രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ രേഖകളെ ഇന്ത്യൻ ‘സാംസ്കാരിക പൈതൃക’ത്തിന്റെ ഭാഗമെന്നാണ് ഡൽഹി ഹൈകോടതി ഒരുവേള വിശേഷിപ്പിച്ചത്. ലോകചരിത്രത്തിൽതന്നെ പ്രാധാന്യമർഹിക്കുന്ന ഈ സംഭവത്തിന്റെ സുപ്രധാന രേഖകൾ പലതും കാണാതായിരിക്കുന്നു എന്നതാണ് യാഥാർഥ്യം.
ഒഡിഷ സ്വദേശിയായ ഹേമന്ത് പാണ്ഡ വർഷങ്ങൾക്കു മുമ്പ് കേസ് ഡയറി, കുറ്റപത്രം എന്നിവ ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട യഥാർഥ രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നു. രേഖകളുടെ പകർപ്പ് നൽകാൻ കേന്ദ്ര ഇൻഫർമേഷൻ കമീഷനർ നിർദേശം നൽകിയ ഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയിലെത്തി.
രേഖകൾ തങ്ങളുടെ പക്കലല്ലെന്നും സാംസ്കാരിക മന്ത്രാലയം, നാഷനൽ ആർക്കൈവ്സ്, അല്ലെങ്കിൽ ഡൽഹി പൊലീസ് എന്നിവരിൽ ആരെയെങ്കിലും സമീപിക്കണമെന്നും മന്ത്രാലയം അറിയിച്ച ഘട്ടത്തിലാണ് ഇന്ത്യൻ ‘സാംസ്കാരിക പൈതൃക’ത്തിന്റെ ഭാഗമാണീ രേഖകളെന്ന് ജസ്റ്റിസ് വിഭു ബഖ്റു ഓർമപ്പെടുത്തിയത്.
നാഷനൽ ആർക്കൈവ്സിൽനിന്നുള്ള രേഖകൾ പഠനവിധേയമാക്കിയപ്പോൾ ഒരു കാര്യം വെളിപ്പെട്ടു- സുപ്രധാനമായ രണ്ടു രേഖകൾ അപ്രത്യക്ഷമായിരിക്കുന്നു. ഡൽഹി പൊലീസ് സമർപ്പിച്ച അവസാന കുറ്റപത്രവും ഗോദ്സെയെ തൂക്കിലേറ്റാനുള്ള ഉത്തരവും!.
എല്ലാം നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യക്ക് കൈമാറിയിരുന്നുവെന്നാണ് തുഗ്ലകാബാദ് പൊലീസ് സ്റ്റേഷൻ അധികൃതർ നൽകുന്ന മറുപടി. ഈ സുപ്രധാന രേഖകൾക്ക് പുറമെ ഗാന്ധി വധക്കേസിൽ പിടികിട്ടാപ്പുള്ളികളായ ഗംഗാധർ ദഹാവത്തെ, സൂര്യദേവ് ശർമ, ഗംഗാധർ യാദവ് എന്നിവരെ കണ്ടെത്താൻ എന്തെങ്കിലും ശ്രമങ്ങൾ നടത്തിയോ എന്നതു സംബന്ധിച്ച ഒരു വിവരവും പൊലീസ് സ്റ്റേഷനുകളിലോ നാഷനൽ ആർക്കൈവ്സിലോ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.