അറവുശാലകളെക്കുറിച്ച് പാര്‍ലമെന്‍ററി കമ്മിറ്റി  നിര്‍ദേശങ്ങള്‍


മുന്‍ കേന്ദ്ര നിയമമന്ത്രി അശ്വനികുമാര്‍ അധ്യക്ഷനായ, ശാസ്ത്ര-സാങ്കേതിക-വനം-പരിസ്ഥിതി കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്‍ററി കമ്മിറ്റി ഡിസംബര്‍ 23ന് പാര്‍ലമെന്‍റിന്‍െറ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ട് പ്രധാനപ്പെട്ടതാണ്. ‘കേരളത്തിന് പൊതുവെയും കൊച്ചിക്ക് വിശേഷിച്ചുമുള്ള പരിസ്ഥിതി വിഷയങ്ങള്‍’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് കേരളത്തിലെ പൊതുവായ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കായലുകളും പുഴകളുമടക്കമുള്ള ജലസ്രോതസ്സുകളുടെ മലിനീകരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സവിശേഷമായി പ്രതിപാദിക്കുകയും എടുക്കേണ്ട നടപടികളെക്കുറിച്ച് ശിപാര്‍ശ ചെയ്യുകയും ചെയ്യുന്നുണ്ട്. നവംബര്‍ 23 മുതല്‍ 26 വരെ കേരളം സന്ദര്‍ശിച്ച് വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളില്‍നിന്നും വ്യക്തികളില്‍നിന്നും അഭിപ്രായങ്ങള്‍ തേടിക്കൊണ്ടാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അതില്‍ പലതും കേരളത്തില്‍തന്നെയുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങളും മറ്റും കാലങ്ങളായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. വേമ്പനാട് കായലിന്‍െറ സംരക്ഷണത്തിനായി പ്രത്യേക അതോറിറ്റി രൂപവത്കരിക്കണമെന്നതടക്കമുള്ള മൂര്‍ത്തമായ പല നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്ത ഒരു വിഷയമാണ് അറവുശാലകളുമായി ബന്ധപ്പെട്ടത്. നിയമവിധേയമല്ലാത്ത മുഴുവന്‍ അറവുശാലകളും മൂന്നു മാസത്തിനകം അടച്ചുപൂട്ടുകയോ നിയമ വിധേയമാക്കുകയോ വേണമെന്ന് കമ്മിറ്റി കേരളാ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. അറവുശാലകളിലെ മാലിന്യം ജലാശയങ്ങളിലേക്ക് തള്ളുന്ന പ്രവണത കേരളത്തില്‍ വ്യാപകമാണെന്നാണ് കമ്മിറ്റിയുടെ കണ്ടത്തെല്‍. അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പ്രത്യേകം സ്ഥലങ്ങളില്‍ ശാസ്ത്രീയമായും പരിസ്ഥിതി സൗഹൃദപരമായും സംസ്കരിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന നിര്‍ദേശങ്ങളാണ് പാര്‍ലമെന്‍ററി സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. തെരുവുനായ ശല്യം അടുത്തിടെയായി കേരളത്തിലെ വലിയൊരു സാമൂഹിക പ്രശ്നമായി ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. തെരുവുനായ ശല്യത്തിന്‍െറ പ്രധാനപ്പെട്ട കാരണമായി, അറവുമാലിന്യങ്ങളുടെ വ്യാപകമായ ലഭ്യത പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മത-ജാതി ഭേദമെന്യേ കേരളത്തില്‍ വലിയൊരു വിഭാഗം മാംസാഹാരികളായതുകാരണം, കേരളത്തില്‍ ദിനേന വലിയ തോതില്‍ അറവ് നടക്കുന്നുമുണ്ട്. ഈ അറവുശാലകളെല്ലാം നിയമവിധേയമായാണോ പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് വിശേഷിച്ച് ഒരു കണക്കും സര്‍ക്കാറിന്‍െറ കൈയിലില്ല എന്നതാണ് വാസ്തവം. അറവുശാലകള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോവാനും കൃത്യമാ മാനദണ്ഡങ്ങള്‍ വെക്കുകയും അവയുടെ ലൈസന്‍സിങ് കണിശമാക്കുകയുമാണ് വേണ്ടത്. ലൈസന്‍സ് അനുവദിക്കുമ്പോഴുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണോ അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് നിരന്തരമായ നിരീക്ഷണവും ആവശ്യമാണ്. നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മതയോടെ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ആര്‍ക്കും എവിടെവെച്ചും ഉരുവിന് അറുത്തുമുറിച്ച് വില്‍പന നടത്തി, മാലിന്യം തോന്നുന്നിടത്ത് വലിച്ചെറിയാം എന്ന അവസ്ഥ മാറേണ്ടതുണ്ട്. ആ നിലക്കുള്ള നടപടിക്ക് കേന്ദ്ര പാര്‍ലമെന്‍ററി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നിമിത്തമാവുമെന്ന് പ്രതീക്ഷിക്കാം.
അറവുമാലിന്യങ്ങള്‍ തോന്നുന്നിടത്ത് വലിച്ചെറിയുന്നത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ജലാശയങ്ങള്‍ക്ക് അത് ഏല്‍പിക്കുന്ന ആഘാതമാണ് അതില്‍ പ്രധാനം. അതേ സമയം, മാലിന്യങ്ങള്‍ ശ്രദ്ധയോട കൈകാര്യം ചെയ്യുകയാണെങ്കില്‍ അതിനെ മറ്റു പല നിലക്കും ഉപയോഗപ്പെടുത്തുകയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളായി മാറ്റുകയും ചെയ്യാവുന്നതേയുള്ളൂ. പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ ആ നിലക്കുള്ള നിര്‍ദേശങ്ങളൊന്നുമില്ളെങ്കിലും ബന്ധപ്പെട്ടവര്‍ അതേക്കുറിച്ച് ഗൗരവത്തില്‍ ആലോചിക്കേണ്ടതാണ്. അറുക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ മാംസവും മാലിന്യവും ശാസ്ത്രീയമായി വേര്‍തിരിക്കുകയും പാക്ക് ചെയ്യുകയുമൊക്കെ ചെയ്യുന്ന സംവിധാനങ്ങള്‍ പല വിദേശ നാടുകളിലും വ്യാപകമാണ്. കേന്ദ്രീകൃത അറവുകേന്ദ്രങ്ങളിലാണ് അവിടങ്ങളില്‍ അറവുനടക്കുന്നത്. മാംസം പ്രത്യേകം പാക്ക് ചെയ്ത് വൃത്തിയോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് പ്രസ്തുത സംവിധാനങ്ങള്‍. ജനസാന്ദ്രത ഇത്രയേറെ വര്‍ധിച്ച നമ്മുടേതുപോലുള്ള ഒരു സംസ്ഥാനത്ത് ഇത്തരം കേന്ദ്രീകൃത അറവുകേന്ദ്രങ്ങളുടെ സാധ്യത പരീക്ഷിക്കേണ്ടതല്ളേ?
തദ്ദേശ സ്ഥാപനങ്ങളിലെ സേവന പ്രധാന പദ്ധതികള്‍ക്കായി ലോകബാങ്കില്‍നിന്നെടുത്ത വായ്പയില്‍, ഡോളര്‍ വിനിമയ നിരക്കിലെ മാറ്റത്തത്തെുടര്‍ന്ന് അധികമായി ലഭിച്ച 400 കോടി രൂപ ഉപയോഗിക്കാനായി കേന്ദ്ര സര്‍ക്കാറും ലോകബാങ്കുമായി കരാറിലത്തൊന്‍ ഡിസംബര്‍ 23ന് ചേര്‍ന്ന കേരളാ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണം, അറവുശാലാ നിര്‍മാണം, ചന്തകളുടെ നവീകരണം എന്നിവയിലെ പ്രകടനം വിലയിരുത്തി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പെര്‍ഫോമന്‍സ് ഗ്രാന്‍ഡ് നല്‍കാമെന്നാണ് മന്ത്രിസഭാ തീരുമാനം. കേന്ദ്ര പാര്‍ലമെന്‍ററി കമ്മിറ്റിയുടെ പുതിയ റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ സവിശേഷമായ ശ്രദ്ധവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. ആരോഗ്യ വകുപ്പ്, പഞ്ചായത്ത്-നഗരകാര്യ വകുപ്പുകള്‍, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയവയുടെ സംയോജിത പരിശ്രമങ്ങള്‍ ഇതിനു വേണ്ടിയുണ്ടാവണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.