ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലെ മുസഫർ നഗറിലേക്ക് 'കിസാൻ മഹാപഞ്ചായത്ത്' റിപ്പോർട്ട് ചെയ്യാനുള്ള യാത്രയിൽ കുടെയുണ്ടായിരുന്ന പഞ്ചാബി മാധ്യമപ്രവർത്തകൻ പ്രഭിജിത് സിങ്ങിനോട് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബി മനസ്സ് എന്താണെന്ന് അഭിപ്രായമാരാഞ്ഞിരുന്നു. പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെ കുറിച്ച് മാസങ്ങൾ നീണ്ട അന്വേഷണം നടത്തി 'കാരവൻ മാഗസിനി'ൽ ശ്രദ്ധേയമായ റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന പ്രഭിജിത് സിങ് കോൺഗ്രസ് അല്ലാതെ മറ്റൊരു ചോയ്സ് പഞ്ചാബികൾക്ക് മുന്നിലില്ലെന്ന നിസ്സഹായതയാണ് വിശദീകരിച്ചത്.
പഞ്ചാബി കർഷകർ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ പോലൊരാളെ പിന്തുണക്കേണ്ടിവരുന്നതിെൻറ ഗതികേടും വ്യക്തമാക്കിത്തന്നു. കർഷകരുടെ മാത്രമല്ല, പഞ്ചാബിലെ ഭൂരിഭാഗം ജനങ്ങളുടെയും വെറുപ്പിനിരയായ നേതാവായി ക്യാപ്റ്റൻ മാറിയതെങ്ങനെയെന്ന് വിശദീകരിച്ച പ്രഭിജിത് അമരീന്ദറിനെ മാറ്റി തെരഞ്ഞെടുപ്പിനെ നേരിടുകയല്ലാതെ മറ്റൊരു വഴി കോൺഗ്രസിന് മുന്നിലില്ലെന്നും അന്നേ പറഞ്ഞിരുന്നു. കർഷകസമരം അടക്കമുള്ള കാതലായ വിഷയങ്ങളിൽ മോദി സർക്കാറിെൻറ നയങ്ങളിൽ നിന്ന് ഒട്ടും ഭിന്നമല്ല അമരീന്ദറിെൻറ നിലപാട് എന്നതുതന്നെ കാരണം. ആദ്യഘട്ടത്തിൽ കേസുകളെടുത്തും കണ്ണുരുട്ടിയും കൈയൂക്ക് കാട്ടിയും കർഷക സമരത്തെ നേരിടാൻ ഒരുെമ്പട്ട അമരീന്ദർ കാലിന്നടിയിലെ മണ്ണ് ചോരുമെന്നു തോന്നിയ ഘട്ടത്തിലാണ് സമരക്കാർക്കൊപ്പമാണ് താനെന്ന് വരുത്താൻ തുനിഞ്ഞത്. പഞ്ചാബിെൻറ മനസ്സ് തിരിച്ചറിയാൻ ഏറെ വൈകിയ കോൺഗ്രസ് ഒടുവിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചപ്പോൾ അമരീന്ദർ നടത്തിയ നീക്കങ്ങൾ പ്രഭിജിത് പറഞ്ഞത് ശരിവെച്ചു.
അമിത് ഷായെയും ഡോവലിനെയും കണ്ടതെന്തിന്?
മുഖ്യമന്ത്രിസ്ഥാനം തെറിച്ചെന്ന് ഉറപ്പായ ഘട്ടത്തിൽ ഡൽഹിയിൽ ഒാടിയെത്തിയ അമരീന്ദർ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി തിരക്കിട്ട ചർച്ച നടത്തിയിരുന്നു. ബി.ജെ.പിയിൽ ചേരുന്നതിനാണ് ചർച്ചയെന്ന റിപ്പോർട്ടുകൾ പലരും അന്നേ ഖണ്ഡിച്ചു. സിഖ് സമുദായത്തിെൻറ പിന്തുണ പൂർണമായും കളഞ്ഞുകുളിച്ച ക്യാപ്റ്റെൻറ വരുതിയിൽ പഞ്ചാബിൽ ആകെയുള്ളത് മേൽജാതി ഹിന്ദു വോട്ടുകളാണ്. ക്യാപ്റ്റനെ ബി.ജെ.പിയിലെത്തിക്കുന്നതോടെ ആ വോട്ട് പൂർണമായി ബി.ജെ.പിക്ക് ഉറപ്പിക്കാം എന്നായിരുന്നു അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം പരത്തിയവരുടെ ന്യായം. എന്നാൽ ഹിന്ദുവോട്ടുകൾ മുഴുവൻ ഉറപ്പിച്ചാലും പഞ്ചാബിൽ ബി.ജെ.പിക്ക് സമീപ ഭാവിയിലൊന്നും ഭരണം കിട്ടില്ലെന്ന് അമിത് ഷാക്കും അമരീന്ദർ സിങ്ങിനും തന്നെയാണല്ലോ നന്നായറിയുക. അതിനാൽ നിലവിെല സാഹചര്യത്തിൽ ആത്മഹത്യാപരമായ അത്തരമൊരു നടപടി അദ്ദേഹം കൈെക്കാള്ളില്ലെന്നും തൽക്കാലം പുറത്തുനിന്ന് മോദി സർക്കാറിനെ സഹായിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണെന്നുമുള്ള റിപ്പോർട്ടുകളാണ് അന്നേ വിശ്വസനീയമായി തോന്നിയത്. പഞ്ചാബിൽ മാത്രമല്ല, ഉത്തർപ്രദേശിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഏറ്റവും വലിയ തലവേദനയായേക്കാവുന്ന കർഷക സമരത്തെ എങ്ങനെ നേരിടണമെന്ന ആസൂത്രണമാണ് അമിത് ഷായുമായും അജിത് ഡോവലുമായും ക്യാപ്റ്റൻ നടത്തിയതെന്നും അതിർത്തിക്കപ്പുറത്തെ പാകിസ്താൻ ഭീഷണി ഉയർത്തിക്കാട്ടി കർഷക സമരത്തെ നേരിടാൻ ധാരണയായെന്നും ഉള്ള റിപ്പോർട്ടുകൾ ഇതോടൊപ്പം വരുകയും ചെയ്തു.
ആഭ്യന്തരമന്ത്രാലയത്തിെൻറ വിജ്ഞാപനവും ക്യാപ്റ്റനും
കേന്ദ്ര സർക്കാറിെൻറ നിയന്ത്രണത്തിലുള്ള അതിർത്തി രക്ഷാസേന(ബി.എസ്.എഫ്)യുടെ അധികാര പരിധി പഞ്ചാബിെൻറ പകുതിയോളം ഭൂപ്രദേശത്തേക്ക് വ്യാപിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയം വക വിജ്ഞാപനമാണ് അധികം വൈകാതെ നാം കാണുന്നത്. ബി.എസ്.എഫിനും അതിെൻറ ഉദ്യോഗസ്ഥർക്കും പൊലീസിനെ മറികടന്ന് അറസ്റ്റിനും റെയ്ഡിനും കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരത്തിെൻറ പരിധിയാണ് ഇതോടെ പഞ്ചാബ് അടക്കം മൂന്നു സംസ്ഥാനങ്ങളിൽ വർധിപ്പിച്ചത്. പഞ്ചാബിലും, പശ്ചിമ ബംഗാളിലും അസമിലും നിലവിൽ അന്താരാഷ്ട്ര അതിർത്തിയുടെ 15 കിലോമീറ്റർ ദൂരപരിധി വരെ മാത്രം ബി.എസ്.എഫിനുണ്ടായിരുന്ന അധികാരം ഇപ്പോൾ 50 കിലോമീറ്റർ വരെ ഭൂപ്രദേശത്തേക്ക് വ്യാപിപ്പിച്ചു. പുതിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി മുതൽ മനീഷ് തിവാരി വരെ ആഭ്യന്തര മന്ത്രിയുടെ വിജ്ഞാപനത്തെ ശക്തമായി അപലപിച്ചപ്പോൾ അമരീന്ദർ സിങ് അതിനെ ശക്തമായി ന്യായീകരിച്ച് രംഗത്തുവന്നു.
നമ്മുടെ സൈനികർ കശ്മീരിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പാകിസ്താൻ പിന്തുണക്കുന്ന ഭീകരർ ധാരാളം ആയുധങ്ങളും മയക്കുമരുന്നും പഞ്ചാബിലേക്ക് ഒഴുക്കുന്നത് കണ്ടുകൊണ്ടിരിക്കുകയാണെന്നും ക്യാപ്റ്റൻ ട്വീറ്റ് ചെയ്തു. ബി.എസ്.എഫിെൻറ സാന്നിധ്യവും അധികാരവും വർധിപ്പിച്ചത് പഞ്ചാബിനെ ശക്തമാക്കുകയാണ് ചെയ്യുകയെന്നും കേന്ദ്ര സേനകളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും ക്യാപ്റ്റൻ ഒാർമിപ്പിച്ചു. എന്നാൽ, ക്യാപ്റ്റന് പകരം മുഖ്യമന്ത്രിയായ ഛന്നി ആഭ്യന്തര മന്ത്രാലയത്തിെൻറ വിജ്ഞാപനം ഏകപക്ഷീയവും ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കുറ്റപ്പെടുത്തി. യുക്തിസഹമല്ലാത്ത ഇൗ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും ഛന്നി ആവശ്യപ്പെട്ടു.
അതിർത്തി ഭദ്രമാക്കി ഡ്രോണുകളും മയക്കുമരുന്നും എത്തുന്നത് തടയുകയാണ് ബി.എസ്.എഫിെൻറ ഉത്തരവാദിത്തമെന്നും എന്നാൽ ആ പണി അവർ നിർവഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. പഞ്ചാബിെൻറ പകുതി ഭൂപ്രദേശം ബി.എസ്.എഫിെൻറ അധികാര പരിധിയിലാക്കിയത് ഭരണഘടനക്ക് മേലുള്ള കടന്നുകയറ്റമാണെന്നും മനീഷ് തിവാരി വിശേഷിപ്പിച്ചു. കേന്ദ്ര നിയമപ്രകാരവും മറ്റു നിയമപ്രകാരവുമുള്ള കുറ്റകൃത്യങ്ങളിൽ സമാന്തര പൊലീസ് സംവിധാനം ഉപയോഗിക്കാൻ ബി.എസ്.എഫ് നിയമത്തിെൻറ 139ാം വകുപ്പിലൂടെ കേന്ദ്ര സർക്കാറിന് കഴിയുെമന്നും തിവാരി മുന്നറിയിപ്പു നൽകി.
പഞ്ചാബികൾെക്കാപ്പം അകാലിദളും ആപ്പും
കർഷക സമരത്തെ പഞ്ചാബിൽതന്നെ നേരിടാനും പരാജയപ്പെടുത്താനുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ആസൂത്രിത നീക്കമായാണ് ശിരോമണി അകാലിദളും ആം ആദ്മി പാർട്ടിയും പുതിയ വിജ്ഞാപനത്തെ കാണുന്നത്. ഇൗ നീക്കത്തിൽ പഞ്ചാബ് സർക്കാർ കേന്ദ്രവുമായി ഒത്തുകളിച്ചുവെന്ന പ്രചാരണവും അവർ നടത്തുന്നു. സംസ്ഥാന സർക്കാറിനോട് കൂടിയാലോചിക്കാതെ ഇത്തരമൊരു തീരുമാനം എടുക്കാൻ േകന്ദ്രത്തിനാവില്ലെന്നും പഞ്ചാബിെൻറ പകുതിയും കോൺഗ്രസ് സർക്കാർ കേന്ദ്രത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്നും ശിരോമണി അകാലിദൾ പ്രസിഡൻറ് സുഖ്ബീർ സിങ് ബാദൽ ആരോപിച്ചു. കർഷകർക്കെതിരായ നീക്കം പരാജയപ്പെടുത്താൻ രാഷ്ട്രീയം മറന്ന് ആരുമായും െഎക്യപ്പെടുമെന്നും അകാലിദൾ പ്രഖ്യാപിച്ചുകഴിഞ്ഞു.
പഞ്ചാബിെൻറ 27,600 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം കേന്ദ്രത്തിന് അടിയറവെച്ചത് മുഖ്യമന്ത്രി ഛന്നിയാണെന്നും പഞ്ചാബിലെ മയക്കുമരുന്ന് കടത്തും ആയുധക്കടത്തും തടയാൻ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽകണ്ട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ ആരോപിച്ചത്. ഫലത്തിൽ പഞ്ചാബിലെ 23 ജില്ലകളിൽ 12ഉം കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് കൈമാറുകയാണ് ഛന്നി ചെയ്തതെന്നും ഛദ്ദ കുറ്റപ്പെടുത്തി. പഞ്ചാബ് ഭരിക്കാൻ ബി.ജെ.പിക്ക് കഴിയാത്തതുകൊണ്ടാണിത് ചെയ്തതെന്ന ആരോപണവും ഛദ്ദ ഉന്നയിച്ചു.
തങ്ങളുമായും കൂടിയാേലാചിക്കാതെയാണ് വിജ്ഞാപനമിറക്കിയതെന്നും രാജ്യത്തിെൻറ ഫെഡറൽ സംവിധാനം തകർക്കുന്നതാണിതെന്നും പഞ്ചാബ് സർക്കാറിനെപോലെ പശ്ചിമ ബംഗാൾ സർക്കാറും പ്രതികരിച്ചു. അസം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന് സ്വാഭാവികമായും വിവാദ നടപടിയിൽ എതിർപ്പൊന്നുമില്ല. അതേസമയം, ഇൗയിടെ അദാനിയുടെ തുറമുഖത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് പിടികൂടിയ ഗുജറാത്തിൽ നിലവിൽ ബി.എസ്.എഫിന് 80 കിലോമീറ്റർ അധികാരപരിധിയുണ്ടായിരുന്നത് 50 കി.മീറ്ററായി കുറച്ചിട്ടുണ്ട്. ഗുജറാത്തിനുപുറമെ അസം ഒഴികെയുള്ള വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിൽ 80 കിലോമീറ്റർ അധികാര പരിധി 20 കിലോമീറ്ററായും കുറച്ചിട്ടുണ്ട്.
ദുർബലമാകുന്ന ന്യായവാദങ്ങൾ
പുതിയ വിജ്ഞാപനത്തിലൂടെ എല്ലാ സംസ്ഥാനങ്ങളിലെയും ബി.എസ്.എഫിെൻറ അധികാര പരിധി ഏകീകരിക്കുകയാണ് ചെയ്തതെന്ന ന്യായമാണ് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ നൽകുന്നതെങ്കിൽ നിലവിലുള്ള അധികാരപരിധിയിൽ പോലും അതിർത്തികടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ ബി.എസ്.എഫിന് കഴിയുന്നില്ല എന്ന എതിർവാദമാണ് പ്രതിപക്ഷമൊന്നടങ്കം ഉയർത്തുന്നത്. ജമ്മു-കശ്മീരിലും പഞ്ചാബിലും ഡ്രോണുകളിലൂടെ ആയുധങ്ങളും മയക്കുമരുന്ന് കടത്തും തടയാനാണ് വിജ്ഞാപനമെന്ന ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളുടെ വാദവും ദുർബലമായി. ഇതുവരെ 20 കിലോമീറ്റർ പരിധിക്കപ്പുറത്ത് കടക്കാൻ ശേഷിയുള്ള ഒരു ഡ്രോൺ പോലും അതിർത്തി കടന്നതായി കണ്ടെത്തിയിട്ടില്ല. പഞ്ചാബിൽ പോലും നാലു കിലോമീറ്ററിനിപ്പുറം ഇത്തരമൊരു ഒാപറേഷൻ നടത്തിയതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും രാഷ്ട്രീയ കക്ഷികൾ ചൂണ്ടിക്കാട്ടുന്നു. പാകിസ്താനിൽനിന്നുള്ള ആയുധക്കടത്തും മയക്കുമരുന്ന് കടത്തും ചർച്ചയാക്കി പഞ്ചാബ്, ഉത്തർപ്രദേശ് അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിൽ കർഷകസമരം ആഘാതമേൽപിക്കുന്നത് തടയാൻ ബി.ജെ.പിക്ക് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.