണ്. അറ്റകുറ്റപ്പണി നിർവഹിച്ചയാളുകളുടെ പേരും പരാമർശിച്ചിരിക്കുന്നു. ദേവപാലന്റെ മകൻ ചഹഡയാണ് മുഖ്യ വാസ്തുശിൽപി.
ലക്ഷ്മണൻ, നാന, സോൽഹ, ലോല, ഹരിമണി, ഗവേരി അങ്ങനെ പോകുന്നു കെട്ടുപണിക്കാരുടെ പേരുകൾ. അവരെല്ലാം ഹിന്ദുക്കളാണ്. ചിലയിടത്ത് ഗണപതിയെയും അതിലേറെ എല്ലാ വേലകളും നല്ല രീതിയിൽ പൂർത്തിയാക്കുന്നതിന് കാരണഭൂതരായി കരുതുന്ന വിശ്വകർമാവ് ഉൾപ്പെടെ തങ്ങൾ ആരാധിക്കുന്ന മൂർത്തികളുടെയും നാമത്തിലാണ് ലിഖിതങ്ങൾ സമാപിക്കുന്നത്.
ദേവനാമങ്ങൾ ഇങ്ങനെ ചേർത്തിരിക്കുന്നതിൽനിന്ന് അവരാരും നിർബന്ധിതമായി ജോലിചെയ്യേണ്ടി വന്നവരോ മതപരിവർത്തനത്തിനിരയായവരോ അല്ലയെന്ന് വ്യക്തം. ഇത്തരം ലിഖിതങ്ങൾ കുതുബ് മിനാറിൽ മാത്രമൊതുങ്ങുന്നില്ല, മസ്ജിദുകളടക്കം മറ്റനവധി നിർമിതികളിലും കാണാനാവും.
ഒരു സ്വാഭാവിക ചോദ്യത്തോടെ ഞാൻ അവസാനിപ്പിക്കട്ടെ. സമസ്ത സാമൂഹിക തലങ്ങളിലെയും ഹിന്ദുജീവിതത്തെ വിലയിരുത്തുമ്പോൾ അക്കാലത്ത് സമുദായങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം എന്താണ് നമ്മോട് പറയുന്നത്? വ്യാജ വാർത്തകൾപോലെ, സകല വിഷയങ്ങളിലും ഏതു തള്ളണം ഏതു കൊള്ളണമെന്നതിൽ വ്യാജം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കെ ഈ ചരിത്രത്തിന്റെ അവകാശികളായ വിദ്യാസമ്പന്നരായ ഇന്ത്യക്കാരെങ്കിലും ഈ സാഹചര്യം കൂടുതൽ വ്യക്തമായി കാണുകയും നന്നായി മനസ്സിലാക്കുകയും ചെയ്യേണ്ടതില്ലേ?
ഞങ്ങൾ ചരിത്രകാർക്ക് ഭൂതകാലത്തെക്കുറിച്ചുള്ള പഠനമെന്നാൽ ഭൂതകാലം എങ്ങനെ രൂപം കൊണ്ടു എന്ന് യുക്തിപൂർണമായ വിശദീകരണത്തിലൂടെ മനസ്സിലാക്കലാണ്. നമ്മുടെ സംസ്കാരത്തിന്റെ വേരുകൾ തിരിയണമെന്നുണ്ടെങ്കിൽ പോയകാലത്ത് യോജിച്ചും കലഹിച്ചും വിവിധ സമുദായങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരുന്നു എന്നു മനസ്സിലാക്കേണ്ടതുണ്ട്.
എനിക്ക് അപേക്ഷിക്കാനുള്ളതെന്തെന്നാൽ, സ്കൂളുകളിൽ നമ്മുടെ കുട്ടികളെയും പേരക്കുട്ടികളെയും പഠിപ്പിക്കുന്ന ചരിത്രം വിശ്വസനീയമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയതും പ്രഫഷനൽ ചരിത്രപണ്ഡിതർ രചിച്ചവയുമാവണമെന്നാണ്.
കഴിഞ്ഞ ആയിരം വർഷത്തിനിടെയോ അതിനു മുമ്പോ മതസ്വത്വങ്ങളുടെ പേരിൽ തിരിച്ചറിയപ്പെടുന്ന സമുദായങ്ങൾ തമ്മിലെ ബന്ധം എല്ലായ്പോഴും സൗഹാർദപൂർണമായിരുന്നുവെന്നൊന്നും എനിക്കഭിപ്രായമില്ല. നാം മറച്ചുവെക്കാൻ ശ്രമിക്കുന്നുവെങ്കിലും മുൻകാലങ്ങളിലും പ്രശ്നങ്ങളുണ്ടായിരുന്നു. ബ്രാഹ്മണരും ശ്രമണരും തമ്മിലെ ബന്ധത്തിന് ഭാഷ-വ്യാകരണ പണ്ഡിതൻ പതഞ്ജലി രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പേ നൽകിയ താരതമ്യം കീരിയും പാമ്പും തമ്മിലെ ബന്ധം പോലെയെന്നായിരുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ കശ്മീരിലെ ഹിന്ദുരാജാവ് ക്ഷേത്രങ്ങളുടെ സമ്പത്ത് കൊള്ളയടിച്ച കാര്യം എഴുതിവെച്ചത് 11ാം നൂറ്റാണ്ടിൽ കൽഹാണനാണ്. പരാജയപ്പെട്ട ഹിന്ദു രാജാക്കന്മാരുടെ ലിഖിതങ്ങളിൽ അവരുടെ മ്ലേച്ഛ ശത്രുക്കൾ പശുക്കളെയും ബ്രാഹ്മണരെയും കൊന്നതായി കുറ്റപ്പെടുത്തുന്നു
സൗഹാർദത്തിന്റെ കാലങ്ങൾക്കിടയിൽ കാലുഷ്യത്തിന്റെ സാഹചര്യങ്ങൾ ഉടലെടുത്തത് എങ്ങനെയെന്നും എന്തായിരുന്നു അവയോരോന്നിന്റെയും കാരണമെന്നും നാം പരിശോധിച്ചിട്ടുണ്ടോ? യോജിപ്പുള്ള സമയങ്ങൾക്കിടയിൽ ഏറ്റുമുട്ടലുകളുടെ സാഹചര്യങ്ങൾ ഉണ്ടായത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ പരിശോധിക്കുന്നുണ്ടോ?
സമാധാനവും സമാധാനലംഘനവും നമ്മുടെ സംസ്കാര നിർമിതിയെ ഏതുവിധത്തിൽ സ്വാധീനിക്കുകയും ഗതിനിർണയിക്കുകയും ചെയ്യുന്നു? ജീവിതത്തിന്റെ പരമാർഥം അറിയുമെന്ന് എല്ലാ മതങ്ങളും പ്രഖ്യാപിക്കുന്നു, ചിലർ മരണശേഷമുള്ള ജീവിതത്തെക്കുറിച്ചു പോലും അറിയുമെന്ന് പറയുന്നു.
ചോദ്യങ്ങൾ ഉതിർത്തുകൊണ്ടേയിരിക്കുവാനും നമ്മെക്കുറിച്ചും നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും ശരിയായി മനസ്സിലാക്കുവാനും ചരിത്രം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. യാഥാർഥ്യം പലപ്പോഴും നമുക്കരികിൽ മേഘംമൂടിക്കിടപ്പുണ്ടാവാം.
തുടക്കത്തിൽ പറഞ്ഞ എറിക് ഹോബ്സ്ബാമിന്റെ ഉപമയിലേക്ക് തിരിച്ചുപോകാം- ഹെറോയിൻ അടിമയും കറുപ്പ് ചെടിയും തമ്മിലെ ബന്ധം അതേപടി തുടരാൻ നാം അനുവദിക്കേണ്ടതുണ്ടോ? അതോ അയാൾ/അവൾ തന്റെ കാഴ്ചകളെ ചോദ്യം ചെയ്യണമെന്ന് നിർബന്ധം പിടിക്കണോ, അതോ കറുപ്പിന്റെ നിലവാരം പുനഃപരിശോധിക്കേണ്ടതുണ്ടോ?- ചോദ്യങ്ങൾ ഉയരുകയാണെങ്കിൽ ഏതു വിജ്ഞാനത്തിലും വികാസമുണ്ടാവും. അതുകൊണ്ടുതന്നെ എന്റെ ആത്യന്തികമായ ചോദ്യം ഇതാണ്: നാം എന്താണെന്നും എന്തായിരിക്കണമെന്നും അറിയാൻ നമ്മെ പ്രാപ്തരാക്കാൻ നിലവിലുള്ള അറിവിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കേണ്ടതല്ലേ?
(അവസാനിച്ചു)
നന്ദി: ഇന്ത്യ ഇന്റർനാഷനൽ സെന്റർ (ഐ.ഐ.സി) ന്യൂഡൽഹി
മൊഴിമാറ്റം: സവാദ് റഹ്മാൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.