ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ കഴിഞ്ഞയാഴ്ച പത്തനംതിട്ട ജില്ലയിലെ ഗവിയില്‍ സന്ദര്‍ശനം നടത്തി. കേരളത്തിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലല്ല, കോട്ടയത്ത് സമാപിച്ച ബി.ജെ.പി സംസ്ഥാന കൗണ്‍സിലിന്‍െറ തീരുമാനപ്രകാരം ആരംഭിക്കുന്ന ഭൂസമര സമ്പര്‍ക്കയാത്രയുടെ ഉദ്ഘാടനത്തിനായിരുന്നു ആ യാത്ര. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഭൂമിക്കുവേണ്ടി ആദിവാസികളും പട്ടികജാതിവിഭാഗങ്ങളും നടത്തുന്ന സമരങ്ങള്‍ ഏറ്റെടുക്കാനാണ് ബി.ജെ.പി തീരുമാനം.
കേരളത്തില്‍ ആദിവാസികള്‍ക്കും ദലിതര്‍ക്കും വേണ്ടി ബി.ജെ.പി രംഗത്തുവരുമ്പോള്‍ ഝാര്‍ഖണ്ഡ് കാണാതെ പോകരുത്. ആദിവാസിഭൂമിക്ക് ഉണ്ടായിരുന്ന സംരക്ഷണം എടുത്തുകളഞ്ഞ ഝാര്‍ഖണ്ഡിലെ ബി.ജെ.പി സര്‍ക്കാറിന്‍െറ നടപടിക്കെതിരെ വലിയ പോരാട്ടമാണ് അവിടെ നടക്കുന്നത്. സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ഭൂ ഉടമസ്ഥതാ നിയമം ഭേദഗതി ചെയ്ത തീരുമാനത്തിനെതിരെയാണ് സംസ്ഥാനം കലാപത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നാണ് ബി.ജെ.പി സര്‍ക്കാറിന്‍െറ തീരുമാനം.
പല പ്രക്ഷോഭങ്ങളും നടന്നതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കാന്‍ നിര്‍ബന്ധിതമായ നിയമങ്ങളെയാണ് ബി.ജെ.പി സര്‍ക്കാര്‍ മറികടക്കാന്‍ ശ്രമിക്കുന്നതായി പറയുന്നത്. ഝാര്‍ഖണ്ഡിലെ ബ്രിട്ടീഷ്വിരുദ്ധ പോരാട്ടത്തിന്‍െറ നേതാവും ആദിവാസി കര്‍ഷകനുമായ ബിര്‍സ മുണ്ടയുടെ നേതൃത്വത്തില്‍ ആദിവാസി കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് 1908ലെ ഛോട്ടാ നാഗ്പൂര്‍ ഭൂ ഉടമസ്ഥത ചട്ടം നടപ്പാക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതമായത്. ആദിവാസിഭൂമി ആദിവാസികളല്ലാത്തവര്‍ക്ക് കൈമാറുന്നതിനെ ഈ നിയമം വിലക്കുന്നു.
1855ലെ സാന്താള്‍ കലാപത്തെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന 1876ലെ സാന്താള്‍ പര്‍ഗാന കുടികിടപ്പ് നിയമപ്രകാരം ബംഗാള്‍ അതിര്‍ത്തിയിലുള്ള ഝാര്‍ഖണ്ഡ് മേഖലയിലെ ആദിവാസി ഭൂമി ആദിവാസി ഇതര ജനവിഭാഗങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കില്ല. പൊതുമേഖല ഖനികള്‍ക്കും വ്യവസായത്തിനും സൗകര്യം ചെയ്യുന്നതിനായി 1990കളില്‍ ഈ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നെങ്കിലും കാര്‍ഷികേതര ഉപയോഗങ്ങള്‍ക്ക് കൃഷിഭൂമി ഉപയോഗിക്കുന്നത് തടയുന്ന നിയമങ്ങള്‍ നിലനിന്നിരുന്നതായി റാഞ്ചി സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രജ്ഞന്‍ പ്രഫ. രമേഷ് ശരണ്‍ ചൂണ്ടിക്കാണിക്കുന്നു. ഝാര്‍ഖണ്ഡില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുമ്പോഴാണ് കേരളത്തില്‍ ബി.ജെ.പി സമരം ഏറ്റെടുക്കുന്നത്.
പതിറ്റാണ്ടുകള്‍ പിന്നിടുന്ന പോരാട്ടം
ആര്‍ക്കൊപ്പം നിന്നാലാണ് ഭൂമി കിട്ടുകയെന്നറിയാത്ത അവസ്ഥയിലാണല്ളോ കേരളത്തിലെ ആദിവാസിവിഭാഗങ്ങള്‍. സംസ്ഥാനത്തെ ആദിവാസികള്‍ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായിരിക്കുന്നു. കേരളത്തിലെ ആദിവാസി ജനതയുടെ അടിസ്ഥാനപരമായ പ്രശ്നം തേടിയുള്ള യാത്ര ചെന്നവസാനിക്കുക ഭൂമിപ്രശ്നത്തിലായിരിക്കും. കേരളത്തിലെ ആദിവാസിസമരങ്ങളുടെയെല്ലാം പിന്നാമ്പുറം ചികഞ്ഞാല്‍ ജനിച്ച മണ്ണിനുവേണ്ടിയുള്ള സമരമായിരുന്നു അവയിലേറെയും എന്നുകാണാം. കേരളത്തിലെ സിയാറ്റില്‍ മൂപ്പന്‍ എന്നറിയപ്പെടുന്ന അട്ടപ്പാടിയിലെ കോണന്‍ മൂപ്പന്‍ നടത്തിയ നിയമയുദ്ധവും സെക്രട്ടേറിയറ്റിന് മുന്നില്‍ സി.കെ. ജാനുവിന്‍െറ നേതൃത്വത്തില്‍ നടന്ന കുടില്‍കെട്ടി സമരവും മുത്തങ്ങയും ചെങ്ങറയും അരിപ്പയും ഒക്കെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടമാണ്.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുത്ത് തിരിച്ചുനല്‍കാനുള്ള നിയമം പാസായത് മുതലാണ് ഭൂമി പ്രശ്നം കേരളത്തില്‍ സജീവ ചര്‍ച്ചയായത്. 1960ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച യു.എന്‍. ധേബാര്‍ കമീഷനാണ് 1950 ജനുവരി 20നുശേഷം നടത്തിയ എല്ലാ ഭൂമി കൈമാറ്റങ്ങളും അഥവ അതിനുശേഷം ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട എല്ലാ ഭൂമിയും തിരിച്ചുനല്‍കണമെന്ന് 1961ല്‍ നിര്‍ദേശിച്ചത്. എന്നാല്‍, 1975ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് നീണ്ട 14 വര്‍ഷത്തിനുശേഷം അങ്ങനെയൊരു നിയമം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്.
1975ല്‍ പാസായ നിയമത്തിന് ചട്ടമെഴുതിയുണ്ടാക്കിയത് 1986ലാണ്. 1982 മുതലാണ് നഷ്ടപ്പെട്ട ഭൂമിയുടെ കണക്കെടുക്കുന്നതിനായി ആദിവാസികളില്‍നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. നിയമം നടപ്പാക്കാനുള്ള തീരുമാനം അട്ടപ്പാടിയിലും മറ്റും സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ആദിവാസികളുടെ അപേക്ഷകള്‍ ആര്‍.ഡി.ഒ ഓഫിസുകളില്‍ സുരക്ഷിതമായി കെട്ടിവെച്ചു. നിയമം നടപ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി വയനാടിലെ ഡോ. നല്ല തമ്പി തേര 1988ല്‍ ഹൈകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് പിന്നീട് ഭൂമി പ്രശ്നത്തിന് ജീവന്‍ പകര്‍ന്നത്. 1993 ഒക്ടോബര്‍ 15ന് ഹൈകോടതി സര്‍ക്കാറിനോട് ആറു മാസത്തിനകം അപേക്ഷകളിന്മേല്‍ തീര്‍പ്പുണ്ടാക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, സര്‍ക്കാര്‍ അനാസ്ഥ തുടര്‍ന്നു. 1996ല്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഹൈകോടതി വിധിയുണ്ടായി.
ഇതേതുടര്‍ന്നാണ് 1999ല്‍ പുതിയ നിയമം കൊണ്ടു വന്നത്. രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുന്നത് ഒഴിവാക്കാനായി കാര്‍ഷിക നിയമത്തിന്‍െറ പരിധിയിലുള്‍പ്പെടുത്തിയാണ് നിയമം നിര്‍മിച്ചത്. കെ.ആര്‍. ഗൗരി ഒഴികെ മുഴുവന്‍ എം.എല്‍.എമാരും ഇതിനനുകൂലമായി വോട്ട് ചെയ്തു. പിന്നീട് ഈ നിയമം ഭരണഘടനക്കെതിരാണെന്ന് പറഞ്ഞ് കേരള ഹൈകോടതി റദ്ദാക്കി. സര്‍ക്കാര്‍ കോടതിയലക്ഷ്യം കാട്ടിയതായും കോടതി പ്രഖ്യാപിച്ചു. എന്നാല്‍, ഇതിനെതിരെ കേരള സര്‍ക്കാര്‍ 2001ല്‍ സുപ്രീംകോടതിയില്‍ സ്പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചു. 2009 ജൂലൈ 25ന് സുപ്രീംകോടതി ഈ നിയമം ഭാഗികമായി ശരിവെച്ചു ഉത്തരവിടുകയും ചെയ്തു.
ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ സമരം തുടങ്ങുന്നത് സി.പി.എമ്മിന്‍െറ മിച്ചഭൂമി സമരത്തിനും ശേഷമാണ്. വയനാട്ടിലെ പനവേലിയില്‍ സി.കെ. ജാനുവിന്‍െറ നേതൃത്വത്തില്‍ 1990കളുടെ തുടക്കത്തില്‍ സമരം നടന്നിരുന്നു. എന്നാല്‍, അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടിയുള്ള സമരം സംസ്ഥാനതലത്തില്‍ ആരംഭിക്കുന്നത് 1995ലാണ്. പഴയ നക്സല്‍ നേതാവ് കെ.എം. സലീംകുമാറിന്‍െറ നേതൃത്വത്തില്‍ രൂപമെടുത്ത ആദിവാസി ഏകോപനസമിതിയാണ് യോജിച്ച വേദി ഉണ്ടാക്കുന്നത്. സി.കെ. ജാനു അധ്യക്ഷയും സലീംകുമാര്‍ കണ്‍വീനറുമായി രൂപവത്കരിച്ച ഏകോപന സമിതിയില്‍ വിവിധ ആദിവാസി സംഘടനകളും വിവിധ ജില്ലകളിലെ സംഘടനകളുമുണ്ടായിരുന്നു.
അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചുനല്‍കുക, ആദിവാസിഭൂമിക്ക് പട്ടയം നല്‍കുക, ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമിതി പ്രവര്‍ത്തനം തുടങ്ങിയത്. ആദിവാസികള്‍ സ്വന്തം കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ആദ്യമായി സ്വയം അവതരിപ്പിക്കുകയായിരുന്നു അന്നത്തെ നീക്കത്തിലൂടെ. ഇതേസമയം അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കണമെന്ന മുദ്രാവാക്യം കര്‍ഷകര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചു. വലിയ പട്ടണങ്ങളും അരമനകളും കോളജുമൊക്കെയായി മാറിയ ഭൂമി തിരിച്ചുകൊടുക്കുകയെന്നത് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. ഇതേതുടര്‍ന്നാണ് ബദല്‍ നിയമത്തെക്കുറിച്ച് രാഷ്ട്രീയം മറന്ന് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നീക്കം നടത്തിയത്.
എന്നാല്‍, ഒറ്റ പ്ളാറ്റ്ഫോറത്തിലുള്ള ആദിവാസി ഏകോപനസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആയുസ്സ് കുറവായിരുന്നു. 1998ഓടെ ജാനു പിന്നിലേക്ക് പോയെന്നാണ് സലീംകുമാര്‍ പറയുന്നത്. അന്യാധീനപ്പെട്ട ഭൂമി എന്ന ആവശ്യത്തില്‍നിന്ന് പകരം ഭൂമിയെന്ന നിലയിലേക്ക് മാറിയതോടെ അന്തസ്സിനെ ബാധിച്ചു. പകരം ഭൂമിയെന്ന നിര്‍ദേശം ഉയര്‍ന്നതോടെ അതു കര്‍ഷകരും രാഷ്ട്രീയപാര്‍ട്ടികളും മത്സരിച്ച് ഏറ്റെടുക്കുകയായിരുന്നു.
രക്ഷകവേഷങ്ങള്‍ നിരവധി
സമരങ്ങളും കരാറുകളും പലതും ഉണ്ടായെങ്കിലും ഒരിക്കലും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. രക്ഷകരായി പലരുമത്തെി. എന്നാല്‍, വനത്തില്‍ നൂറ്റാണ്ടുകളായി ആരുടെയും സഹായമില്ലാതെ നിലനിന്നിരുന്നവരാണ് മുന്‍തലമുറയെന്നത് ഇപ്പോള്‍ രക്ഷകരെ തേടുന്നവര്‍ മറന്നു. സ്വയംഭരണം പോലുള്ള അധികാരങ്ങളും വനാവകാശ നിയമവും നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല. സ്വന്തം ജനതക്കുവേണ്ടി സംസാരിക്കാന്‍ എം.എല്‍.എമാര്‍ക്ക് കഴിയുന്നില്ളെന്നും സലീംകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഒന്നാം ഭൂപരിഷ്കരണ ബില്ലും 1975ലെ നിയമഭേദഗതി ബില്ലും നിയമസഭയില്‍ വരുമ്പോള്‍ ദലിത്, ആദിവാസി എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. അവര്‍ തമ്പുരാന്‍ പറയുന്നത് ഏറ്റുവാങ്ങി. സംസ്ഥാനത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ പല സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അതിന് തീവ്രവാദത്തിന്‍െറ നിറം ചാര്‍ത്താനുള്ള ശ്രമങ്ങള്‍ മറുഭാഗത്തും. അതിനിടെയാണ് ബി.ജെ.പിയുടെ കടന്നുവരവ്.
ജാതിയുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഭൂമിയുടെ ഉടമസ്ഥാവകാശവും രാഷ്ട്രീയവും. അത് തിരിച്ചറിയപ്പെടണം. രണ്ടാം ഭൂപരിഷ്കരണം വേണമെന്നതാണ് ബി.ജെ.പി കേരള ഘടകത്തിന്‍െറ നിലപാട്. ഇന്ത്യ ഗവണ്‍മെന്‍റിന്‍െറ ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിലെ ഭൂവിഭവ വകുപ്പ് പ്രസിദ്ധീകരിച്ച കരട്, ദേശീയ ഭൂപരിഷ്കരണ നയരേഖയില്‍ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്- ‘‘പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഇടയില്‍ ഭൂമിയില്ലാത്ത അവസ്ഥ അനുക്രമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നാഷനല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍െറ കണക്കനുസരിച്ച് (2003-04) 41.63 ശതമാനം കുടുംബങ്ങള്‍ക്കും ഉള്ള കുടിയിരിപ്പല്ലാതെ മറ്റു ഭൂമിയൊന്നും സ്വന്തമായിട്ടില്ല.
മൂന്നിലൊന്ന് കുടുംബങ്ങള്‍ ഭൂരഹിതരാണെന്നും ഏതാണ്ട് ഭൂരഹിതരായ കുടുംബങ്ങള്‍ മറ്റൊരു മൂന്നിലൊന്ന് വരുമെന്നും കണക്കുകള്‍ കാണിക്കുന്നു. അവശേഷിച്ചവരില്‍ 20 ശതമാനം കുടുംബങ്ങള്‍ ഒരു ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ്. മറ്റൊരു വിധം പറഞ്ഞാല്‍, രാജ്യത്തെ ജനസംഖ്യയില്‍ 60 ശതമാനം പേര്‍ക്ക്, രാജ്യത്ത് ആകെയുള്ള ഭൂമിയില്‍ വെറും അഞ്ചു ശതമാനത്തിന്‍െറ മേല്‍ മാത്രമേ ഉടമാവകാശമുള്ളൂ. അതേയവസരത്തില്‍ ജനസംഖ്യയില്‍ 10 ശതമാനം വരുന്ന ആളുകള്‍ മൊത്തം ഭൂമിയില്‍ 55 ശതമാനത്തിനുമേലും നിയന്ത്രണം വഹിക്കുകയും ചെയ്യുന്നു’’. 2013ലെ ഈ ദേശീയ ഭൂപരിഷ്കരണ നിയമഭേദഗതിയുടെ കരട് കേന്ദ്ര സര്‍ക്കാറിന്‍െറ പക്കലുണ്ട്. ആത്മാര്‍ഥതയുണ്ടെങ്കില്‍ അതു നടപ്പാക്കാം. അതു നടപ്പാക്കിയാല്‍ ഝാര്‍ഖണ്ഡിലെപോലെ നിയമഭേദഗതി സാധ്യമാകില്ലല്ളോ?
•
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.