ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിനുശേഷം അടുത്ത ഒന്നര ദശാബ്ദം ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടി പുലർത്തിയ ആധിപത്യത്തെയാണ് രജനി കോത്താരി കോൺഗ്രസ് വ്യവസ്ഥ (Congress System) എന്നു വിശേഷിപ്പിച്ചത്. ഈ കാലയളവിൽ നടന്ന മൂന്നു പൊതുതെരെഞ്ഞടുപ്പുകളിലും കോൺഗ്രസിനു തികഞ്ഞ മേധാവിത്വമായിരുന്നു. സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിൽ ചുരുക്കം സംസ്ഥാനങ്ങളിലൊഴികെ തുടരെ കോൺഗ്രസ് ഗവൺമെൻറുകൾ അധികാരത്തിൽ വന്നു. കേന്ദ്രത്തിലെ കോൺഗ്രസ് ഗവൺമെൻറിെൻറ മേൽനോട്ടത്തിൽ നിയതമായ ആസൂത്രണത്തിെൻറ അടിസ്ഥാനത്തിൽ പഞ്ചവത്സര പദ്ധതികൾ നടപ്പാക്കുകയും കാർഷികോൽപാദനം വർധിപ്പിക്കുകയും വ്യാവസായ ഉൽപാദനത്തിന് ദൃഢമായ അടിത്തറ ഒരുക്കുകയും ചെയ്തു. എന്നാൽ, ഗ്രാമ-നഗര അന്തരം വളരുകയും ദാരിദ്ര്യം വർധിക്കുകയും തൊഴിലില്ലായ്മ പെരുകുകയും ചെയ്തതിനാൽ വികസനപ്രക്രിയയിൽ അസംതൃപ്തരായ വിവിധ വിഭാഗങ്ങൾ അറുപതുകളുടെ പകുതിയോടെ ‘കോൺഗ്രസ് വ്യവസ്ഥ’യിൽ നിന്നു പുറത്തുപോയി. ജാതി, തൊഴിൽ, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ പുതിയ സംസ്ഥാന പാർട്ടികൾ രൂപമെടുത്തു. കേരള കോൺഗ്രസ്, ബംഗ്ലാ കോൺഗ്രസ്, ഉത്കൽ കോൺഗ്രസ്, ഡി.എം.കെ, ലോക്ദൾ തുടങ്ങിയ പാർട്ടികളുടെ ഉത്ഭവം ഈ പശ്ചാത്തലത്തിലാണ്.
കേന്ദ്ര–സംസ്ഥാന ധനകാര്യ ബന്ധങ്ങളെക്കുറിച്ച് സംവാദം വേണമെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടും ആവശ്യപ്പെട്ടു. കോൺഗ്രസിെൻറ അധികാരകുത്തക തകർക്കുന്നതിന് പ്രതിപക്ഷപാർട്ടികൾ യോജിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് റാം മനോഹർ ലോഹ്യ 1966 ൽ ‘മാൻകൈൻഡ്’ മാസികയിൽ എഴുതി. സംസ്ഥാന നിയമസഭകളിലേക്കും പാർലമെൻറിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പു നടന്ന 1967ൽ ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ, ഡൽഹി, പഞ്ചാബ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ പ്രതിപക്ഷപാർട്ടികൾ മുന്നണി ഗവൺമെൻറുകൾ രൂപവത്കരിച്ചു. ലോക്സഭയിൽ ആകെ അന്ന് 502 അംഗങ്ങളുള്ളതിൽ കോൺഗ്രസിെൻറ അംഗസംഖ്യ 285 ആയി കുറഞ്ഞു. ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ അഖിലേന്ത്യ പ്രസിഡൻറ് കെ. കാമരാജ് പോലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഈ ഘട്ടത്തെയാണ് കോൺഗ്രസ് വ്യവസ്ഥയുടെ തകർച്ച (Decline of Congress System) എന്ന് രജനി കോത്താരി തുടർന്ന് വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യം കോൺഗ്രസിൽ ഒരു പിളർപ്പിനും പഴയ തലമുറയിൽപ്പെട്ട നേതാക്കന്മാരുടെ പുറത്താക്കലിനും ഇടയാക്കി. മൊറാർജി ദേശായി, എസ്. നിജലിംഗപ്പ, റാം സുഭഗ് സിങ്, സഞ്ജീവറെഡ്ഡി, ഗുരുപാദ സ്വാമി, അശോക് മേത്ത തുടങ്ങിയവർ 1969ൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ കോൺഗ്രസ് സമ്മേളനം വിളിച്ചുചേർത്തു സംഘടന കോൺഗ്രസായി നിലകൊണ്ടു. ഇന്ദിരഗാന്ധി പ്രത്യേക എ.ഐ.സി.സി സമ്മേളനം ബോംബെയിൽ വിളിച്ചുകൂട്ടി ഇന്ദിര കോൺഗ്രസ് രൂപവത്കരിച്ചു.
ബംഗ്ലാദേശ് വിമോചനത്തിലേക്ക് നയിച്ച പാകിസ്താെൻറ മേൽ നേടിയ യുദ്ധവിജയത്തിലും ബാങ്ക്ദേശസാത്കരണത്തിെൻറ ജനപ്രിയതയിലും ഇന്ദിര ഗാന്ധി ജനസ്വാധീനം വർധിപ്പിച്ചു. എന്നാൽ, റെയിൽവേ തൊഴിലാളിസമരം, ജയപ്രകാശ് നാരായണെൻറ ‘സമ്പൂർണ വിപ്ലവം’ തുടങ്ങിയ തൊഴിൽ, രാഷ്ട്രീയ പ്രശ്നങ്ങളെ നേരിടുന്നതിന് ആഭ്യന്തര സൈനികത (Internal Militarism) ഉപയോഗിക്കുന്നതിന് ഇന്ദിരഗാന്ധിക്ക് വിമുഖത ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രതിയോഗികളായ ഒരു ലക്ഷത്തിപതിനായിരം ആളുകളെയാണ് അടിയന്തരാവസ്ഥയിൽ തുറുങ്കിലടച്ചത്. കോർപറേറ്റുകളെയും കമ്യൂണിസ്റ്റുകളിൽ ഒരു വിഭാഗത്തേയും ചേർത്തുനിർത്തി ഈ നടപടിക്ക് സാമ്പത്തികവളർച്ചയുടെയും പുരോഗമനത്തിെൻറയും അലങ്കാരം അണിയിക്കുകയും ചെയ്തു. എന്നാൽ, അന്താരാഷ്ട്രതലത്തിലും രാജ്യത്തിനുള്ളിലും ഇന്ദിരയുടെ യശസ്സ് നഷ്ടപ്പെട്ടിരുന്നു. അത് വീണ്ടെടുക്കാനായി പ്രഖ്യാപിച്ച പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ പാർട്ടിയും തറപറ്റി. കോൺഗ്രസിെൻറ തകർച്ചയുടെ മറ്റൊരു ഘട്ടമായിരുന്നു ഇത്. ജനത പ്രസ്ഥാനത്തിെൻറ ആഭ്യന്തര വൈരുധ്യം മൂലം കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവന്നെങ്കിലും ഭൗതികസാഹചര്യങ്ങളിൽ മാറ്റംവന്നിരുന്നു. ദലിത്, പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങളുടെ ഒരു മുന്നേറ്റം രാജ്യത്ത് ആരംഭിച്ചിരുന്നു. ‘ജനാധിപത്യത്തിെൻറ പുനരുജ്ജീവനം’ എന്നാണ് യോേഗന്ദ്രയാദവ് ഇതിനെ വിശേഷിപ്പിക്കുന്നത്. വി.പി. സിങ് നടപ്പാക്കിയ മണ്ഡൽ കമീഷൻ റിപ്പോർട്ട് സൃഷ്ടിച്ച ഉൗർജത്തിൽ ദലിത്, പിന്നാക്കമുന്നേറ്റം വിവിധ തലങ്ങളിൽ രൂപപ്പെട്ടപ്പോൾ സംവരണവിരുദ്ധ പ്രക്ഷോഭത്തിനു കോൺഗ്രസിെൻറ നേതൃത്വപരമായ പങ്കുണ്ടായിരുന്നു. ലോക്സഭയിൽ ബി.ജെ.പിയും കോൺഗ്രസും ഒരുമിച്ചു വോട്ടുചെയ്താണ് വി.പി. സിങ്ങിെൻറ വിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തിയത്. അതോടെ പിന്നാക്ക ജനവിഭാഗങ്ങൾ കോൺഗ്രസിൽനിന്ന് അകലം പാലിച്ചു തുടങ്ങി. ബാബരി മസ്ജിദ് തകർക്കാൻ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നതോടെ മുസ്ലിം ജനവിഭാഗങ്ങളും കോൺഗ്രസിൽനിന്ന് അകന്നു. കോൺഗ്രസിെൻറ സാമൂഹികാടിത്തറ എക്കാലവും ദലിത്, പിന്നാക്ക, ന്യൂനപക്ഷ ജനതയായിരുന്നു. ഈ അടിത്തറ നഷ്ടപ്പെട്ടയാഥാർഥ്യം തിരിച്ചറിയാതെ കേവലം നേതൃപ്രതിസന്ധിയായി കോൺഗ്രസിെൻറ ഇന്നത്തെ അവസ്ഥയെ വിലയിരുത്താനാവില്ല.
കേന്ദ്ര ഗവൺമെൻറിൽ മുന്നണി രാഷ്്ട്രീയം വേണ്ട എന്ന കോൺഗ്രസിെൻറ പച്ച്മഢി പ്രമേയം തിരുത്തി 21 പാർട്ടികളെ ചേർത്ത് യു.പി.എ എന്ന പേരിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തി (1994–2014). ഇക്കാലത്ത് ശക്തിപ്പെടുത്തിയ ആഗോളീകരണ നയങ്ങൾ ദേശീയ വളർച്ച വർധിപ്പിെച്ചങ്കിലും വരുമാനത്തിലുള്ള അന്തരവും അസമത്വവും വർധിച്ചുവന്നു. ആഗോളീകരണത്തിനുശേഷമുള്ള കാൽനൂറ്റാണ്ടിനെക്കുറിച്ച് ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി’യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ഇക്കാലയളവിൽ ജനസംഖ്യയിലെ മുകൾത്തട്ടിലുള്ള ഒരു ശതമാനത്തിെൻറ വരുമാനം 835 ശതമാനം വർധിച്ചപ്പോൾ താഴെത്തട്ടിലുള്ള ജനങ്ങളുടെ വരുമാനത്തിൽ 10–15 ശതമാനം വരെ മാത്രമാണ് വർധനയുണ്ടായത് എന്നാണ.് യു.പി.എ ഗവൺമെൻറിെൻറ തെരഞ്ഞെടുപ്പു പരാജയത്തിന് കാരണം ആഗോളീകരണ നയങ്ങൾ ജനങ്ങളെ കോൺഗ്രസിൽനിന്ന് അകറ്റിയതു മൂലമാണ് എന്ന് എ.ഐ.സി.സി വിലയിരുത്തിയെങ്കിലും അതിനെ തള്ളിപ്പറയാൻ പാർട്ടി തയാറായില്ല. ബ്രിട്ടനിൽ ലേബർ പാർട്ടി തുടർച്ചയായി തെരെഞ്ഞടുപ്പുകളിൽ പരാജയപ്പെട്ടപ്പോൾ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവൽ പ്രശ്നങ്ങൾ ഏറ്റെടുത്ത് ന്യൂ ലേബർ ആയി മാറിയെന്ന് എറിക് ഹോബ്സ്വാം എഴുതിയിട്ടുണ്ട്. സമാനമായി ഇന്ത്യൻ നാഷനൽ കോൺഗ്രസ് തിരിച്ചുവരണമെങ്കിൽ അത് പാവപ്പെട്ടവർക്ക് അനുകൂലമായ ഒരു പാർട്ടിയായി ഇടത്തേക്ക് ചായണം.
ഉദാരീകരണ നയങ്ങളെ തള്ളിപ്പറഞ്ഞു ദലിത്, പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളെ തങ്ങളുടെ പ്രവർത്തന നിയോഗമണ്ഡലമായി സ്വീകരിക്കണം. മുത്തലാഖ്, യു.എ.പി.എ ഭേദഗതിനിയമം, ഭരണഘടനയുടെ 370 വകുപ്പ് എന്നിവയെ സംബന്ധിച്ചു കോൺഗ്രസ് പാർലമെൻററി പാർട്ടിയിൽ ദൃശ്യമായ ഭിന്നതകൾ ആ പാർട്ടിയിലെ ധ്രുവീകരണത്തിെൻറ ഒരു ലക്ഷണമാണ.് പുതിയ തലമുറയിൽ പെട്ട നേതാക്കൾക്ക് മനുഷ്യാവകാശങ്ങളോടും പൗരസ്വാതന്ത്ര്യത്തോടും ഉദാസീനമായ കാഴ്ചപ്പാടാണുള്ളത് എന്ന് ഇത് വ്യക്തമാക്കുന്നു. നരേന്ദ്ര മോദിയോടുള്ള സമീപനത്തിലും ഇതു കാണാം. മോദിയുടെ നയങ്ങളെ അതിെൻറ സമഗ്രതയിലാണ് വീക്ഷിക്കേണ്ടത്. മനുഷ്യാളത്തത്തെയും മനുഷ്യാന്തസ്സിനെയും പരിപാലിക്കുന്ന നയമാണോ നരേന്ദ്ര മോദി നടപ്പാക്കുന്നത്? അതോ, മനുഷ്യരെ ഭിന്നിപ്പിച്ചു താൽക്കാലികനേട്ടങ്ങൾക്കു വേണ്ടി ജനാധിപത്യമതേതര മൂല്യങ്ങളെ തച്ചുടക്കുന്ന നയമാണോ എന്നു വിലയിരുത്തണം.
(ലേഖകൻ ലോക് താന്ത്രിക് ജനതദൾദേശീയ ജനറൽ സെക്രട്ടറിയാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.