ഒാർക്കുന്നില്ലേ, ഹെൻറി ഒലോംഗ എന്ന ക്രിക്കറ്റ് താരത്തെ. മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽകറുമായി നടത്തിയ ആ ‘പോരാട്ടം’ മാത്രം മതി ഒലോംഗയെ ഒാർമിക്കാൻ. 1998െല ഷാർജ കപ്പ് ആണ് വേദി. ത്രിരാഷ്ട്ര ടൂർണമെൻറിെൻറ രണ്ടാം റൗണ്ടിൽ ഇന്ത്യ^സിംബാബ്വെ പോരാട്ടം. സചിൻ അടക്കം നാല് മുൻനിര ബാറ്റ്സ്മാന്മാരുടെ വിക്കറ്റ് സ്വന്തമാക്കി ഒേലാംഗ ടീമിന് സ്വപ്നതുല്യമായ വിജയം സമ്മാനിക്കുന്നു. ചടുലമായ റണ്ണപ്പുകളും വന്യമായ ആക്ഷനുമായി ഗാലറിയെ ത്രസിപ്പിച്ച ഒേലാംഗ തന്നെയായിരുന്നു അന്ന് കളിയിലെ കേമനും. ഫൈനൽ മത്സരത്തിലും ഇതേ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ സചിൻ സംഹാരതാണ്ഡവമാടി. ഒലോംഗയുടെ പന്തുകൾ പല തവണ അതിർത്തി കടന്നതോടെ കിരീടം ഇന്ത്യക്ക് സ്വന്തം. അടുത്ത വർഷം ഇംഗ്ലണ്ടിലെ ലോകകപ്പിലും ഇൗ പോരാട്ടം ആവർത്തിച്ചു. അന്ന് ആദ്യ റൗണ്ട് പോരാട്ടത്തിൽ മൂന്ന് വിക്കറ്റ് എടുത്ത് ഒലോംഗ ഇന്ത്യയെ വീണ്ടും വിറപ്പിച്ചു. കരിയറിൽ എടുത്തുപറയാവുന്ന ഇത്തരം അപൂർവം ഒാർമകൾ മാത്രമേ ഇൗ കറുത്ത വർഗക്കാരൻ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചിെട്ടാള്ളുവെങ്കിലും, മാന്യന്മാരുടെ കളിയെ ഒരു സമരമുറയാക്കി മറ്റൊരു ചരിത്രം അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്; അതും ഒരു ലോകക്കപ്പ് വേദിയിൽ. 2003ൽ നമീബിയക്കെതിരായ മത്സരത്തിന് സഹതാരം ആൻഡി ഫ്ലവറിനൊപ്പം കറുത്ത ബാൻഡ് ധരിച്ചാണ് അദ്ദേഹം മൈതാനത്ത് പ്രവേശിച്ചത്. സിംബാബ്വെയിൽ പ്രസിഡൻറ് റോബർട്ട് മുഗാബെ ‘ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നു’െവന്ന കുറിപ്പോടെയായിരുന്നു ആ പ്രതിഷേധം. ഒരു ജനതയുടെ വികാരം ലോകത്തെ മുഴുവൻ ബോധ്യപ്പെടുത്താൻ അതിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ, ആ ‘പ്രകടന’ത്തോടെ ഒലോംഗക്ക് ദേശീയ ടീമിൽ ഇടം നഷ്ടമായി. വധഭീഷണികളും വംശീയ വിദ്വേഷങ്ങളുമൊക്കെയായി രാജ്യം ഉപേക്ഷിക്കേണ്ട സ്ഥിതിയായി. ഇതിന് പുറമെ രാജ്യദ്രോഹത്തിന് കേസെടുക്കുകയും ചെയ്തതോെട അദ്ദേഹം ഇംഗ്ലണ്ടിൽ അഭയം തേടി. അവിടെ പുസ്തകവും സംഗീതവുമൊക്കെ കൂട്ടുപിടിച്ച് തുടർന്നും ജനാധിപത്യത്തിനായി ശക്തമായി വാദിച്ചു. ഒലോംഗ അന്ന് തുടങ്ങിവെച്ച വിപ്ലവം ഒന്നര പതിറ്റാണ്ടിനിപ്പുറം വിജയത്തിലെത്തിയിരിക്കുന്നു. 37 വർഷം, സിംബാബ്വെയെ കരാളഹസ്തങ്ങളിലൊതുക്കിയ ആ ഏകാധിപതിയെ സൈന്യത്തിെൻറ ഇടപെടലിൽ തളച്ചിരിക്കുകയാണിപ്പോൾ. മുഗാബെ അധികാരമൊഴിയാൻ നിർബന്ധിതനായ ആ നിമിഷങ്ങളിൽ ഒലോംഗ തീർച്ചയായും ഉള്ളറിഞ്ഞ് ചിരിച്ചിട്ടുണ്ടാകണം.
വലിയ പോരാട്ടങ്ങൾക്കൊടുവിൽ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് പുതിയ ഒരു രാഷ്ട്രവും സ്വപ്നങ്ങളും സമ്മാനിച്ച ഭരണാധികാരി തികഞ്ഞ ഏകാധിപത്യത്തിലേക്ക് കൂപ്പുകൂത്തിയതാണ് ഒലോംഗയെയും ആ നാട്ടിലെ യുവാക്കളെയും പ്രകോപിപ്പിച്ചതെന്ന് വ്യക്തം. 2000ലെ പാർലെമൻറ് തെരഞ്ഞെടുപ്പിലും 2002ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിലും നടന്ന കൃത്രിമങ്ങളും അത് ചോദ്യം ചെയ്ത പ്രസ്ഥാനങ്ങളെ സൈനികമായി നേരിട്ടതിനുമെല്ലാം ഒേലാംഗ സാക്ഷിയായിരുന്നു. 2008ലെയും 2013ലെയും തെരഞ്ഞെടുപ്പുകളിലും ഇൗ അട്ടിമറി ആവർത്തിക്കപ്പെട്ടു. പോരാട്ട നാളുകളിൽ മാർക്സിസ്റ്റ് ^ലെനിനിസ്റ്റ് ആയും പിന്നീട് ഭരണത്തിെൻറ ആദ്യ നാളുകളിൽ സോഷ്യലിസ്റ്റായും സ്വയം വിശേഷിപ്പിച്ച മുഗാബെയുടെ ‘പരിഷ്കാര’ങ്ങളും ആ രാജ്യക്കാരെ പുതിയ ഭരണത്തെക്കുറിച്ച് ചിന്തിപ്പിച്ചിട്ടുണ്ട്. മുഗാബെയുടെ ഭൂപരിഷ്കരണ, ആരോഗ്യനയങ്ങൾ ആ രാജ്യത്തെ കൊടിയ ദാരിദ്ര്യത്തിലേക്കാണ് കൊണ്ടുപോയത്. ലോകത്ത് ഏറ്റവും കുറഞ്ഞ ആയുർദൈർഘ്യമുള്ള രാജ്യങ്ങളിലൊന്ന് സിംബാബ്വെയാണ്. ശിശുമരണനിരക്ക് ആഗോള ശരാശരിക്കും മീതെ. വംശീയമായ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കുന്നതിനായി കൊണ്ടുവന്ന നടപടികളൊക്കെയും തിരിച്ചടിയായി. തലതിരിഞ്ഞ പരിഷ്കാരങ്ങളെ നാം ‘മോദിസം’ എന്നും ‘മോദിനോമിക്സ്’ എന്നുമൊക്കെ വിശേഷിപ്പിക്കുന്നതിന് പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ സിംബാബ്വെക്കാർ ‘മുഗാബിസം’ എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഒരു പ്രതിഷേധങ്ങളെയും മുഗാബെ വെച്ചുപൊറുപ്പിച്ചില്ല. മൂവ്മെൻറ് ഫോർ ഡെമോക്രാറ്റിക് ചേഞ്ച് പോലുള്ള പാർട്ടികളെയൊക്കെ അദ്ദേഹം ആ രീതിയിൽതന്നെ കൈകാര്യം ചെയ്തു. അതുകൊണ്ടുതന്നെ രാഷ്ട്രീയ എതിരാളികളില്ലാെത മുന്നോട്ടുപോകാൻ അദ്ദേഹത്തിനായി.
അതിനിടെ, ചെറുതായൊന്നു ചുവടുപിഴച്ചു. 94 ാം വയസ്സിലും അധികാരം നിലനിർത്താനായുള്ള ശ്രമം വിഫലമാക്കിയത് സൈനിക മേധാവി എസ്.ബി മോേയാ നേരിട്ടിറങ്ങിയാണ്. അടുത്ത ജൂലൈയിൽ വീണ്ടും പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. തനിക്കെതിരെ മത്സരിക്കാൻ സാധ്യതയുള്ള വൈസ്പ്രസിഡൻറ് എമേഴ്സൻ എൻഗാവയെ മൂലക്കിരുത്തി വേണം ഇനി മുഗാബെക്ക് മുന്നേറാൻ. അതിെൻറ ആദ്യപടിയായി അദ്ദേഹത്തെ പുറത്താക്കി. ഇൗ നടപടി സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വം, കുറ്റവാളികളെയും അഴിമതിക്കാരെയും പിടികൂടാനെന്ന വ്യാജേന സൈന്യം മുതലെടുക്കുകയായിരുന്നു. സാേങ്കതികമായി മുഗാബെയെ ‘പ്രസിഡൻറായി’ നിലനിർത്തിക്കൊണ്ടുതന്നെയാണ് സൈന്യത്തിെൻറ ഇൗ മധുര പ്രതികാരം. അങ്ങനെ തെക്കൻ ആഫ്രിക്കൻ രാഷ്ട്രീയത്തിൽ ഒരു യുഗം അവസാനിക്കുന്നു.
1924 ഫെബ്രുവരി 24ന് റൊഡേഷ്യയിലെ ദരിദ്ര കുടുംബത്തിൽ ജനനം. റൊഡേഷ്യയിലും ഘാനയിലുമായി വിദ്യാഭ്യാസം നേടിയ അദ്ദേഹം പല കലാലയങ്ങളിൽ അധ്യാപകനായിരിക്കെയാണ് മാർക്സിസ്റ്റ് ആശയത്തിലേക്ക് ആകർഷിക്കപ്പെട്ടത്. വിപ്ലവം തലക്കു പിടിച്ചതോടെ ജോലി ഉപേക്ഷിച്ച് ജീവിതം പൂർണസമയം പോരാട്ടവഴിയിലായി. 1963ൽ സിംബാബ്വെ ആഫ്രിക്കൻ നാഷനൽ യൂനിയൻ (സാനു) എന്ന പാർട്ടിയുണ്ടാക്കി പോരാട്ടം ശക്തിപ്പെടുത്തി. പിന്നീട് ഒരു വ്യാഴവട്ടക്കാലത്തിനിടെ പല തവണ ജയിലിലായി. തടവറക്കാലത്തിനുശേഷം, ഗറില പ്രക്ഷോഭത്തിെൻറയും ഭാഗമായി. അങ്ങനെയിരിക്കെയാണ് മാർഗരറ്റ് താച്ചർ റൊഡേഷ്യയെ സ്വതന്ത്രമാക്കുമെന്ന് പ്രഖ്യാപിച്ചത്. 1980ൽ നടന്ന തെരഞ്ഞെടുപ്പിൽ മുഗാബെ പ്രധാനമന്ത്രിയാകുന്നതോടെയാണ് ‘സിംബാബ്വെ’ പിറക്കുന്നത്. സിംബാബ്വെ മാത്രമല്ല തലസ്ഥാനമായ ‘ഹരാരെ’യും അദ്ദേഹത്തിെൻറ സംഭാവനയാണ്. ഏഴുവർഷത്തിനുശേഷം ഭരണഘടന ഭേദഗതിയിലൂടെ സർവാധികാരങ്ങളും കൈക്കലാക്കി പ്രസിഡൻറുപദത്തിലെത്തിയതോടെ സിംബാബ്വെയിൽ ‘മുഗാബിസം’ ആരംഭിക്കുന്നത്. ഒരർഥത്തിൽ രക്തരഹിത വിപ്ലവത്തിലൂടെയാണ് മുഗാബെ അധികാരത്തിെൻറ ഭാഗമാകുന്നത്. മറ്റൊരു രക്തരഹിത വിപ്ലവം അദ്ദേഹത്തെ അധികാര ഭ്രഷ്ടനാക്കിയിരിക്കുന്നു. സിംബാബ്വെൻ തെരുവുകൾ മറ്റൊരു സ്വാതന്ത്ര്യത്തിെൻറ ആഘോഷത്തിലാണ്. പക്ഷേ, പുതിയ രാജ്യത്തിെൻറ ഗതിയെന്താകുമെന്ന് ആർക്കും നിശ്ചയമില്ല. അധ്യാപന പരിശീലന കാലത്ത് പരിചയപ്പെട്ട സാലിയാണ് ആദ്യ ഭാര്യ. ഇവരുടെ മരണശേഷം ഗ്രേസിനെ വിവാഹം കഴിച്ചു. ഗ്രേസിനെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനിടയിൽ കൂടിയാണ് മുഗാബെയുടെ നിർബന്ധിത വിരമിക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.