ആഗസ്റ്റ് 19 അഫ്ഗാനിസ്താെൻറ സ്വാതന്ത്ര്യദിനമാണ്. 1919ൽ മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിൽ അമാനുല്ലാ ഖാൻ രാജാവ് വിജയശ്രീലാളിതനായതിെൻറ വാർഷിക ദിനം. പുനർനിർമിച്ച ദാറുൽ അമാൻ കൊട്ടാരത്തിൽ രണ്ടുവർഷം മുമ്പ് വർണാഭമായ രീതിയിലായിരുന്നു സ്വാതന്ത്ര്യ ശതാബ്ദിയാഘോഷം. അന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡൻറ് അശ്റഫ് ഗനി നാലു നാൾ മുമ്പ് നാടുവിട്ടുപോവുകയും രാജ്യം ഏതാണ്ട് പൂർണമായി താലിബാെൻറ അധീനതയിലാവുകയും ചെയ്തതിനാൽ ഇക്കുറി ആഘോഷങ്ങൾക്ക് പൊലിമയൊട്ടുമുണ്ടാവാനിടയില്ല.
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്ന് സ്വയം വിളിക്കുന്ന താലിബാൻ '90കളുടെ മധ്യം മുതൽ 2001വരെ രാജ്യത്ത് ഭരണം നടത്തിയിരുന്നു. സെപ്റ്റംബർ 11 ഭീകരാക്രമണത്തിനു പിന്നാലെ അമേരിക്കൻ നേതൃത്വത്തിലെ നാറ്റോ സൈന്യം എത്തും വരെ ഇതു തുടർന്നു. ബോൺ കോൺഫറൻസിനെ തുടർന്ന് ഹാമിദ് കർസായിയുടെ നേതൃത്വത്തിൽ ഒരു സർക്കാർ അവിടെ അവരോധിക്കപ്പെട്ടു. കർസായി 2004ലും 2009ലും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഐക്യരാഷ്ട്ര സഭ താലിബാനെ ഭീകരസംഘമായി പ്രഖ്യാപിക്കുകയും അവരുടെ നേതാക്കൾ അഫ്ഗാൻ-പാക് അതിർത്തിയിലെ മലമടക്കുകളിലേക്ക് പിൻവാങ്ങുകയും ചെയ്ത വേളയിൽ സുസ്ഥിരതയും സമാധാനവും രാജ്യത്ത് വീണ്ടെടുക്കപ്പെടുമെന്ന പ്രതീതി ഉടലെടുത്തിരുന്നു.
എന്നാൽ, വിവാഹഘോഷയാത്രകളെയും മരണവിലാപ യാത്രകളെയുമെല്ലാം ഭീകരവാദികളുടെ ഒത്തുചേരലെന്ന് തെറ്റിദ്ധരിച്ച് ഗ്രാമങ്ങളിൽ നടത്തിയ ബോംബാക്രമണങ്ങളും ഉന്നമിട്ടുള്ള കൊലപാതകങ്ങളും രാത്രിപരിശോധനകളും കണ്ണുംമൂക്കും നോക്കാതെയുള്ള അറസ്റ്റുകളുമെല്ലാം വന്നതോടെ യു.എസ്-അഫ്ഗാൻ സർക്കാറും സഖ്യസേനയും ജനങ്ങൾക്കിടയിൽ തീർത്തും അപ്രിയമായി മാറി. പ്രേത്യകിച്ച് പഷ്തൂൺ മേധാവിത്വമുള്ള ഗ്രാമീണ മേഖലകളിൽ. ഇത് താലിബാന് പുനരേകീകരിക്കാനും പോരാളി വിഭാഗമായി മാറാനുമുള്ള തക്കം നൽകി.
പർവേസ് മുശർറഫ് 9/11 നു ശേഷം മനസ്സില്ലാമനസ്സോടെയാണ് യു.എസ് അധിനിവേശത്തെ പിന്തുണച്ചത്. പക്ഷേ, വളരെ പെെട്ടന്ന് പാകിസ്താൻ അഫ്ഗാൻ രാഷ്ട്രീയത്തിൽ ഇറങ്ങി കളിച്ചു. ഇൻറർ സർവിസ് ഇൻറലിജൻസ് (ഐ.എസ്.ഐ) മുഖേനെ താലിബാനെ സഹായിക്കാനും മടികാണിച്ചില്ല.
വൈകാതെ താലിബാൻ കിഴക്ക്, തെക്കൻ പ്രവിശ്യകളിൽ സമാന്തര സർക്കാറിന് രൂപം നൽകി. സർക്കാർ സ്ഥാപനങ്ങളെയും മുതിർന്ന രാഷ്ട്രീയക്കാരെയും തങ്ങളെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയുമെല്ലാം ഉന്നമിട്ട് കൊലപ്പെടുത്താനും തുടങ്ങി. സ്ഫോടനങ്ങളിലും മറ്റും നിരവധി സിവിലിയന്മാർക്കും ജീവൻ നഷ്ടമായി.
അഫ്ഗാൻ സർക്കാറുകൾ അഴിമതിയിൽ പൂണ്ടുവിളയാടിയതോടെ സ്ഥിതിഗതികൾ കൂടുതൽ കുഴഞ്ഞു. 180 രാജ്യങ്ങളുടെ ലോക സുതാര്യതാ സൂചികയിൽ 165ാം സ്ഥാനമാണ് അഫ്ഗാന്. ഭൂരിഭാഗം അഫ്ഗാനികളും പട്ടിണിപ്പാവങ്ങളായി കഴിഞ്ഞുകൂടവെ മന്ത്രിമാരും ഗവർണർമാരും ഉദ്യോഗസ്ഥ മോധാവികളും യുദ്ധപ്രഭുക്കളും സുഭിക്ഷവും സുഖലോലുപവുമായ ജീവിതം നയിച്ചുപോരുന്നു.
ദശലക്ഷക്കണക്കിന് ഡോളർ കീശയിലാക്കിയെന്ന ആക്ഷേപം നേരിടുേമ്പാഴും കർസായി കുടുംബം പ്രാദേശിക, ഗോത്രനേതാക്കളെ ചേർത്തുനിർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഗനിയാവട്ടെ സഖ്യങ്ങൾ ഊട്ടിയുറപ്പിക്കാൻ കൂട്ടാക്കാതെ സർക്കാർ നടത്തിപ്പിന് പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച സാങ്കേതിക വിദഗ്ധരുടെ ചെറുകൂട്ടത്തെ ആശ്രയിച്ചു. പ്രാദേശിക നേതാക്കൾ ഒതുക്കപ്പെട്ടതോടെ രാജ്യം വംശീയമായി വിഭജിക്കപ്പെട്ടു, സൈനിക സാന്നിധ്യത്തെച്ചൊല്ലി അഫ്ഗാനിലും അമേരിക്കയിലും എതിർപ്പ് രൂക്ഷമായതോടെയാണ് താലിബാന് ദോഹയിൽ രാഷ്ട്രീയ ഓഫിസ് തുറക്കാൻ സൗകര്യമൊരുക്കി സമാധാന ചർച്ചകൾക്ക് തുടക്കമിടാൻ അമേരിക്ക നിർബന്ധിതമായത്.
സേനാപിന്മാറ്റം സമയബന്ധിതമാക്കാൻ തീരുമാനിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അഫ്ഗാൻ-അമേരിക്കൻ നയതന്ത്രജ്ഞൻ സൽമായ് ഖലീൽസാദിനെ പ്രത്യേക അനുരഞ്ജന പ്രതിനിധിയായി നിയോഗിച്ചതോടെയാണ് സമാധാന ശ്രമങ്ങൾക്ക് വേഗമായത്. ഇതിൻ പ്രകാരം 2020 ഫെബ്രുവരിയിൽ താലിബാനും യു.എസും ദോഹ കരാർ ഒപ്പുവെക്കുകയും ചെയ്തു.
അന്നേരം കാബൂളിലെ രാഷ്ട്രീയ മുതലാളിമാർ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടി വിജയം സ്വന്തം പേരിലാക്കിയെടുക്കാനുള്ള പോരിലായിരുന്നു. അശ്റഫ് ഗനി രണ്ടാമതും വിജയം വരിച്ചതായി അവകാശപ്പെട്ടപ്പോൾ കള്ളത്തരത്തിലൂടെ ഒപ്പിച്ച വിജയമാണെന്നായിരുന്നു ഡോ. അബ്ദുല്ല അബ്ദുല്ലയുടെ ആരോപണം. തർക്കം തീർക്കാനും അമേരിക്ക കണ്ണുരുട്ടേണ്ടി വന്നു. ഡോ. അബ്ദുല്ലയെ സമാധാന ചർച്ചകൾക്കുള്ള ഉന്നത സമിതിയുടെ തലവനാക്കി. പിന്മാറ്റത്തിനുള്ള ദിവസങ്ങൾ അടുക്കവെപോലും ആരായിരിക്കണം മധ്യസ്ഥർ എന്ന് തീരുമാനിക്കാൻ കഴിയാത്തവിധം അടികലശലായിരുന്നു സർക്കാറിൽ.
കുറെയേറെ വട്ടം ചർച്ചകൾ നടന്നു. ചർച്ച വീണ്ടും തുടരാം എന്ന കാര്യത്തിലല്ലാതെ മറ്റൊന്നിലും ധാരണയുണ്ടാക്കാൻ അതുകൊണ്ട് ഉപകരിച്ചില്ല. രാജ്യത്തെ പരമാധികാര റിപ്പബ്ലിക്കായി നിലനിർത്തണമെന്ന് അഫ്ഗാൻ സർക്കാർ നിർദേശിച്ചപ്പോൾ ഇസ്ലാമിക് എമിറേറ്റ് തന്നെ വേണമെന്നായിരുന്നു താലിബാെൻറ കടുംപിടിത്തം.
ദാർഷ്ട്യവും താൻപോരിമാ വാദവുമാണ് സമാധാന ചർച്ചകളെ പലപ്പോഴും വഴിമുട്ടിച്ചത്. അതിനിടയിൽ താലിബാൻ പല പ്രവിശ്യാതലസ്ഥാനങ്ങളും പിടിച്ചെടുത്തു. ഭരണകൈമാറ്റത്തിന് ഇക്കാലമത്രയും വിസമ്മതിച്ച പ്രസിഡൻറ് ഗനി താലിബാൻ തലസ്ഥാനത്തേക്ക് കടന്ന ഘട്ടത്തിൽ രാജ്യം ഉപേക്ഷിച്ച് പലായനവും ചെയ്തു.
അഫ്ഗാൻ പ്രതിസന്ധി പരിഹരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെന്ന് പലരും വിശ്വസിച്ചിരുന്ന, തകർന്ന രാഷ്ട്രങ്ങളെ പുനർനിർമിക്കുന്ന സൂത്രവാക്യത്തെക്കുറിച്ച് പുസ്തകമെഴുതിയിട്ടുള്ള ഗനി വെറും രണ്ടാഴ്ചകൾ കൊണ്ട് ഏറ്റവും വെറുക്കപ്പെട്ട വ്യക്തികളിലൊരാളായി മാറിയിരിക്കുന്നു.
അയാൾ പച്ചക്കള്ളങ്ങൾ തട്ടിവിട്ടുകൊണ്ടേയിരുന്നു. എന്നിട്ട് ഒരു രാജ്യത്തെ മുഴുവൻ അനാഥമാക്കി ഭീരുവിനെപ്പോലെ കടന്നുകളഞ്ഞിരിക്കുന്നുവെന്നാണ് വാൾസ്ട്രീറ്റ് ജേണലിലെ മുൻ മാധ്യമ പ്രവർത്തകൻ ട്വീറ്റ് ചെയ്തത്.സർക്കാർ സ്ഥാപനങ്ങളുടെയും സൈന്യത്തിെൻറയും ആത്മവീര്യം അതിവേഗം തകർന്നുവീണതാണ് പലരെയും ആശ്ചര്യപ്പെടുത്തിയത്. പലയിടങ്ങളിലും ഗോത്രനേതാക്കളും രാഷ്ട്രീയക്കാരും അതിവേഗം പാളയം മാറി.
9/11 ആക്രമണത്തിെൻറ 20ാം വാർഷികം പടിവാതിൽക്കൽ നിൽക്കവെ അതിെൻറ പേരിൽ ട്രില്യൻ കണക്കിന് ഡോളർ ചെലവിട്ട് അധിനിവേശം നടത്തിയ അമേരിക്ക 1989ൽ റഷ്യ പിന്മാറിയതിനേക്കാൾ ചമ്മലോടുകൂടി അഫ്ഗാൻ വിട്ടുപോകുന്നു. താലിബാനാകട്ടെ മുമ്പത്തേക്കാൾ ശക്തരായി അധികാരത്തിലേക്ക് തിരിച്ചുവരുന്നു.അമേരിക്കൻ പിന്മാറ്റത്തിെൻറ രീതിയുടെ പേരിൽ യു.എസ് പ്രസിഡൻറ് ബൈഡനും ദൂതൻ ഖലീൽസാദും നന്നായി പഴി കേൾക്കുന്നുണ്ട്. പക്ഷേ, കാബൂളിലെ രാഷ്ട്രീയ മേലാളന്മാർക്ക് ഈ ദുർഘടാവസ്ഥയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല തന്നെ.
(കൊൽക്കത്ത ആലിയ സർവകലാശാലയിൽ മാധ്യമവിഭാഗം അസി. പ്രഫസറായ ലേഖകെൻറ ഗവേഷണ വിഷയം അഫ്ഗാൻ രാഷ്ട്രീയമാണ്)
@journalistreyaz
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.