കോണ്‍ഗ്രസ്ബന്ധം വീണ്ടും സി.പി.എമ്മിനുള്ളില്‍ സജീവചര്‍ച്ചയാകുന്നത് ഇത് സംബന്ധിച്ചെഴുതിക്കൊണ്ടിരുന്ന ലേഖനപരമ്പര പൂര്‍ത്തിയാക്കാനാകാതെ ഇ.എം.എസ് വിടവാങ്ങിയിട്ട് 20 വര്‍ഷം തികയാനിരിക്കെയാണെന്നത് യാദൃച്ഛികം. പാര്‍ട്ടിയില്‍ ആശയസമരങ്ങള്‍ ചൂടുപിടിച്ചിരുന്ന കാലത്തെല്ലാം അണികളും പൊതുസമൂഹവും കാതോര്‍ത്തിരുന്ന ഇ.എം.എസിെൻറ വാക്കുകള്‍ ഉള്‍പാര്‍ട്ടി ചര്‍ച്ചകളെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരുന്നത്. സി.പി.എമ്മിെൻറ ഇപ്പോഴത്തെ നിലപാട് വിവരിക്കുന്നതില്‍ അദ്ദേഹം സ്വീകരിക്കുമായിരുന്ന സൈദ്ധാന്തികസമീപനങ്ങളാകും മുതിര്‍ന്ന നേതാക്കളെങ്കിലും ഈ നിമിഷങ്ങളില്‍ ഓര്‍ക്കുന്നുണ്ടാകുക. മരിക്കുന്നതിന് തൊട്ടുതലേന്ന് ‘ദേശാഭിമാനി’യില്‍ ‘തൂക്കു ലോക്സഭ വർഗരാഷ്ട്രീയത്തിെൻറ ദൃഷ്ടിയിൽ’ എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിലും കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും സ്വീകരിക്കേണ്ട നിലപാട് വിവരിച്ച ഇ.എം.എസ് കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നാണ് ചൂണ്ടിക്കാണിച്ചത്. ആജന്മ ശത്രുക്കളായ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ കടുത്ത എതിര്‍പ്പ് തുടരുമ്പോഴും ദേശീയതാല്പര്യം മുന്‍നിര്‍ത്തി ഒന്നിക്കേണ്ടതിെൻറ പ്രസക്തി അതില്‍ കൃത്യമായി വിവരിച്ചു. ‘ബൂര്‍ഷ്വാ പാര്‍ട്ടികളായ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടുമുള്ള പോരാട്ടം തുടരണം. അതേസമയം, കൂടുതല്‍ അപകടകാരിയായ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസും കൂട്ടാളികളുമായി താല്ക്കാലികധാരണയും നീക്കുപോക്കുമുണ്ടാക്കുക’. എന്നാല്‍, നീക്കുപോക്കുകള്‍ നടത്തുമ്പോഴും കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടുന്നതില്‍ പിറകോട്ടുപോകരുതെന്ന് ഇ.എം.എസ് ഓര്‍മിപ്പിച്ചു.
‘കോണ്‍ഗ്രസ്വിരുദ്ധ വര്‍ഗീയ, പിന്തിരിപ്പന് ശക്തികളില്‍ നിന്ന് എതിര്‍പ്പ് നേരിടുമ്പോള്‍ പോലും കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷപാര്‍ട്ടികളെ യോജിപ്പിക്കുക എന്ന നിലപാട് സി.പി.എം ഏറ്റെടുത്തു. ഇന്ത്യന്‍ ബൂര്‍ഷ്വാസി കോണ്‍ഗ്രസ്, ബി.ജെ.പി എന്നിങ്ങനെ രണ്ട് വിരുദ്ധ ശക്തികളായാണ് തിരിഞ്ഞിരിക്കുന്നത്. ഈ ശക്തികള്‍ തമ്മില്‍ നിരന്തരം സമരം നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഇടപെട്ട് തൊഴിലാളി വര്‍ഗത്തിനും അതിെൻറ സമരസഖാക്കള്‍ക്കും അനുകൂലമായ രാഷ്ട്രീയ സ്ഥിതിഗതി സൃഷ്ടിച്ചാല്‍ മാത്രമേ തൊഴിലാളിവര്ഗത്തിെൻറ ശക്തി വര്‍ധിക്കൂ’. ആ ലേഖനപരമ്പരയില്‍ ഇപ്രകാരം പറഞ്ഞ ഇ.എം.എസ് മറ്റൊന്ന് കൂടി ചൂണ്ടിക്കാട്ടി. അത് ബി.ജെ.പിയോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചായിരുന്നു. പരസ്പരം പോരടിക്കുന്ന രണ്ട് ബൂര്ഷ്വപാര്ട്ടികളില് രാജ്യത്തിനാകെ ആപത്കരം ബി.ജെ.പിയാണെന്നും അതിെൻറ പ്രധാനമന്ത്രി 1998 മാര്‍ച്ച് 19ന് സത്യപ്രതിജ്ഞ ചെയ്യുകയാണെന്നും എഴുതിയ ഇ.എം.എസ് അന്തരിച്ചതും അതേ മാര്‍ച്ച് 19നായിരുന്നു. ‘ബി.ജെ.പിയെ പരാജയപ്പെടുത്താന്‍, പ്രതിപക്ഷ ബൂര്ഷ്വവിഭാഗത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസുമായി ഇടതുപാര്‍ട്ടികള്‍ക്ക് സഹകരിക്കേണ്ടിവരും. പക്ഷേ, കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ കള്ളനാണയത്തിെൻറ രണ്ട് വശങ്ങളാണ്. ഒന്നിനെ തോല്പിക്കുന്നതിന് മറ്റേതിനെ താല്‍ക്കാലികമായി ആശ്രയിക്കുക എന്ന അടവ് സ്വീകാര്യമാണെങ്കിലും നമ്മുടെ മൗലികതന്ത്രം രണ്ട് പാര്‍ട്ടികള്‍ക്കുമെതിരെ പോരാടുകയെന്നത് തന്നെയാണ്’.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണച്ചതും ഇന്ദിര ഗാന്ധിയുടെ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായപ്പോള്‍ ഇടതുപാര്‍ട്ടികള്‍ അവരെ പിന്താങ്ങിയതുമൊന്നും കോണ്‍ഗ്രസിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്ന് ഇ.എം.എസ് അണികളെ ഓര്‍മിപ്പിച്ചു. രാജ്യത്തെ ജനതയെ മുച്ചൂടും മുടിപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാറിെൻറ ഉദാരീകരണനയങ്ങളോടൊന്നും ഒരു കാലത്തും സന്ധിയില്ല. എന്നാല്‍, രാജ്യത്തിെൻറ പരമാധികാരത്തെയും മതസൗഹാര്ദെത്തയും തകര്‍ക്കുന്ന ബി.ജെ.പിക്കെതിരായ സമരത്തില്‍ പരിമിതമായ ചില ധാരണകള്‍ വേണ്ടിവരും. ഇതിലൂടെ നമ്മുടെ കോണ്ഗ്രസ്വിരോധമോ കോണ്‍ഗ്രസിെൻറ കമ്യൂണിസ്റ്റ്വിരോധമോ ഇല്ലാതാകില്ല. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടതിെൻറ ആവശ്യകത അദ്ദേഹം ആ പരമ്പരയില്‍ എടുത്തുപറയുന്നുണ്ട്. അത് സാധിച്ചില്ലെങ്കില്‍ വിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താനുള്ള സാധ്യതകള്‍ അന്വേഷിക്കണം. കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികളുടെ നയസമീപനങ്ങളെ അടുത്ത രണ്ട് ലക്കങ്ങളില്‍ വിശകലനം ചെയ്യാമെന്ന് പറഞ്ഞാണ്, ദേശീയരാഷ്ട്രീയത്തിലെ പ്രമുഖര്‍ പോലും ശ്രദ്ധിച്ചിരുന്ന ഇ.എം.എസ് ആ ലേഖനം അവസാനിപ്പിച്ചത്. പക്ഷേ, മരണം അത് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല.
അതേസമയം, കോൺഗ്രസിനോടുള്ള സമീപനത്തിൽ സുർജിത്തും ജ്യോതിബസുവും സ്വീകരിച്ച നിലപാടുകളോട് പലപ്പോഴും അത്ര ചേർന്ന് പോയിരുന്നതല്ല, ഇ.എം.എസിെൻറ നിലപാട് എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിനോട് നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തിലെ സാഹചര്യവും അതിൽ ഘടകമായിട്ടുണ്ടാകാം. ഇപ്പോൾ മറ്റൊരു പാർട്ടികോൺഗ്രസിലേക്ക് കടക്കാൻ നിൽക്കവെ, കേരള ഘടകത്തിെൻറ ശക്തമായ പിന്തുണയാണ് പ്രകാശ് കാരാട്ടിനുള്ള ആത്മധൈര്യവും. ഇ.എം.എസിെൻറ നിലപാടുകൾക്ക് വിരുദ്ധമായതൊന്നും കേന്ദ്ര കമ്മിറ്റിയിൽ നടന്നിട്ടില്ലെന്ന് കേരളത്തിൽ നിന്നുള്ള ഒരു നേതാവ് പറഞ്ഞു. കോൺഗ്രസ്, ബി. ജെ.പി ഇതര പാർട്ടികളുടെ ഒരു ബദൽ ആവശ്യമാണ്. സി.പി.എം അതിെൻറ കരുത്ത് വർധിപ്പിക്കുന്നതിലൂടെ മാത്രമേ യഥാർഥ ബദൽ സാധ്യമാകൂ. അധികാരം പങ്കിടലിനപ്പുറം പ്രായോഗികാർഥത്തിൽ പാർട്ടി ശക്തമാകണമെന്ന ദീർഘകാലലക്ഷ്യം തന്നെയാണ് ഇ.എം.എസിനുമുണ്ടായിരുന്നത് എന്നും അദ്ദേഹം പറയുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.