മണിപ്പൂർ ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മാധ്യമങ്ങൾക്ക് കൗതുക വാർത്തകളുടെ ഉറവിടം മാത്രമാണ്. മണിപ്പൂർ ഗുരുതര സംഘർഷങ്ങൾക്ക് നടുവിലായി രണ്ടു മാസത്തോടടുക്കുമ്പോഴും അവിടെ നടക്കുന്നതെന്തെന്ന് ഇന്ത്യൻ ജനതക്ക് കാര്യമായ അറിവില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രശ്നങ്ങൾ തുടങ്ങിയതെങ്ങനെയെന്ന് വിവരിക്കുന്നു മാധ്യമപ്രവർത്തകൻ മുബശ്ശിർ റാജി
മലമ്പ്രദേശങ്ങൾ, താഴ്വര എന്നിങ്ങനെ രണ്ടുവിധത്തിലാണ് മണിപ്പൂരിലെ ഭൂപ്രകൃതി. ഭൂരിപക്ഷ വിഭാഗമായ മെയ്തേയികൾ താമസിക്കുന്നത് തലസ്ഥാന നഗരിയായ ഇംഫാൽ ഉൾപ്പെടുന്ന താഴ്വരയിലാണ്. ഗോത്രവിഭാഗക്കാരായ കുക്കികൾ മലമ്പ്രദേശങ്ങളിലും. സ്വാതന്ത്ര്യലബ്ധി മുതൽ കുക്കികളും നാഗരും പട്ടികവർഗ വിഭാഗത്തിലാണ്. അതേ പദവി വേണമെന്ന ആവശ്യമുന്നയിക്കുന്നു മെയ്തേയികളും.
ഈ ആവശ്യമുയർത്തി താഴ്വരയിലെ ജനങ്ങൾ നടത്തിയ ഹൈവേ സ്തംഭനത്തിനെതിരെയായി മേയ് മൂന്നിന് ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് മണിപ്പൂർ ഗോത്രവർഗ ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചു. സംഘർഷാവസ്ഥ മുറ്റിനിന്ന സാഹചര്യമായിരുന്നുവെങ്കിലും കുക്കി, നാഗ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ വൻ പങ്കാളിത്തമായിരുന്നു റാലിയിൽ. റാലിയെ അനുകൂലിച്ചും എതിർത്തും സമൂഹ മാധ്യമങ്ങളിൽ വൻ കോലാഹലങ്ങളായി.
അതിനിടെ കുക്കി യുദ്ധസ്മാരക കവാടത്തിന് തീവെച്ചിരിക്കുന്നുവെന്ന വാർത്ത പരന്നു. അതിനുപിന്നാലെ തോർബുങ്, കാഗ്വായ് മേഖലയിൽ തീവെപ്പും അക്രമവും വ്യാപിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മെയ്തേയികൾ തിങ്ങിപ്പാർക്കുന്ന ബിഷ്നുപൂർ ജില്ലക്കും കുക്കികളുടെ കേന്ദ്രമായ ചുർചന്ദ്പൂർ ജില്ലക്കും ഇടയിലെ ചെറു പ്രദേശമാണ് തോർബുങ്.
ജനങ്ങൾ വീടുവിട്ടോടുന്നതിന്റെയും സഹായം ചോദിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ കുമിഞ്ഞുകൂടിയത് പൊടുന്നനെയാണ്. വൈകീട്ട് ആറുമണിയോടെ ഇംഫാൽ നഗരത്തിൽ കണ്ണീർവാതക ഷെല്ലുകളും പടക്കങ്ങളും പൊട്ടുന്നതിന്റെ ശബ്ദം കേട്ടു.
ഇംഫാലിലെ ചെക്കോൺ മേഖലയിലെ വീടുകൾക്ക് ആക്രമികൾ തീയിടാൻ ശ്രമിച്ചുവെന്ന വിവരം പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. അതേസമയംതന്നെ അഞ്ചുദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തി മണിപ്പൂർ സർക്കാറിന്റെ ആഭ്യന്തര വകുപ്പ് കമീഷണർ എച്ച്. ഗ്യാൻ പ്രകാശിന്റെ ഉത്തരവിറങ്ങി.
ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും തോർബോങ്ങിലും സമീപ പ്രദേശങ്ങളിലുമായി എട്ടു വീടുകൾ തീവെച്ചു നശിപ്പിക്കപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും സ്ഥിരീകരിക്കൽ അസാധ്യമായിരുന്നു. ശരിയേത്, വ്യാജമേത് എന്ന് കണ്ടെത്താൻ കഴിയാത്ത വിധം ചിത്രങ്ങളും കേട്ടുകേൾവികളും സമൂഹ മാധ്യമങ്ങളിലൂടെ വന്നടിഞ്ഞിരുന്നു.
നിരോധനം പ്രാബല്യത്തിൽവന്ന ശേഷവും ചില നെറ്റ്വർക്കുകൾക്കുകീഴിൽ മൊബൈൽ ഇന്റർനെറ്റ് സേവനം ലഭ്യമായിരുന്നു. പൊടുന്നനെ ആളുകൾക്ക് അജ്ഞാത സ്രോതസ്സുകളിൽനിന്ന് ചില സന്ദേശങ്ങൾ വരാൻ തുടങ്ങി. അത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യണമെന്നും നിർദേശമുണ്ടായി.
മെയ്തേയികൾ താമസിക്കുന്ന പ്രദേശങ്ങളെ സംബന്ധിച്ച വാർത്തകൾ ചൂടൻ ചർച്ചയായി. ജനങ്ങളിൽ ഭീതിയും ആശങ്കയും വ്യാപകമായി. രാത്രിയായതോടെ കാര്യങ്ങൾ കൈവിട്ട നിലയിലായി. വെടിയൊച്ചകളും സ്ഫോടനശബ്ദവും പലയിടങ്ങളിൽ നിന്നുയർന്നു. ജനക്കൂട്ടം പൊലീസ് സ്റ്റേഷനുകൾക്കരികിലും മറ്റു പ്രദേശങ്ങളിലുമായി ഒത്തുകൂടാൻ തുടങ്ങി. വെടിയൊച്ചകൾ ആ രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ടേയിരുന്നു.
നേരം പുലരുമ്പോഴേക്ക് ചുർചന്ദ്പൂരിൽനിന്ന് അതിർത്തി നഗരമായ മൊറീയിലേക്കും അക്രമത്തീ വ്യാപിച്ചു. ഒറ്റപ്പെട്ട അക്രമങ്ങൾ എന്ന അവസ്ഥ സമ്പൂർണ കലാപത്തിലേക്ക് വഴിമാറി. മൊബൈൽ ഇൻറർനെറ്റ് നിരോധനം നിലനിൽക്കെത്തന്നെ പ്രകോപന സാധ്യതയുള്ള വാർത്തകൾ നിർബാധം പ്രചരിപ്പിക്കപ്പെട്ടു. നോക്കുന്നിടത്തെല്ലാം ആൾക്കൂട്ടങ്ങൾ-ചിലർ അക്രമത്തിനിറങ്ങിയവർ, മറ്റു ചിലർ അക്രമം പേടിച്ച് വീടുവിട്ടിറങ്ങിയവർ. നിയമവാഴ്ചയെ മാത്രം പേരിനുപോലും കാണാൻ കിട്ടിയില്ല.
അക്രമം തുടങ്ങിയ തോർബുങ് ലക്ഷ്യമിട്ടാണ് അധികം മാധ്യമ പ്രവർത്തകരും പോയത്. അപ്പോഴേക്ക് വങ്സാഗിൻ വാൽട്ടെ എം.എൽ.എയുടെ വീട് ആൾക്കൂട്ടം തീവെച്ചെന്ന വാർത്ത വന്നു. ലാംഫെൽ മേഖലയിൽ വ്യാപക അക്രമം നടക്കുന്നുവെന്ന് കേട്ട് കുറെ പത്രക്കാർ അവിടേക്ക് കുതിച്ചു. നാല് വാഹനങ്ങൾ നടുറോഡിൽ കത്തുന്നുണ്ടായിരുന്നു. മനുഷ്യരുടെ ഉയിരറ്റ ശരീരങ്ങൾ സമീപത്തെ കുറ്റിക്കാടുകളിൽ ചിതറിക്കിടന്നു.
വലിയൊരു ആക്രമിക്കൂട്ടം വന്ന് ചെയ്തുകൂട്ടിയതാണ് ഇതെല്ലാമെന്നാണ് പത്രക്കാർക്ക് ലഭിച്ച മൊഴി. അക്രമത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹമൊരുക്കേണ്ട സ്ഥലമായിട്ടും പേരിനുമാത്രം കുറച്ച് പൊലീസുകാരേ അവിടെയുണ്ടായിരുന്നുള്ളൂ, അവരിൽ പലർക്കും തോക്കുകൾ പോലുമില്ലായിരുന്നു. തോക്കുകളുണ്ടെങ്കിൽപോലും അത് പിടിച്ചുപറിച്ചെടുക്കാൻ തക്ക ശക്തമായിരുന്നു ആക്രമിക്കൂട്ടം.
11 മണിയോടെ കത്തിയെരിയുന്ന കാറുകൾക്ക് മുന്നിൽനിന്ന് മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തവേ രംഗത്തെത്തിയ പൊലീസുകാർ പുകബോംബുകൾ പൊട്ടിക്കാൻ തുടങ്ങി. പൊലീസുകാർ ഒന്നും പറഞ്ഞില്ല, പക്ഷേ മാധ്യമങ്ങൾ അവിടം വിട്ടുപോകണമെന്ന കൃത്യമായ സന്ദേശം അതിലുണ്ടായിരുന്നു. ലാംഫെലിൽനിന്ന് വലിയ ഒരു ആൾക്കൂട്ടം പുറത്തുവന്നു. വാഹനങ്ങളിലെ ‘പ്രസ്’ സ്റ്റിക്കർ കണ്ട് ചുർചന്ദ്പൂരിലും പോയി റിപ്പോർട്ട് ചെയ്യണമെന്ന് ആക്രോശിച്ചു അവർ.
റോഡിൽ ഇടതടവില്ലാതെ വലിയ തടിക്കഷണങ്ങളും പാറക്കല്ലുകളും വെച്ച് തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. എയർപോർട്ട് റോഡിലൂടെ നീങ്ങവേ മറിഞ്ഞുകിടന്ന് കത്തിയമരുന്ന കാറുകൾ സാധാരണ കാഴ്ചയായി. ആ കാറുകളിൽ സഞ്ചരിച്ചിരുന്ന ആളുകൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാവുമെന്ന് മാധ്യമ പ്രവർത്തകർ പരസ്പരം ചോദിച്ചു.
വഴിയിൽ തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖകൾ ചോദിക്കുന്ന സ്ത്രീകൾ ഒരു സ്ഥിരം കാഴ്ചയായി. കല്ല്, വടി, കമ്പുകൾ എന്നിങ്ങനെ കൈയിൽ കിട്ടിയതെല്ലാമെടുത്ത് ആളുകൾ ഹൈവേയിലൂടെ റോന്തുചുറ്റാൻ തുടങ്ങി. വീടുകളിൽ നിൽക്കുന്നത് സുരക്ഷിതമല്ല എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കിംവദന്തികൾ പരക്കാൻ തുടങ്ങി.
വാഹനങ്ങൾ തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖ ചോദിക്കുന്നവർ ഫോട്ടോയോ വിഡിയോയോ പകർത്തരുത് എന്ന് കർശന താക്കീതും നൽകിയിരുന്നു. പലയിടങ്ങളിലും ആകാശംമുട്ടെ പുകച്ചുരുളുകളുയർന്നിരുന്നു. ആക്രമികൾ തീയിട്ട വീടുകളിലും ചർച്ചുകളിൽ നിന്നുമായിരുന്നു അത്.
നംബോലിലേക്കുള്ള വഴിയിൽ ദ്രുതകർമ സേനാവ്യൂഹത്തെ കാണാനായി. അവരുടെ വരവ് ആക്രമികളുടെ അഴിഞ്ഞാട്ടത്തിന് അൽപമെങ്കിലും കുറവുവരുത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ അർഥത്തിൽ മാധ്യമങ്ങളിൽ അവരുടെ ചിത്രം നൽകുന്നതിൽ പ്രസക്തിയുമുണ്ടായിരുന്നു. ചിത്രമെടുത്തു കൊള്ളട്ടേയെന്ന മാധ്യമ പ്രവർത്തകരുടെ അഭ്യർഥന പക്ഷേ നിരസിക്കപ്പെട്ടു.
കാങ്വായിലെത്തുമ്പോഴേക്ക് ആൾക്കൂട്ടങ്ങളുടെ വലുപ്പവും ആക്രോശവും കുറഞ്ഞുവെന്നത് ശ്രദ്ധയിൽപ്പെട്ടു. അവിടെയുള്ള ആളുകളെല്ലാം വീടുവിട്ട് പലായനം ചെയ്തിരിക്കുന്നുവെന്ന വസ്തുത പിന്നെയാണ് മനസ്സിലായത്. ഏതാനും സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും മാത്രമാണ് അവിടെയുണ്ടായിരുന്നത്.
കത്തിയെരിഞ്ഞ വീടുകളുടെ ചിത്രങ്ങൾ പകർത്തി നീങ്ങുന്നതിനിടെ ഇനി മുന്നോട്ടുപോകേണ്ടെന്ന് നിർദേശം ലഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹങ്ങളുടെ മറപറ്റി മുന്നോട്ടുനീങ്ങവേ ആളൊഴിഞ്ഞ മരുഭൂമിയെ ഓർമപ്പെടുത്തുന്ന നിശ്ശബ്ദതയിൽ ചുർചന്ദ്പൂരിലേക്കുള്ള വഴികൾ കിടന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പോലും ഉച്ചത്തിൽ സംസാരിച്ചിരുന്നില്ല.
ചുർചന്ദ്പൂരിൽ കുടുങ്ങിപ്പോയ ആളുകളെ 500 പേരുടെ ബാച്ചുകളാക്കി അസം റൈഫിൾസ് ഒരുക്കിയ ബിഷ്നുപൂർ ക്യാമ്പിലേക്ക് കൊണ്ടുവന്നു. മേയ് നാലിന് വൈകീട്ട് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കുക്കി മേഖലയിൽ അത്യുച്ചത്തിൽ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ച് തീ പടർന്നു.
മണിപ്പൂർ റൈഫിൾസ് കോംപ്ലക്സ്, അസം റൈഫിൾസ് ക്യാമ്പ് എന്നിവയെല്ലാം അഭയാർഥികളാൽ നിറഞ്ഞു. ഇതായിരുന്നു തുടക്കം. മേയ് മാസം ആരംഭിച്ച തീ ജൂൺ അവസാനിക്കുമ്പോഴും കെടുത്താനായിട്ടില്ല. നൂറിലേറെപ്പേരുടെ ജീവനാണ് നഷ്ടമായത്, അമ്പതിനായിരത്തിലേറെ പേർ സ്വന്തം മണ്ണിൽ അഭയാർഥികളായി ജീവിക്കുന്നു.
mubasirraji@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.