കേരള സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ച് മുൻ വൈസ് ചെയർമാൻ പ്രഫ. വി.കെ. രാമചന്ദ്രനെ തൽസ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിച്ചത് സ്വാഭാവികമായും ചില സന്ദേഹങ്ങൾ ഉയർത്തുന്നു. ആസൂത്രണ ബോർഡ് മൊത്തത്തിൽ പുനഃസംഘടിപ്പിക്കുന്നതിനു മുന്നേതന്നെ മന്ത്രിമാരുടെ ആദ്യ കൗൺസിൽ യോഗം വി.കെ. രാമചന്ദ്രനെ വൈസ് ചെയർമാനായി തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുകയായിരുന്നു. രാഷ്ട്രീയക്കാരനല്ലാത്ത ഈ അക്കാദമിക്കിെൻറ ചില 'നൈപുണ്യങ്ങൾ' ഈ പുനഃപ്രതിഷ്ഠാ കർമത്തിനു പിന്നിലുണ്ട്.
ഒന്നാം പിണറായി സർക്കാറിൽനിന്ന് ഭിന്നമായി കുറെയേറെ സ്വപ്നപദ്ധതികൾ രണ്ടാം നിയോഗത്തിൽ ഏറ്റെടുത്ത് നടപ്പാക്കേണ്ടതുണ്ട്. തീരദേശ-മലയോര ദേശീയപാത, കെ-റെയിൽ, തുരങ്കപ്പാത, പെേട്രാ കെമിക്കൽ ആൻഡ് ഫാർമ പാർക്ക് എന്നിവ ഇതിൽ ചിലതു മാത്രമാണ്. കെ-റെയിൽ പദ്ധതിക്കുവേണ്ടി മാത്രം ഏതാണ്ട് 3500 ഏക്കർ ഭൂമി അക്വയർ ചെയ്യേണ്ടിവരും എന്നാണ് കണക്കാക്കിയിട്ടുള്ളത്. 38,863 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയുള്ള കേരളത്തിെൻറ ഏകദേശം ആറിലൊന്ന് ഭൂമി 'നിർമിത പ്രദേശങ്ങൾ' (built areas) ആണെന്നതും ശരാശരി കൈവശഭൂമി (average land holdings)യുടെ അളവ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ 0.24 (2001) ഹെക്ടറിൽനിന്ന് 0.18 ഹെക്ടർ (2020) ആയി ചുരുങ്ങിയെന്നുമുള്ള വസ്തുത വികസനപ്രവർത്തനങ്ങളും ഭൂമിയും തമ്മിലെ ബന്ധം കൂടുതൽ സങ്കീർണമാക്കാൻ പോന്നതാണ്. ഈയൊരു സന്ദർഭത്തിൽ രാഷ്ട്രീയപ്രവർത്തന പശ്ചാത്തലമില്ലാത്ത, ബ്യൂറോക്രാറ്റിക് സ്വഭാവമുള്ള ഒരു അക്കാദമിക്കിെൻറ സേവനം മുഖ്യമന്ത്രിക്ക് അനിവാര്യമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
2006ൽ പശ്ചിമ ബംഗാൾ സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് ചെയർമാനായും പിന്നീട് അവിടെ പ്ലാനിങ് ബോർഡ് അംഗമായും നിയമിതനായ പ്രഫ. വി.കെ. രാമചന്ദ്രൻ ഭൂമിയുടെ വർഗീകരണം, വിതരണം തുടങ്ങിയ വിഷയങ്ങളിൽ നയചട്ടക്കൂട് നിർമിക്കുന്നതിന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്ക് ഉപദേശം നൽകുന്നതിൽ 'നൈപുണ്യം' കാട്ടിയ വ്യക്തിയാണ്. ഇന്ത്യൻ കാർഷികപ്രശ്നത്തെക്കുറിച്ചും ഭൂപരിഷ്കരണത്തെക്കുറിച്ചും ആഴത്തിൽ പഠിച്ച വ്യക്തിയെന്ന നിലയിൽ 'ഇടത്' രാഷ്ട്രീയ വൃന്ദങ്ങളിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യതയുമുണ്ട്. ബംഗാളിൽ സി.പി.എം ഭരണത്തിെൻറ അടിവേരിളക്കിയ നന്ദിഗ്രാം, സിംഗൂർ അടക്കമുള്ള ജനകീയ പ്രക്ഷോഭത്തിലേക്ക് നയിച്ച അടിസ്ഥാന വിഷയങ്ങളിലൊന്ന് ഭൂമിയുമായി ബന്ധപ്പെട്ടതായിരുന്നു. സിംഗൂരിലും നന്ദിഗ്രാമിലും അടക്കം പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിയാണ് അന്ന് വ്യവസായ വികസനത്തിെൻറ പേരിൽ കോർപറേറ്റ് കമ്പനികൾക്ക് പതിച്ചുനൽകാൻ സർക്കാർ തീരുമാനിച്ചത്. കമ്യൂണിസ്റ്റുകളുടെ കൂട്ടക്കൊലയിൽ ആരോപണവിധേയനായ മുൻ ഇന്തോനേഷ്യൻ പ്രസിഡൻറിെൻറ പിന്തുണയുള്ള സലിം ഗ്രൂപ്പിന് പ്രത്യേക സാമ്പത്തിക മേഖല ആരംഭിക്കുന്നതിന് 35,000 ഏക്കർ ഭൂമി നിയമവിരുദ്ധമായി ഏറ്റെടുത്ത് നൽകാൻ ബുദ്ധദേവ് സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു. സമൂഹപുരോഗതിയിൽ താൽപര്യമുള്ള ഒരു സർക്കാർ ലിംഗപരമായ ഉന്നമനവും മാനവശേഷി വികസനവും ലക്ഷ്യമിടുന്നുവെങ്കിൽ പുതുപുത്തൻ ഇൻസ്റ്റിറ്റ്യൂഷനൽ മാറ്റങ്ങൾക്ക് തയാറാകേണ്ടതുണ്ടെന്ന് 2004ലെ പശ്ചിമ ബംഗാൾ മാനവശേഷി വികസന റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. കൃഷിഭൂമി വ്യവസായാവശ്യങ്ങൾക്ക് വിട്ടുകൊടുത്തും നിരവധി പേരുടെ ജീവിതമാർഗം നിഷേധിച്ചും സമൂഹത്തിൽ പുരോഗതി കൊണ്ടുവരാനാകില്ലെന്നിരിക്കെ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ട് വി.കെ. രാമചന്ദ്രൻ നേതൃത്വം കൊടുത്ത പശ്ചിമ ബംഗാൾ ലാൻഡ് യൂസ് ബോർഡ് ടാറ്റ കമ്പനിക്ക് കാഴ്ചവെച്ചത് സംസ്ഥാനത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ 3500 ഏക്കർ ഭൂമിയാണ്. ഭക്ഷ്യസുരക്ഷയെയും വിളവൈവിധ്യത്തെയും സംബന്ധിച്ചെഴുതിയ പ്രബന്ധത്തിെൻറ മഷിയുണങ്ങുംമുമ്പായിരുന്നു പ്രഫ. രാമചന്ദ്രെൻറ ഈ കൃത്യം.
ഇതര സംസ്ഥാനങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖലകൾക്കെതിരെ 'ഇടതു' പാർട്ടികൾ പ്രത്യക്ഷ സമരത്തിലായിരുന്ന കാലത്താണ് പശ്ചിമ ബംഗാളിലെ 'ഇടതുസർക്കാർ' പ്രത്യേക സാമ്പത്തിക മേഖലകൾ ആരംഭിക്കുന്നതിന് നിയമവിരുദ്ധ മാർഗങ്ങളിലൂടെ കർഷകഭൂമി ഏറ്റെടുക്കാൻ ഒരുെമ്പട്ടതെന്നുകൂടി ഓർക്കേണ്ടതുണ്ട്.
'ദേശീയതലത്തിൽ പുത്തൻ ഉദാരവത്കരണ, ആഗോളീകരണ അനുകൂല നയങ്ങളെ ഉച്ചത്തിലും ശരിയായ രീതിയിലും എതിർക്കുന്ന ഇടതുപക്ഷം അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരസ്പര വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ അത് ഇരട്ടത്താപ്പാണെന്ന ആരോപണത്തിന് ഇടവരുത്തു'മെന്ന് എെൻറ സുഹൃത്തുകൂടിയായ, പ്രശസ്ത പത്രപ്രവർത്തകൻ, പരേതനായ പ്രഫുൽ ബിദ്വായി തുടക്കത്തിലേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പ്രഫുൽ അടക്കമുള്ള ഇടതുസഹയാത്രികരായ ബുദ്ധിജീവികളുടെ വാക്കുകൾക്കായിരുന്നില്ല, മറിച്ച് അക്കാദമിക് എഴുത്തുകളിൽ ഇടതു ജാർഗണുകളും ആസൂത്രണങ്ങളിൽ നവലിബറൽ രീതികളും അവലംബിച്ചവരുടെ ഉപദേശത്തിനായിരുന്നു പശ്ചിമ ബംഗാൾ ഗവൺമെൻറ് കാതുകൊടുത്തത്. മൂന്നു പതിറ്റാണ്ടുകളോളം വരുന്ന സി.പി.എം ഭരണത്തിന് അറുതിവരുത്താൻ ഈ ഉപദേശങ്ങൾ ധാരാളം മതിയായിരുന്നു.
പശ്ചിമ ബംഗാളിൽനിന്ന് കേരളത്തിലെത്തുമ്പോൾ ഭൂമിശാസ്ത്രവും സാംസ്കാരിക-സാമൂഹിക പശ്ചാത്തലങ്ങളും തികച്ചും മാറിവരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ 'ആസൂത്രണ മികവ്' സുസ്ഥിരമല്ലാത്ത ഒരു ഭൂവിനിയോഗ രീതിയിലേക്ക് സംസ്ഥാനത്തെ കൊണ്ടുചെന്നെത്തിച്ചു. ഭൂപരിഷ്കരണ നടപടികളിൽനിന്ന് മാറ്റിനിർത്തപ്പെട്ട ദലിത്-ആദിവാസി വിഭാഗങ്ങൾ തങ്ങളുടെ അർഹതപ്പെട്ട പങ്കിനായി പതിറ്റാണ്ടുകളായി സമരം ചെയ്യുന്നു. ഭൂമിക്കുവേണ്ടിയുള്ള അവരുടെ അഭ്യർഥനകൾക്ക് ചെവികൊടുക്കാതെ, മൂന്നു സെൻറ് കോളനികളിലേക്കും 400 ചതുരശ്ര അടി വീടുകളിലേക്കും ഒതുക്കുന്ന അതേ സർക്കാർ ഹാരിസൺ അടക്കമുള്ള തോട്ടമുടമകൾക്ക് പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി കൈയടക്കിവെക്കാൻ അവസരം നൽകുകയും അതുമായി ബന്ധപ്പെട്ട കേസുകളിൽ ബോധപൂർവം തോറ്റുകൊടുക്കുകയും ചെയ്യുന്നു.
15 വർഷത്തിലേറെയായി കേരളം തുടർച്ചയായ ദുരന്തങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. 2004ലെ സൂനാമി തൊട്ട്, 'ഓഖി'യും, 'ഗജ'യും 2018ലും 2019ലും തുടർച്ചയായുണ്ടായ പ്രളയവും ഉരുൾപൊട്ടലും, ഏറ്റവുമൊടുവിൽ ഈ വർഷം മേയ് മാസത്തിൽ വീശിയടിച്ച 'ടൗട്ടേ' ചുഴലിക്കൊടുങ്കാറ്റും ഭൂവിനിയോഗത്തിൽ കൂടുതൽ സൂക്ഷ്മതയോടുകൂടിയ ആസൂത്രണവും ഇടപെടലും ആവശ്യമാക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്തിെൻറ ആറിലൊന്ന് ഭാഗം-6000 ചതുരശ്ര കിലോമീറ്റർ- നിർമിത പ്രദേശങ്ങളാണ്. സർക്കാറിെൻറ പുതിയ വികസനപദ്ധതികളും ഭാവിയിലെ മറ്റു സ്വകാര്യ നിർമാണ പ്രവർത്തനങ്ങളും കണക്കിലെടുക്കുമ്പോൾ കേരളത്തിെൻറ നാലിലൊന്ന് ഭാഗം ഭൂമിയും ടാർ, കോൺക്രീറ്റ്, മോർട്ടാർ, ടൈൽ എന്നിവയാൽ ജലം കിനിഞ്ഞിറങ്ങാത്ത രീതിയിൽ സ്ഥിരമായി കൊട്ടിയടക്കപ്പെടും. ഭാവി സമൂഹത്തിെൻറ സുസ്ഥിര പുരോഗതിക്ക് തടയിടുന്ന വിധത്തിലുള്ളതായിരിക്കും ഈ പ്രവൃത്തി.
ലോകം മുഴുവൻ വികസനത്തെക്കുറിച്ചും ഭൂവിനിയോഗത്തെക്കുറിച്ചും പുതിയ കാഴ്ചപ്പാടുകളോടെ ചിന്തിക്കാൻ ആരംഭിക്കുമ്പോഴാണ് ഒട്ടും സുസ്ഥിരമല്ലാത്ത വികസനമാതൃകകളെ പിന്തുടരാൻ നാം വ്യഗ്രത കാട്ടുന്നത്. ഭൂമിക്കുമേൽ അസന്തുലിതമായ സമ്മർദമേൽപിക്കുന്ന കെ-റെയിൽ പോലുള്ള പദ്ധതികൾ സംസ്ഥാനത്തിെൻറ ദുർബല പരിസ്ഥിതിയെ അപകടകരമാംവിധം ബാധിക്കുമെന്ന് പ്രശസ്ത ജിയോളജിസ്റ്റ് സി.പി. രാജേന്ദ്രനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ജനകീയ പ്രസ്ഥാനങ്ങളുടെ മുന്നറിയിപ്പുകളെ അവഗണിച്ചതിെൻറ ചരിത്രവും തദ്ഫലമായി വർത്തമാനകാലം അനുഭവിക്കുന്ന പ്രതിസന്ധികളും ഈയവസരത്തിൽ പരാമർശിക്കുന്നത് ഉചിതമായിരിക്കും. സാമൂഹിക വനവത്കരണത്തിെൻറ ഭാഗമായി അക്കേഷ്യ, യൂക്കാലിപ്റ്റ്സ്, മാഞ്ചിയം തുടങ്ങിയ മരങ്ങൾ പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിയിൽ നട്ടുപിടിപ്പിക്കാൻ പദ്ധതിയിട്ടപ്പോൾതന്നെ അവ കേരളത്തിെൻറ മണ്ണിനും ജലലഭ്യതക്കും ഹാനികരമായിരിക്കുമെന്ന് നാലു പതിറ്റാണ്ട് മുമ്പുതന്നെ കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുകയുണ്ടായി. അത് വകവെക്കാതെ അക്കേഷ്യ-യൂക്കാലി തോട്ടങ്ങൾ വ്യാപകമാക്കി നാലു പതിറ്റാണ്ടുകൾക്കിപ്പുറം പരിണിതഫലങ്ങൾ തിരിച്ചറിഞ്ഞ് അത്തരം തോട്ടങ്ങൾ ഘട്ടംഘട്ടമായി സ്വാഭാവികവനമായി പരിവർത്തിപ്പിക്കാൻ സർക്കാറിന് തീരുമാനിക്കേണ്ടിവന്നു (ഇക്കാര്യം സംസ്ഥാന പ്ലാനിങ് ബോർഡ് പുറത്തിറക്കിയ കേരള വികസന റിപ്പോർട്ട് 2021 തുറന്നുസമ്മതിക്കുന്നു). എന്നാൽ, പരിസ്ഥിതിപ്രവർത്തകരുടെയും ജനകീയ ശാസ്ത്രജ്ഞരുടെയും മുന്നറിയിപ്പുകളെ അവഗണിച്ചതിെൻറ ദുരന്തഫലങ്ങൾ സംസ്ഥാനം ജലദൗർലഭ്യത്തിെൻറയും മണ്ണിടിച്ചിലിെൻറയും ഉർവരത നഷ്ടപ്പെട്ട ഭൂമിയുടെയും രൂപത്തിൽ അനുഭവിക്കുകയാണ്.
ഈ ലേഖനം അവസാനിപ്പിക്കുംമുമ്പ് ഒരു കാര്യം ഓർമിപ്പിക്കാം. ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളിൽനിന്നാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വളരുകയും കരുത്താർജിക്കുകയും ചെയ്തിട്ടുള്ളത്. അതേ ഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭംതന്നെയാണ് പശ്ചിമ ബംഗാളിലെ ഇടതുഭരണത്തിന് അന്ത്യത്തിന് കാരണമായത്. ഭൂവിനിയോഗവും വിതരണവും സംബന്ധിച്ച പുതിയകാല പ്രതിസന്ധികളെയും ചോദ്യങ്ങളെയും ശരിയായ രീതിയിൽ അഭിമുഖീകരിക്കാതെ ഒരു ഭരണകൂടത്തിനും മുന്നോട്ടുപോക്ക് സാധ്യമല്ല. കെ-റെയിലും തുരങ്കപ്പാതയുംപോലുള്ള മഹാനിർമിതികൾ സംസ്ഥാനത്തിെൻറ പ്രകൃതിവിഭവങ്ങൾ ഊറ്റിക്കുടിച്ച് വെള്ളാനകളായി നിലനിൽക്കുമെന്നു മാത്രമല്ല, വരാനിരിക്കുന്ന തലമുറകളുടെ നിലനിൽപിനെത്തന്നെ അപകടത്തിലാഴ്ത്തുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. കാർഷിക പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനത്ത് ഭൂമിയുടെ വിനിയോഗം കൂടുതൽ സുസ്ഥിരവഴികളിലൂടെ തിരിച്ചുവിടുകയും ജനങ്ങളുടെ സ്വാശ്രയത്വത്തെയും സ്വാതന്ത്ര്യത്തെയും ശാക്തീകരിക്കുന്ന ആസൂത്രണങ്ങൾ അനിവാര്യമായിരിക്കുകയും ചെയ്യുന്ന സന്ദർഭമാണിത്.
(ആക്ടിവിസ്റ്റും ഗ്രന്ഥകർത്താവുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.