വിഖ്യാത എൻജിനീയറും അതിലുപരി മനുഷ്യസ്നേഹിയുമായ ഗംഗാറാമിനെ പോലെ ഇന്ത്യയിലും പാകിസ്താനിലുമായി പൈതൃകം അവശേഷിപ്പിച്ചവർ അപൂർവമാണ്. അദ്ദേഹത്തിന്റെ പേരിൽ കുടുംബം ഡൽഹിയിലും ലാഹോറിലും നിർമിച്ച ആശുപത്രികൾ ആ പേര് ഇന്നും നിലനിർത്തുന്നു. പാകിസ്താനിലെ ലാഹോറിലായിരുന്നു ഗംഗാറാമിന്റെ വീട്. വിഭജനാന്തരം കുടുംബം ഡൽഹിയിലേക്ക് മാറുകയായിരുന്നു. 1927ലാണ് ഗംഗാറാം മരിച്ചത്.
എഴുത്തുകാരനായ സാദത്ത് ഹസൻ മാന്റോയുടെ ദി ഗാർലൻഡ് എന്ന ചെറുകഥ, ലാഹോർ നഗരവുമായുള്ള ആ മനുഷ്യന്റെ ഇഴയടുപ്പത്തെ കുറിച്ച് വിശദീകരിക്കുന്നു.വിഭജനകാലത്തെ ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ. ഒരു ജനക്കൂട്ടം ഗംഗാറാമിന്റെ ഹിന്ദു നാമം തുടച്ചുനീക്കുന്നതിനായി അദ്ദേഹത്തിന്റെ ആശുപത്രിക്ക് മുന്നിലുള്ള പ്രതിമയെ ആക്രമിക്കുന്നു. എന്നാൽ ഒരാൾക്ക് പരിക്കേൽക്കുമ്പോൾ, ആൾക്കൂട്ടം ആക്രോശിക്കുന്നു, "നമുക്ക് അദ്ദേഹത്തെ സർ ഗംഗാറാം ആശുപത്രിയിൽ എത്തിക്കാം."-കഥ ഇങ്ങനെ സംഗ്രഹിക്കാം.
കർക്കശമായ അച്ചടക്കം പുലർത്തിയിരുന്ന ഗംഗാ റാം വളരെ ദയാലുവായ വ്യക്തി കൂടിയായിരുന്നു. വാസ്തുവിദ്യ, എഞ്ചിനീയറിംഗ്, കൃഷി, സ്ത്രീകളുടെ അവകാശം എന്നീ മേഖലകളിൽ അദ്ദേഹം സംഭാവനകൾനൽകി. വിധവകളുടെ ക്ഷേമത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തി.
1940 ൽ ബാബ പ്യാരെ ലാൽ ബേദി രചിച്ച ഹാർവെസ്റ്റ് ഫ്രം ദി ഡെസേർട്ട്, ദി ലൈഫ് ആൻഡ് വർക്ക് ഓഫ് സർ ഗംഗാ റാം എന്ന പുസ്തകത്തിൽ നിന്ന് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും.
ലാഹോറിൽ നിന്ന് 40 മൈൽ അകലെയുള്ള മംഗ്‌തൻവാല ഗ്രാമത്തിൽ 1851ലായിരുന്നു ഗംഗാറാമിന്റെ ജനനം. പിതാവ് ദൗലത്ത് റാം ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശ് വിട്ട് ലാഹോറിൽ ജൂനിയർ പോലീസ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു. കുടുംബം പിന്നീട് പഞ്ചാബിലെ അമൃത്സറിലേക്ക് താമസം മാറ്റി. അവിടെ സർക്കാർ സ്കൂളിലായിരുന്നു ഗംഗാറാമിന്റെ പഠനം. ലാഹോർ സർക്കാർ കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം റൂർക്കിയിലെ തോമസൺ എഞ്ചിനീയറിങ് കോളജിൽ സ്കോളർഷിപ്പോടെ പഠനം നടത്തി. 50 രൂപയായിരുന്നു സ്കോളർഷിപ്പ്. ഇതിന്റെ പകുതി മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുമായിരുന്നു.
മികച്ച മാർക്കോടെ എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം ലാഹോറിലെ അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന റായ് ബഹദൂർ കനയ്യ ലാലിന്റെ ഓഫീസിൽ അപ്രന്റീസായി. വളരെ പെട്ടെന്നാണ് അദ്ദേഹം മികച്ച എഞ്ചിനീയറായി മാറിയത്. നഗരത്തിലെ വാസ്തുവിദ്യയ്ക്ക് രൂപം നൽകുകയും ചെയ്തു.
ലാഹോർ മ്യൂസിയം, ഐച്ചിസൺ കോളജ്, മയോ സ്കൂൾ ഓഫ് ആർട്സ് (ഇപ്പോൾ നാഷനൽ കോളജ് ഓഫ് ആർട്സ്), ജനറൽ പോസ്റ്റ് ഓഫീസ്, മയോ ഹോസ്പിറ്റലിലെ ആൽബർട്ട് വിക്ടർ വിക്ഷ് എന്നിവയുൾപ്പെടെ നിരവധി കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. ഗംഗാ റാമിനെ പ്രശസ്ത പാകിസ്ഥാൻ പത്രപ്രവർത്തകൻ ഖാലിദ് അഹമ്മദ് "ആധുനിക ലാഹോറിന്റെ പിതാവ്" എന്നാണ് വിശേഷിപ്പിച്ചത്.
ജോലിയുടെ ഭാഗമായി ലാഹോറിലെ നഗര വാസ്തുവിദ്യയിൽ ചരിത്രം രചിക്കുമ്പോഴും പഞ്ചാബിലായിരുന്നു ഗംഗാറാമിന്റെ മനസ് മുഴുവൻ. 1903ൽ അദ്ദേഹം സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ പഞ്ചാബിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ മുൻകാല സേവനങ്ങൾക്ക് പ്രതിഫലമായി ചെനാബ് കോളനിയിൽ ലഭിച്ച ഭൂമിയിൽ ജലസേചന, കൃഷി സംവിധാനങ്ങളുള്ള ഗംഗാപൂർ എന്ന മാതൃകാ ഗ്രാമം സ്ഥാപിക്കാൻ ഗംഗാറാം ആഗ്രഹിച്ചു. രണ്ട് മൈൽ അകലെയുള്ള ബുചിയാന റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗംഗാപൂരിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനുള്ള ഒരു സംവിധാനവും അദ്ദേഹം നിർമ്മിച്ചു. പഞ്ചാബ് പ്രവിശ്യയിലെ റെനല ഖുർദിലെ ജലവൈദ്യുത പദ്ധതിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്ന്. 1925ൽ പ്രവർത്തനമാരംഭിച്ച ഈ പദ്ധതി വഴി 360 ചതുരശ്ര കിലോമീറ്റർ തരിശുഭൂമികളിൽ ജലസേചനം നടത്തി അവയെ ഫലഭൂയിഷ്ടമായ വയലുകളാക്കി മാറ്റി.
എന്നും അതിരാവിലെ എഴുന്നേൽക്കും ഗംഗാറാം. ഉറുദു കവി മൗലാന അൽത്താഫ് ഹുസൈൻ ഹാലിയുടെ കവിതയായ മുനാജത്ത്-ഇ-ബേവ്ഗന്റെ (വിധവയുടെ പ്രാർത്ഥന) വാക്യങ്ങൾ താൻ ചിലപ്പോഴൊക്കെ ചൊല്ലുമായിരുന്നുവെന്ന് ബേദി എഴുതുന്നു. ഇത് വായിക്കുമ്പോൾ അദ്ദേഹം കരയും. ആ കവിതയാകാം വിധവകളുടെ ക്ഷേമപ്രവർത്തനങ്ങളിലേക്ക് എത്തിച്ചത്. 1917ൽ അംബാല നഗരത്തിൽ നടന്ന ഹിന്ദു മത സമ്മേളനത്തിൽ വിധവ പുനർവിവാഹത്തെക്കുറിച്ചുള്ള പ്രമേയം പാസാക്കാൻ ഗംഗാറാം ശ്രമം നടത്തി. അത് പരാജയപ്പെട്ടപ്പോൾ വിധവകളുടെ പുനർവിവാഹത്തിനായി ഒരു അസോസിയേഷൻ ഉണ്ടാക്കി. 2,000 രൂപ (അന്ന് വലിയ തുകയാണത്) സംഭാവന ചെയ്യുകയും ചെയ്തു. സമൂഹത്തിൽ വിധവകൾ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് അസോസിയേഷൻ ബോധവൽക്കരണം നടത്തും. പ്രായമായ വിധവകൾ പുനർവിവാഹം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മനസിലാക്കി. സർക്കാരിന്റെ അംഗീകാരത്തോടെ ഗംഗാറാം 1921ൽ 250,000 രൂപ ചെലവിൽ ഹിന്ദു വിധവകൾക്കായി പ്രത്യേക ഭവനം നിർമിച്ചു. ഇതോടനുബന്ധിച്ച് രണ്ട് സ്കൂളുകളും ഹോസ്റ്റലും തുടങ്ങി. വിധവകൾക്ക് വിദ്യാഭ്യാസത്തിനൊപ്പം കരകൗശല വസ്തുക്കൾ നിർമിക്കാനുള്ള പരിശീലനവും നൽകി.
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഹിന്ദു, സിഖ് സ്ത്രീകൾക്കായി ലേഡി മെയ്‌നാർഡ് ഇൻഡസ്ട്രിയൽ സ്കൂൾ സ്ഥാപിക്കുന്നതിനും ഗംഗാറാം ധനസഹായം നൽകി.1923ൽ ഇദ്ദേഹത്തിന്റെ പേരിൽ സർ ഗംഗാറാം ട്രസ്റ്റ് രൂപീകരിച്ചു.അതേ വർഷം തന്നെ ലാഹോറിന്റെ ഹൃദയഭാഗത്ത് സർ ഗംഗാറാം സൗജന്യ ആശുപത്രിയും ഡിസ്പെൻസറിയും സ്ഥാപിച്ചു. പിന്നീട് ഇത് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വലിയ ആശുപത്രിയിയായി വളർന്നു.1927 ജൂലൈയിൽ ലണ്ടനിലായിരുന്നു അന്ത്യം. മരണ ശേഷം ചിതാഭസ്മം ലാഹോറിലേക്ക് തിരികെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഹിന്ദി അപഹാജ് ആശ്രമത്തിന് സമീപം സംസ്‌കരിച്ചു. ആശ്രമം ഇവിടെ ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ ശവകുടീരം, ഗംഗാരാമ സമാധി ഇപ്പോഴും നിലകൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.