ഒന്നാം പിണറായി സർക്കാറിൽ ഗതാഗതമന്ത്രിയായിരുന്ന എൻ.സി.പി നേതാവ് എ.കെ. ശശീന്ദ്രന് ഇക്കുറി വനംവകുപ്പിലാണ് നിയോഗം. കടുത്ത പരിസ്ഥിതി സംരക്ഷകനാകാനോ അതേസമയം, പരിസ്ഥിതിയെ അവഗണിക്കാനോ താനില്ലെന്ന് മന്ത്രി പറയുന്നു...
എല്ലാ വകുപ്പുകൾക്കും നല്ല വശവും വെല്ലുവിളികളുമുണ്ട്. വെല്ലുവിളികളെ സമർഥമായി നേരിടാൻ കഴിയുകയാണ് പ്രധാനം. കഴിഞ്ഞ മന്ത്രിസഭയിൽ കൈകാര്യംചെയ്ത കെ.എസ്.ആർ.ടി.സിയിൽ വലിയ െവല്ലുവിളിയുണ്ടായിരുന്നു. എന്നാൽ, സർക്കാർ നല്ല പിന്തുണ നൽകി. ശമ്പളവും പെൻഷനും മുടങ്ങാതെ െകാടുക്കാനായി. പുതിയ വകുപ്പിൽ മുൻഗാമികൾ ചെയ്തതുപോലെ സമവായമുണ്ടാക്കി പ്രശ്നങ്ങൾ പരിഹരിക്കുക എന്ന നിലപാടാണ് സ്വീകരിക്കുക. എമ്പാടും വൈരുധ്യങ്ങളുള്ള മേഖലയാണ് വനംവകുപ്പ്. വനവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണം.
അതേസമയം, വികസനപദ്ധതികൾ നടപ്പിലാക്കുകയും വേണം. പരിസ്ഥിതിയും വികസനവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നത് ഒഴിവാക്കി പാരസ്പര്യത്തോടുകൂടി നാടിന് ആവശ്യമായ കാര്യങ്ങളിൽ തീരുമാനമെടുക്കണം. വന്യജീവിസംരക്ഷണം സുപ്രധാനമാണ്. എന്നാൽ, വനാതിർത്തിയിലെ കർഷകർ വന്യജീവി ആക്രമണത്തിനിരയാവുകയും അവരുടെ കൃഷി വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്യുന്ന സങ്കടകരമായ പ്രവണതക്ക് പരിഹാരവും വേണം. വന്യജീവി സംരക്ഷണവും വനാതിർത്തിയിലെ ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണം. മലമ്പുഴയിൽ ചൊവ്വാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീക്ക് അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. വനംമന്ത്രിയെന്ന നിലയിൽ ആദ്യ ആശ്വാസനടപടിയായിരുന്നു.
വനാതിർത്തികളിൽ വൈദ്യുതി, സൗരോർജവേലികളും കിടങ്ങുകളും കുഴിക്കുന്നരീതിയാണ് നിലവിൽ പരീക്ഷിക്കുന്നത്. പക്ഷേ, ഈ പ്രതിബന്ധങ്ങളെ മൃഗങ്ങൾ മറികടക്കുകയാണ്.
കടുത്ത പരിസ്ഥിതിസംരക്ഷകനാകാനോ വനത്തെ പൂർണമായും അവഗണിച്ച് മനുഷ്യാവശ്യങ്ങൾ സാധിച്ചുകൊടുക്കാനോ ഇല്ല. ഓരോ പ്രദേശത്തിെൻറയും സവിശേഷതയനുസരിച്ച്, കാര്യങ്ങൾ പഠിച്ച് അനുേയാജ്യമായ നടപടിയെടുക്കും.
കേന്ദ്ര വനനിയമമാണ് വകുപ്പിനെ മുന്നോട്ടുകൊണ്ടുപോകുന്ന അടിസ്ഥാനരേഖ. ആ രേഖകളിൽ കടുത്ത ഏകപക്ഷീയതയുണ്ട്. നിയമം ഭേദഗതിചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാലേ കഴിയൂ. എന്നാലും ജനങ്ങൾക്ക് പ്രയോജനമാകുന്നതരത്തിൽ വനമേഖലയെ ഉപയോഗിക്കുന്നതിൽ സുവ്യക്തമായ നിലപാട് വേണം. വനനിയമത്തിൽ ഉദാരത വേണമെന്നാണ് അഭിപ്രായം.
പരിസ്ഥിതിലോല മേഖലകൾ സംബന്ധിച്ച് ജനങ്ങൾക്ക് വലിയ ഉത്കണ്ഠയുണ്ട്. വലിയ ഇളവുകൾ നിലവിൽ നൽകിയിട്ടുണ്ട്. വാർഡ് അടിസ്ഥാന ഘടകമായി എടുക്കണമെന്ന അഭിപ്രായത്തിെൻറ പ്രായോഗികത പരിശോധിക്കും. കേന്ദ്രത്തിെൻറ അനുവാദത്തിനായി സമീപിക്കും. വരും ദിവസങ്ങളിൽ ചർച്ചക്ക് ശേഷമാകും നടപടി. സമവായമുണ്ടാക്കിയാൽ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുകയുള്ളൂവെന്ന് വൈദ്യുതിമന്ത്രി പറഞ്ഞിട്ടുണ്ട്. അദ്ദേഹം നിലപാട് വ്യക്തമാക്കിയതിനാൽ മറ്റൊരു വിവാദത്തിനല്ല.
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് വനംവകുപ്പ് എതിരല്ല. സംസ്ഥാന സർക്കാറിെൻറ പദ്ധതിയാണ്. പരമാവധി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയാണ് തുരങ്കപാത പദ്ധതിയെന്നാണ് മനസ്സിലാക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷം ഹൈകോടതിയിൽ വനവുമായി ബന്ധപ്പെട്ട കേസുകളെല്ലാം ജയിച്ചിരുന്നു. മിടുക്കരായ അഭിഭാഷകരെ നിയോഗിച്ച് സംസ്ഥാനത്തിെൻറയും വനത്തിെൻറയും താൽപര്യങ്ങൾ സംരക്ഷിക്കുന്നത് തുടരും. വനംവകുപ്പ് ജീവനക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. സത്യസന്ധമായി കാര്യങ്ങൾ ചെയ്യാൻ മടികാണിക്കേണ്ടെന്നാണ് ജീവനക്കാരോട് പറയാനുള്ളത്. അതിെൻറ ഫലമായി പ്രയാസം അനുഭവിക്കുകയാണെങ്കിൽ അവരെ സംരക്ഷിക്കും. എന്നാൽ, സത്യസന്ധമല്ലെങ്കിൽ ജീവനക്കാരെ സംരക്ഷിക്കില്ല. വനംെകാള്ള ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേരായ നടപടിയുണ്ടാകണമെന്നാണ് ജീവനക്കാരോട് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.