റോഹിങ്ക്യ: അപമാനകരം ലോകത്തിന്‍െറ മൗനം

ദിനമോരോന്നു കഴിയുന്തോറും കാണാനും കേള്‍ക്കാനും കഴിയാത്തവിധം മ്യാന്മറിന്‍െറ മുഖം വികൃതമായിക്കൊണ്ടിരിക്കുകയാണ്. വിദേശ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുള്ള മ്യാന്മറില്‍ നടക്കുന്നതെന്താണെന്ന് പുറംലോകം അറിയുന്നില്ല. വംശീയ ഉന്മൂലനം ഏറ്റവും ഭയാനകമായ തരത്തില്‍ പ്രയോഗവത്കരിക്കപ്പെടുമ്പോള്‍ ഭരണകൂടം അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നു. തങ്ങളൊഴികെ മറ്റാരും മ്യാന്മറില്‍ പാടില്ളെന്ന തീവ്ര ബുദ്ധിസ്റ്റ് ആശയത്തിന് കുടപിടിക്കുകയാണ് ഭരണകൂടം. ഒരു ജനത, അവരുടെ വിശ്വാസത്തിന്‍െറ പേരില്‍ കൊലചെയ്യപ്പെടുന്നത് ലോകത്ത് ജനാധിപത്യവും സമാധാനവും സുരക്ഷയുമൊക്കെയുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ലോക പൊലീസുകാര്‍ക്ക് പ്രശ്നമേ ആകുന്നില്ല.

മ്യാന്മര്‍ മാറിയിരിക്കുന്നുവെന്നും ജനാധിപത്യത്തിന്‍െറ പാതയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നുവെന്നുമാണ് അവരുടെ ഭാഷ്യം. മ്യാന്മറിലെ ജനാധിപത്യ പോരാളി ഓങ് സാന്‍ സൂചി, വെട്ടിനുറുക്കപ്പെടുന്ന മനുഷ്യര്‍ക്കു വേണ്ടി ഒരു വാക്കുപോലും ഉരിയാടുന്നില്ല. 1990ലെ തെരഞ്ഞെടുപ്പു വേളയില്‍ പ്രതിപക്ഷ കക്ഷിയായ ഓങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്താന്‍ മുന്‍നിരയിലുണ്ടായിരുന്നത് റോഹിങ്ക്യന്‍ മുസ്ലിംകളായിരുന്നുവെന്നത് അനുസ്മരണീയമാണ്. എന്നാല്‍, എക്കാലത്തും  ഭരണകൂട ഭീകരതയുടെയും ബുദ്ധ തീവ്രവാദികളുടെയും ഇരകളാവാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് മ്യാന്മറിലെ മുസ്ലിംകള്‍. മ്യാന്മറില്‍നിന്ന് അവരെ ഇല്ലായ്മ ചെയ്ത് വംശീയ ശുദ്ധീകരണത്തിന് പണിയെടുക്കുന്ന ബുദ്ധ തീവ്രവാദികള്‍ക്ക് ശക്തിപകരുന്ന  സമീപനമാണ് സൈന്യം പിന്തുടരുന്നത്.

ഒരു റോഹിങ്ക്യന്‍ മുസ്ലിം യുവാവും ബുദ്ധമതക്കാരിയും തമ്മിലെ പ്രണയവുമായി ബന്ധപ്പെട്ട  സംഭവങ്ങളാണ് ഈ വംശശുദ്ധീകരണത്തിന് വഴിമരുന്നിട്ടതെന്ന് പറയപ്പെടുന്നു. എന്തെങ്കിലും കാരണം കണ്ടത്തെി മുസ്ലിംകളെ ഇല്ലായ്മ ചെയ്യാന്‍  തക്കംപാര്‍ത്തിരുന്ന ബുദ്ധതീവ്രവാദികള്‍ക്ക് ആ പ്രണയം ഒരു പിടിവള്ളിയായി. അഞ്ചര കോടിയോളം ജനസംഖ്യയുള്ള മ്യാന്മറില്‍ 15 ശതമാനത്തോളം മുസ്ലിംകളാണ്. ഭൂരിപക്ഷം മുസ്ലിംകളും താമസിക്കുന്നത് ബംഗ്ളാദേശ് അതിര്‍ത്തി പ്രദേശമായ രാഖൈന്‍ പ്രവിശ്യയിലും. പടിഞ്ഞാറന്‍ ബര്‍മയില്‍ ആദ്യത്തെ റോഹിങ്ക്യന്‍ സംഘം വന്നത് ഏഴാം നൂറ്റാണ്ടിലാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. അറബ് നാവികരുടെ പിന്മുറക്കാരാണ് ഇവരെന്ന് ചരിത്രം. ഇവര്‍ വളര്‍ന്ന് ഒരു രാജ്യമായി മാറി. 1,700കള്‍ വരെ ഈ രാജവംശം ശക്തമായിരുന്നു. പിന്നീട് ബര്‍മീസ് രാജാവ് അവരെ തകര്‍ത്ത് അധികാരം പിടിച്ചതോടെ റോഹിങ്ക്യകളുടെ നിലനില്‍പ് അപകടത്തിലായി. പിന്നെ ബ്രിട്ടീഷ് അധിനിവേശ കാലത്തും സ്വതന്ത്ര ബര്‍മ പിറന്നപ്പോഴും റോഹിങ്ക്യകളെ ഉന്മൂലനം ചെയ്യാനുള്ള സംഘടിത ശ്രമങ്ങള്‍ നടന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ബംഗ്ളാദേശില്‍നിന്ന് നിയമവിരുദ്ധമായി കുടിയേറിയവരാണ് ഇവരെന്ന് അധികൃതര്‍ തീര്‍പ്പു കല്‍പിക്കുന്നു.

1982ല്‍ സൈനിക ഭരണകൂടം പൗരത്വനിയമം കൊണ്ടുവന്നതോടെയാണ് റോഹിങ്ക്യകളുടെ അവസ്ഥ ഏറെ പരിതാപകരമായിത്തുടങ്ങിയത്.
ഏതു സമയത്തും സ്വന്തം ഭവനത്തില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടേക്കാവുന്ന ഈ മനുഷ്യര്‍ക്ക് മ്യാന്മറിലോ മറ്റേതെങ്കിലും രാജ്യത്തോ പൗരത്വമില്ല. സര്‍ക്കാര്‍ നിയന്ത്രണംകൊണ്ട് വിവാഹവും എളുപ്പമല്ല. സര്‍ക്കാറിന്‍െറ തീട്ടൂരമില്ലാതെ ഇസ്ലാമികരീതിയില്‍ വിവാഹം കഴിച്ചാല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. കുട്ടികളുണ്ടായാല്‍ തീവ്രവാദികള്‍! മക്കളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ കഴിയില്ല. നല്ല തൊഴില്‍ ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. വീടും സ്ഥലവുമൊന്നും സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. തലമുറകളായി ഒരു മനുഷ്യാവകാശവും ഇവര്‍ക്ക് ലഭിക്കുന്നില്ല. പുറത്തുനിന്ന് അതിഥികളെ സ്വീകരിക്കണമെങ്കില്‍ പട്ടാളത്തിന്‍െറ മുന്‍കൂര്‍ അനുമതി വേണം.

ഇസ്ലാമിക ചിഹ്നങ്ങളും സംസ്കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും തുടച്ചുനീക്കാന്‍ ശ്രമം നടക്കുന്നു. പള്ളികളും ഇസ്ലാമിക പാഠശാലകളും അനധികൃത സ്ഥാപനങ്ങളാണെന്നാണ് ബുദ്ധ‘മതം.’ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കുന്ന ബുദ്ധമത വിശ്വാസികള്‍ പ്രതികാര ദാഹികളായ ഗോത്രവര്‍ഗങ്ങളാണെന്നാണ് പറയപ്പെടുന്നത്. ഇതില്‍തന്നെ ‘മാഗ്’ വിഭാഗം തീവ്രതയില്‍ ഒരടി മുന്നിലാണ്. 16ാം നൂറ്റാണ്ടില്‍ ബര്‍മയിലേക്ക് കുടിയേറിയ അവര്‍ 18ാം നൂറ്റാണ്ടിന്‍െറ അവസാനത്തോടെ രാജ്യത്ത് പിടിമുറുക്കി അധികാരസ്ഥാനങ്ങളിലത്തെി. വിവിധ ഭാഷകള്‍,  ആചാരങ്ങള്‍ പുലര്‍ത്തുന്നവരായി 140 വിഭാഗങ്ങളുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഒരുകാലത്ത് ഇസ്ലാം വ്യാപകമായി പ്രചരിച്ചിരുന്നു. ബുദ്ധ വര്‍ഗീയവാദികളുടെ പ്രതികാരത്തിന് കാരണവും ഇതായിരിക്കാം. ഭൂരിപക്ഷം മുസ്ലിംകളും കഴിയുന്ന രാഖൈനില്‍ ജനസംഖ്യയുടെ 70 ശതമാനവും റോഹിങ്ക്യകളാണ്. കൃത്യമായ കണക്ക് ലഭ്യമല്ളെങ്കിലും 40 ലക്ഷത്തോളം വരുമിത്.  

1942ല്‍ ‘മാഗ്’ ബുദ്ധിസ്റ്റ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അനേക ലക്ഷങ്ങള്‍ കൂട്ടപലായനം നടത്തുകയും ചെയ്തു. 1962ല്‍ അന്നത്തെ പട്ടാള ജനറലായിരുന്ന നിവിന്‍ (ചലംശി) സോവിയറ്റ് റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ നടത്തിയ പട്ടാള അട്ടിമറിയോടെയാണ് സൈന്യത്തിന് മുസ്ലിംകള്‍ ശത്രുക്കളായി മാറുന്നത്. തുടര്‍ന്ന് പീഡനത്തിന്‍െറ നാളുകളായിരുന്നു. മുസ്ലിം വിഭാഗങ്ങളെ കൂട്ട പലായനത്തിന് നിര്‍ബന്ധിക്കുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കപ്പെട്ടു. അഞ്ചു ലക്ഷത്തിലധികം മുസ്ലിംകളെയാണ് ബര്‍മയില്‍നിന്ന് സൈന്യം ഒന്നിച്ചു പുറന്തള്ളിയത്. രേഖകളില്ലാതെ മലേഷ്യ, ബംഗ്ളാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അലഞ്ഞുതിരിയുന്ന ഇക്കൂട്ടരുടെ ജീവിതം നരകതുല്യമാണ്.

1978ല്‍ ബര്‍മ സര്‍ക്കാര്‍ മൂന്നു ലക്ഷത്തിലേറെ മുസ്ലിംകളെ ബംഗ്ളാദേശിലേക്ക് നാടുകടത്തി. 1982ല്‍ ഭരണകൂടം കുടിയേറ്റക്കാരെന്ന കുറ്റം ചുമത്തി മുസ്ലിംകളുടെ പൗരത്വംതന്നെ റദ്ദാക്കി. ഇവരുടെ ഭൂമിക്ക് ആധാരമോ മറ്റു രേഖകളോ ഇല്ല. ഏതു നിമിഷവും അന്യാധീനപ്പെട്ടേക്കാം. അടിസ്ഥാനപരമായി ഇവര്‍ കൃഷിക്കാരാണ്. എന്നാല്‍, ഭൂമി മുഴുവന്‍ സര്‍ക്കാറോ ഭൂരിപക്ഷ വിഭാഗമോ കൈയടക്കിയതോടെ ആ പാരമ്പര്യം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. റോഡുകള്‍, റെയില്‍വേ, വൈദ്യുതി നിലയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് റോഹിങ്ക്യന്‍ യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നുണ്ട്.

ചൈനയുടെ സഹായത്തോടെ നടക്കുന്ന നിരവധി പ്രോജക്ടുകളില്‍ ഈ അടിമവേല അരങ്ങേറുന്നു. വീട് വെക്കാനുള്ള അവകാശം ഇവര്‍ക്കില്ല. റോഹിങ്ക്യകള്‍ ചുമരുവെച്ച വീട്ടില്‍ താമസിക്കുന്നത് സുരക്ഷക്ക് ഭീഷണിയാണത്രെ. വെള്ളമോ വെളിച്ചമോ എത്തിനോക്കാത്ത ടെന്‍റുകളിലാണ് ഭൂരിപക്ഷം പേരും താമസിക്കുന്നത്. ‘പൗരത്വമില്ലാത്ത സാമൂഹിക വിരുദ്ധരോട്’ സര്‍ക്കാറിന് ഉത്തരവാദിത്തമൊന്നുമില്ലല്ളോ.  മ്യാന്മര്‍ ഭരണകൂടത്തിന്‍െറ വിവേചനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി റോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് നാളെ, ഡിസംബര്‍ 31ന് വൈകീട്ട് മൂന്നിന്് കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുകയാണ്.

(മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റാണ് ലേഖകന്‍)

Tags:    
News Summary - youth league kerala state president Sayyid Munavvar Ali Shihab Thangal reactrohingya muslims in myanmar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.