കേരളത്തിലെ മുസ്ലിം സമുദായം അനർഹമായി പലതും കവരുന്നുവെന്ന ആക്ഷേപം ഉയർത്തിവിടുന്നതിന്റെ പിന്നിൽ ഒരു ഗൂഢലക്ഷ്യമുണ്ട്- അധികാരത്തിന്റെ പരിസരങ്ങളിലേക്കുള്ള അവരുടെ കടന്നുവരവിന് തടയിടാനുള്ള ബോധപൂർവമായ നീക്കമാണത്. നുണക്കഥകൾ ആയുധമാക്കി ഉത്തരേന്ത്യയിൽ പയറ്റി വിജയിച്ച തന്ത്രം മലയാളക്കരയിലും ആവർത്തിക്കാൻ നോക്കുകയാണ് ഫാഷിസ്റ്റുകൾ
നവോത്ഥാനത്തിനും സാമൂഹിക പരിഷ്കരണത്തിനും സാമുദായിക സൗഹാർദത്തിനുമൊക്കെ കേരളത്തെപ്പോലെ ഖ്യാതികേട്ട മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല. എന്നാൽ, അറപ്പുളവാക്കുന്ന ഭാഷയിൽ സാമുദായിക വിദ്വേഷവും വർഗീയതയും വിളമ്പി വർഗീയ ഫാഷിസത്തിന് നിലമൊരുക്കാൻ സമുദായ നേതാക്കൾതന്നെ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കാഴ്ചയും ഇന്നിവിടെ ദൃശ്യമാകുന്നു.
മഹിത പാരമ്പര്യമുള്ള സംഘടനയാണ് ശ്രീനാരായണ ധർമപരിപാലന സംഘം. കുമാരനാശാൻ മുതൽ സി. കേശവൻ, ആർ. ശങ്കർ തുടങ്ങി കെ. ഗോപിനാഥൻ വരെയുള്ള മഹാരഥന്മാർ വഹിച്ച പദവിയാണ് എസ്.എൻ.ഡി.പി യോഗം സെക്രട്ടറി സ്ഥാനം. യോഗത്തിന്റെ മുൻകാല നേതാക്കളെല്ലാം സാമൂഹികനീതിയുടെ കാവലാളുകളായിരുന്നെങ്കിൽ നിലവിൽ ആ പദവിയിലിരിക്കുന്ന വെള്ളാപ്പള്ളി നടേശന് കഴിഞ്ഞ കുറെ കാലങ്ങളായി സംഘ്പരിവാർ ഭാഷയും ശൈലിയുമാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് രൂപവത്കരിച്ച കേരള നവോത്ഥാന സമിതിയുടെ ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ മുസ് ലിം സമുദായത്തെ ഉന്നമിട്ട് വിദ്വേഷം വിളമ്പുകയാണ്. ഇടതുമുന്നണിയുടെ മുസ്ലിം പ്രീണനമാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾ തോൽക്കാൻ കാരണമെന്നാണ് അദ്ദേഹം തട്ടിവിട്ടത്. സർക്കാറും മുന്നണികളും മുസ്ലിം പ്രീണനം നടത്തുന്നുവെന്ന ആക്ഷേപം കഴിഞ്ഞ കുറെ കാലങ്ങളായി അദ്ദേഹം പ്രചരിപ്പിക്കുന്നുണ്ട്.സംഘപരിവാർ ചമച്ചുവിടുന്ന ഈ ആരോപണം ‘കാസ’ പോലുള്ള വർഗീയ സംഘങ്ങൾ പ്രചരിപ്പിച്ചപ്പോഴും ചില സമുദായ നേതാക്കൾ അതേറ്റുപിടിച്ച് വിവാദ പ്രസ്താവനകൾ നടത്തിയപ്പോഴും സർക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും നിസ്സംഗത പുലർത്തിയതിന് കനത്ത വിലയാണ് കേരളീയ സമൂഹം നൽകേണ്ടിവരുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഫലംതന്നെ ഇതിന്റെ പ്രകടമായ ഉദാഹരണമാണ്. വെറുപ്പ്മാത്രം കൈമുതലാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി കേരളത്തിൽ ഒരു ലോക്സഭ സീറ്റ് സ്വന്തമാക്കുകയും 11 നിയമസഭ മണ്ഡലങ്ങളിൽ ഒന്നാമതെത്തുകയും ചെയ്തത് ഏവരെയും ഞെട്ടിച്ചു. കേരളത്തിലെ കലങ്ങിയ വെള്ളത്തിൽനിന്ന് ബി.ജെ.പി മീൻ പിടിക്കുമ്പോൾ കുളം കലക്കിയതിൽ തങ്ങൾക്കും പങ്കുണ്ടെന്ന് ഇടത്-ഐക്യ മുന്നണികൾ തിരിച്ചറിയണം.
ന്യായമായും അർഹമായ ഉദ്യോഗ-അധികാര പങ്കാളിത്തത്തിന്റെ അയലത്ത്പോലും കേരളത്തിലെ മുസ്ലിം സമുദായം എത്തിയിട്ടില്ലെങ്കിലും അനർഹമായി പലതും കവരുന്നുവെന്ന ആക്ഷേപം അവർക്കെതിരെ ഉയർത്തിവിടുന്നതിന്റെ പിന്നിൽ ഒരു ഗൂഢലക്ഷ്യമുണ്ട്- അധികാരത്തിന്റെ പരിസരങ്ങളിലേക്കുള്ള അവരുടെ കടന്നുവരവിന് തടയിടാനുള്ള ബോധപൂർവമായ നീക്കമാണത്. നുണക്കഥകൾ ആയുധമാക്കി ഉത്തരേന്ത്യയിൽ പയറ്റി വിജയിച്ച തന്ത്രമാണ് മലയാളക്കരയിലും ആവർത്തിക്കാൻ ശ്രമിക്കുന്നത്. ഓരോ സമൂഹങ്ങളുടെയും ഉദ്യോഗ, അധികാര മേഖലകളിലുള്ള പങ്കാളിത്തവും സാമ്പത്തിക സാമൂഹിക സ്ഥിതിയും സംബന്ധിച്ച് കൃത്യമായ വിവരശേഖരണം നടത്തി ആധികാരികമായ കണക്കുകൾ പുറത്തുവിടണമെന്ന ന്യായമായ ആവശ്യത്തോട് സംസ്ഥാന സർക്കാർ പുറംതിരിഞ്ഞുനിൽക്കുന്നത് ഈ നീക്കത്തെ ശക്തിപ്പെടുത്തുന്നുമുണ്ട്. ഒരു നാടിന്റെ സാമൂഹികാന്തരീക്ഷത്തെയാകെ മലീമസമാക്കുന്ന തരത്തിൽ പ്രചണ്ഡ പ്രചാരണം നടക്കുമ്പോൾ കണക്കുകൾ നിരത്താൻ സർക്കാർ എന്തേ മടിക്കുന്നു?
എന്താണ് ഇടതുപക്ഷ സർക്കാർ നടത്തുന്ന മുസ്ലിം പ്രീണനമെന്ന് തിരിച്ചുചോദിക്കേണ്ട ഗതികേടിലാണ് സമുദായം. ഉദ്യോഗ രംഗങ്ങളിലെ പങ്കാളിത്തം സംബന്ധിച്ച് ആധികാരികമായ കണക്കെടുപ്പുകൾ നടത്തിയ നരേന്ദ്രൻ കമീഷൻ റിപ്പോർട്ട്, സച്ചാർ കമ്മറ്റി റിപ്പോർട്ടിനെ തുടർന്നുള്ള പാലോളി കമ്മിറ്റി റിപ്പോർട്ട് എന്നിവ പരിശോധിച്ചാൽ കുറവ് പ്രാതിനിധ്യമുള്ള സമുദായമേതെന്ന് ആർക്കും ബോധ്യമാവും. അതേസമയം 18 ശതമാനം ജനസംഖ്യയുള്ള ക്രൈസ്തവ സമൂഹത്തിന്റെയും പത്തോ 12 മാത്രം ജനസംഖ്യയുള്ള നായർ സമുദായത്തിന്റെയും പ്രാതിനിധ്യം പരിശോധിച്ചാൽ ഇരട്ടിയോ അതിലധികമോ ആണെന്ന് മനസ്സിലാക്കാൻ കഴിയും. ഈ അപ്രമാദിത്വത്തിനെതിരെ മുസ്ലിം സമുദായം നാളിതുവരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. തങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കണമെന്ന് വല്ലപ്പോഴും ആവശ്യപ്പെടുകയേ ചെയ്യാറുള്ളൂ. പൗരത്വ ഭേദഗതി നിയമം, ഫലസ്തീൻ പ്രശ്നം തുടങ്ങിയ വിഷയങ്ങളിലെ ഐക്യദാർഢ്യ പ്രകടനങ്ങളാണ് മുസ്ലിം പ്രീണനമായി ചിത്രീകരിക്കപ്പെടുന്ന മറ്റൊരു കാര്യം. ഇതൊന്നും മുസ്ലിം വിഷയങ്ങളായി കാണേണ്ടതല്ല, മറിച്ച് മനുഷ്യാവകാശ പ്രശ്നങ്ങളാണ്.
മതിയായ പരിഗണന നൽകി സമൂഹത്തിന്റെ സമതലത്തിലേക്ക് എത്തിക്കേണ്ട ഒരു സമുദായത്തെയാണ് പിന്നാക്കത്തിന്റെ പിന്നാമ്പുറങ്ങളിലിട്ട് കുത്തി നോവിച്ചുകൊണ്ടിരിക്കുന്നത്! ഇത് മഹാ പാതകമാണ്. ഇതിന് കൂട്ടുനിൽക്കൽ മലയാളിക്ക് ചേർന്നതല്ല, നമ്മുടെ പാരമ്പര്യവുമതല്ല. ശ്രീനാരായണഗുരുവും മമ്പുറം തങ്ങന്മാരും ശ്രീ അയ്യങ്കാളിയും ചട്ടമ്പിസ്വാമികളുമൊക്കെ പാകപ്പെടുത്തുകയും പരുവപ്പെടുത്തുകയും ചെയ്ത കേരളീയമണ്ണും വിണ്ണും വിഷലിപ്തമാക്കാതെ നോക്കാൻ മലയാളി ഉറക്കമിളച്ചു കാവലിരിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.