കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷം മുതൽ സ്ഥാനാർഥികളെ ചൊല്ലി ഒരുപാട് ചർച്ചകൾ നടന്നിരുന്നു. അതിൽ ഏതാണ്ട് എല്ലാവരും ഉറപ്പിച്ച ജനസമ്മതിയുള്ള രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് പക്ഷെ തന്‍റെ തന്നെ ആദ്യ ചുവട് തന്നെ തെറ്റി. പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ആകുമെന്ന് കരുതിയ ആൾ തന്നെ പാർട്ടിക്ക് എതിരെ പ്രവർത്തിച്ചു എന്ന നാണക്കേടും ബാക്കിയായി.
ഇന്നിപ്പോൾ തീരുമാനമായ പേരുകൾ ശശി തരൂരിന്റെയും മല്ലികാർജുന ഖാർഗെയുടെതുമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ താൽപര്യം പ്രകടിപ്പിക്കുകയും മറ്റാരേക്കാളും മുന്നേ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്തയാളാണ് ശശി തരൂർ. ഖാർഗെ അങ്ങനെയല്ല, മത്സരിക്കും എന്ന് ഒരു സൂചനയും നൽകാതെ, ആരും യാതൊരു സാധ്യതയും നൽകാതിരുന്ന പേരാണ് അദ്ദേഹത്തിന്‍റേത്.
ഖാർഗെ കോൺഗ്രസ് വ്യവസ്ഥയുടെ തന്നെ സ്ഥാനാർഥിയാണ് എന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ട കാര്യമില്ല. അദ്ദേഹത്തിന്‍റെ അപേക്ഷാഫോറത്തിൽ പിന്തുണച്ചു കൊണ്ടുള്ള ആദ്യ ഒപ്പ് എ.കെ ആന്‍റണിയുടേതാണ്. ഖാർഗെ ഹൈകമാൻഡ് സ്ഥാനാർഥിയാണ് എന്ന് മനസിലാക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്? ഗാന്ധി കുടുംബത്തിന്‍റെ വിശ്വാസവും പിന്തുണയും ഉണ്ടായിരുന്ന ഗെഹ്ലോട് ഉണ്ടാക്കിയ പ്രശ്നങ്ങളിൽ അവർ ഒന്ന് ഉലഞ്ഞു എന്നതാണ് ശരി. ഇനിയൊരു പരീക്ഷണത്തിന് നിൽക്കണ്ട എന്ന മുതിർന്ന നേതാക്കളുടെ ഉപദേശത്തിന്‍റെ പരിണിത ഫലമാണ് ഖാർഗെയുടെ ഈ സ്ഥാനാർഥിത്വം. പക്ഷെ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് ഇതൊരു തികച്ചും തെറ്റായ തീരുമാനമാണ് എന്ന് താഴെക്കിടയിലുള്ള നേതാക്കളും തെരഞ്ഞെടുപ്പിനെ ആവേശത്തോടെ കണ്ടിരുന്ന അണികളും പറയുന്നത്.
ബി.ജെ.പിയുടെ, പ്രത്യേകിച്ച് മോദിയുടെ തേരോട്ടം തടയാനും, പാർട്ടിക്ക് പുതിയ ദിശ നൽകി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിരികെ വരാനും വേണ്ടിയുള്ള ഒരു ഉത്തമമായ സാധ്യതയാണ് കോൺഗ്രസ് നേതൃത്വം ഇവിടെ കളഞ്ഞു കുളിച്ചിരിക്കുന്നത്. ആകെ തകർന്നു നിൽക്കുന്ന അണികളെ ആവേശഭരിതരാക്കാനോ പ്രചോദിപ്പിക്കാനോ കഴിയുന്ന ഒരു നേതാവല്ല ഖാർഗെ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എന്ന പോലെ, പർലമെന്ററി രംഗത്തും ഇന്ന് ഒട്ടും തിളങ്ങാൻ കഴിയുന്ന നേതാവല്ല അദ്ദേഹം എന്നത് പകൽ പോലെ വ്യക്തമാണ്. കഴിഞ്ഞ നാലഞ്ചു വർഷത്തെ പാർലമെന്റ് പ്രകടനങ്ങൾ എടുത്തു നോക്കിയാൽ ഇത് മനസിലാകും.
തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പണക്കൊഴുപ്പ് നിറഞ്ഞ പ്രചാരണങ്ങളെ തടയാൻ സാധിക്കുന്നില്ല എന്ന വാദം സമ്മതിച്ചു കൊടുത്താൽ തന്നെ, പാർലമെന്റിൽ ഭരണകക്ഷിയുടെ പ്രകടനത്തെ തടയാൻ അത്യാവശ്യം വേണ്ട വാഗ്മിത്വവും ഭാഷാചാതുര്യവും വൈദഗ്ധ്യവും ഉള്ള ഒരു നേതാവിനെ നമുക്ക് ഖാർഗെയിൽ കാണാൻ സാധിച്ചിരുന്നില്ല. മറ്റൊന്ന്, ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതായി ഖാർഗെയുടെ സ്ഥാനാർഥിത്വം. കോൺഗ്രസിന് എതിരെ പറഞ്ഞു കൊണ്ടിരുന്ന കുടുംബവാഴ്ചാ പരാതിയെ ഇല്ലാതാക്കാനാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു നേതാവിനെ തെരഞ്ഞെടുക്കണം എന്ന് രാഹുൽ ഗാന്ധി നിരന്തരം പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ, ആ കുടുംബം വരക്കുന്ന ഒരു വരക്കപ്പുറം പോകാൻ ഒരു സാധ്യതും ഇല്ലാത്ത ഖാർഗെയെ കൊണ്ട് വരിക വഴി, ഒരു പാവ പ്രസിഡന്റ് എന്ന പഴി കൂടി ഇനി കോൺഗ്രസ് കേൾക്കേണ്ടി വരും.
ശശി തരൂരിന് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും, അതിന് പകരം ഖാർഗെ അല്ല ഉത്തരം. തരൂരിനെ സംബന്ധിച്ച് ഏറ്റവും വലിയ കുറവായി പാർട്ടി കണ്ടത്, സംസ്ഥാന നേതൃത്വങ്ങളുടെ വിശ്വാസക്കുറവാണ്. വിശ്വാസക്കുറവ് എന്നതിനേക്കാൾ പുറത്ത് നിന്ന് നോക്കുന്നവർക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നത്, ഒരു എതിരാളി എന്ന നിലക്കുള്ള ഭയമാണ് അത്. പുരോഗമന ചിന്തകളും, ആദര്‍ശനിഷ്‌ഠയും, വ്യക്തിപ്രഭാവവുമുള്ള ഒരാൾ വന്നാൽ തങ്ങളുടെ പ്രായോഗിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പിന്തുണ കിട്ടില്ല എന്ന ആശങ്കയാണ് ഇവർക്ക്. രാഷ്ട്രീയത്തിൽ പൊതുവെ പുതുമുഖമായ തരൂരിന് കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ കണക്കുകൂട്ടലുകൾ മനസിലാകില്ല എന്നതിനേക്കാൾ, ഇപ്പോഴത്തെ പാർട്ടി ഘടന പൊളിച്ചെഴുതും എന്ന് ഇവർ കരുതുന്നു. പ്രഫഷണൽ കോൺഗ്രസ് എന്ന പാർട്ടി പോഷക സംഘടനാ സംവിധാനം കുറഞ്ഞ കാലം കൊണ്ട് കെട്ടിപ്പടുത്തി തരൂർ കാഴ്ചവച്ച സമത്വവാദ രാഷ്ട്രീയം, വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന പാരമ്പര്യ രാഷ്ട്രീയക്കാർക്ക് ഒട്ടും തന്നെ ദഹിച്ചിട്ടില്ല.
എങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു എതിരാളിയെ നേരിടുമ്പോൾ, കോൺഗ്രസിന് വേണ്ടി സധൈര്യം വാദിക്കാനും, ഉരുളക്ക് ഉപ്പേരി പോലെ മറുപടി നൽകാനും, മോദിയുടെ കണ്ണിൽ നോക്കി ചോദ്യങ്ങൾ ചോദിക്കാനും പറ്റിയ ഒരു നേതാവാണ് ശശി തരൂർ. പാർലമെന്റിൽ തരൂരിന്റെ പ്രസംഗങ്ങളെ ബി.ജെ.പി പോലും ഭയക്കുന്നു. ഇംഗ്ലീഷിൽ ആണെങ്കിൽ കൂടി, ആ പ്രകടനങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട് എന്നതാണ് വാസ്തവം.
കോൺഗ്രസിന് നിലനിന്നു പോകണമെങ്കിൽ ഒരു പരിവർത്തനം അത്യാവശ്യമാണ് എന്ന് ഹൈകമാൻഡ് തുടങ്ങി താഴെക്കിടയിൽ ഉള്ളവർ വരെ മനസിലാക്കിയ സത്യമാണ്. അതിനർഥം ഗാന്ധി കുടുംബത്തെ ഒറ്റയടിക്ക് മാറ്റുക എന്നതല്ല, അവരിൽ പാർട്ടിക്കുള്ള സ്വാധീനം കുറക്കുക എന്നതുമല്ല. പാർട്ടിയുടെ ഒരു അഭിവാജ്യ ഘടകമായി നിന്ന് കൊണ്ട് തന്നെ, പുതിയ ഒരു സംവിധാനത്തിലേക്ക് പാർട്ടിയെയും അണികളെയും നയിക്കുകയാണ് സോണിയയും കുടുംബവും ചെയ്യേണ്ടത്. അതിന് 80 വയസുള്ള ഒരു നേതാവിനെയല്ല അവർ പിന്തുണക്കേണ്ടത്, പകരം ഭാവിയെ മുന്നിൽക്കണ്ട് പുതിയ തലമുറ നേതാക്കളെ കൊണ്ടുവരണം. അവർക്കൊപ്പം നിൽക്കണം, അവർക്കു വേണ്ട പിന്തുണ നൽകണം, പാർട്ടിയിൽ അവർക്കു വേണ്ടി വാദിക്കണം. നേരിടുന്നത് രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷം ജനിച്ച ഒരു പാർട്ടിയെയും നേതാവിനെയുമാണ് എന്ന് ഓർക്കണം, അതിനു അനുസരിച്ചു കോൺഗ്രസ് പാർട്ടിയും മാറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.