കരിപ്പൂരിൽനിന്ന് മാറ്റിയ ഹജ്ജ് പുറപ്പെടൽ കേന്ദ്രം തിരിച്ചെത്തിക്കുക, കുത്തിവെപ്പ് പൂർത്തിയാക്കി ഇത്തവണത്തെ ഹജ്ജ് യാത്ര സുഗമമാക്കുക, വിമാനത്താവള വികസനം തുടങ്ങിയ കാര്യങ്ങളാണ് ഹജ്ജ് കമ്മിറ്റി അംഗംകൂടിയായിരുന്ന മന്ത്രി വി. അബ്ദുറഹ്മാെൻറ പ്രഥമ പരിഗണനയിലുള്ളത്. കായികവകുപ്പിന് പുറമെ ഹജ്ജ്, വഖഫ് ചുമതലകൂടി ലഭിച്ചതോടെ ഇക്കാര്യങ്ങളിൽ സാധ്യമായത് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകുന്നു
കോവിഡ് ഭീഷണിമൂലം ഇത്തവണത്തെ ഹജ്ജ് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ഇതുസംബന്ധിച്ച കൃത്യമായ നിർദേശങ്ങളൊന്നും വന്നിട്ടില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. വൈകാതെ തീർഥാടകരുടെ എണ്ണത്തെ സംബന്ധിച്ചും മറ്റും തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. തീർഥാടകരുടെ കുത്തിവെപ്പ് സംബന്ധിച്ച ആശയക്കുഴപ്പം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. പോവാൻ ഉദ്ദേശിക്കുന്ന പലരും ആദ്യ ഡോസും രണ്ടാം ഡോസും എടുത്തുകഴിഞ്ഞു. ബാക്കിയുള്ളവരുടേത് വൈകാതെ പൂർത്തിയാകും. കുത്തിവെപ്പുകൾക്കിടയിലെ ഇടവേള കുറച്ചതോടെ യാത്രക്ക് മുമ്പുതന്നെ പൂർത്തിയാക്കാനാവും. പ്രവാസികളിൽ പലരും ഇന്ത്യയുടെ കോവാക്സിൻ എടുത്തവരുണ്ട്. ഇവർക്ക് രണ്ടാം ഡോസും അതുതന്നെ എടുക്കേണ്ടിവരും. ഈ വാക്സിന് ഗൾഫ് രാജ്യങ്ങളിലടക്കം അംഗീകാരമില്ല.
കേന്ദ്രസർക്കാർതലത്തിൽ ഇടപെടൽ ആവശ്യമുള്ള വിഷയമാണിത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയെൻറ ശ്രദ്ധയിൽപെടുത്തും. കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഇപ്പോൾ കോവിഡ് െസൻററാണ്. ഇത് പെട്ടെന്ന് മാറ്റുന്ന കാര്യം പ്രയാസമാണ്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിൽ ആവശ്യമായ സൗകര്യങ്ങളുണ്ട്. അവിടെ ക്യാമ്പ് സജ്ജീകരിക്കുന്ന കാര്യം പരിഗണനയിലാണ്. അതിെൻറ പേരിലൊന്നും തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാവില്ല. തൊട്ടടുത്ത് നിർമാണം നടക്കുന്ന വനിത ഹജ്ജ് ക്യാമ്പ് ഉടൻ പൂർത്തിയാക്കണം. ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ചുദിവസം വിശ്രമം വേണ്ടിവന്നു. ഏതാനും ദിവസങ്ങൾ അക്കാരണത്താൽ നഷ്ടമായി. ഉദ്യോഗസ്ഥതലത്തിലും മറ്റും കൂടിക്കാഴ്ചകൾ നടക്കുകയാണ്. കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ടും തുടർചർച്ചകൾ അനിവാര്യമാണ്.
കായികമന്ത്രി എന്നനിലയിൽ മികച്ച പദ്ധതികൾക്ക് രൂപംനൽകും. കിഫ്ബിയുടെ ഫണ്ടുപയോഗിച്ച് നിർമാണം നടക്കുന്ന സ്റ്റേഡിയങ്ങളുടെ പൂർത്തീകരണമാണ് പ്രധാന അജണ്ട. പൂർത്തിയായ സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുക, സൗകര്യങ്ങൾ വിപുലീകരിക്കുക തുടങ്ങിയ പദ്ധതികളുമുണ്ട്. മുടങ്ങിക്കിടക്കുന്ന വികസനപദ്ധതികൾ പൂർത്തിയാക്കുക, ദീർഘനാളുകളായി പാതിവഴിയിൽ കിടക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതിനാണ് മന്ത്രിയെന്നനിലയിൽ പ്രഥമ പരിഗണന. കഴിഞ്ഞ സർക്കാർ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾ തുടരണം. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരുന്ന സർക്കാറായിരിക്കും ഇതെന്ന് ഉറപ്പിച്ചുപറയാം. ഇന്ത്യൻ കായികമേഖലക്ക് മികച്ച സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളം. താരങ്ങൾക്ക് അവഗണന നേരിടുന്നുവെന്ന പ്രചാരണമൊക്കെ അടിസ്ഥാനരഹിതമാണ്. കായികമേഖലയിൽ കഴിവുതെളിയിച്ചവർക്ക് ആവശ്യമായ പരിശീലനത്തിന് സംവിധാനമുണ്ടാവുക എന്നത് പ്രധാനമാണ്. നിലവിൽ സംസ്ഥാനത്തിെൻറ പുറത്തേക്ക് പറഞ്ഞയക്കേണ്ട സാഹചര്യമുണ്ട്. ഇതിനും പരിഹാരം കാണാൻ ശ്രമിക്കും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മീറ്റിങ് വിളിച്ച് കാര്യങ്ങൾ പഠിക്കണം. പഴയതുപോലെയല്ലല്ലോ കാര്യങ്ങൾ. ഉത്തരവാദിത്തം കൂടിയില്ലേ. അതുകൊണ്ട് പഠിക്കാതെയും ആലോചിക്കാതെയും ഒന്നും പറയാനാവില്ല.
ന്യൂനപക്ഷ വകുപ്പ് നൽകിയശേഷം തിരിച്ചെടുത്തുവെന്നത് പ്രചാരണം മാത്രമാണ്. എനിക്ക് ആ വകുപ്പ് തന്നിട്ടില്ല. അതുകൊണ്ടുതന്നെ തിരിച്ചെടുത്തു എന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. വകുപ്പ് സംബന്ധിച്ച് ധാരണകളായി എന്നരീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളാവാം തെറ്റിദ്ധാരണക്ക് കാരണം. മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തത് മികച്ച തീരുമാനമാണെന്നാണ് അഭിപ്രായം. അതോടെ വകുപ്പിന് കൂടുതൽ പരിഗണനയും പ്രാധാന്യവും ലഭിക്കും.
മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായതെല്ലാം ഉറപ്പാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ സർക്കാറിനെതിരെ അനാവശ്യ വിവാദങ്ങളുയർത്തിയതോടെയാണ് സത്യാവസ്ഥ ജനങ്ങൾ അന്വേഷിക്കാനും തിരിച്ചറിയാനും വഴിയൊരുക്കിയത്. നല്ല സർക്കാറിന് ലഭിച്ച അംഗീകാരമായി ഭരണത്തുടർച്ചയുമുണ്ടായി. ഈ സർക്കാറിെൻറ തുടക്കത്തിൽതന്നെ വീണ്ടും വിവാദങ്ങളുണ്ടാക്കുന്നവർ അതാലോചിച്ചാൽ നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.