വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്താൽ സമ്പന്നവും പ്രൗഢവുമായിരുന്നു ദോഹയിൽ ആരംഭിച്ച ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഉദ്ഘാടനവേദി. എന്നാൽ, ആ ചടങ്ങിൽ ഏറ്റവും തിളക്കംപകർന്നത് ഗാനിം അൽ മുഫ്ത എന്ന മിടുക്കനല്ലാതെ മറ്റാരുമല്ല. അദ്ദേഹം നടത്തിയ സംഭാഷണത്തെക്കുറിച്ച് നാം ഇപ്പോഴും ചർച്ചചെയ്തുകൊണ്ടിരിക്കുന്നു.
ആരാണ് ഗാനിം? നമ്മൾ അവഗണിക്കുന്ന, അപമാനിച്ച് അവജ്ഞയോടെ മാറ്റിനിർത്തുന്ന ഭിന്നശേഷി വിഭാഗത്തിൽപെട്ടൊരു വ്യക്തി. പക്ഷേ, അദ്ദേഹം വിദ്യാർഥിയാണ്, സംരംഭകനാണ്, കായികതാരമാണ്, സാഹസികനാണ്, സമൂഹമാധ്യമ താരമാണ്, അതിലേറെ ലക്ഷക്കണക്കിന് മനുഷ്യർക്ക് പ്രചോദനമാണ്. ജനിച്ചാൽ കുട്ടിക്കും രക്ഷിതാക്കൾക്കും പ്രയാസമാകുമെന്ന് പ്രസവത്തിനു മുമ്പ് ഡോക്ടർമാർ വിധിയെഴുതിയിരുന്നതാണ്. പക്ഷേ, ആ മുൻവിധികളെല്ലാം തിരുത്തിക്കുറിക്കപ്പെട്ടു.
നമുക്കു മുന്നിലൂടെ ദിനേന കടന്നുപോകുന്നില്ലേ അത്തരത്തിലുള്ള ഒരുപാട് വ്യക്തികൾ, കുഞ്ഞുങ്ങൾ? ശ്രവണപരിമിതർ, കാഴ്ചപരിമിതർ, ബുദ്ധി-ശാരീരിക വ്യതിയാനമുള്ളവർ, പഠനതടസ്സമുള്ളവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, സെറിബ്രൽ പാൾസി ബാധിച്ചവർ, മാനസിക വളർച്ച നേടിയിട്ടില്ലാത്തവർ, സംയോജിത പരിമിതർ തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ളവരെയാണ് ഭിന്നശേഷിക്കാരായി കണക്കാക്കുന്നത്.
സമൂഹം മൂല്യം കൽപിക്കാൻ മടിക്കുമ്പോഴും കല-കായിക-തൊഴിൽ മേഖലകളിലെല്ലാം മികവ് പുലർത്താൻ ശേഷിയുള്ളവരാണ് ഇവരെല്ലാം. അപകർഷതയോടെ വീടുകളിൽ തടഞ്ഞുവെക്കുന്നതിനു പകരം വിദ്യാഭ്യാസവും കഴിവുകൾക്ക് പരിപോഷണവും നൽകിയാൽ ഭിന്നശേഷിസമൂഹം സ്വയംപര്യാപ്തത കൈവരിക്കുകതന്നെ ചെയ്യും.
ഗാനിം ഉൾപ്പെടെ നൂറുകണക്കിന് പ്രതിഭകളെ നമുക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാനാകും. നമ്മുടെ നാട്ടിൽ അത്തരം പ്രതിഭകളുടെ എണ്ണം ചുരുങ്ങിയത് അവരുടെ കഴിവില്ലായ്മ കൊണ്ടല്ല, മറിച്ച് അവരെ അംഗീകരിക്കാൻ പൊതുസമൂഹം പുലർത്തുന്ന കുറ്റകരമായ നിസ്സംഗത മൂലമാണ്.
പൂർണമായും ഭിന്നശേഷിക്കാർ നടത്തുന്ന സംരംഭങ്ങൾ നമ്മുടെ നാട്ടിൽ ഒറ്റയും തെറ്റയുമായി വളർന്നുവരുന്നുണ്ട്, ഒരു അതിപ്രശസ്ത ഹോട്ടൽ ഗ്രൂപ് തങ്ങളുടെ തൊഴിൽസേനയിൽ വലിയ ഒരു വിഭാഗം ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തിയിരുന്നു, അതിഥികളുടെ സംതൃപ്തി പതിന്മടങ്ങ് ഉയർത്തുംവിധത്തിലെ സേവനമാണ് ഇവർ നൽകിയത് എന്നാണ് ആ സ്ഥാപനത്തിന്റെ ഉടമകൾ പിന്നീട് വെളിപ്പെടുത്തിയത്.
തൊഴിൽ പരിശീലനം ഉയർന്ന നിലവാരത്തോടെ നൽകാനും തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ശ്രമമുണ്ടാകണം. സ്വയംതൊഴിൽ കണ്ടെത്താനോ സർക്കാർ തൊഴിൽ നേടാനോ ആവശ്യമായ മാർഗനിർദേശങ്ങളും പതിവായി നൽകണം. സർക്കാർ സർവിസിൽ ഇവർക്ക് നാലു ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്യപ്പെട്ട നാലു ശതമാനം ജോലിപോലും പലപ്പോഴും തട്ടിയെടുക്കപ്പെടുന്ന സാഹചര്യമാണ് നാട്ടിൽ, യാതൊരു സംശയവും വേണ്ട, ഓരോ ഭിന്നശേഷിക്കാരും മാണിക്യങ്ങളാണ്. അവരുടെ തിളക്കം തിരിച്ചറിയാനുള്ള ശേഷി നമുക്കില്ലാതെ പോകുന്നുവെന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.